Translate

28 December, 2015

മഞ്ഞിറങ്ങുന്ന വയനാടൻ മലനിരകൾ...

വൈകുന്നേരം എന്റെ ഫോണിലേക്ക് ഒരു കാൾ.
നാളെ രാവിലെ വയനാട്ടിലേക്ക് പോകണം നവസേ ....
രാവിലെ 10 മണിക്ക് ബാങ്കിൽ എത്തണം ....
നേരം വൈകരുത് എന്നൊരു മുന്നറിയിപ്പും കൂടെ ഉണ്ടായിരുന്നു.
( ഞാൻ ജോലി ചെയ്യുന്ന ഓഫീസിൽ നിന്നും സർവീസ് കോ ഓർഡിനേറ്റർ ആയിരുന്നു )
ഉടനെ എന്റെ കൂട്ടുകാരാൻ ഷൈജലിന്റെ വിളിയും വന്നു.
ഡാ നാളെ രാവിലെ വരില്ലേ ...?
ഞാൻ ഓഫീസിൽ പറഞ്ഞിട്ടുണ്ട് നാളെ നീയും ഇവിടേക്ക് വരണം.
നാളെ ഞാൻ വീണ്ടും വയനാട്ടിലേക്ക് ചുരം കയറുവാൻ പോകുകയാണ്. സാധാരണ പോകാറുള്ളത് ബസ്സിലാണെങ്കിലും ഇന്നത്തെ യാത്ര ബൈക്കിലാണ്. പേരിയ സഹകരണ ബാങ്കും വയനാട് ജില്ല ബാങ്കും അങ്ങനെ രണ്ട് സൈറ്റ് മാത്രമേ ഇന്ന് എനിക്ക് ചെയ്ത് തീർക്കുവാനുണ്ടായിരുന്നുള്ളൂ.

പേരാവൂരിൽ നിന്നും രാവിലെ ഇറങ്ങി പതിനഞ്ചു മിനിറ്റ് കൊണ്ട് നെടും പോയിൽ എത്തി. ഇനി ഇരുവശത്തും കാടുകളും ചുരങ്ങളും ഹെയർ പിൻ വളവുകൾ നിറഞ്ഞ വയനാട് റോഡിലേക്ക് പ്രവേശിക്കുകയാണ്.
ചുരങ്ങളിൽ നിറയുന്ന കോടമഞ്ഞും ആസ്വതിച്ച് വയനാടാൻ ചുരത്തിലൂടെ പുറത്തൊരു ബാഗും തൂക്കി ബൈക്കിൽ തനിച്ച് യാത്ര ചെയ്യുമ്പോൾ മനസ്സിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നു ഏറ്റെടുത്ത ജോലി വേഗം ചെയ്ത് തീർക്കണം ശേഷം സമയം കിട്ടിയാൽ ഒരു ചെറിയ കറക്കം. എല്ലാ യാത്രകളും ആസ്വതിച്ച്കൊണ്ട് പോകുവാൻ കഴിയാറില്ല എന്നാൽ ബൈക്കുമായി ഇറങ്ങുന്ന യാത്ര ഞാൻ സഫലമാക്കാത പോരാറുമില്ല താഴ് വാരങ്ങളിൽ നിന്നും ചുരം കയറി വയനാട്ടിലേക്ക് പോകുമ്പോഴെല്ലാം കുളിര് കോരുന്ന അനുഭവങ്ങളാണ് ഉണ്ടാവാറുള്ളത്. ഞാൻ ജോലി ചെയ്തിരുന്ന കോഴിക്കോടുള്ള കമ്പനിയായിരുന്നു

