Translate

29 December, 2015

വേഴാമ്പൽ കേഴും വേനൽ കുടീരം...

കേരളത്തിന്റെ ദേശീയ പക്ഷിയെന്ന ഒരു വലിയ ഉത്തര വാദിത്തമാണ് അവൾ പോലുമറിയാതെ ആരെല്ലാമോ ചേർന്ന് പാവം പക്ഷിയുടെ തലയിൽ കെട്ടിവെച്ചത്. ദാഹിച്ച് വലഞ്ഞിട്ടും കാടിളക്കി കരഞ്ഞ് കൊണ്ട് മഴയെ പ്രതീക്ഷിച്ച് പാറി നടക്കുന്ന അവൾ ഒരു വേഴാമ്പലാണ്.

അവളുടെ ദാഹം മഴവെള്ളത്തിന് വേണ്ടിയായിരുന്നുവെങ്കിൽ എന്റെ ദാഹം അവളെ ഒന്ന് നേരിൽ കാണുവാൻ വേണ്ടിയായിരുന്നു. അവളുടെ ശബ്ദം മാത്രം കേട്ട് പരിചയമുള്ള എന്റെ കാതുകൾ ഗാംഭീര്യമുള്ള ആ ശബ്ദത്തിന്റെ ഉടമയെ തിരയുകയായിരുന്നു. കണ്ണുകൾക്ക് പിടികൊടുക്കാതെ എന്റെ കാതുകളെ മാത്രം അവൾ കൊതിപ്പിച്ചത് കൊണ്ടാവും അവളെയൊന്ന് കണ്ടെത്തണമെന്ന വാശിയുമായി കാതുകൾക്ക് കൂട്ടായി എന്റെ കണ്ണുകളും അവളെ തിരയുവാനായി ഒന്നിച്ചിറങ്ങി. പരിസരത്ത് എവിടെയെങ്കിലും അവൾ ഉണ്ടെങ്കിൽ പെട്ടെന്ന് തിരിച്ചറിയാനാവുന്ന വിധം കാടുകളെ മുഴുവൻ അലയൊലി കൊള്ളിക്കുവാൻ മാത്രം ഗാംഭീര്യമുള്ള ശബ്ദമായിരുന്നു അവളുടേത്. മലമുഴക്കി വേഴാമ്പൽ എന്ന് അവളെ വിളിക്കുന്നതും ശബ്ദത്തിന്റെ തീവ്രത കൊണ്ടാവും.
ഉയരങ്ങൾ കീഴടക്കി പറന്ന് നടക്കുവാനാണ് എന്നും വേഴാമ്പലിനിഷ്ടം. കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായിട്ടാണ് നമ്മൾ മലമുഴക്കി വേഴാമ്പലിനെ കണക്കാക്കുന്നത്. അങ്ങനെയൊരു സ്ഥാനം വഹിക്കുന്ന എന്തെങ്കിലും ഉത്തരവാദിത്ത ബോധം വേഴാമ്പലിൽ കാണുവാൻ കഴിഞ്ഞിട്ടില്ല. അങ്ങനെയൊരു ഉത്തരവാദിത്തം തന്നെ ആരും പറഞ്ഞ് ഏൽപ്പിച്ചിട്ടില്ലാത്ത സ്ഥിതിക്ക് വേഴാമ്പലിന് അതിന്റെ ആവശ്യവുമില്ല . വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്കെല്ലാം സെക്ക്യൂരിറ്റി പ്രോട്ടോക്കോൾ ഉണ്ടെങ്കിലും ഔദ്യോഗിക പക്ഷിയായ വേഴാമ്പലുകൾ ഇന്ന് പലയിടത്തും വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ഔദ്യോഗിക പക്ഷിയെന്ന ഭാരിച്ച ഉത്തരവാദിത്തം പാവം വേഴാമ്പലിന്റെ തലയിൽ ഏൽപ്പിച്ചിട്ട് പലരും ആ പക്ഷിയെ കൈയൊഴിഞ്ഞ മട്ടാണ്.
