Translate

02 January, 2016

എന്റെ ഗ്രാമ വീഥികൾ...

കൊയ്ത്തു പാട്ടിന്റെ ഈണമുള്ള പൊൻ കതിർ പാടങ്ങളും പച്ചപുൽ പാട വരമ്പുകളും കൃഷികളും കാവുകളും പുഴകളും തോടുകളും കുളങ്ങളും മധുരിക്കുന്ന ബാല്യ കാല ഓർമകളുള്ള തണൽ മര ചുവടുകളും മുറ്റത്തെ തുളസിയും തൊടിയിലെ തുമ്പയും ഓണത്തിന് വയലുകളിൽ പൂപറിക്കുവാൻ ഓടിനടക്കുന്ന കുട്ടികളും അണ്ണാറകണ്ണൻ ചാടി നടക്കുന്ന മധുരമുള്ള മാമ്പഴക്കാലവും അങ്ങനെ ഒരു പ്രദേശത്തെ ഗ്രാമം എന്ന് വിളിക്കപെടാൻ ആവശ്യമായതെല്ലാം കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മളിൽ നിന്നും അകന്ന് അകന്ന് ദൂരേക്ക്‌ പോയ്കൊണ്ടിരിക്കുകയാണ്.
സ്വർഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം.........
ദിവസം കഴിയും തോറും ഈ വരികൾക്ക് അർത്ഥമില്ലാതാവുകയാണോ..?

എനിക്കുമുണ്ടായിരുന്നു സുന്ദരമായ ഒരു ഗ്രാമം എന്ന് പറഞ്ഞ് തുടങ്ങുവാനേ ഇനി നമുക്ക് സാധിക്കുകയുള്ളൂ. സുന്ദരമായ എന്റെ ഗ്രാമത്തിൽ ഞാൻ ഓടി നടന്ന വഴികൾ ഇന്ന് മതിലുകളാൽ നിറഞ്ഞു, കർഷകരും കതിരുകളും നിറഞ്ഞു നിന്നിരുന്ന വയലുകൾ ശോഷിച്ച് ഇത്തിരി കണ്ടമായി വാഴകൃഷിക്കും ചീരകൃഷിക്കും വഴിമാറി, പരൽ മീനിനെ തിരഞ്ഞ് നടന്ന കൈ തോടുകളിൽ മണ്ണ് നിറഞ്ഞ് ഒഴുക്ക് കുറഞ്ഞു.

പുരളിമലയുടെ താഴ്‌വാരത്തിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ ജില്ലയിലെ പേരാവൂർ പഞ്ചായത്തിലെ വെള്ളർവള്ളി എന്ന സുന്ദരമായ എന്റെ ഗ്രാമം. ഗ്രാമത്തിന് ഒത്ത നടുവിലായി ശുദ്ധ വായുവും തണലും നൽകി സധാ സമയവും ഇലകളനക്കി പടർന്ന് നിൽക്കുന്ന വലിയ ആൽമരം. കാതുകൾക്ക് സംഗീതവും രാമായണ കഥകളും കേൾപിക്കുന്ന സ്കൂളിന് പുറകിലെ അമ്പലം. വോളീബോളും ക്രിക്കറ്റും ഇഷ്ടപെടുന്ന സ്നേഹം നിറഞ്ഞ എന്റെ സുഹൃത്തുക്കളും നാട്ടുകാരും എല്ലാ ഗ്രാമത്തിനും സ്വന്തമായി വായനശാലകൾ ഉള്ളത് പോലെ എന്റെ ഗ്രാമത്തിലുമുണ്ട് വായനശാലയും പ്രായമായവരും കുട്ടികളും ഒത്തുചേരുന്ന ആൽത്തറകളും.
വായനശാലയുടെ മുറ്റത്ത് തണൽ വിരിച്ച് നിൽക്കുന്ന ഞാവൽ പഴത്തിന്റെ മരം ഉയരം കൂടിയതിനാൽ പലരും ചുവട്ടിലെത്തി മരതിൽ നിറഞ്ഞു നിൽക്കുന്ന ഞാവൽ പഴം നോക്കി നാവിൽ കൊതിയുമായി തിരിച്ച് പോകും. ഞാവലിന്റെ ചവർപും മധുരവും കലർന്ന രുചി അറിഞ്ഞ കുട്ടികൾ മുകളിൽ കയറിയിരുന്ന് കൊതി തീരുവോളം ഞാവൽ പഴം നുണയും. തോടുകളും കുളങ്ങളും എണ്ണത്തിൽ കുറവുകൾ ഉണ്ടായെങ്കിലും ഞങ്ങൾ തുള്ളിച്ചാടി കുളിച്ച് നടന്ന കുളങ്ങളും തോടുകളും ഇന്നും ഞങ്ങളുടെ ഗ്രാമത്തിൽ സുന്ദരമായി നിറഞ്ഞ് ഒഴുകുന്നുണ്ട്.

എന്റെതെന്നല്ല ഗ്രാമത്തിലെ പലരുടെയും ആത്മ വിദ്യാലയത്തിന് മുന്നിലൂടെയാണ് ഞാൻ നടക്കുന്നത്. ഒരു നിമിഷം ഞാൻ പഴയ ബാല്യ കാലത്തിലേക്ക് ഓർമകളെ കൊണ്ടു പോവുകയാണ്.
സ്കൂളിന്റെ മുറ്റത്ത് ഇലകൾ കൊഴിഞ്ഞ ചെമ്പകമരം ഇന്നും പൂവിട്ട് നിൽക്കുന്നുണ്ട്. ഇലകൾ നന്നേ കുറവാണെങ്കിലും പൂക്കളുടെ എണ്ണത്തിലും സുഗന്ധത്തിലും ഇപ്പോഴും യാതൊരു വിധ മങ്ങലേറ്റിട്ടില്ല. വൈകുന്നേരം സ്കൂൾ വിട്ടാൽ ചെമ്പകപൂക്കൾ പെറുക്കിയെടുത്ത് ഈർക്കിളിൽ കോർത്ത് ഇലകൾക്കുള്ളിൽ തിരുകി അതും കറക്കി കൊണ്ട് വീട്ടിലേക്ക് ഓട്ടം പതിവായിരുന്നു. ഞങ്ങൾക്ക് കിട്ടിയ അന്നത്തെ ബാല്യം ഇന്നത്തെ കുട്ടികൾക്ക് കിട്ടുന്നുണ്ടോ.
സ്കൂളിന് മുന്നിലായി ചെമ്പക മരവും റോഡിനക്കരെ മുട്ടായി കടയും രാഘവേട്ടന്റെ ചായക്കടയും ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രവും ഇന്നും നിലനിൽക്കുന്നു. BSNL, AIRTEL, IDEA തുടങ്ങിയ ഇമ്മിണി ബല്യ ടവറുകളാണ് ഇപ്പോൾ ഗ്രാമത്തിലെ ഏറ്റവും മുതിർന്ന പുതിയ അതിഥികൾ. ആദ്യാക്ഷരം എഴുതാനും എണ്ണാനും പഠിച്ച എന്റെ ആത്മ വിദ്യാലയം. കണ്ണാരം പൊത്തി കാട്ടിലൊളിച്ച കള്ളന്മാരെ കാണാറായോ.. എന്ന് കൂട്ടുകാരൻ ഉച്ചത്തിൽ വിളിച്ച് കൂവുമ്പോൾ ഒളിച്ച് നിന്ന കുറ്റിക്കാടുകൾ.
നഷ്ട്ടങ്ങളുടെ കണക്കുകൾ എണ്ണി നോക്കിയാൽ ഒരിക്കലും തീരുകയില്ല. ഒന്ന് മുതൽ അഞ്ച് വരെ നിറയെ കുട്ടികളുണ്ടായിരുന്ന ക്ലാസ് മുറികൾ പലതും ഇന്ന് അനാഥമായി. പുതിയ തലമുറയിലെ കുട്ടികൾ സ്മാർട്ട് ക്ലാസുകളുള്ള പട്ടണത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മാത്രമേ പഠിക്കുകയുള്ളൂ. സ്കൂളിന് സ്വന്തമായി ബസ്സ്‌ ഇല്ലെങ്കിൽ കുട്ടികളെ മറ്റ് വിദ്യാലയങ്ങളിൽ ചേർത്തി പഠിപ്പിക്കും. പലരുടെയം മനസ്സിലെ ധാരണ കുട്ടികൾ നടക്കുവാൻ പാടില്ലെന്നാണ്. ഞങ്ങളുടെ കുട്ടിക്കാലം ചിലവഴിച്ച മുകളിലെ ചിത്രത്തിൽ കാണുന്ന ആ സ്കൂൾ പോലും ഇന്ന് അവിടെ ഇല്ല. കാലപ്പഴക്കം കാരണം എല്ലാം പൊളിച്ച് മാറ്റി പകരം ഇന്ന്പുതിയ സ്കൂൾ കെട്ടിടം വന്നിരിക്കുന്നു.
ഗ്രാമത്തിൽ സ്ഥിരമായി കാണുന്ന കാഴ്ച്ചകൾ എന്റെയെന്നല്ല ആരുടേയും കണ്ണുകൾക്ക്‌ പുതുമ നൽ കുന്നില്ലെങ്കിലും പലരും ശ്രദ്ധിക്കാതെ പോകുന്ന കാഴ്ച്ചകളും തേടി സമയം കിട്ടുമ്പോൾ ഞാൻ നടക്കാറുണ്ട്. എവിടെ നിന്ന് നടക്കുവാൻ
തുടങ്ങിയാലും പല ദിവസങ്ങളും
അവസാനം എന്നെ കൊണ്ടുപോയി എത്തിക്കുന്നത് ഏതെങ്കിലും വയലുകളിലായിരിക്കും. വലിയ പാടങ്ങളൊന്നുമില്ലെങ്കിലും ചെറിയ വയലുകൾ എന്റെ ഗ്രാമത്തിലും കാണാം.