വയനാട്ടിലെ ഒട്ടുമിക്ക ബാങ്കുകളുടെയും സർവീസ് കോണ്‍ട്രാക്ട് എടുത്തിരുന്നത് അതിനാൽ ഇടയ്ക്കിടെ വയനാട്ടിലേക്ക് യാത്ര പതിവായിരുന്നു. വയനാട്ടിലെ ആവശ്യങ്ങൾക്ക് ഞാനും കമ്പനിയിൽ ജോലി ചെയ്യുന്ന എന്റെ കൂട്ടുകാരനും തന്നെയായിരുന്നു അധികവും പോകാറുള്ളത്.
യാത്ര ബസ്സിലാണെങ്കിൽ കൊട്ടിയൂർ പാൽ ചുരം വഴിയും ബൈക്കിലാണെങ്കിൽ നെടുംപോയിൽ വഴിയും പോകറാണ് പതിവ്. നെടുംപൊയിൽ വഴി ചുരം കയറി തുടങ്ങി ഏതാനും കിലോമീറ്ററുകൾ പിന്നിട്ടാൽ മുന്നിലെ കാഴ്ച്ച പോലും മറയുന്ന വിധത്തിൽ റോഡിൽ കൊടമഞ്ഞ് മൂടിയിട്ടുണ്ടാവും.
സ്വർണ്ണ നിറമുള്ള സൂര്യരശ്മികൾ വൻ വൃക്ഷങ്ങൾക്കിടയിലൂടെയും മഞ്ഞുപാളികൾക്കിടയിലൂടെയും ഒളിഞ്ഞും തെളിഞ്ഞും താഴേക്ക് പതിക്കുന്നത് കാണുവാൻ പ്രത്യേക ഭംഗിയാണ്.
റോഡിനു താഴെ നീണ്ട് വിശാലമായ മലനിരകൾക്ക് മുകളിലൂടെ വെളുത്ത കമ്പിളി പുതച്ചത് പോലെ
കോട മഞ്ഞ് തെന്നി നീങ്ങുന്നത് കാണാം.
ചില നേരങ്ങളിൽ മലനിരകളിൽ നിന്നും വളുത്ത തട്ടമിട്ട മേഘ പാളികൾ പോലെ കോടമഞ്ഞ്
താഴേക്ക് ഇറങ്ങി വന്നിട്ട് കൺമുന്നിലാകെ പുകമറ സൃഷ്ടിച്ച് തഴുകി കടന്ന് പോകുമ്പോൾ
രോമാഞ്ചത്താൽ ശരീരമാകെ കുളിര് കോരും.
കാറ്റിൽ കാടുകൾ ഇളകുന്നതും പക്ഷികളുടെയും ചീവീടുകളുടെയുമെല്ലാം കരച്ചിലും യാത്രക്കിടയിൽ ഞാൻ ഇഷ്ടപ്പെടുന്ന ശബ്ദങ്ങളാണ്. ഇടക്കിടെ വാനരപ്പടകളും റോഡിൽ പലയിടങ്ങളിലായി കാണാം. മനസ്സിനെയും ശരീരത്തിനെയും ഒരു പോലെ തണുപ്പിക്കുവാൻ ചുരത്തിൽ ചെറിയ ഒരു വെള്ളച്ചാട്ടവുമുണ്ട് പാറകളിൽ തട്ടി തെറിച്ച് മുത്തുമണികൾ പോലെ ചിന്നി ചിതറി ഒഴുകുന്ന വെള്ളച്ചാട്ടം. ചുരങ്ങളിൽ നമ്മുടെ വരവിനെ പ്രതീക്ഷിച്ച് മനുഷ്യ കരസ്പർശങ്ങളേൽക്കാതെ മണ്ണിന്റെ വിരിമാറിൽ വിടർന്ന് നിൽകുന്ന കാട്ടുപൂക്കളും യാത്രകളെ മനഹരമാക്കുന്നു.

