Translate

17 February, 2016

തലശ്ശേരിയുടെ സ്വന്തം മുഴപ്പിലങ്ങാട് ബീച്ച്...

കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത കടലും എണ്ണിയാൽ തീരാത്ത തിരകളും അങ്ങനെ അങ്ങനെ പറഞ്ഞാൽ തീരാത്ത കഥകളുമായി കരകാണാതെ നീണ്ടു നിവർന്നു കിടക്കുന്ന കടൽ. കടലിനോട് ചേർന്ന് ചരിത്ര കഥകൾ ഉള്ളിലൊളിപ്പിച്ച് തല ഉയർത്തി കാവൽ നിൽക്കുന്ന കോട്ടകളും, തലശ്ശേരിക്കാരുടെ ദം ബിരിയാണിയും. അങ്ങനെ തലശ്ശേരിയുടെ മഹിമകൾ പറയുവാൻ തുടങ്ങിയാൽ കടൽ പോലെ തന്നെ ഒരുപാടുണ്ട് പറയാൻ.

രണ്ട് ബൈക്കുകളിലായി തലശ്ശേരിയിൽ നിന്ന് അന്നത്തെ ജോലിയൊക്കെ നേരത്തെ തീർത്ത് എന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു അന്ന് ഞങ്ങൾ ബീച്ചിൽ എത്തിയത്. ആദ്യമായി മുഴപ്പിലങ്ങാട് ബീച്ച് കാണുമ്പോൾ ഉണ്ടാകുന്ന ഏതൊരാളുടെയും മനസ്സിലെ സന്തോഷവും ആനന്ദവും അതാണ് എനിക്കും പറയാനുള്ളത്.

കേരളത്തിന് ധാരാളം കടൽ തീരങ്ങളുണ്ടെങ്കിലും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് തലശ്ശേരിയെ മറ്റു കടൽ തീരങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നു.
ഞങ്ങൾ മൂന്നുപേരും ബീച്ചിലേക്ക് പ്രവേശിക്കുകയാണ്, ബീച്ചിൽ ധാരാളം ആളുകളും കാറുകളും ജീപ്പുകളും ബൈക്കുകളും എല്ലാമുണ്ട്. കടലിനോട് ചേർന്ന് തിരകൾക്ക് മുകളിലൂടെ വാഹനമോടിക്കു കയാണ് ഇവിടെയെത്തുന്ന പലരുടെയും ഇഷ്ട്ട വിനോദം. തിരകളെയും തൊട്ടുകൊണ്ട് മതിമറന്ന് വാഹനം ഓടിക്കുന്ന മറ്റ് ബീച്ചുകളിലുമില്ലാത്ത ഈ അനുഭൂതിക്ക് വേണ്ടിയാണ് ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ ഇവിടെ എത്തുന്നത്. ഈ പ്രത്യേകതകൾ മുഴപ്പിലങ്ങാട് ബീച്ചിന് മാത്രം സ്വന്തമായതിൽ തലശ്ശേരിക്കാർക്ക് എന്നും അഹങ്കരിക്കാം.

സൂര്യാസ്തമയങ്ങൽ കാണുന്നതിനും ക്യാമറയിൽ പകർത്തുവാനും അസ്തമയ സൂര്യന്റെ പശ്ചാത്തല ത്തിൽ ആൽബങ്ങൾ ചിത്രീകരിക്കുവാനുമായി സന്ധ്യ സമയമാവുന്നതും കാത്ത് ധാരാളം ആളുകൾ ക്യാമറയുമായി കാത്തിരിക്കുന്നു.

ഓരോ തവണയും തീരം തേടിയെത്തുന്ന തിരമാലകൾ തീരത്തുള്ളവർകായി എന്തെങ്കിലും കൊണ്ടു വരാറുണ്ട് അങ്ങനെ തിരകളിൽ പ്രതീക്ഷകളർപിച്ച് തീരത്ത് കാത്തിരിക്കുന്ന കുട്ടികൾ ചിപ്പികളും കല്ലുമ്മക്കായും പെറുക്കാനായി തിരകളിലൂടെ നടക്കുകയാണ്.
കടൽ കാണാനും തീരത്ത് കൂടി നടക്കാനും ഇഷ്ട്ടമില്ലാത്തവർ ആരാണുണ്ടാവുക. ഇതൊക്കെ എല്ലാ കടൽ തീരത്ത്‌ പോയാലും സാധാരണമാണ് പക്ഷേ മറ്റു ബീച്ചുകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ അനുഭവങ്ങളാകും ഇവിടെയെത്തുന്ന ഓരോരുത്തർക്കും വേണ്ടി കാത്തിരിക്കുന്നുണ്ടാവുക.