ഒരു ദിവസം രാവിലെയാണ് അവളെ ആദ്യമായി ഞാൻ കാണുന്നത്. പുതച്ച് മൂടി കിടന്നുറങ്ങുകയായിരുന്ന കാടിളക്കിയുള്ള അവളുടെ പൊട്ടിച്ചിരിയുടെ ശബ്ദം കേട്ടാണ് അന്നേ ദിവസം ഞാൻ എഴുന്നേറ്റത്. ശബ്ദം കേട്ടതിന്റെ പുറകേ കാമറയുമായി ഇതിന് മുമ്പും നടന്ന് ചെന്നപ്പോഴൊന്നും ആളെ കണികാണാൻ പോലും കിട്ടിയിട്ടില്ല. വീടിനടുത്തുള്ള ഏറ്റവും ഉയരം കൂടിയ മരം ഏതാണെന്ന് നോക്കി മനസ്സിലാക്കി അതിന്റെ തലപ്പത്താണ് വന്നിരിക്കുക. ശബ്ദത്തിന്റെ ഉടമയെ തേടി ഇത്തവണയും കാമറയുമായി ഇറങ്ങി. രാവിലെ മുറ്റമടിക്കുകയായിരുന്ന അനിയത്തി എന്നെ കണ്ടതും വേഴാമ്പലിന്റെ ഫോട്ടോ എടുക്കാൻ പോവുകയാണല്ലേ എന്നൊരു കമന്റും പാസാക്കി.ആ ശബ്ദം വേഴാമ്പലിന്റെതാണെന്ന് അവൾക്കും നന്നായി അറിയാം. അതിന് കാരണം വേറൊന്നുമല്ല മുമ്പൊരിക്കൽ ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് വേഴാമ്പലിനെ തിരഞ്ഞ് നടന്നിട്ടുണ്ട്.
കിലുക്കത്തിൽ ഇന്നസെന്റിന് ലോട്ടറി അടിച്ചത് പോലെയായിരുന്നു എന്റെ അവസ്ഥ. ശബ്ദം ഞാനിതെത്ര കേട്ടതാ ...... ഹും ഹും... പക്ഷെ ഇത്തവണ അടിച്ചു ശരിക്കും അടിച്ചു. വീടിന് പുറക് വശത്തുള്ള വലിയൊരു മരത്തിന്റെ ചില്ലയിൽ ഇരിക്കുകയായിരുന്ന വേഴാമ്പലിനെ തിരഞ്ഞ് നടന്ന് കണ്ടെത്തി. എന്നെ തേടി എത്തിയ അവർ രണ്ട് പേരും മലമുഴക്കി വേഴാമ്പലല്ല കോഴി വേഴാമ്പലാണെന്ന് മനസ്സിലായി. അത് കൊണ്ട് തന്നെ തലയിൽ കിരീടത്തിന്റെ കുറവുണ്ടായിരുന്നു.
വേഴാമ്പലുകൾ തന്നെ പല വർഗങ്ങയുണ്ടെങ്കിലും തലയിൽ കിരീടവും രാജകീയ ഭാവവും അങ്ങനെ കൂട്ടത്തിൽ സുന്ദരന്മാർ മലമുഴക്കി വേഴാമ്പലുകളാണ്. രൂപത്തിലും സ്വഭാവത്തിലും മറ്റു പക്ഷികളിൽ നിന്ന് വളരെ അധികം പ്രത്യേകകൾ വേഴാമ്പലിന് സ്വന്തമായിട്ടുണ്ട്. ദിവസങ്ങളോളം പരിസര നീരീക്ഷണങ്ങൾ നടത്തിയ ശേഷം മനുഷ്യ സാമീപ്യമില്ലാത്ത സ്ഥലങ്ങൾ കണ്ടെത്തി ഉയരമുള്ള മരങ്ങളിൽ പൊത്തുകളുണ്ടാക്കി കൂടുകൂട്ടുന്ന സ്വഭാവമാണ് വേഴാമ്പലിനുള്ളത്. ജീവിതകാലം മുഴുവൻ വേഴാമ്പലിന് ഒരൊറ്റ ഇണ മാത്രമേ ഉണ്ടാവാറുള്ളൂ. മുട്ടയിടുവാൻ പെണ്‍ വേഴാമ്പൽ കൂടിനകത്ത് കയറിയാൽ പിന്നെ പെണ്‍ വേഴാമ്പലിന് തന്റെ കൊക്കുകൾ മാത്രം പുറത്തേക്ക് നീടുവാൻ കഴിയുന്ന വിധത്തിൽ ചെറിയ ദ്വാരമിട്ട് പോത്തിന്റെ ഭാക്കി ഭാഗം ആണ്‍ വേഴാമ്പൽ സ്വന്തം കാഷ്ടം ഉപയോഗിച്ച് പുറമേ നിന്നും അടക്കുന്നു. പിന്നീട് ആൺപക്ഷി തീറ്റയുമായി വന്നു കഴിഞ്ഞാൽ തന്റെ കൊക്കുകൾ പുറത്തേക്ക് നീട്ടി ഭക്ഷണം സ്വീകരിക്കും.