കാട്ടിൽ തനിയെ വളർന്ന പൂക്കൾ നമ്മുടെ മുറ്റത്ത് പരിപാലിച്ച് വളർത്തുന്ന പൂക്കളെക്കാൾ സുന്ദരന്മാരും സുന്ദരിമാരാണ്. ഇലകൾ വീണടിഞ്ഞ് പുതയിട്ട് മൂടിയ നിലങ്ങളിലൂടെ ഔഷധ സസ്യങ്ങളുടെ വേരുകൾക്കിടയിലൂടെയും ഒഴുകിയെത്തുന്ന കാട്ടരുവികളുടെ വഴികളിൽ പൂക്കൾ മിഴിതുറന്ന് നിൽകുകയാണ്‌.
നന്മ വറ്റി തുടങ്ങിയ മനുഷ്യരുടെ മുറ്റത്ത് വളരുന്നതിനേക്കാൾ ഈ പൂക്കൾക്കിഷ്ടം കാട്ടിനുള്ളിൽ
മൊട്ടിട്ട് വസന്തങ്ങളൊരുക്കി ജീവിച്ച് മരിക്കാനാണ്. കാടിനകത്തെ ഒറ്റപ്പെടലും കൂരാകൂരിട്ടും ചീവീടുകളുടെ കരച്ചിലും അങ്ങനെ ഒന്നും തന്നെ ഈ പൂക്കളെ തളർത്തിയിട്ടില്ല. ചിറകിൽ വർണ

വസന്തങ്ങളൊരുക്കി പറന്നെത്തുന്ന ചിത്ര ശലഭങ്ങളും ചുണ്ടുകളിൽ മൂളിപ്പാട്ടുകളുമായി പക്ഷികളും ദിവസവും പൂക്കൾക്ക് കൂട്ടിനായി എത്താറുണ്ട്. പൂക്കൾ തേടി സല്ലപിക്കുവാനെത്തുന്ന ശലഭങ്ങളും പക്ഷികളും നമ്മുടെ നാട്ടിൻപുറങ്ങളിൽ അന്യമായികൊണ്ടിരിക്കുന്ന കാഴ്ച്ചകളാണെങ്കിലും കാടുകൾക്കുള്ളിൽ മാത്രം എല്ലാം നശിക്കാതെ ഇന്നും നിലനിൽക്കുകയാണ്.
ചുരങ്ങളും കാടുകളും കാട്ടരുവികളും പിന്നിട്ട് എന്റെ ലക്ഷ്യസ്ഥാനമായ പേരിയയിൽ എത്തി.
പേരിയ ബാങ്കിൽ വർക്കുകളെല്ലം തീർത്തതിന് ശേഷം അടുത്തത് മാനന്തവാടിയിലേക്കാണ് യാത്ര. ഇടക്കിടെ തേയില തോട്ടങ്ങൾ റോഡിന് ഇരുവശത്തും കാണാം.

മണിക്കൂറുകൾക്ക് ശേഷം എന്റെ യാത്ര ബോയ്സ് ടൗൺ എന്ന ഒരു കൊച്ചു കവലയിൽ എത്തിയിരിക്കുന്നു. കൊട്ടിയൂർ വഴിവരുന്നവരും നെടുംപൊയിൽ വഴി വരുന്നവരും ഇവിടെയാണ് വന്നു ചേരുക. ഫോറസ്റ്റിന്റെ ഒരു ചെക്ക് പോസ്റ്റും ചായക്കടയും ബസ്സ് കാത്തിരിപ്പ് കേന്ദ്രവുമെല്ലാമായി ഒരു ചെറിയ കവല, ചുറ്റിലും തേയില തോട്ടങ്ങളാണ്. ഇവിടെ നിന്ന് മാനന്തവാടിയിലേക്ക് പോകുമ്പോൾ ഇരുവശത്തും ഇടവിടാതെ കിലോമീറ്ററുകളോളം തേയില തോട്ടങ്ങളാണ്. തേയിലകള്‍ നിറഞ്ഞ കുന്നിൻ ചെരുവിലൂടെ മാനന്തവാടി വരെ ചായത്തോട്ടങ്ങളുടെ ഭംഗിയും ആസ്വതിച്ച് അങ്ങനെ മുന്നോട്ട് പോകാം.
ടൗണിലൂടെ നടക്കുമ്പോൾ അനുഭവപ്പെടുന്ന മറ്റൊരു കാര്യമെന്തെന്നാൽ മില്ലുകളിൽ നിന്നും കാപ്പി പൊടിക്കുമ്പോൾ ആ പരിസരത്തെങ്ങാനും നമ്മളുണ്ടെങ്കിൽ കാറ്റ് വീശുമ്പോൾ കാപ്പിയുടെ പ്രത്യേക മായൊരു സുഗന്ധം മൂക്കിനെ തഴുകി പോകുന്നത് മാനന്തവാടി ടൗണിന്റെ പ്രത്യേകതയാണ്.