ബീച്ചിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ രണ്ട് ബൈക്കുകളിൽ തിരകളെയും തട്ടി തെറിപ്പിച്ച് കൊണ്ട് ആഗ്രഹം മാറുംവരെ കറങ്ങി നടന്നും ചിത്രങ്ങൾ എടുത്തും നടന്നു. പുഴ കടലിലേക്ക് വന്നു ചേരുന്നതിന്റെ വ്യത്യസ്തമായ കാഴ്ച്ചകളും മുഴപ്പിലങ്ങാട് ബീച്ചിൽ കാണുവാൻ കഴിയും. സൂര്യൻ അസ്തമയത്തിനായി തയ്യാറെടുത്ത് ആകാശവും ആഴിയുമേല്ല്ലാം നിറം മങ്ങി തുടങ്ങുകയായി.
ഞങ്ങളുടെ മുന്നിൽ ബീച്ചിന്റെ വലതു ഭാഗത്ത് പുഴ കടലിലേക്ക് ചേരുന്ന ഭാഗത്തിന് മറുവശത്ത് കാണുന്ന ചുറ്റിലും വെള്ളത്താൽ ചുറ്റപെട്ട പാറക്കൂട്ടത്തിലേക്ക് ആളുകൾ വരുന്നതും പോകുന്നതും കാണാം. പാറകൂട്ടങ്ങളുടെ മുകളിലിരുന്ന് ആളുകൾ ചൂണ്ടലിട്ട് മീൻപിടിക്കുന്ന തിരക്കിലാണ്.

വെള്ളത്തിലൂടെ മുറിച്ച് കടന്ന് വേണം പാറ കൂട്ടങ്ങളിലേക്ക് എത്തുവാൻ. ഞങ്ങളും പ്രതീക്ഷകളുമാ യി അക്കരെ കാണുന്ന പാറ കൂട്ടങ്ങളിലേക്ക് നടക്കുകയാണ്. അവിടെ എത്തിയാൽ എന്തെങ്കിലും കാര്യമായിട്ട് കാണുവാനുണ്ടാവും. സന്ധ്യാ സമയമായാൽ ബീച്ചിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കാനായി എത്തുന്നുണ്ട്.
ബീച്ചിന്റെ വലതു ഭാഗത്തായിട്ടാണ് ഞങ്ങൾ നടന്നു നീങ്ങുന്ന പാറകൂട്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. കേര വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന തീരപ്രദേശം. ഭീമാകാരമായ കടൽ തിരകൾ പാറകളിൽ തട്ടിയുണ്ടാകുന്ന അലയടി മുഴങ്ങി കേൾക്കുന്നുണ്ട്.

ബീച്ചിന്റെ ഈ ഭാഗത്ത് അധികവും പാറകൂട്ടങ്ങളാണ് കാണുന്നത് ആയതിനാൽ ഇവിടെയുള്ള തിരകളും ഭയാനകമാണ്. പാറകളിൽ ഞണ്ടുകൾ ഓടിനടക്കുന്നുണ്ട്. മുഴപ്പിലങ്ങാട് ബീച്ചിലെ എനിക്ക് ഏറ്റവും ഇഷ്ടമായ സ്ഥലം ഏതാണെന്ന് എന്നോട് ചോദിച്ചാൽ ഈ പാറക്കൂട്ടങ്ങളുടെയും തെങ്ങിൻ തോപ്പുകളുടെയും ഇടയിൽ കാണുവാൻ കഴിയുന്ന സ്ഥലമാണെന്ന് പറയാം.