തോടും വയലും കടന്ന് നാട്ടിലെ നമ്പൂരിമാരുടെയും നായരുടെയും തോടികളിലൂടെ ക്യാമറയുമായി നടക്കുവാൻ തുടങ്ങിയാൽ മണിക്കൂറുകളോളം നടക്കുവാനുള്ള വകയുണ്ടാവും അതിനാൽ ഗ്രാമത്തിലെ ഒരു വിധം വയലുകളെല്ലാം എന്റെ ക്യാമറ കണ്ടുകഴിഞ്ഞു. യാത്രകളിൽ എവിടെയും വിളഞ്ഞു നിൽക്കുന്ന വയലുകൾ കാണുമ്പോൾ അവിടെ അൽപസമയം ചിലവഴിച്ച് ക്യാമറയും ഒന്ന് മിന്നിക്കാറുണ്ട്.

വെള്ളർവള്ളി സ്കൂളിലെ മ്മടെ രതീഷ് മാഷിന്റെ വീടിന്റെ മുന്നിലായി കൂരിയാറ്റ കിളികൾ പാറി നടക്കുന്ന അമ്പല പ്രാവുകളും നാട്ടുവേലി തത്തകളും വിരുന്നിനെത്തുന്ന തുമ്പികളും തുമ്പകളും ഇന്നും നശിക്കാത്ത ഇടക്കിടെ നെൽകൃഷി ചെയ്യുന്ന ഹരിത ഭംഗിയുള്ള ഒരു കൊച്ചു വയലുണ്ട്.


എനിക്ക് അവധി ദിവസങ്ങളിൽ സമയം ചിലവഴിക്കുവാനും ക്യാമറക്ക് മെമ്മറി നിറക്കുവാനും ചെറുതെങ്കിലും ഈ വയൽ തന്നെ ധാരാളം. വയലിൽ നിന്ന് മേൽപോട്ട് നോക്കിയാൽ ചരിത്രങ്ങറങ്ങികിടക്കുന്ന പുരളിമല കാണാം.വയൽ വരമ്പിലൂടെ വേലി തത്തകളെയും പൂക്കളെയും തിരഞ്ഞ് നടന്ന് നടന്ന് ചിലപോഴൊക്കെ അതിർത്തി അതിക്രകിച്ച് കടന്ന് മാഷിന്റെ വീടിന്റെ മുറ്റത്ത് വരെ എത്തിയിരുന്നു.
എന്താണ് നവാസേ തിരയുന്നത്
പക്ഷി നിരീക്ഷണവും തുടങ്ങിയോ എന്ന് മാഷ്‌ ചോദിക്കും. നടത്തമെല്ലാം കഴിഞ്ഞ് തിരിച്ചു പോരുമ്പോൾ ക്യാമറയുടെ മെമ്മറിയും അതിലുപരിയായി എന്റ മനസ്സും നിറഞ്ഞ് തുളുമ്പിയിട്ടുണ്ടാവും. തുമ്പ പൂവും കുടമുല്ല പൂവും മുക്കുറ്റിയും എന്ന് തുടങ്ങി തുമ്പികളെയും പക്ഷികളെയും തേടി വയൽ വരമ്പിലൂടെ നടക്കുന്നതിനിടയിൽ ചിലപ്പോൾ കാലിടറി കുഴികളിൽ വീഴാറുണ്ട്. ക്യാമറ ഒന്നിച്ച് കയ്യിലുണ്ടെങ്കിൽ കീഴ്പോട്ട് നോക്കുവാൻ മറന്നു പോകും.

രാവിലെ കൂരിയാറ്റ കിളികൾ വയലിൽ നിറയെ പാറി നടക്കുന്നത് കാണാം. ക്യാമറയുമായി പാടത്ത് ഇറങ്ങേണ്ട താമസം കിളികളെല്ലാം ചിതറി പല വഴിക്കായി പറന്നകലും.
അ.. ആ.. കിളി പോയി.... എന്ന് ഞാൻ അറിയാതെ മനസ്സിൽ പറഞ്ഞ് പോയ നിമിഷങ്ങൾ.

നെൽ പാടങ്ങളിലെ നെല്ലോലകളിൽ നിന്നും തെങ്ങോലകളിൽ നിന്നും ചീന്തിയെടുക്കുന്ന നാരുകൾ ഉപയോഗിച്ച് അതി വിധഗ്ദമായി കൂടുണ്ടാക്കാൻ കഴിവുള്ള പക്ഷികളാണ് കൂരിയാറ്റ കുരുവികൾ.
നൂറുകണക്കിന് കൂരിയാറ്റ കുരുവികൾ കൂട്ടമായി ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പാറിയകലുന്നത് രസകരമായ കാഴ്ച്ചയാണ്.

ചുറ്റിനും വാഴകൃഷികളും കവുങും തെങ്ങുകളും ഒക്കെയാണ് അതിന്നിടയിൽ ചെറിയ ഒരു വയൽ. വയലുകൾ തരിശു നിലങ്ങളായി ധാരാളമുണ്ടെങ്കിലും കർഷകർക്ക് നെൽ കൃഷിയോട് പഴയത് പോലെ അത്ര താൽപര്യം കാണുന്നില്ല.