മാനന്തവാടിയിൽ എത്തി എന്നെ ഏൽപിച്ച ജോലികൾ ചെയ്ത് തീർത്തതിന് ശേഷം കൽപ്പറ്റയുള്ള ഞങ്ങളുടെ കമ്പനി റൂമിലേക്കാണ് അന്നേ ദിവസം യാത്ര. അവിടെ എനിക്ക് കൂട്ടായി എന്റെ കൂട്ടുകാരൻ ഷൈജലുമുണ്ടാകും. ഞാൻ അവിടേക്ക് ചെന്നെത്തുന്നതും കാത്ത് അവൻ അവിടെ ഇരിക്കുന്നുണ്ട്.

കൽപറ്റ ടൗണിലൂടെ ഭക്ഷണമന്യേഷിച്ച് ഒരു നടത്തവും കഴിഞ്ഞാൽ നേരെ റൂമിലേക്ക് പോകും.
ഭക്ഷണവും നാളത്തെ പ്ലാനിഗും കഴിഞ് ഇറങ്ങാൻ കിടന്നാൽ പിന്നെ എന്നോ മുറിക്കകത്ത് കടന്ന് കൂടിയ കൊതുകുകൾ കൊതുക് വലയിലെ ദ്വാരങ്ങളിലൂടെ അകത്ത് കയറി ചെവിയിൽ മൂളിപാട്ട് പാടി ഉറക്കം കളയുവാനെത്താറുണ്ട്. അങ്ങനെ ഇതിന് മുമ്പ് ഉറക്കം കളഞ്ഞ കൊതുകിനെയെല്ലാം എപ്പോഴോ ചുമരിൽ അടിച്ച് പറ്റിച്ച് പടമാക്കി വച്ചിട്ടുണ്ട്. രക്തസാക്ഷികളായ കൊതുകുകൾക്ക് സ്മാരകം ചുമരിൽ തന്നെയാണ്. ആകെയുള്ള ഒരു പുതപ്പിന്റെ മുക്കാൽ ഭാഗവും കൂട്ടുകാരൻ കയ്യടക്കിയിരിക്കുകകാണ് ബാക്കി പുതപ്പിൽ ഞാനും ചുരുണ്ട് കൂടി ഉറങ്ങി.
നേരം വെളുത്തതും തൊട്ടടുത്തുള്ള മരങ്ങളിലും കെട്ടിടത്തിലെ പൈപ്പുകളിലും സർവീസ് വയറുകളിലുമെല്ലാം കുരങ്ങന്മാർ തുള്ളിച്ചാടി കളിച്ച് ഞങ്ങളുടെ റൂമിന്റെ പുറത്തും ഓടിച്ചാടി ബഹളം തുടങ്ങിയിരിക്കുകയാണ്.
ഉറക്കം തെളിഞ്ഞതിനാൽ ഞാൻ എഴുന്നേറ്റു പുറത്തേക്കിറങ്ങി നോക്കിയപോൾ കൽപറ്റ ടൗണും പരിസരവുമെല്ലാം നല്ല മഞ്ഞ് മൂടിയിരിക്കുകയാണ്. കോട മഞ്ഞിൽ പൊതിഞ്ഞ കൽപറ്റ ടൗണിനെ ഒന്നുകൂടി വ്യക്തമായി വീക്ഷിക്കുവാനായി ഞങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ ടെറസ്സിൽ കയറി. അങ്ങ് ദൂരെ നീല മലകൾക്ക് ചുവട്ടിൽ വെള്ളകീറി സൂര്യകിരണങ്ങൾ വീണ് തുടങ്ങി നേരം വെളുത്തിരിക്കുന്നു എങ്കിലും മഞ്ഞ് വിട്ട് മാറിയിട്ടില്ല.