ഞങ്ങൾ നിൽക്കുന്ന സ്ഥലത്ത് നിന്നും വേഗം തന്നെ തിരികെ ബീച്ചിന്റെ ഭാഗത്തേക്ക് പോയില്ലെങ്കിൽ സന്ധ്യയായി കടലിലെ വെള്ളം കൂടുതലായി കരയിലേക്ക് കയറി തുടങ്ങിയാൽ ചിലപ്പോൾ വെള്ളത്തിലൂടെ അക്കരെക്ക് മുറിച്ച് കടക്കുവാൻ സാധിക്കുകയില്ല. നിരപ്പായ സ്ഥലങ്ങളിൽ ഇടതൂർന്ന് നിൽക്കുന്ന തെങ്ങിൻ തോപ്പുകൾ ബീച്ചിനോട് വിട്ട് അൽപം പുറക് ഭാഗത്തായി കാണാം.
സൂര്യൻ ആഴിയോടടുത്തതും ആകാശവും ചായം പൂശി തുടങ്ങിയിരിക്കുന്നു. ആഴിയും ഭാവമാറ്റങ്ങൾ 
പ്രകടമാക്കി തുടങ്ങിയിരിക്കുന്നു. ഇതുവരെ കടലിലേക്ക് ഉൾവലിഞ്ഞ തിരമാലകൾ ഇപ്പോൾ കരയിലേക്ക് കയറി കയറി വരികയാണ്. എന്നത്തെയും പതിവ് പോലെ ഇന്നും സൂര്യന് വേണ്ടി ആകാശവും ആഴിയും മത്സരം തുടങ്ങിയിരിക്കുന്നു.ശേഷം വീണ്ടും എത്രയോ തവണ ബീച്ചിൽ സന്ദർശിച്ചപോഴെല്ലാം വ്യത്യസ്തമായ അസ്തമയങ്ങൾ പകർത്തുവാൻ സാധിച്ചു. മരച്ചില്ലകൾക്ക് ഇടയിൽ ഒളിഞ്ഞിരിക്കുന്ന സൂര്യൻ അവസാനം ആഴിയിലേക്ക് മറയുന്ന കാഴ്ച്ച ക്യാമറയിൽ പകർതുന്നതിനായി ക്ഷമയോടെ കാത്തിരുന്നു.
അസ്തമയ സൗന്ദര്യം ഓരോ നിമിഷവും ഞാൻ മനസ്സിൽ കരുതിയതിനെക്കാൽ എത്രയോ മനോഹരമായിരുന്നു. എന്നെ പോലെ ധാരാളം ആളുകൾ ഇവിടെ അസ്തമയങ്ങൾ കാണുവാനായി എത്തുന്നതും അത്കൊണ്ടാവണം. ഓരോ അസ്തമയവും എന്റെ ക്യാമറക്ക് വ്യത്യസ്തമായ ഫ്രയിമു കളാണ് നൽകിയത്. മരത്തിന് മുകളിൽ നിന്നും പഴുത്ത് പാകമായി നിലത്ത് വീണ പഴം മാമ്പഴം പോലെയായിരുന്നു അസ്തമയ സൂര്യന്റെ അടുത്ത ഫ്രെയിം.

ഇരുൾ വീണ് തുടങ്ങിയതോടെ ബോട്ടുകളും വഞ്ചികളുമായി മുക്കുവർ കടലിലേക്ക് ഇറങ്ങി തുടങ്ങി. എന്റെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ ചുവന്നു തുടുത്ത ചക്രവാളവും മത്സ്യ ബന്ധന ബോട്ടും ആഴിയിൽ ഒത്തു ചേർന്നപ്പോൾ ലെൻസുകൾ മിഴി തുറന്നിരുന്ന എന്റെ ക്യാമറക്ക് മറ്റൊരു നല്ല ഫ്രയിം കൂടി സമ്മാനമായി ലഭിച്ചു. ജീവിതത്തിൽ ഒരു നല്ല സൗഹൃദം ലഭിക്കുവാൻ ഇടയായ അതോടൊപ്പം ആദ്യമായിട്ട് എനിക്ക് കിട്ടിയതെന്ന് ഞാൻ കരുതുന്ന ഏറ്റവം നല്ല അസ്തമയ സൂര്യൻ.