തന്റെ കൂടിന്റെ പരിസരത്ത് എത്തിക്കഴിഞ്ഞാൽ വേഴാമ്പൽ നിശബ്ദനാണ്. കൂട്ടിനകത്ത് അടയിരിക്കുന്ന പെണ്‍ പക്ഷിക്ക് തീറ്റയുമായി പറന്ന് വന്നാലും ആൺ വേഴാമ്പൽ നേരെ തന്റെ കൂട്ടിലേക്ക് പറന്ന് ചെല്ലാറില്ല, ആദ്യം ദൂരെ ഏതെങ്കിലും മരത്തിലിരുന്ന് തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ചുറ്റിനും സൂക്ഷ്മമായി നിരീക്ഷണം നടത്തിയ ശേഷമേ ഓരോ തവണയും ആൺപക്ഷി കൂടിനടുത്തേക്ക് പറന്ന് ചെല്ലാറുള്ളൂ. തന്റെ കൂട് ആരും കണ്ടെത്താതിരിക്കുവാനാണ് വേഴാമ്പലിന്റെ ഇത്തരത്തിലുള്ള ബുദ്ധി പ്രയോഗം. വെറുതെയല്ല ബുദ്ധിയുള്ള പക്ഷിയായത് കൊണ്ടാണ് വേഴാമ്പലിനെ തന്നെ കേരളത്തിന്റെ ഔദ്യോഗിക പക്ഷിയെന്ന പദവി ഏൽപിച്ച് കൊടുത്തത്.
പശ്ചിമഘട്ട വനങ്ങളിൽ കാണപ്പെടുന്ന കോഴി വേഴാമ്പലുകലാണ് എന്റെ അതിഥിയെങ്കിലും മലമുഴക്കി വേഴാമ്പലിനെ പ്രതീക്ഷിച്ച് നടന്നിട്ട് കോഴിവേഴാമ്പലിനെയെങ്കിലും കാണുവാനാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് സന്തോഷിച്ചു. കേരളത്തിൽ പ്രധാനമായും കണ്ടുവരുന്നത് മലമുഴക്കി വേഴാമ്പൽ, പാണ്ടൻ വേഴാമ്പൽ, നാട്ടു വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിങ്ങനെയുള്ള നാലിനം വേഴാമ്പ ലുകളാണ്.
കോഴി വേഴാമ്പൽ ( മലബാർ ഗ്രെ ഹോണ്‍ ബിൽ ) എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇതും വേഴാമ്പലിന്റെ പരമ്പരയിലെ അംഗമാണ്. ശരീരത്തിൽ തൂവലുകൾ ചാര നിറവും കൊക്കുകൾ മഞ്ഞ കലർന്ന നിറവുമാണ്. ചിറകുകളുടെ അറ്റവും വാലിന്റെ താഴെയും വരകൾ പോലെ വെളുത്ത നിറം കാണാം.
മനുഷ്യൻ ഉറക്കനെ ചിരിക്കുന്നത് പോലെയും കോഴികൾ കരയുന്നത് പോലെയുമുള്ള ശബ്ദ കോലാഹലങ്ങളുണ്ടാക്കുന്നതിനാൽ പരിസരത്ത് എവിടെയെങ്കിലും കോഴി വേഴാമ്പൽ ഉണ്ടെങ്കിൽ കരച്ചിൽ കേട്ട് മനസ്സിലാക്കുവാൻ കഴിയും.
വേഴാമ്പലിനെയും തേടി മരച്ചുവട്ടിൽ ഞാൻ എത്തിയെങ്കിലും വേഴാമ്പലിനെ ഞാൻ കാണുന്നതിന് മുമ്പ് തന്നെ വേഴാമ്പൽ എന്റെ സാമിപ്യം മനസ്സിലാക്കിയിരുന്നു. മരത്തിന്റെ മുകളിലിരുന്ന് തലയും അട്ടിക്കളിച്ച് കൊണ്ട് ഉണ്ടക്കണ്ണുകളുമായി എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. തല ചെരിച്ചും കഴുത്ത് നീട്ടിയും വേഴാമ്പൽ എന്നെ നോക്കുമ്പോെഴെല്ലാം ഞാൻ മരത്തിന്റെ മറവിലേക്ക് ഒളിഞ്ഞിരുന്നു. വേഴാമ്പലിന്റെ നോട്ടവും കഴുത്ത് കൊണ്ടുള്ള ചാഞ്ചാട്ടവും എന്നെ ഒരു ഒളിച്ചുകളിക്ക് പ്രേരിപ്പിച്ചു എന്ന് തന്നെ പറയാം. അങ്ങനെ അൽപ നേരം കണ്ണാരം പൊത്തിയും ഒളിച്ച് കളിയുമൊക്കെയായി നിന്നു.
ദൂരെ എവിടെയോ ആരുടെയും കണ്ണിൽ പെടാതെ തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി അടയിരിക്കുന്ന പ്രിയതമക്കായി ഭക്ഷണം തേടി ഇറങ്ങിയതാവണം ഈ വേഴാമ്പലും. ഭക്ഷണം ശേഖരിക്കുന്ന കാര്യത്തിലും വേഴാമ്പലുകൾ വ്യത്യസ്ഥത പുലർത്തുന്നുണ്ട്. ഏറ്റവും നല്ല പഴ വർഗങ്ങൾ മാത്രം തിരഞ്ഞെടുത്ത് കൊക്കിനകത്താക്കി കൊണ്ടുപോയിട്ടാണ് തന്റെ പ്രിയതമക്കായി നൽകുക.
പഴങ്ങൾ കൊത്തിയെടുത്ത് വായുവിലെറിഞ്ഞ്‌ കൊക്കിനകത്താക്കി പിടിക്കുന്ന വേഴാമ്പലിന്റെ മാന്ത്രിക വിദ്യ എനിക്ക് മുന്നിലും ഭംഗിയായി അവതരിപ്പിച്ച് കാണിക്കുന്നതിനിടയിൽ അർജ്ജുനൻ അമ്പുമായി പക്ഷിയുടെ കഴുത്തിനെ ലക്ഷ്യമാക്കി നിന്നത് പോലെ ഞാൻ താഴെ ക്യാമറയുമായി വേഴാമ്പലിന് നേർക്ക് സൂം ചെയ്ത് നിന്നു. ഉയരങ്ങൾ തടസം സൃഷ്ടിച്ചുവെങ്കിലും പ്രതീക്ഷിക്കാതെ ആഗ്രഹിച്ചത് കിട്ടിയപ്പോൾ ക്യാമറയുടെ മെമ്മറിയും എന്റെ മനസ്സും നിറഞ്ഞു.