മലകൾക്ക് മുകളിലൂടെ കോടമഞ്ഞ്‌ തെന്നി മാറി നീല മലകൾ മെല്ലെ മെല്ലെ തെളിഞ്ഞ് വരികയാണ് അതിന് മുമ്പ് നല്ലൊരു ചിത്രം ക്യാമറയിൽ പകർത്തണം എന്ന് തീരുമാനിച്ചു.
ഞാൻ താഴെ മുറിയിലേക്ക് ഓടി കാമറയുമായി ടെറസിന്റെ മുകളിലേക്ക് വീണ്ടും തിരിച്ചു കയറി.
ആകാശം ഭൂമിയിലേക്ക്‌ ഇറങ്ങി വന്നത് പോലെ നീലമലകളുടെ മുകളറ്റം തൊട്ട് താഴ്‌വാരം വരെ വെളുത്ത പട്ട് പുതപ്പിച്ചത് കണക്കെ മഞ്ഞ് മൂടിയത് കാണാം.
അങ്ങ് ദൂരെ മാമലകളിൽ വെള്ളപട്ടുടുത്ത മഞ്ഞു മാലാഖമാർ ആകാശത്ത് നിന്നും ഇറങ്ങി വന്ന് മലമുകളിൽ ഓടി നടക്കുന്നത് ദൂരെ നിന്നും ഞാൻ നോക്കി നിന്നു.
ഒരിക്കൽ മാമലകലിൽ മലാഖമാരുടെ ചാരത്ത് എനിക്കും ചെന്നെത്തണമെന്ന മോഹം മനസ്സിൽ കുറിച്ചതിന് ശേഷം രാവിലെ തന്നെ എന്റെ ഉറക്കം തെളിയിച്ച വാനരന്മാർക്ക് നന്ദിയും പറഞ്ഞ് കാഴ്ചകളെല്ലാം ക്യാമറയിലാക്കി ഞാൻ താഴെയിറങ്ങി.
വയനാട്ടിൽ ഞാൻ കാണുവാൻ ആഗ്രഹിച്ച മനോഹരമായ മറ്റൊരു സ്ഥലം ബാണാസുര സാഗർ അണക്കെട്ടയിരുന്നു. പ്രത്യേകിച്ച് പണികളൊന്നും ഇല്ലാതിരുന്ന ഒരു ദിവസം തലേ ദിവസം ചാർജ്
നിറച്ച് വെച്ചിരുന്ന ക്യാമറയും ബാഗിലിട്ട് കല്പറ്റയിൽ നിന്നും പടിഞ്ഞാറത്തറയിലേക്ക് ബസ്സ്‌ കയറി. 21 കിലോമീറ്ററോളം സഞ്ചരിക്കുവാനുള്ള ദൂരമുണ്ട്. പടിഞ്ഞാറത്തറയിൽ ഇറങ്ങി അൽപ്പം സഞ്ചരിച്ചാൽ ഡാമിലേക്ക് എത്താനാവും.ബസ്സിൽ നിന്നും ഇറങ്ങി അൽപ്പം നടക്കാനുണ്ട്. സന്ദർഷകർക്ക് ഡാമിനകത്ത് കയറുവാൻ ഒരാൾക്ക് 10 രൂപ എന്ന നിരക്കിൽ ടിക്കെറ്റ് എടുക്കണം. ക്യാമറയുമായി പ്രവേശിക്കുവാൻ വേറെ പ്രത്യേകം ടിക്കറ്റെടുക്കുകയും ചെയ്യണം.