നാലര കിലോമീറ്ററോളം നീണ്ടു കിടക്കുന്ന വിശാലമായ കരയും ചുറ്റിലുമുള്ള തെങ്ങിൻ തോപ്പുകളും തുരുത്തും മുഴപ്പിലങ്ങാട് ബീച്ചിനെ മനോഹരമാക്കുന്നു. വൃത്തിയിലും വെടുപ്പിലും മുഴപ്പിലങ്ങാട്ബീച്ച് മറ്റുള്ള ബീച്ചുകളെക്കാൾ മുന്നിലാണ് ബീച്ച്. കടൽ തിരകളിൽ ഓടി നടന്ന് ഭക്ഷണം തിരയുന്ന കടൽ പക്ഷികൾ വലിയ തിരകളെത്തുമ്പോൾ കരയിലേക്ക് ഓടി കയറുന്നു.
അന്തിപോൻവെട്ടം കടലിൽ മുങ്ങി താഴുകയാണ്. സൂര്യനെ കൈവിടാൻ ആകാശം തയ്യാറല്ലെങ്കിലും നിമിഷങ്ങൾ സൂര്യൻ കടലിന്റെത് മാത്രമാവും. പ്രതീക്ഷകളുടെ ലോകത്ത് പുതിയ പൊൻ പ്രഭാത വുമായി തിരികെയെത്തുവാൻ ഒരു നല്ല നാളെക്കായി ഇന്നും പതിവ് പോലെ സൂര്യൻ ആഴിയിലേക്ക്‌ ആണ്ടുപോയി.
നാടക വേദിയിൽ വേഷങ്ങൾ അഭിനയിച്ച് തീർന്നാൽ മാത്രമേ തിരശ്ശീല വീഴാറുള്ളു. ജീവിതമാകുന്ന നാടകത്തിൽ വേഷങ്ങൾ അഭിനയിച്ച് തീർന്നാലും ഇല്ലെങ്കിലും അസ്തമയത്തിന്റെ തിരശ്ശീലകൾ വീഴുകയാണ്. വേഷങ്ങൾ അഭിനയിച്ച് തീർത്തവർക്ക് പുതിയ വേഷങ്ങളും പാതിവഴിയിൽ എത്തി നിൽക്കുന്നവരെ നല്ലൊരു പുലരിയും കാത്തിരിക്കുകയാണ്.
വേഷങ്ങൾ അഭിനയിച്ച് തീർത്താലും പുതിയ വേഷങ്ങൾ നാളെ എന്നെയും കാത്തിരിക്കുന്നതിനാൽ ഇന്ന് തൽകാലികമായി ഞങ്ങളുടെ ഒരു ദിവസത്തിനും തിരശ്ശീലയിട്ടിരിക്കുന്നു. ഇനിയും മറ്റൊരു ദിവസം സമയം ലഭിച്ചാൽ തിരികെയെത്താമെന്ന പ്രതീക്ഷകളുമായി ഞങ്ങളും അന്ന് തീരത്തോട് യാത്ര പറഞ്ഞു കൊണ്ട് അവിടെ നിന്നും തിരിച്ച് പോയി.ഇന്നത്ത ഞങ്ങളുടെ ബീച്ച് സന്ദർശനം തുരുത്തിനോട് ചേർന്ന ഭാഗത്താണ്. ഇത് മുഴപ്പിലങ്ങാട് ബീച്ചിന്റെ മറ്റൊരു പ്രവേശന വഴിയാണ്. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ബീച്ചിന് ധാരാളം പ്രവേശന വഴികളുണ്ട്. ഓരോ വഴികളിലൂടെയും ബീച്ചിനകത്തെക്ക് പ്രവേശിക്കുന്നവർക്ക് വ്യത്യസ്ത കാഴ്ച്ചകളാണ് കാണാനാവുക.
തീരത്തിന് സമീപം നിരന്നു നിൽക്കുന്ന തെങ്ങുകൾ കടലിലേക്ക് തല നീട്ടി നിൽക്കുകയാണ്. കടൽ കാറ്റിൽ ആടി ഉലയുന്ന തെങ്ങോലകൾ തീരത്തിനെ മനോഹരമാക്കുന്നു. കേരം തിങ്ങും കേരള നാടിന്റെ എല്ലാ ഭംഗിയും ഇവിടെ നിന്നാൽ ആസ്വദിക്കാം.
ഏതോ ചരിത്ര സ്മാരക ശേഷിപ്പുകൾ പോലെ വലിയ കല്ലുകൾ തീരത്ത് നിറയെ തലയുയർത്തി നിൽക്കുന്നു. തിരകൾക്ക് എടുത്ത് കൊണ്ടുപോകാൻ കഴിയാത്തത് കാരണം കല്ലുകൾ അനങ്ങാതെ ഇവിടെ തന്നെ കിടക്കുകയാണ്. പാറകളിൽ ചെറിയ കല്ലുമ്മ കായകൾ പറ്റി പിടിച്ചിരിക്കുന്നത്‌ കാണാം.
അങ്ങ് ദൂരെ സൂര്യന് ഇടതു വശത്തായി കാണുന്നതാണ് ധർമ്മടം തുരുത്ത്. തെങ്ങുകളും മരങ്ങളും ഇടതൂർന്ന് നിൽക്കുന്ന മനോഹരമായ കൊച്ചു ദ്വീപ്‌. കരയിൽ നിന്നും തുരുത്തിലേക്ക് ഏകദേശം 200 മീറ്റർ ദൂരമേയുള്ളൂ.