വയലുകളിൽ കൊയ്ത്തു പാട്ടുകളുടെ ഈരടികൾ എന്നോ നിലച്ച് തുടങ്ങിയെങ്കിലും എനിക്ക് വേണ്ടി ഒരു കിളി നെൽ കതിരിന്റെ മുകളിലിരുന്ന് മധുരമായി പാടുന്നുണ്ട്.

കർഷകരും കൃഷിയും എന്റെ ഗ്രാമത്തിലും കുറഞ്ഞു വന്നിരിക്കുന്നു. മെയ്യും മനസ്സും മറന്ന് ചേറിലും ചെളിയിലും പാടത്തും പറമ്പിലും പണിയെടുക്കുന്ന പാവങ്ങളായ നെൽ കർഷകരുടെ ദുരിതങ്ങളോ കണ്ണീരോ കാണുവാനോ അവരെ സംരക്ഷിക്കുവാണോ അധികാരി വർഗ്ഗങ്ങൾ തയ്യാറാവുന്നില്ല.
എങ്കിലും മണൽ മാഫിയകളെയും ഭൂമി തുരന്ന് തിന്നുന്ന കാട്ടു കള്ളൻമാരെയും സംരക്ഷിക്കാൻ തയ്യാറാവുന്ന നാണം കെട്ട അധികാരി വർഗ്ഗങ്ങളുമാണ് നമുക്കുള്ളത്.
നെൽകൃഷി കൊണ്ട് കർഷകന് ജീവിക്കാനുള്ള വക പോലും കിട്ടുന്നില്ല. തോന്നും പോലെയുള്ള വിലക്കയറ്റവും മറ്റും ബാക്കിയുള്ള കർഷകരെയും നെൽ കൃഷിയിൽ നിന്ന് പിന്തിരിപ്പിച്ചു കൊണ്ടിരിക്കുന്നു. പാടത്ത് നെൽ കൃഷി ഇറക്കി വിളഞ്ഞ് പാകമായപ്പോൾ നെല്ല് കൊയ്യാൻ ആളെ കിട്ടാനില്ലെന്ന് പറഞ്ഞ് അവസാനം തന്റെ പാടത്ത് തീയിടുവാൻ കർഷകനെ പ്രേരിപ്പിച്ച നാടാണ് നമ്മുടെത്.
പാടത്തെ വിളഞ്ഞ് നിൽക്കുന്ന നെൽ കതിരുകൾക്കിടയിൽ പച്ചപ്പുൽ നിറഞ്ഞ വരമ്പുകളിൽ മഞ്ഞ് വീണിട്ടുണ്ടാവും. പാടവരമ്പത്ത് കൂടി മഞ്ഞുകണങ്ങൾ നിറഞ്ഞ പുല്ലുകളിൽ ചവിട്ടി നടക്കുമ്പോൾ പാദം മുതൽ തല വരെ തണുക്കും. ഇരകളെ വലയിലാക്കുവാൻ എട്ടുകാലികൾ വഴികളിലാകെ വലകൾ വിരിച്ചിട്ടുണ്ടെങ്കിലും മഞ്ഞുതുള്ളികളാൽ വലകൾ നിറഞ്ഞു കിടക്കുകയാണ്.


കമുങ്ങിൻ തോട്ടങ്ങൾക്ക് നടുവിലായി ഹരിത ഭംഗിയുള്ള വയലുകൾ ധാരാളമുണ്ടായിരുന്നെങ്കിലും പലതും ഇന്ന് എല്ലാം വാഴ കൃഷികൾക്ക് വഴിമാറിയിരിക്കുന്നു. ഇങ്ങനെ മുന്നോട്ട് പോയാൽ വൈകാതെ തന്നെ നെൽ പാടങ്ങൾ കടലാസുകളിൽ ചിത്രങ്ങൾ മാത്രമായി മാറുന്ന കാലം വിദൂരത്തല്ല.
കുളിർ കാറ്റ് വീശുമ്പോൾ കതിരുകൾ ചാഞ്ചാടി ഉലയുന്ന വയൽ വരമ്പുകളിലൂടെ ചുവട്ടിൽ നെൽ ചെടികൾക്ക് ഇടയിലൂടെ ഓടി നടക്കുന്ന പുള്ളി പരൽ മീനുകളെയും നോക്കി അൽപ്പനേരമെങ്കിലും സ്വതന്ത്രമായി നടക്കുമ്പോൾ കിട്ടുന്ന മനസ്സിന്റെ സംതൃപ്തി മറ്റൊരു വഴിയിലും ലഭിക്കുകയില്ല.

കൂട്ടുകാരോടൊപ്പം വയൽ വരമ്പിലൂടെ തുമ്പിയെ പിടിച്ചും തോട്ടിലെ മീൻ പിടിച്ച് കുപ്പിയിലാക്കിയും മാവിൻ ചോട്ടിലെ മാങ്ങ പെറുക്കിയും വിദ്യാലയങ്ങളിലേക്ക് പോയിരുന്ന കുട്ടികൾ പ്രകൃതിയോട് ഇണങ്ങി പ്രകൃതിയിൽ നിന്നും അവർക്ക് ജീവിതത്തിലേക്ക് ആവശ്യമായത് കണ്ടും അനുഭവിച്ചും

പഠിച്ചാണ് പണ്ട് വിദ്യാലയങ്ങളിലേക്ക് പോയിരുന്നത്. പക്ഷെ ഇന്നത്തെ കുട്ടികൾ സ്കൂളിലേക്ക് പോകണമെങ്കിൽ ബസ്സ്‌ റോഡിൽ നിർത്തിയാൽ മതിയാവില്ല പകരം മുറ്റത്ത് തന്നെ എത്തണം.
തുമ്പ പൂവിനെ തേടി നടന്ന് മടുത്തു വയൽ വരമ്പിലും പരിസരങ്ങളിലും നിറയെ കണ്ടിരുന്ന തുമ്പ പൂവേ നീ എവിടെ ..? വയലുകൾ മുഴുവൻ അരിച്ച് പെറുക്കിയാലും മാറിപ്പോയ ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഒരു തുമ്പ പൂവ് കണ്ട് കിട്ടാൻ പ്രയാസമാണ്.
തുമ്പയെ കുറിച്ച് പാഠ പുസ്തകങ്ങളിൽ എത്ര മാത്രം പാട്ടുകൾ കേട്ടിരിക്കുന്നു. മാവേലിയെ ഓണത്തിന് വരവേൽക്കുവാൻ പൂക്കളൊരുക്കുമ്പോൾ ഏറ്റവും പ്രധാനം തുമ്പപൂക്കളായിരുന്നു. ഇന്ന് പക്ഷെ അന്യ സംസ്ഥാനത്ത് നിന്നും എത്തുന്ന പൂക്കൾ തുമ്പ പൂക്കളെയും നാടൻ പൂക്കളെയും ഓണ പൂക്കളങ്ങളിൽ നിന്നും ചവിട്ടി തെറിപ്പിച്ചു.