ബാണാസുര ഡാം വയനാട് സന്ദർശകരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. പ്രവേശന കവാടത്തിലൂടെ അകത്തേക്ക് പ്രവേശിച്ചാൽ ഡാമിനടുത്തേക്ക്‌ എത്തണമെങ്കിൽ പത്ത് മിനിറ്റോളം വീണ്ടും നടക്കുവാനുണ്ട്. നടക്കുവാൻ താൽപര്യമില്ലാത്തവർക്ക് ഡാമിനടുത്തേക്ക് ജീപ്പ് സർവീസുകളുമുണ്ട്. മരങ്ങളുടെ തണലിൽ പക്ഷികളുടെ കിളിമൊഴികളും താഴ്‌വാരങ്ങളിലെ പുൽമേടുകളും ആസ്വതിച്ച് കൊണ്ട് ഡാമിനടുത്തേക്ക് നടക്കുന്നതാണ് ഏറ്റവും നല്ലത്.

ഇന്ത്യയിലെ മണ്ണിനാൽ നിർമിക്കപെട്ട ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമാണിത്. അണക്കെട്ടിന്റെ ജലസംഭരണിയാണ് ഇവിടെയുള്ള ആകർഷണം. വെള്ളം കുറയുമ്പോഴും വെള്ളം നിറഞ്ഞ് നിൽക്കുമ്പോഴും ഡാമിന് വ്യത്യസ്ഥമായ ഭംഗിയാണ്.
ഡാമിൽ വെള്ളം കുറയുമ്പോൾ ദ്വീപുകൾ പോലെ പച്ചപ്പുൽ നിറഞ്ഞ കുന്നുകൾ വെള്ളത്തിൽ പലയിടങ്ങളിലായി തലയുയർത്തി നിൽക്കുന്ന കാഴ്ച്ച അതി മനോഹരമാണ്. ക്യാമറ ഇല്ലാതെ ഇവിടെ എത്തുന്നവർ തികച്ചും നിർഭാഗ്യവാന്മാരാണ്. ഡാം സന്ദർശിക്കുവാനെത്തുന്നവർക്ക്
മതിവരുവോളം നടന്ന്‌ കാണുവാൻ
പൂന്തോട്ടങ്ങളും കാണാം. ഡാമിലേക്ക് ബോട്ടുകൾ സർവീസ് നടത്തുന്നതിന് പുറകിലായി വലിയ മരങ്ങളുടെ തണലിൽ ഒരു നേച്ചർ പാർക്ക് സ്ഥിതി ചെയ്യുന്നുണ്ട്. ദാഹം മാറ്റുവാൻ കുടിവെള്ളവും ഐസ് ക്രീമുമെല്ലാം ഇവിടെ ലഭ്യമാണ്. കുട്ടികളുടെ കയ്യിലെ ഭക്ഷണങ്ങൾ തട്ടിയെടുക്കുവാൻ തക്കം പാർത്ത് ചുറ്റിലും വാനരപ്പടകൾ ഓടി നടക്കുന്നുണ്ട്.
പ്രായം മറന്ന് ഊഞ്ഞാലാടുവാൻ ഇഷ്ടമുള്ളവർക്ക് കുട്ടികളെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെ ഇവിടെ ഉഞാലാടുകയുമാവാം, അതിനായി വലിയ ഉയരമുള്ള മരങ്ങളിൽ കമ്പകയറിട്ട് കെട്ടി തൂക്കിയിട്ടുള്ള ഊഞാലകൾ പാർക്കിൽ പലയിടങ്ങളിലായി തൂങ്ങിക്കിടപ്പുണ്ട്.