28 December, 2015

മഞ്ഞിറങ്ങുന്ന വയനാടൻ മലനിരകൾ...

വൈകുന്നേരം എന്റെ ഫോണിലേക്ക് ഒരു കാൾ.
നാളെ രാവിലെ വയനാട്ടിലേക്ക് പോകണം നവസേ ....
രാവിലെ 10 മണിക്ക് ബാങ്കിൽ എത്തണം ....
നേരം വൈകരുത് എന്നൊരു മുന്നറിയിപ്പും കൂടെ ഉണ്ടായിരുന്നു.
( ഞാൻ ജോലി ചെയ്യുന്ന ഓഫീസിൽ നിന്നും സർവീസ് കോ ഓർഡിനേറ്റർ ആയിരുന്നു )
ഉടനെ എന്റെ കൂട്ടുകാരാൻ ഷൈജലിന്റെ വിളിയും വന്നു.
ഡാ നാളെ രാവിലെ വരില്ലേ ...?
ഞാൻ ഓഫീസിൽ പറഞ്ഞിട്ടുണ്ട് നാളെ നീയും ഇവിടേക്ക് വരണം.
നാളെ ഞാൻ വീണ്ടും വയനാട്ടിലേക്ക് ചുരം കയറുവാൻ പോകുകയാണ്. സാധാരണ പോകാറുള്ളത് ബസ്സിലാണെങ്കിലും ഇന്നത്തെ യാത്ര ബൈക്കിലാണ്. പേരിയ സഹകരണ ബാങ്കും വയനാട് ജില്ല ബാങ്കും അങ്ങനെ രണ്ട് സൈറ്റ് മാത്രമേ ഇന്ന് എനിക്ക് ചെയ്ത് തീർക്കുവാനുണ്ടായിരുന്നുള്ളൂ.

പേരാവൂരിൽ നിന്നും രാവിലെ ഇറങ്ങി പതിനഞ്ചു മിനിറ്റ് കൊണ്ട് നെടും പോയിൽ എത്തി. ഇനി ഇരുവശത്തും കാടുകളും ചുരങ്ങളും ഹെയർ പിൻ വളവുകൾ നിറഞ്ഞ വയനാട് റോഡിലേക്ക് പ്രവേശിക്കുകയാണ്.
ചുരങ്ങളിൽ നിറയുന്ന കോടമഞ്ഞും ആസ്വതിച്ച് വയനാടാൻ ചുരത്തിലൂടെ പുറത്തൊരു ബാഗും തൂക്കി ബൈക്കിൽ തനിച്ച് യാത്ര ചെയ്യുമ്പോൾ മനസ്സിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നു ഏറ്റെടുത്ത ജോലി വേഗം ചെയ്ത് തീർക്കണം ശേഷം സമയം കിട്ടിയാൽ ഒരു ചെറിയ കറക്കം. എല്ലാ യാത്രകളും ആസ്വതിച്ച്കൊണ്ട് പോകുവാൻ കഴിയാറില്ല എന്നാൽ ബൈക്കുമായി ഇറങ്ങുന്ന യാത്ര ഞാൻ സഫലമാക്കാത പോരാറുമില്ല താഴ് വാരങ്ങളിൽ നിന്നും ചുരം കയറി വയനാട്ടിലേക്ക് പോകുമ്പോഴെല്ലാം കുളിര് കോരുന്ന അനുഭവങ്ങളാണ് ഉണ്ടാവാറുള്ളത്. ഞാൻ ജോലി ചെയ്തിരുന്ന കോഴിക്കോടുള്ള കമ്പനിയായിരുന്നു

