Translate

21 November, 2015

കാണ്മാനില്ല...

പതിവ് പോലെ എഴുന്നേറ്റപ്പോൾ ഇന്നും അത് കാണ്മാനില്ല മോഷണം പോകുവാനുള്ള സാധ്യതയുമില്ല. എന്റെ എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായി അറിയുന്ന ഒന്നായിരുന്നു അത്, കാണാതാവുക എന്നത് ഓര്‍ക്കാന്‍ പോലും വയ്യ.
ഇന്നലെ കിടക്കാന്‍ നോക്കിയപ്പോളും ഇതുപോലെ കാണാതായെങ്കിലും കഷ്ടപ്പെട്ട് ഞാന്‍ തിരികെയെടുത്തു. ഇതിപ്പോള്‍ എത്രാമത്തെ തവണയാണ് ഇങ്ങനെ പോകുന്നതെന്ന് എനിക്ക് മാത്രമേ അറിയുകയുള്ളൂ. എന്ത് ചെയ്യാനാണ് കണ്ണ് കൊണ്ട് കാണാനോ കൈകള്‍ ഉപയോഗിച്ച് സ്പര്‍ശിക്കാനോ കഴിയുന്ന വല്ലതുമാണെങ്കില്‍ സൂക്ഷിച്ച് വെക്കാമായിരുന്നു. വല്ലാത്തൊരു ബുദ്ധിമുട്ട് തന്നെയാണിത്. എന്റെ കൂട്ടുകാരനോട് അതിനെ കുറിച്ച് സങ്കടം പറഞ്ഞപ്പോള്‍ അവനും
ഇത്പോലുള്ള അനുഭവം ഉണ്ടായിട്ടുണ്ടത്രെ..
എനിക്ക് മാത്രമല്ലാലോ ഈ പ്രശ്നം എന്നറിഞ്ഞപ്പോൾ പകുതി ആശ്വാസമായി
ആരോട് സങ്കടം പറയാനാണ്, ഇതൊക്കെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ.??
ഇതുവരെ കണ്ടിട്ടില്ലെങ്കിലും അത് ഇങ്ങനെ ഒരു വാക്ക് പോലും പറയാതെ ഇടക്ക് പോകാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ തകിടം മറിയുന്ന ലക്ഷണമുണ്ട്.
പോയാല്‍ പിന്നെ തിരികെ കൂട്ടികൊണ്ടുവരണമെങ്കില്‍ കഷ്ടപാട് കുറച്ചൊന്നുമല്ല.
നിമിഷ നേരം മതി കിലോമീറ്ററുകളോളം യാത്ര ചെയ്തിട്ട് ഒന്നും അറിയാത്ത ഭാവത്തില്‍ തൊന്നുമ്പോള്‍ തിരികെ വരും.
ഒര് ചാന്‍സ് കിട്ടിയാല്‍ അപ്പോള്‍ തന്നെ നാട്ടില്‍ എത്തും.
വിളിക്കാത്ത ഓണത്തിന് പോകരുതെന്ന് ഞാന്‍ പറഞ്ഞതാണ് എന്നിട്ടും എന്റെ കണ്ണ് വെട്ടിച്ച് പോയി. സദ്യയും കിട്ടീല പായസവും കിട്ടീല അങ്ങനെ തന്നെ വേണം.
ആദ്യമൊക്കെ പറഞ്ഞാല്‍ അനുസരിക്കുമായിരുന്നു ഇതിപ്പോള്‍ ഒരല്‍പ്പം സ്വാതന്ത്രം കൊടുത്തതിന്റെ പേരിലാണ് ഇങ്ങനെ കറങ്ങി നടത്തം എങ്കില്‍ തീര്‍ച്ചയായും ഞാന്‍ പൂട്ടും മണിച്ചിത്ര താഴിട്ട് പൂട്ടും. കഥാപാത്രം എന്റെ " മനസ്സ് "