ഓണപ്പൂക്കളത്തിലും സമ്മാനങ്ങൾ തിരുകി കയറ്റി അതും മത്സരമാക്കി മാറ്റിയെന്നതാണ് സത്യം. പഴയ തലമുറയിലെ കുട്ടികൾ ഓണത്തിന് പൂക്കളങ്ങളൊരുക്കാൻ പാടത്തും പറമ്പിലും പൂക്കൾ തിരഞ്ഞ് പോകുമായിരുന്നു എന്നാൽ പുതിയ തലമുറയിലെ കുട്ടികൾ നേരെ മറിച്ചാണ് അവർ പട്ടണത്തിലെ പൂക്കച്ചവടക്കാരെയും തിരഞ്ഞ് പോകുന്ന കാഴ്ച്ചയാണ് കാണുവാൻ കഴിയുന്നത്. നാടൻ പൂക്കളങ്ങൾ ഒരുക്കി ഓണം ആഘോഷിച്ചിരുന്നപോൾ കുട്ടികൾ ഒന്നിച്ച് കളിച്ചും ചിരിച്ചും പൂക്കൾ തേടി വയലിലും പറമ്പിലും ഇറങ്ങിയിരുന്നു എന്നാൽ ഇന്നത്തെ കുട്ടികളെ മുറ്റത്ത് മണ്ണ് വാരി കളിക്കുവാൻ പോലും അനുവദിക്കാത്ത രക്ഷിതാക്കൾ അവർ ഇന്നലെ തന്നെ മാർക്കറ്റിലെ റെഡിമൈഡ് പൂക്കൾ വാങ്ങി കുട്ടികൾക്കായി നൽകി. ബാല്യത്തിന്റെ നിറം നഷ്‌ടമായ പുതിയ തലമുറയിലെ കുട്ടികൾക്ക് ഓണത്തിനെങ്കിലും നിറമുള്ള ബാല്യം തിരികെ ലഭിക്കേണ്ട അവസരങ്ങളില്ലാതായി.

പാടങ്ങളിലും പറമ്പിലും തോടിന്റെ പരിസരങ്ങളിലും കണ്ടിരുന്ന മുക്കുറ്റിയും കുടമുല്ലപൂവും തുമ്പ പൂക്കളും ഇന്ന് കൊച്ചു കുട്ടികളുടെ പാഠപുസ്തകങ്ങളിൽ മാത്രമായി.
തുമ്പ പൂവേ പൂന്തിരളെ നാളേക്കൊരു വട്ടി പൂതരണേ ......
ഒരു വട്ടി പൂ പൊയിട്ട് ഒരു നുള്ള് പൂവ് എങ്കിലും തരാൻ ഒരു തുമ്പയെങ്കിലും തൊടികളിൽ ബാക്കി വേണ്ടേ കൂട്ടുകാരാ....
തുമ്പയെ പുകഴ്ത്തി വാതോരാതെ പുസ്തകങ്ങളിൽ നോക്കി പാടുമെങ്കിലും തുമ്പ പൂവ് ഏതാണെന്ന് പോലും കണ്ടാൽ അറിയാത്തവരാണ് ഇന്നത്തെ കുട്ടികൾ. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഫ്ലാറ്റുകളിലെയും മതിൽ കെട്ടുകൾക്ക് അകത്തെ ജീവിതവും കുട്ടികളെ പ്രകൃതിയിൽ നിന്നും അകറ്റി അവരെ സ്വാർത്ഥരാക്കി.
ഓണത്തിനും പെരുന്നാളിനും വേനലവധിക്കും ബന്ധു വീടുകളിൽ പാർക്കുവാനായി പോയിരുന്നതും കൂട്ടുകാരുമൊത്ത് പലതരം കളികളും പാളകളിൽ വലിച്ചു കൊണ്ടുപോയി കളിച്ചും ട്രൗസറിന്റെ മൂട് കീറിയതും അങ്ങനെ നമ്മുക്ക് ഓർത്തെടുക്കാൻ ഒരുപാട് നല്ല ഓർമ്മകൾ ബാക്കിയുണ്ട്.

കുസൃതി കാണിച്ചതിന് അമ്മമാരുടെ തല്ല് കിട്ടുമ്പോൾ നമ്മളെ രക്ഷിക്കുവാൻ ഓടിയെത്തുന്ന മുത്തച്ഛന്മാരും കഥകൾ പറഞ്ഞു തരുന്ന മുത്തശ്ശിമാരും നമുക്കുണ്ടായിരുന്നു. നമ്മൾ ഏറ്റു വാങ്ങേണ്ടിയിരുന്ന എത്രയോ ചൂടുള്ള അടികൾ അവർ തടഞ്ഞു നിർത്തി നമ്മളെ രക്ഷിച്ചു. എന്നാൽ ഇന്ന് കുരുത്തകേട്‌ കാണിക്കുന്ന കുട്ടികൾ അവർക്ക് കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും. ഇന്ന് അധിക വീടുകളിലെയും മുത്തച്ഛന്മാരും മുത്തശ്ശിമാരും വൃദ്ധ സദനങ്ങളുടെ ചുമരുകൾക്ക് നടുവിൽ വിലപിക്കുകയാണ്.
തുമ്പികളെ പിടിച്ചും കുഴിയാനകളെ തിരഞ്ഞും മണ്ണപ്പം ചുട്ടും ചെടിയും പൂക്കളും പറിച്ചും തോടുകളിൽ പരൽ മീനുകളെ തിരഞ്ഞുമൊക്കെയായിരുന്നു നമ്മുടെ ബാല്യം. വയലുകളിൽ നിറയെ വട്ടമിട്ട് പാറി കളിക്കുന്ന വേനൽ തുമ്പികൾ ഇന്നത്തെ കുട്ടികൾക്ക് അപൂർവ്വമായ കാഴ്ച്ചയായി.

ഒന്നാനാം കൊച്ചുതുമ്പി എന്റെ കൂടെ പോരുമോ നീ ....
നിന്റെ കൂടെ പോന്നാലോ എന്തെല്ലാം തരുമെനിക്ക് ....
ബാല്യത്തിൽ പഠിച്ച പാട്ടുകളിൽ ചിതലരിക്കാത്ത വരികൾ മനസ്സിൽ കിടന്നത് കൊണ്ട് ഒന്ന് പാടി നോക്കി എന്ന് മാത്രം.
ഞങ്ങൾ പഠിക്കുന്ന കാലത്ത് ഈ വരികളും പാടി സ്കൂൾ മുറ്റത്ത് കൂടി നടക്കുമ്പോൾ ഞങ്ങളുടെ പാട്ടിനൊത്ത് തുമ്പികൾ സ്കൂൾ മുറ്റം നിറയെ പറന്നുനടക്കുന്നത് പതിവായിരുന്നു. മാത്രമല്ല കുട്ടികൾക്ക് തുമ്പികളെ കണ്ടും സ്പർശിച്ചും അറിയാമായിരുന്നു. ഇന്നത്തെ കുട്ടികൾ തുമ്പികളൾ എന്ന് കേൾക്കുമ്പോൾ അവരുടെ മനസ്സിൽ തോന്നുക ജുറാസിക് പാർക്ക് സിനിമയിൽ ദിനോസറിനെ പറ്റി കേൾക്കുന്നത് പോലെ ഏതോ അത്ഭുത ജീവിയായിരിക്കും.
പൂവിളികൾക്കും പൂത്തുമ്പികൾക്കും നാടൻ പൂക്കളങ്ങൾക്കും കൂടെ നാം ഓണം ആഘോഷിച്ചത് പോലെ ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് ഭാഗ്യമില്ല.