വയനാട്ടിലെ ഒട്ടുമിക്ക ബാങ്കുകളുടെയും സർവീസ് കോണ്‍ട്രാക്ട് എടുത്തിരുന്നത് അതിനാൽ ഇടയ്ക്കിടെ വയനാട്ടിലേക്ക് യാത്ര പതിവായിരുന്നു. വയനാട്ടിലെ ആവശ്യങ്ങൾക്ക് ഞാനും കമ്പനിയിൽ ജോലി ചെയ്യുന്ന എന്റെ കൂട്ടുകാരനും തന്നെയായിരുന്നു അധികവും പോകാറുള്ളത്.
യാത്ര ബസ്സിലാണെങ്കിൽ കൊട്ടിയൂർ പാൽ ചുരം വഴിയും ബൈക്കിലാണെങ്കിൽ നെടുംപോയിൽ വഴിയും പോകറാണ് പതിവ്. നെടുംപൊയിൽ വഴി ചുരം കയറി തുടങ്ങി ഏതാനും കിലോമീറ്ററുകൾ പിന്നിട്ടാൽ മുന്നിലെ കാഴ്ച്ച പോലും മറയുന്ന വിധത്തിൽ റോഡിൽ കൊടമഞ്ഞ് മൂടിയിട്ടുണ്ടാവും.
സ്വർണ്ണ നിറമുള്ള സൂര്യരശ്മികൾ വൻ വൃക്ഷങ്ങൾക്കിടയിലൂടെയും മഞ്ഞുപാളികൾക്കിടയിലൂടെയും ഒളിഞ്ഞും തെളിഞ്ഞും താഴേക്ക് പതിക്കുന്നത് കാണുവാൻ പ്രത്യേക ഭംഗിയാണ്.
റോഡിനു താഴെ നീണ്ട് വിശാലമായ മലനിരകൾക്ക് മുകളിലൂടെ വെളുത്ത കമ്പിളി പുതച്ചത് പോലെ
കോട മഞ്ഞ് തെന്നി നീങ്ങുന്നത് കാണാം.
ചില നേരങ്ങളിൽ മലനിരകളിൽ നിന്നും വളുത്ത തട്ടമിട്ട മേഘ പാളികൾ പോലെ കോടമഞ്ഞ്
താഴേക്ക് ഇറങ്ങി വന്നിട്ട് കൺമുന്നിലാകെ പുകമറ സൃഷ്ടിച്ച് തഴുകി കടന്ന് പോകുമ്പോൾ
രോമാഞ്ചത്താൽ ശരീരമാകെ കുളിര് കോരും.
കാറ്റിൽ കാടുകൾ ഇളകുന്നതും പക്ഷികളുടെയും ചീവീടുകളുടെയുമെല്ലാം കരച്ചിലും യാത്രക്കിടയിൽ ഞാൻ ഇഷ്ടപ്പെടുന്ന ശബ്ദങ്ങളാണ്. ഇടക്കിടെ വാനരപ്പടകളും റോഡിൽ പലയിടങ്ങളിലായി കാണാം. മനസ്സിനെയും ശരീരത്തിനെയും ഒരു പോലെ തണുപ്പിക്കുവാൻ ചുരത്തിൽ ചെറിയ ഒരു വെള്ളച്ചാട്ടവുമുണ്ട് പാറകളിൽ തട്ടി തെറിച്ച് മുത്തുമണികൾ പോലെ ചിന്നി ചിതറി ഒഴുകുന്ന വെള്ളച്ചാട്ടം. ചുരങ്ങളിൽ നമ്മുടെ വരവിനെ പ്രതീക്ഷിച്ച് മനുഷ്യ കരസ്പർശങ്ങളേൽക്കാതെ മണ്ണിന്റെ വിരിമാറിൽ വിടർന്ന് നിൽകുന്ന കാട്ടുപൂക്കളും യാത്രകളെ മനഹരമാക്കുന്നു.

കാട്ടിൽ തനിയെ വളർന്ന പൂക്കൾ നമ്മുടെ മുറ്റത്ത് പരിപാലിച്ച് വളർത്തുന്ന പൂക്കളെക്കാൾ സുന്ദരന്മാരും സുന്ദരിമാരാണ്. ഇലകൾ വീണടിഞ്ഞ് പുതയിട്ട് മൂടിയ നിലങ്ങളിലൂടെ ഔഷധ സസ്യങ്ങളുടെ വേരുകൾക്കിടയിലൂടെയും ഒഴുകിയെത്തുന്ന കാട്ടരുവികളുടെ വഴികളിൽ പൂക്കൾ മിഴിതുറന്ന് നിൽകുകയാണ്‌.
നന്മ വറ്റി തുടങ്ങിയ മനുഷ്യരുടെ മുറ്റത്ത് വളരുന്നതിനേക്കാൾ ഈ പൂക്കൾക്കിഷ്ടം കാട്ടിനുള്ളിൽ
മൊട്ടിട്ട് വസന്തങ്ങളൊരുക്കി ജീവിച്ച് മരിക്കാനാണ്. കാടിനകത്തെ ഒറ്റപ്പെടലും കൂരാകൂരിട്ടും ചീവീടുകളുടെ കരച്ചിലും അങ്ങനെ ഒന്നും തന്നെ ഈ പൂക്കളെ തളർത്തിയിട്ടില്ല. ചിറകിൽ വർണ