കരയിൽ നിന്ന് നോക്കുന്ന ആരെയും മോഹിപ്പിക്കുന്ന തുരുത്ത് കാണുവാൻ വളരെയധികം മനോഹരവും ആകാംഷ നിറഞ്ഞതുമാണ്. തുരുത്തിൽ എന്താണ് ഉണ്ടാവുക എന്ന് അറിയുവാൻ എന്റെ മനസ്സിൽ അകാംശയുണ്ടെങ്കിലും വൈകുന്നേരമായതിനാൽ കടലിൽ വെള്ളം കൂടുതലാണ്. വേലിയിറക്ക സമയങ്ങളിൽ വെള്ളം കുറയുമ്പോൾ തുരുത്തിലേക്ക് നടന്ന് പോകുവാൻ കഴിയുമത്രെ.
ആഴക്കടലിന്റെ ചുരുളഴിയാത്ത രഹസ്യങ്ങളുമായാണ് ഓരോ തിരകളും തീരത്തോടടക്കുന്നത്. സങ്കടങ്ങൾ പേറി നാം ഓരോരുത്തരും തീരത്തുകൂടി നടക്കുമ്പോൾ കാലുകളളെ തഴുകി തിരിച്ച് പോകുന്ന തിരകൾ നമ്മുടെ മനസ്സിലെ വേദനകളും അതോടൊപ്പം ഏട്ടെടുക്കുന്നുണ്ടാവും. അങ്ങനെ കടലിലെ നിഘൂട രഹസ്യങ്ങളും അതോടൊപ്പം ആർക്കും പിടികിട്ടാത്ത നമ്മുടെ മനസ്സിലെ രഹസ്യങ്ങളുമായ് ഓരോ തിരകളും ആർത്തിരംബുകയാണ്.

ചില നേരങ്ങളിൽ കലിതുള്ളി വരുന്ന വൻ തിരമാലകളെ തീരത്തേക്ക് അയച്ച് തീരത്തുള്ളവരെ കടൽ വേദനിപ്പിക്കാറുണ്ടെങ്കിലും കടലിനെ മാത്രം ജീവിതമാക്കി തീരത്ത് കഴിയുന്നവർക്ക് കടൽ എന്നും ഒരു അക്ഷയ പാത്രമാണ്. അവർക്ക് കടൽ അമ്മയാണ്, ഒരമ്മ തന്റെ മക്കൾക്ക് നൽകു ന്നത് പോലെ സ്നേഹവും കരുതലും നൽകുന്നത് കൊണ്ടാവാം അവർ കടലിനെ കടലമ്മ എന്ന് വിളിക്കുന്നത്.
മായാജാലക്കാരൻ ചെപ്പടി വിദ്യകൾ കാണിച്ച് കാണികളെ കയ്യിലെടുക്കുന്നത് പോലെ കടൽ എല്ലാ അർത്ഥത്തിലും ഒരു ജാലവിദ്യക്കാരനാണെന്ന് പറയാതെ വയ്യ.
പാൽ തിരകളും സന്ധ്യശോഭയിൽ മുങ്ങിയ ആകാശവും ആഴിയിൽ മുങ്ങിമറയുന്ന അസ്തമയ സൂര്യനെയുമെല്ലാം ദിവസവും വ്യത്യസ്ഥ രൂപത്തിലും നിറത്തിലും കാണിച്ച് കൊണ്ട് തന്നെ തേടി എത്തുന്നവരെ വശീകരിച്ച് വീണ്ടും വീണ്ടും തന്നിലേക്ക് ആകർഷിച്ച് കൊണ്ടിരിക്കുകയാണ്.

No comments:

Post a Comment