അതിനിടയിൽ പാർക്കിലെത്തിയപ്പോൾ കുട്ടികളെപോലെ വലിയ ഊഞ്ഞാലകളിൽ നീട്ടി ആടിയ ചേട്ടന്മാരും ചില ചേച്ചിമാരുമെല്ലാം ഊഞ്ഞാലകളിൽ നിന്നും ഊരകുത്തി വീണ് ഇരിപ്പിടങ്ങളിൽ വിശ്രമിക്കുകയും ചെയ്യുന്നുണ്ട്.
ഡാമിൽ പലയിടങ്ങളിലായി തലയുയർത്തി നിൽക്കുന്ന
പതിനാലോളം കൊച്ചു ദ്വീപുകളുണ്ട്. ജല സംഭരണിയിൽ ഉയർന്നു നിൽക്കുന്ന ദ്വീപുകൾക്കിടയിലൂടെ സ്പീഡ് ബോട്ടിലുള്ള യാത്രയും ഡാമിലൂടെ പതുക്കെ ഇഴഞ്ഞ് നീങ്ങുന്ന വലിയ ചങ്ങാടം പോലുള്ള ബോട്ടിലുള്ള ജലയാത്രയും ഇവിടെയെത്തുന്ന സന്ദർശകരുടെ ഇഷ്ട വിനോദങ്ങളാണ്.
സഞ്ചാരികളുടെ തിരക്ക് കാരണം ബോട്ട് യാത്ര നടത്തുവാനുള്ള ഭാഗ്യമുണ്ടായില്ല എന്നത് മറ്റൊരു സത്യം. എന്റെ എല്ലാ തിരക്കുകളും കഴിഞ്ഞ് ഞാൻ അവിടെ എത്തുന്നത് വൈകുന്നേരങ്ങളിലായിരിക്കും ആ സമയങ്ങളിൽ ബോട്ടിനെ കാത്ത് അവിടെ ടിക്കറ്റെടുത്ത
ആളുകൾ വരിയായി നിൽകുന്നത് കണ്ട് തിരിച്ച് പോരും. അണക്കെട്ടിനായി സ്ഥലം എത്റെടുത്തപോൾ വെള്ളത്തിൽ മുങ്ങിപോയ മരങ്ങൾ ഇന്നലെകളുടെ ശേഷിപ്പുകളായി
ഡാമിലെ ജലനിരപ്പ് താഴുന്ന സമയങ്ങളിൽ ഇവിടെ കാണാം. അണക്കെട്ട് ഉയർന്നു വന്നപ്പോൾ വെള്ളത്തിൽ മുങ്ങിയത് മരങ്ങൾ മാത്രമല്ല അതോടൊപ്പം
വെള്ളത്തിലായ ഒരു ജനതയുടെ കണ്ണീരിന്റെ കഥ കൂടി ഈ ഡാമിന് പറയാനുണ്ട്. ബാണാസുര
മലനിരകൾക്ക് താഴെയായി കബനീ നദിയുടെ കൈവഴിയായ കരമനത്തോടിന് കുറുകെയാണ് ബാണാസുര അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. കക്കയം ജല വൈദ്യുദ പദ്ധതിക്ക് വെള്ളമെത്തിക്കുക ഡാമിന്റെ സമീപങ്ങളിൽ വരണ്ട
പ്രദേശത്തെക്ക് കുടിവെള്ളമെത്തിക്കുക എന്നീ ലക്ഷ്യത്തോടെ 1979 ലാണ് അണക്കെട്ട് നിർമിച്ചത്. അണക്കെട്ടിനു വലത് ഭാഗം നിറയെ പുല്ലുകൾ നിറഞ്ഞ താഴ്‌വരയാണ്


ബാണാസുര സാഗർ അണക്കെട്ട് വിനോദ സഞാരികൾക്ക് കണ്ടു രസിക്കാനും ഉല്ലസിക്കാനും അവസരമൊരുക്കിയപ്പൊൾ അണക്കട്ടിന്റെ നിർമാണത്തിനായി സ്ഥലം വിട്ടുകൊടുക്കേണ്ടി വന്ന ആദിവാസികളായ കുടുംബങ്ങളാണ് ദുരിതത്തിലായത്.