വസന്തങ്ങളൊരുക്കി പറന്നെത്തുന്ന ചിത്ര ശലഭങ്ങളും ചുണ്ടുകളിൽ മൂളിപ്പാട്ടുകളുമായി പക്ഷികളും ദിവസവും പൂക്കൾക്ക് കൂട്ടിനായി എത്താറുണ്ട്. പൂക്കൾ തേടി സല്ലപിക്കുവാനെത്തുന്ന ശലഭങ്ങളും പക്ഷികളും നമ്മുടെ നാട്ടിൻപുറങ്ങളിൽ അന്യമായികൊണ്ടിരിക്കുന്ന കാഴ്ച്ചകളാണെങ്കിലും കാടുകൾക്കുള്ളിൽ മാത്രം എല്ലാം നശിക്കാതെ ഇന്നും നിലനിൽക്കുകയാണ്.
ചുരങ്ങളും കാടുകളും കാട്ടരുവികളും പിന്നിട്ട് എന്റെ ലക്ഷ്യസ്ഥാനമായ പേരിയയിൽ എത്തി.
പേരിയ ബാങ്കിൽ വർക്കുകളെല്ലം തീർത്തതിന് ശേഷം അടുത്തത് മാനന്തവാടിയിലേക്കാണ് യാത്ര. ഇടക്കിടെ തേയില തോട്ടങ്ങൾ റോഡിന് ഇരുവശത്തും കാണാം.

മണിക്കൂറുകൾക്ക് ശേഷം എന്റെ യാത്ര ബോയ്സ് ടൗൺ എന്ന ഒരു കൊച്ചു കവലയിൽ എത്തിയിരിക്കുന്നു. കൊട്ടിയൂർ വഴിവരുന്നവരും നെടുംപൊയിൽ വഴി വരുന്നവരും ഇവിടെയാണ് വന്നു ചേരുക. ഫോറസ്റ്റിന്റെ ഒരു ചെക്ക് പോസ്റ്റും ചായക്കടയും ബസ്സ് കാത്തിരിപ്പ് കേന്ദ്രവുമെല്ലാമായി ഒരു ചെറിയ കവല, ചുറ്റിലും തേയില തോട്ടങ്ങളാണ്. ഇവിടെ നിന്ന് മാനന്തവാടിയിലേക്ക് പോകുമ്പോൾ ഇരുവശത്തും ഇടവിടാതെ കിലോമീറ്ററുകളോളം തേയില തോട്ടങ്ങളാണ്. തേയിലകള്‍ നിറഞ്ഞ കുന്നിൻ ചെരുവിലൂടെ മാനന്തവാടി വരെ ചായത്തോട്ടങ്ങളുടെ ഭംഗിയും ആസ്വതിച്ച് അങ്ങനെ മുന്നോട്ട് പോകാം.
ടൗണിലൂടെ നടക്കുമ്പോൾ അനുഭവപ്പെടുന്ന മറ്റൊരു കാര്യമെന്തെന്നാൽ മില്ലുകളിൽ നിന്നും കാപ്പി പൊടിക്കുമ്പോൾ ആ പരിസരത്തെങ്ങാനും നമ്മളുണ്ടെങ്കിൽ കാറ്റ് വീശുമ്പോൾ കാപ്പിയുടെ പ്രത്യേക മായൊരു സുഗന്ധം മൂക്കിനെ തഴുകി പോകുന്നത് മാനന്തവാടി ടൗണിന്റെ പ്രത്യേകതയാണ്.

മാനന്തവാടിയിൽ എത്തി എന്നെ ഏൽപിച്ച ജോലികൾ ചെയ്ത് തീർത്തതിന് ശേഷം കൽപ്പറ്റയുള്ള ഞങ്ങളുടെ കമ്പനി റൂമിലേക്കാണ് അന്നേ ദിവസം യാത്ര. അവിടെ എനിക്ക് കൂട്ടായി എന്റെ കൂട്ടുകാരൻ ഷൈജലുമുണ്ടാകും. ഞാൻ അവിടേക്ക് ചെന്നെത്തുന്നതും കാത്ത് അവൻ അവിടെ ഇരിക്കുന്നുണ്ട്.