വയലുകളിൽ നിന്നും തോട്ടിൻ വക്കുകളിൽ നിന്നും തലയുയർത്തി നോക്കി ക്രോം.. ക്രോം.. എന്ന് വിളിച്ച് കരഞ്ഞിരുന്ന പോക്കാച്ചി തവളകളെ കാണണമെങ്കിൽ മഷിയിട്ട് നോക്കണം. ഇന്നലെ വരെ വയലുകളിൽ കിടന്ന് നിലവിളിച്ച തവളകളെയെല്ലാം മനുഷ്യർ പിടിച്ച് കൊണ്ടുപോയി.


രാത്രിയായാൽ തവള പിടിയന്മാർ വീണ്ടും കുട്ടയുമായി തങ്ങളെ തേടിയും വരുമെന്ന് പേടിച്ചതിനാൽ ഭാക്കിയുള്ള തവളകൾ ഒന്ന് ഉറക്കെ കരയാൻ പോലും പേടിച്ച് മാളങ്ങളിൽ എവിടെയോ കയറി ഒളിച്ചിരിക്കുകയാണ്. ഒന്ന് ഉറക്കനെ നിലവിളിച്ചാൽ പലർക്കും രക്ഷപെടുവാൻ കഴിയുന്നതാണ് സാധാരണ മറ്റുള്ളവരുടെ കാര്യത്തിൽ സംഭവിക്കാറുള്ളതെങ്കിൽ തവളകളുടെ കാര്യത്തിൽ നേരെ മറിച്ചാണ് സംഭവിക്കുന്നത്, അവർ ഒന്നുറക്കനെ കരഞ്ഞാൽ ആദ്യം കുട്ടയിലും പിന്നെ ചട്ടിയിലും നോക്കിയാൽ മതി.

തോട്ടിലും വയലുകളിലും നിറയെ തുള്ളിച്ചാടി നടന്നിരുന്ന പാവം തവളകളും ഇന്ന് മനുഷ്യരുടെ ക്രൂരതയുടെ ഫലമായി അടുക്കളയിലെ കറിച്ചട്ടികളിലെ കൊതിയൂറും വിഭവമായി മാറി. തവളകൾ ഇല്ലാതയതാണ് കൊതുകുകൾ വളരാൻ ഏറ്റവും അനുകൂല സാഹചര്യമുണ്ടായത്. വയലുകളിലെ കീടനാശിനി പ്രയോഗവും കൂടി ആയപോൾ തവളകളുടെ വംശനാഷത്തിന് വേഗതയും കൂടി. കൊതുകുകളെ ഭക്ഷണമാക്കുന്ന തവളകൾ നശിച്ചപ്പോൾ കൊതുകുകൾ പെരുകി നമുക്ക് തന്നെ ഭീഷണിയാകുമെന്ന് ആരും ചിന്തിച്ചില്ല. തവളകളുടെ ഭക്ഷണമായ നിസ്സരക്കാരായ കൊതുകുകളാണ് ഇന്ന് ഏറ്റവും കൂടുതൽ മനുഷ്യനെ രോഗിയാക്കി മാറ്റികൊണ്ടിരിക്കുന്നത്.

എന്റെ ഗ്രാമവീഥികൾ എനിക്ക് മനസ്സ്നിറയെ കാഴ്ച്ചകൾ സമ്മാനിച്ചു. എന്നിട്ടും എനിക്ക് വീണ്ടും വീണ്ടും പോകുവാൻ തോന്നുന്നത് പൊൻകതിർ വിളഞ്ഞു നിൽക്കുന്ന വയൽ വീഥികളിലൂടെയാണ്.
ഗ്രാമത്തിന്റെ എല്ലാവിധ സൗന്ദര്യവും ഊറികിടക്കുന്നത് ആ വയൽ വീഥികളിലാണ്. രാവിലെയും വൈകുനേരവും ഇളം വെയിലേറ്റ് നെൽ കതിരുകൾ കനക നിറം ചാർത്തി നിൽക്കുന്നത് കാണുവാനും പാകമായി വിളഞ്ഞു നിൽക്കുന്ന പൊൻ കതിരിന്റെ സുഗന്ധം നമുക്ക് നൽകുവാനും ആ വയൽ വരമ്പുകൾക്ക് മാത്രമേ സാധിക്കുകയുള്ളൂ.
വെറ്റില മുറുക്കി ചുവപ്പിച്ച ചുണ്ടുകളുമായി പച്ചപനം തത്തകൾ വയലുകൾക്ക്‌ സമീപങ്ങളിലുള്ള തെങ്ങോലകളിൽ തൂങ്ങിയാടി നിൽക്കുന്നത് ഇന്ന് അപൂർവ്വ കാഴ്ച്ചയായി മാറി തുടങ്ങിയിരിക്കുന്നു.

പത്തും ഇരുപതും തത്തകൾ ഒന്നിച്ച് വയലിലേക്ക്‌ പാറിവന്ന് നെൽകതിരുകൾക്ക് ചുറ്റിലും വർണ്ണ ചിറകിട്ടടിച്ച് വട്ടമിട്ട് പറന്നുവന്ന് ചുണ്ടിൽ തന്നെക്കാൾ നീളമുള്ള ഓരോ കതിരുകളുമായി ഉയർന്ന് പൊങ്ങുന്നത് വിളഞ്ഞു നിൽക്കുന്ന വയലുകൾക്ക് മാത്രം സ്വന്തമായ കാഴ്ച്ചകളായിരുന്നു. ഇന്ന് അങ്ങനെയുള്ള കാഴ്ച്ചകൾക്ക് ക്യാമറയുമായി നടക്കുന്നവർ വയലുകൾ തേടി കുട്ടനാട്ടിലെക്കോ പാലക്കാടെക്കോ പോകേണ്ടി വരും.
ചേറിലും ചെളിയിലും അധ്വാനിക്കുന്ന കർഷകരുടെ കൂടെയാണ് സമാധാനത്തിന്റെ വെള്ള ചിറകുകൾ വീശി കൊറ്റികൾ വിരുന്നെത്തുന്നത്. വലിയ കൊക്കുകളുമായി പാറി വന്ന് അവർ പാടത്ത് കർഷകരോടൊപ്പം മണ്ണിൽ കിളക്കുകയാണോ എന്ന് തോന്നിപോകും.തൊഴിലുറപ്പ് പദ്ധതിക്ക് പത്തും ഇരുപതും പെണ്ണുങ്ങൾ എത്തുന്നത് പോലെയാണ് ഇവരും ഒരുപാടുണ്ട്. വയൽ നിറയെ കൊറ്റികളുടെ നിൽപ്പ് കാണുമ്പോൾ തൊഴിലുറപ്പ് പണിക്ക് വന്നിട്ട് പെണ്ണുങ്ങൾ തൂമ്പയും പിടിച്ച് നിൽകുന്നത് പോലെ തോന്നാറുണ്ട്.
തൊഴിലുറപ്പ് പദ്ധതിക്ക് പത്തും ഇരുപതും പെണ്ണുങ്ങൾ എത്തുന്നത് പോലെയാണ് ഇവരും ഒരുപാടുണ്ട്. വയൽ നിറയെ കൊറ്റികളുടെ നിൽപ്പ് കാണുമ്പോൾ തൊഴിലുറപ്പ് പണിക്ക് വന്നിട്ട് പെണ്ണുങ്ങൾ തൂമ്പയും പിടിച്ച് നിൽകുന്നത് പോലെ തോന്നാറുണ്ട്.