മണ്ണിനെ പൊന്നാക്കി മാറ്റി നൂറ്റാണ്ടുകളോളം കഷ്ടപ്പെട്ട് അവർ ഉണ്ടാക്കിയ കൃഷികളും തല ചായ്ക്കാൻ സ്വപ്നം കണ്ട് നിർമിച്ച കുടിലുകളുമെല്ലാം അന്ന് വെള്ളത്തിനടിയിൽ ആഴ്തപെട്ടു. കിടപ്പാടം നഷ്ട്ടപെട്ടും ജനിച്ച് വളർന്ന മണ്ണിൽ നിന്ന് പിഴുതെറിയപ്പെട്ടും മറ്റുള്ളവരുടെ വലിയ സ്വപ്‌നങ്ങൾ പടുത്തുയർത്തിയപോൾ തകർന്നു പോയ സ്വപ്‌നങ്ങൾ കാണുവാൻ പഠിച്ചിട്ടില്ലാത്ത ഒരു ജനത അവർ ഈ അണക്കെട്ടിന് പരിസരങ്ങളിലായി കുടിവെള്ളമോ മറ്റു വഴി സൗകര്യങ്ങളോ ഇല്ലാതെ ഇന്നും ദുരിതമനുഭവിക്കുന്നു.

അവകാശങ്ങൾ നിഷേധിച്ച്
അടിച്ചമർത്തപെട്ട ഒരു ജനതയുടെ കണ്ണുനീരും സ്വപ്നങ്ങളും പണയപ്പെടുത്തിയാണ്‌ അണക്കെട്ട് നിർമിച്ചിരിക്കുന്നത്. കാടിനെയും കാട്ടരുവികളെയും കൃഷികളെയും സ്നേഹിച്ച ആദിവാസികളെന്ന് വിളിക്കപെടുന്ന അവരാണ് മണ്ണിന്റെ യഥാർത്ത അവകാശികൾ. ഇവിടെ നിന്നും പിഴുതെറിയപ്പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ അവിടെ നിന്നും
ടൂറിസം മേഘലയിൽ ലഭിക്കുന്ന വരുമാനത്തിന്റെ ചെറിയൊരു അംശം മാത്രം മതിയാവും.

ഉത്തരവാദിത്തപെട്ടവരുടെ ജലരേഖ പോലെയുള്ള വാക്കുകൾ വിശ്വസിച്ചവർ ഡാമിലെ വെള്ളം പോലെ അവരുടെ കണ്ണുനീരും നിലച്ചിട്ടില്ല. ഏതൊരു ഡാമിന്റെയും ചരിത്രം പരിശോധിച്ചാൽ അതിനെ ചുറ്റി പറ്റി കഴിയുന്നവർ ഏതെങ്കിലും വിധത്തിൽ എന്നും ചൂഷണങ്ങളുടെയും ഭീതിയുടെയും നിഴലുകളിലായിരിക്കും.
ബാണാസുര സാഗർ ഡാമിൽ തലയുയർത്തി നിൽക്കുന്ന ദ്വീപുകളുടെ സൗന്ദര്യവും സ്പീഡ് ബോട്ടുകളിലെ യാത്രയും വൈകുന്നേരങ്ങളിൽ ബാണാസുര മലനിരകൾക്കിടയിലൂടെ ഒളിഞ്ഞ്
നോക്കുന്ന സൂര്യനും വഴിനീളെയുള്ള ഉദ്യാനങ്ങളും നേചർ പാർക്കിലെ ഊഞ്ഞാലുകലിൽ കുട്ടികളെപോലെ ആടിക്കളിച്ച് രസിക്കലുമെല്ലാമായി ഇനിയും ഒരവസരം കിട്ടുകയാണെങ്കിൽ തിരികെയെത്തുമെന്ന് പറഞ്ഞ് കൊണ്ട് തിരിച്ച് പോന്നു.

No comments:

Post a Comment