കൽപറ്റ ടൗണിലൂടെ ഭക്ഷണമന്യേഷിച്ച് ഒരു നടത്തവും കഴിഞ്ഞാൽ നേരെ റൂമിലേക്ക് പോകും.
ഭക്ഷണവും നാളത്തെ പ്ലാനിഗും കഴിഞ് ഇറങ്ങാൻ കിടന്നാൽ പിന്നെ എന്നോ മുറിക്കകത്ത് കടന്ന് കൂടിയ കൊതുകുകൾ കൊതുക് വലയിലെ ദ്വാരങ്ങളിലൂടെ അകത്ത് കയറി ചെവിയിൽ മൂളിപാട്ട് പാടി ഉറക്കം കളയുവാനെത്താറുണ്ട്. അങ്ങനെ ഇതിന് മുമ്പ് ഉറക്കം കളഞ്ഞ കൊതുകിനെയെല്ലാം എപ്പോഴോ ചുമരിൽ അടിച്ച് പറ്റിച്ച് പടമാക്കി വച്ചിട്ടുണ്ട്. രക്തസാക്ഷികളായ കൊതുകുകൾക്ക് സ്മാരകം ചുമരിൽ തന്നെയാണ്. ആകെയുള്ള ഒരു പുതപ്പിന്റെ മുക്കാൽ ഭാഗവും കൂട്ടുകാരൻ കയ്യടക്കിയിരിക്കുകകാണ് ബാക്കി പുതപ്പിൽ ഞാനും ചുരുണ്ട് കൂടി ഉറങ്ങി.
നേരം വെളുത്തതും തൊട്ടടുത്തുള്ള മരങ്ങളിലും കെട്ടിടത്തിലെ പൈപ്പുകളിലും സർവീസ് വയറുകളിലുമെല്ലാം കുരങ്ങന്മാർ തുള്ളിച്ചാടി കളിച്ച് ഞങ്ങളുടെ റൂമിന്റെ പുറത്തും ഓടിച്ചാടി ബഹളം തുടങ്ങിയിരിക്കുകയാണ്.
ഉറക്കം തെളിഞ്ഞതിനാൽ ഞാൻ എഴുന്നേറ്റു പുറത്തേക്കിറങ്ങി നോക്കിയപോൾ കൽപറ്റ ടൗണും പരിസരവുമെല്ലാം നല്ല മഞ്ഞ് മൂടിയിരിക്കുകയാണ്. കോട മഞ്ഞിൽ പൊതിഞ്ഞ കൽപറ്റ ടൗണിനെ ഒന്നുകൂടി വ്യക്തമായി വീക്ഷിക്കുവാനായി ഞങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ ടെറസ്സിൽ കയറി. അങ്ങ് ദൂരെ നീല മലകൾക്ക് ചുവട്ടിൽ വെള്ളകീറി സൂര്യകിരണങ്ങൾ വീണ് തുടങ്ങി നേരം വെളുത്തിരിക്കുന്നു എങ്കിലും മഞ്ഞ് വിട്ട് മാറിയിട്ടില്ല.
മലകൾക്ക് മുകളിലൂടെ കോടമഞ്ഞ്‌ തെന്നി മാറി നീല മലകൾ മെല്ലെ മെല്ലെ തെളിഞ്ഞ് വരികയാണ് അതിന് മുമ്പ് നല്ലൊരു ചിത്രം ക്യാമറയിൽ പകർത്തണം എന്ന് തീരുമാനിച്ചു.
ഞാൻ താഴെ മുറിയിലേക്ക് ഓടി കാമറയുമായി ടെറസിന്റെ മുകളിലേക്ക് വീണ്ടും തിരിച്ചു കയറി.
ആകാശം ഭൂമിയിലേക്ക്‌ ഇറങ്ങി വന്നത് പോലെ നീലമലകളുടെ മുകളറ്റം തൊട്ട് താഴ്‌വാരം വരെ വെളുത്ത പട്ട് പുതപ്പിച്ചത് കണക്കെ മഞ്ഞ് മൂടിയത് കാണാം.
അങ്ങ് ദൂരെ മാമലകളിൽ വെള്ളപട്ടുടുത്ത മഞ്ഞു മാലാഖമാർ ആകാശത്ത് നിന്നും ഇറങ്ങി വന്ന് മലമുകളിൽ ഓടി നടക്കുന്നത് ദൂരെ നിന്നും ഞാൻ നോക്കി നിന്നു.
ഒരിക്കൽ മാമലകലിൽ മലാഖമാരുടെ ചാരത്ത് എനിക്കും ചെന്നെത്തണമെന്ന മോഹം മനസ്സിൽ കുറിച്ചതിന് ശേഷം രാവിലെ തന്നെ എന്റെ ഉറക്കം തെളിയിച്ച വാനരന്മാർക്ക് നന്ദിയും പറഞ്ഞ് കാഴ്ചകളെല്ലാം ക്യാമറയിലാക്കി ഞാൻ താഴെയിറങ്ങി.
വയനാട്ടിൽ ഞാൻ കാണുവാൻ ആഗ്രഹിച്ച മനോഹരമായ മറ്റൊരു സ്ഥലം ബാണാസുര സാഗർ അണക്കെട്ടയിരുന്നു. പ്രത്യേകിച്ച് പണികളൊന്നും ഇല്ലാതിരുന്ന ഒരു ദിവസം തലേ ദിവസം ചാർജ്
നിറച്ച് വെച്ചിരുന്ന ക്യാമറയും ബാഗിലിട്ട് കല്പറ്റയിൽ നിന്നും പടിഞ്ഞാറത്തറയിലേക്ക് ബസ്സ്‌ കയറി. 21 കിലോമീറ്ററോളം സഞ്ചരിക്കുവാനുള്ള ദൂരമുണ്ട്. പടിഞ്ഞാറത്തറയിൽ ഇറങ്ങി അൽപ്പം സഞ്ചരിച്ചാൽ ഡാമിലേക്ക് എത്താനാവും.ബസ്സിൽ നിന്നും ഇറങ്ങി അൽപ്പം നടക്കാനുണ്ട്. സന്ദർഷകർക്ക് ഡാമിനകത്ത് കയറുവാൻ ഒരാൾക്ക് 10 രൂപ എന്ന നിരക്കിൽ ടിക്കെറ്റ് എടുക്കണം. ക്യാമറയുമായി പ്രവേശിക്കുവാൻ വേറെ പ്രത്യേകം ടിക്കറ്റെടുക്കുകയും ചെയ്യണം.