നഷ്ട്ടമായെന്ന് കരുതിയതിൽ ചിലതെങ്കിലും നമുക്ക് തിരികെ നൽകുന്നത് നമ്മുടെ ഗ്രാമങ്ങളിലെ വയലുകളിൽ കാണുവാൻ കഴിയുന്ന ഇത്തരം അപൂർവ്വ നിമിഷങ്ങളാണ്. എന്തേ ഇതിന് മുമ്പും ഈ കാഴ്ച്ചകൾ ഒരു പക്ഷെ ഇതിനേക്കാൾ മനോഹരമായ പലതും എന്റെ കണ്മുന്നിൽ കണ്ടിട്ടും ശ്രദ്ധിക്കാതെ പോയിരുന്ന ഞാൻ ഇന്ന് വയലും ഗ്രാമവും എന്നും പറഞ്ഞ് നടക്കുന്നു എന്ന് ഞാൻ എന്നോടായി തന്നെ ചോദിച്ചു.
വികസനത്തിന്റെ പേരിൽ എന്നെങ്കിലും ഈ വയലുകളും തോടുകളും മണ്ണിട്ട് നികത്തുന്നതിന് മുമ്പ് ഞാൻ എല്ലാം ഒന്ന് ഓടി നടന്നു കാണുകയാണ്. ഇന്നലെ വരെ എല്ലാവരെയും പോലെ ഇതെല്ലം കണ്ടിട്ടും ശ്രദ്ധിക്കാതെ മുന്നോട്ട് പോകുവാൻ മാത്രമേ എനിക്കും കഴിഞ്ഞിരുന്നുള്ളൂ.

എന്നാൽ ഇന്ന് എന്തൊക്കെയോ ചില കാരണങ്ങളാൽ ചുറ്റുവട്ടമുള്ള പ്രകൃതിയിലെ കാഴ്ച്ചകളിൽ നശിക്കുന്നു എന്ന് എനിക്ക് തോന്നിയതിൽ ചിലത് എന്റെ മനസ്സിനെയും ആഴത്തിൽ തൊട്ടിരിക്കുന്നു. കൂട്ടിന് ഒരു ക്യാമറയും കൂടി ആയപ്പോൾ എല്ലാം ഒന്ന് നടന്ന് കാണുവാനുള്ള ആവേശം കൂടിയതല്ലാതെ ഒട്ടും ഇന്നലെ കണ്ടതൊന്നും ഇന്ന് ഈ മണ്ണിൽ ബാക്കിയില്ല ഇന്ന് കാണുന്നതോന്നും നാളെ ഈ മണ്ണിൽ സംരക്ഷിക്കുവാൻ ആരും ആരെയും എൽപിച്ചിട്ടുമില്ല അങ്ങനെയെങ്കിൽ ഇന്ന് ഞാൻ ക്യാമറയിൽ പകർത്തിയ പലതും നാളെ ഈ മണ്ണിൽ നിന്നും അപ്രത്യക്ഷ മാകുവാനിരുന്ന കഴ്ച്ചകലായിരിക്കാം.

സ്കൂളുകളിൽ നിന്ന് പട്ടണങ്ങളിലെ ദുരിതങ്ങൾ കാണിക്കുവാൻ കുട്ടികളുമായി വിനോദ യാത്രകൾ പോകുന്നതിന് പകരം അവരുമായി ഗ്രാമങ്ങളിലെ വയൽ വരമ്പിലൂടെ നടക്കുന്നതാണ് ഏറ്റവും ഉത്തമം.
കണ്ണെത്താ ദൂരം നീണ്ട് കിടക്കുന്ന പാടങ്ങളിലൂടെ നടന്ന് ഞാറുകൾ നടുന്ന കാഴ്ച്ചകൾ കാണിച്ച് കതിരുകൾ ചാഞ്ഞു നിൽക്കുന്ന വയലുകളിലൂടെയും കൃഷിയിടങ്ങളിലൂടെയും കുട്ടികളുമായി നടന്നാൽ അതായിരിക്കും അവർക്ക് ഏറ്റവും സന്തോഷം നൽകുക. അവർ പുസ്തകങ്ങളിൽ കേട്ട് മാത്രം പഠിച്ച തുമ്പ പൂക്കളെയും നെൽ പാടങ്ങളിലെ ഞാറു നടീലും കൊയ്ത്ത് പാട്ടുകളും കറ്റ മെതിക്കലും നേരിൽ കാണുവാൻ അവർക്കും മോഹമുണ്ടാവില്ലേ. നമ്മുടെ നാടുകളിൽനിന്നും നമുക്ക് നഷ്ട്ടമാവുന്ന കാഴ്ച്ചകളല്ലേ നാം എന്നും മറ്റുള്ളവർക്കായി പകർന്ന് നൽകേണ്ടത്.
കതിർ മണി കൊത്തി പറന്നകലുന്ന തത്തകളെ ക്യാമറയിൽ പകർത്തുവാൻ വേണ്ടി വയലുകളിൽ ഇറങ്ങിയ എനിക്ക് കാണുവാൻ കഴിഞ്ഞത് മനസ്സലിയിക്കുന്ന കാഴ്ച്ചയായിരുന്നു.

ഗ്രാമങ്ങളിലെ പാടങ്ങളിൽ തത്തകൾ പാറി വരാറുള്ള ആ പഴയ കാലം ഓർമ്മകളായി മാറി. അന്ന് തത്തകൾക്ക് വിശപ്പ് മാറ്റുവാൻ നെൽ മണി സമൃദ്ധമായി ഉണ്ടായിരുന്നു പക്ഷെ ഇന്ന് വയലുകളിൽ നെൽ കൃഷി കുറഞ്ഞതോടെ പാവം തത്തകൾ പോലും പട്ടിണിയായി. വിശപ്പ് സഹിക്കാതെ വന്നപ്പോൾ വാഴ തോട്ടത്തിൽ കയറി പച്ച നേന്ത്രപ്പഴം കൊത്തി തിന്നുന്ന തത്തകളെയാണ് എനിക്ക് പലപ്പോഴും എന്റെ ഗ്രാമത്തിലെ വയലുകളിൽ തന്നെ കാണുവാൻ കഴിഞ്ഞത്.

വാഴത്തോട്ടത്തിൽ അന്ന് കണ്ടു വെച്ച പഴങ്ങളെല്ലാം പഴുത്ത് പാകമായിക്കാണും എന്ന് കരുതി തത്തകൾ വീണ്ടും വന്നപോൾ തത്തകൾക്ക് നിരാശരായി തിരിച്ച് പോകുവാൻ മാത്രമേ കഴിഞ്ഞുള്ളൂ. പഴുത്ത് പാകമായ പഴങ്ങളെല്ലാം രാവിലെ തത്തകൾ എത്തുന്നതിനും മുന്നേ യജമാനൻ കൊണ്ടു പോയിരുന്നു.

പക്ഷികളെ തേടി നടക്കുന്നതിനിടയിലാണ് കണ്‍മഷി എഴുതിയ കണ്ണുകളുമായി നാട്ടുവേലി തത്തകൾ എന്റെ മുന്നിലൂടെ തലങ്ങും വിലങ്ങും പാറി നടക്കുന്നത് കാണുവാനിടയായത്. നീണ്ട് കൂർത്ത ചുണ്ടുകൾ, ചുവന്ന കണ്ണുകൾ, തലയിൽ ഇളം മഞ്ഞ നിറം തത്തകളുടെത് പോലെ ദേഹമാസകലം പച്ച നിറത്തിലുള്ള തൂവലുകൾ. പ്രത്യേക ശബ്ദമുണ്ടാക്കിയാണ് താഴേക്കും മുകളിലേക്കും ഭക്ഷണം തേടി പറക്കുന്നത്.

തത്തകളുടെത് പോലെ ശരീര വലിപ്പമില്ലെങ്കിലും തത്തകളെ പോലെ തന്നെ കാണുവാനും മനോഹരം. ചെറു പ്രാണികളെയും തുമ്പികളെയും തേടി വട്ടമിട്ട് പറക്കുകയാണ്. ശരവേഗം കണക്കെ പാറിപ്പറന്നു ചെന്ന് ഇരകളെ കൊക്കിനകത്താക്കുവാൻ പ്രത്യേകം കഴിവുള്ള പക്ഷികൾ. കഴുത്തിന് താഴെയായി കറുത്ത വരകൾ പോലെ തൂവലുകൾ കാണാം.
നിമിഷ നേരം കൊണ്ട് പറന്നു ചെന്ന് ഇരയെയും കൊക്കിനകത്താക്കി തിരിച്ചെത്തും. ഈച്ചകളും തുമ്പികളു പാറ്റകളുമാണ് പ്രധാന ഭക്ഷണം.
കിട്ടിയത് വായക്കുള്ളിൽ ഒതുങ്ങാത്ത വലിയ ഇരകളാണെങ്കിൽ മരക്കൊമ്പിൽ ഇടിച്ച് കൊന്നതിന് ശേഷം ഭക്ഷിക്കും. വായുവിൽ സാഹസിക പ്രകടനങ്ങൾ നടത്തി ഈച്ചകളെയും മറ്റും ഭക്ഷണ മാക്കുന്നതിനാലാണ് ( Green Bee eater ) എന്ന് ഈ പക്ഷിക്ക് പേര് വീണത്.

തത്തയോട്‌ സാദൃശ്യമുള്ള ഈ പക്ഷികൾ നമ്മുടെ വയലിന്റെ പരിസരങ്ങളിലും പുഴയോരങ്ങളിലും വാഴയിലകളുടെ തുമ്പിലും വേലികളുടെ മുകളിലും മറ്റുമാണ് കൂടുതൽ സമയവും കാണപ്പെടുന്നത് അതുകൊണ്ടാവം ഇരട്ട പേരുകൾ ഇടാൻ മിടുക്കരായ നമ്മുടെ നാട്ടിൻ പുറത്തുകാർ ഈ പക്ഷിക്ക് നാട്ടുവേലി തത്ത എന്ന പേര് നൽകിയത്.

നാട്ടുവേലി തത്തകളുടെ ചുണ്ടുകൾ പോലെ തന്നെ വാലുകളും സൂചിപോലെ നീണ്ട് കൂർത്തതാണ്. മണ്ണിൽ കുഴികളുണ്ടാക്കിയാണ്‌ ഈ പക്ഷികൾ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. ക്യാമറക്ക് മുന്നിൽ നിന്ന് തരാൻ മടിയുള്ള കൂട്ടരായതിനാൽ പിന്നാലെ നടന്ന് ഞാൻ ഒരുപാട് ബുദ്ധിമുട്ടി.

വൈകുന്നേരമായതോടെ എല്ലാവരും സംഗമ സ്ഥാനമായ വയലുകളിൽ എത്തി തുടങ്ങി. ഇണകളായ രണ്ട് അരി പ്രാഞ്ചികൾ sorry അരിപ്രാവുകൾ എന്റെ മുന്നിലൂടെ ഗൗരവത്തിൽ നടന്നു നീങ്ങുന്നുണ്ട്. ദേഹത്ത് തൂവലുകളിൽ നിറയെ അരിമണി വിതറിയത് പോലെ പുള്ളികൾ കാണാം.

ഇന്നലെവരെ കാണാത്ത എന്നെ പതിവില്ലാതെ വയലിൽ കണ്ടത് കൊണ്ടായിരിക്കും അല്ലെങ്കിൽ ഞാൻ അവരെ പിടിക്കാൻ വരുമോ എന്ന് ഭയന്നിട്ടാവണം അവർ എന്നെയും നോക്കി നിൽപ്പാണ്.
അരിക്കച്ചവടം നടത്തിയവരെ അരിപ്രാഞ്ചി എന്ന് വിളിക്കാമെങ്കിൽ അരിപ്രാക്കളെ അരിപ്രാഞ്ചി എന്ന് വിളിക്കുന്നതിൽ തെറ്റുണ്ടാവില്ല. അരിപ്രാഞ്ചികളെ ദൂരെ നിന്നും ക്യാമറയിൽ പകർത്തുവാൻ കഴിയാത്തത് കാരണം അവരുടെ അടുത്തേക്ക് നടന്നു. ഞാൻ ഒരു അടി ദൂരം മുന്നോട്ട് പോകുമ്പോൾ പ്രാവുകൾ എന്നെക്കാൾ രണ്ടടി മുന്നോട്ട് നടക്കും. വീണ്ടും ഞാൻ ശല്യമായി അവർക്കിടയിൽ തുടർന്നപ്പോൾ രണ്ടു പേരും പറന്നകന്നു. ഒരാൾ തെങ്ങോലയിലും മറ്റൊരുത്തി മറക്കുറ്റിയിലും പോയിരുന്നു. അറിയാതെ ഒരു നിമിഷത്തേക്കാണെങ്കിലും ഞാൻ ഇരുവരുടെയും സ്വർഗത്തിലെ കട്ടുറുമ്പ് ആയി മാറിക്കാണും.
ആകാശം മേഘാവൃതമായി സമയം ഒരുപാടായി എനിക്ക് തിരിച്ച് പോകുവാൻ സമയമായി. നീലാകാശത്തിൽ പഞ്ഞി കെട്ടുകൾ പോലെ വെളുത്ത മേഘങ്ങൾ ഓടി നടക്കുന്നു. എന്റെ മനസ്സ് പോലെ ആകാശത്തിലും കാണാം എന്തൊക്കെയോ അലസമായി കിടക്കുന്നു. ആകാശത്തിനെ സങ്കടങ്ങൾ ഒരു മഴ പെയ്താൽ തീരുമെന്ന് തോനുന്നു. എന്റെ മനസിലെ സങ്കടങ്ങൾ ഇങ്ങനെ നടന്നും ചിത്രങ്ങൾ എടുത്തും ഞാനും തീർക്കുന്നു. എത്ര സുന്ദരമാണ് ഈ നീലാകാശം വർണ്ണിക്കാൻ വാക്കുകളില്ല.

മഴ പെയ്തു തുടങ്ങിയതും റോഡിലൂടെ വെള്ളം കുത്തി ഒളിച്ച് പോകുന്നുണ്ട്. എന്റെ വീടെത്താറായി തൊടികളിലെ മഴവെള്ളമെല്ലാം പടികളിലൂടെ ഒഴുകി റോഡിന്റെ അരികിൽ എത്തിയിരിക്കുന്നു. ഒഴുക്കിന്റെ വേഗത കണ്ടിട്ട് തോടുകളും പുഴകളും കടന്ന് അങ്ങ് ദൂരെയുള്ള അറബിക്കടലിലേക്ക് പോകുവാനുള്ള തിരക്കിലാണെന്ന് തോനുന്നു.
ഓർമ്മയുണ്ടോ ആ കുട്ടിക്കാലം ചേമ്പിലകളിൽ വീണ മഴത്തുള്ളികളെല്ലാം ശേഖരിച്ച് വലിയൊരു ഇലയിലാക്കി ഓടി നടന്ന കുട്ടിക്കാലം.
ഇനി ഒരിക്കലും തിരികെ കിട്ടാത്ത കളങ്കമില്ലാത്ത ബാല്യം. ഭൂതകാലം എന്ന വാക്കിൽ ഭൂതം ഉണ്ടെങ്കിലും നമുക്ക് എല്ലാം നഷ്ട്ടമായികൊണ്ടിരിക്കുന്ന ഈ വർത്തമാന കാലത്തിൽ ഞാൻ ഓർക്കുവാൻ ഇഷ്ട്ടപെടുന്നത് ഭൂതകാലം തന്നെയാണ്.
ക്യാമറ കൊണ്ടുനടക്കുവാൻ തുടങ്ങിയത് മുതൽ മഴക്കാലവും മഞ്ഞു കാലവും പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നിട്ടുണ്ട്. മനസിനെ തൊട്ടുണർത്തുന്ന മഴക്കാല കാഴ്ച്ചകൾ തേടി മുറ്റത്ത്കൂടി ക്യാമറയുമായി കുടയും ചൂടി നടക്കുന്നതിന്റെ സുഖം പറഞ്ഞറിയിക്കുവാൻ കഴിയില്ല.


ഓരോ മഴയും വ്യത്യസ്ഥമായ അനുഭവങ്ങളും ഓർമകളും സമ്മാനിക്കാറുണ്ട്. ആരും കാണാതെ മണ്ണിൽ വളരുന്ന പായൽ ചെടികൾക്ക് പോലും ക്യാമറയുടെ ഫ്രെയിമിനുള്ളിൽ കയറികഴിഞ്ഞാൽ പിന്നെ മനുഷ്യ മനസ്സിനെ സ്പർശിക്കുവാനുള്ള കഴിവുണ്ട്.


മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ......
പുലർകാലം മുറ്റമടിക്കുവാൻ ഉമ്മ എഴുന്നേൽകുന്നതിനു മുമ്പ് എഴുന്നേറ്റ് മുറ്റത്തെ റോസാ ചെടിയുടെ ഇലകളിൽ മണി മുത്തുകൾ വിതറിയത് പോലെ വീണുകിടക്കുന്ന മഞ്ഞുതുള്ളികളുടെ ഭംഗിയും തേടി ഞാൻ നടന്നിട്ടുണ്ട്. മഞ്ഞു തുള്ളികൾ ആകാശത്ത് നിന്നും ഭൂമിയിലേക്ക് ഇറങ്ങി വരുന്ന ഗന്ധർവ ന്മാരാണ് അവർക്ക് ഭൂമിയിൽ സൗഹൃദങ്ങൾ സ്ഥാപിക്കുവാൻ പാടില്ല. പക്ഷെ ഇലകളും മഞ്ഞു തുള്ളികളും പിരിയാനാവാത്ത കൂട്ടുകാരാണ്. മുറ്റത്തെ റോസാ ചെടിയുടെ ഇലയുമായി മഞ്ഞു തുള്ളികൾ സൗഹൃദം സ്ഥാപിച്ചതിന്റെ പേരിൽ സൂര്യദേവൻ സൂര്യ രശ്മികളെ ഭൂമിയിലേക്ക് അയച്ച് ഗന്ധർവനായ മഞ്ഞു തുള്ളിയെ ഇലകളിൽ നിന്ന് അടർത്തി ആകാശത്തേക്ക് കൊണ്ടുപോവാറുണ്ട്.
ഇന്നലെ വരെ ലഭിച്ച സൗഹൃദവും ഇണക്കങ്ങളും പിണക്കങ്ങളും വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും നാടും മഴയും പുഴകളും ഗ്രാമീണ കാഴ്ച്ചകളും എല്ലാം എനിക്ക് ഇന്ന് ദൂരെ കടലിനക്കരെയാണ്.
പക്ഷികളെയും ശലഭങ്ങളെയും പൂക്കളെയും തേടി അന്ന് നടന്നതെല്ലാം ഓർക്കുമ്പോൾ ഇന്ന് നാട്ടിലേക്ക് ഒരോട്ടം വെച്ച് കൊടുക്കാൻ തോന്നും.
വീട്ടിൽ ഉമ്മറത്ത് ഇരിക്കുന്ന സമയം മഴത്തുള്ളികൾ ഓടുകൾക്ക് മുകളിൽ നിന്നും താഴേക്ക് മുത്ത് പോലെ ചിതറിത്തെറിക്കുമ്പോൾ മഴയുടെ ഭംഗി ഞാൻ അറിഞ്ഞിരുന്നില്ല.
പക്ഷെ ഇന്ന് ഞാൻ ഒരു മഴ പെയ്തെങ്കിൽ എന്ന് കൊതിച്ച് മണലാരണ്യത്തിൽ ഒരു വേഴാമ്പലിനെ പോലെ വർഷത്തിൽ ഒന്നോ രണ്ടോ മാത്രം പെയ്യുന്ന ഒരിറ്റു മഴ കാണുവാനായി കാത്തിരിക്കുന്നു.
നഷ്ടങ്ങളും ഏകാന്തതയും അത് അനുഭവിച്ച് മാത്രം അറിയുവാൻ കഴിയുന്ന മനസിന്റെ സുഗമുള്ള  വേദനയാണ്.
വിധിയുണ്ടെങ്കിൽ വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ ഗ്രാമത്തിലേക്ക് തിരികെ ചെല്ലുമ്പോൾ ഇന്നലെകളിൽ നടന്ന് ഞാൻ ക്യാമറയിൽ പകർത്തിയ ഗ്രാമീണതയും നാട്ടുവഴികളും വയലുകളും കാലത്തിന്റെ കുത്തൊഴുക്കിൽ വികസനത്തിന് വഴിമാറി കൊടുക്കുമെന്ന് ഞാൻ ഭയക്കുന്നു.
ഒരു മുൻകരുതൽ എന്നത് പോലെ എന്റെ ക്യാമറയും ഞാൻ ശേഖരിച്ച് വെച്ചിട്ടുള്ള ക്യാമറയിലെ പഴയ ചിത്രങ്ങളെല്ലാം ഹൃദയത്തിലെന്ന പോലെ ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അതുമായാണ് ഞാൻ കഴിഞ്ഞ വർഷം മനസില്ലാ മനസോടെ വിമാനം കയറിയത്.


കാലത്തിനൊത്ത് മാറ്റങ്ങൾ അനിവാര്യമായതിനാൽ വികസനം എന്റെ ഗ്രാമവും ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. അതിന്റെ ആദ്യ പടിയെന്നോണം എന്റെ ഗ്രാമത്തിലെ റോഡുകൾക്കും വീതി കൂടിയിരിക്കുന്നു നടുവിലായി വെളുത്ത വരകളും വീണിരിക്കുന്നു.
നമ്മുടെ മുന്നേ പോയ തലമുറ നമ്മുടെ കൈകളിൽ സുരക്ഷിതമായി ഏൽപിച്ച് പോയ മധുരമൂറും മാമ്പഴക്കാലവും ഗ്രാമീണ സൗന്ദര്യവും തോടുകളും പുഴകളും കാവുകളും നെൽ പാടങ്ങളും അതിന്റെയെല്ലാം ചെറിയ ഒരംശമെങ്കിലും നമ്മുടെ ശേഷമുള്ള തലമുറക്ക് കൈമാറുവാൻ നമുക്ക് കഴിയുമോ....???

No comments:

Post a Comment