ബാണാസുര ഡാം വയനാട് സന്ദർശകരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. പ്രവേശന കവാടത്തിലൂടെ അകത്തേക്ക് പ്രവേശിച്ചാൽ ഡാമിനടുത്തേക്ക്‌ എത്തണമെങ്കിൽ പത്ത് മിനിറ്റോളം വീണ്ടും നടക്കുവാനുണ്ട്. നടക്കുവാൻ താൽപര്യമില്ലാത്തവർക്ക് ഡാമിനടുത്തേക്ക് ജീപ്പ് സർവീസുകളുമുണ്ട്. മരങ്ങളുടെ തണലിൽ പക്ഷികളുടെ കിളിമൊഴികളും താഴ്‌വാരങ്ങളിലെ പുൽമേടുകളും ആസ്വതിച്ച് കൊണ്ട് ഡാമിനടുത്തേക്ക് നടക്കുന്നതാണ് ഏറ്റവും നല്ലത്.

ഇന്ത്യയിലെ മണ്ണിനാൽ നിർമിക്കപെട്ട ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമാണിത്. അണക്കെട്ടിന്റെ ജലസംഭരണിയാണ് ഇവിടെയുള്ള ആകർഷണം. വെള്ളം കുറയുമ്പോഴും വെള്ളം നിറഞ്ഞ് നിൽക്കുമ്പോഴും ഡാമിന് വ്യത്യസ്ഥമായ ഭംഗിയാണ്.
ഡാമിൽ വെള്ളം കുറയുമ്പോൾ ദ്വീപുകൾ പോലെ പച്ചപ്പുൽ നിറഞ്ഞ കുന്നുകൾ വെള്ളത്തിൽ പലയിടങ്ങളിലായി തലയുയർത്തി നിൽക്കുന്ന കാഴ്ച്ച അതി മനോഹരമാണ്. ക്യാമറ ഇല്ലാതെ ഇവിടെ എത്തുന്നവർ തികച്ചും നിർഭാഗ്യവാന്മാരാണ്. ഡാം സന്ദർശിക്കുവാനെത്തുന്നവർക്ക്
മതിവരുവോളം നടന്ന്‌ കാണുവാൻ
പൂന്തോട്ടങ്ങളും കാണാം. ഡാമിലേക്ക് ബോട്ടുകൾ സർവീസ് നടത്തുന്നതിന് പുറകിലായി വലിയ മരങ്ങളുടെ തണലിൽ ഒരു നേച്ചർ പാർക്ക് സ്ഥിതി ചെയ്യുന്നുണ്ട്. ദാഹം മാറ്റുവാൻ കുടിവെള്ളവും ഐസ് ക്രീമുമെല്ലാം ഇവിടെ ലഭ്യമാണ്. കുട്ടികളുടെ കയ്യിലെ ഭക്ഷണങ്ങൾ തട്ടിയെടുക്കുവാൻ തക്കം പാർത്ത് ചുറ്റിലും വാനരപ്പടകൾ ഓടി നടക്കുന്നുണ്ട്.
പ്രായം മറന്ന് ഊഞ്ഞാലാടുവാൻ ഇഷ്ടമുള്ളവർക്ക് കുട്ടികളെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെ ഇവിടെ ഉഞാലാടുകയുമാവാം, അതിനായി വലിയ ഉയരമുള്ള മരങ്ങളിൽ കമ്പകയറിട്ട് കെട്ടി തൂക്കിയിട്ടുള്ള ഊഞാലകൾ പാർക്കിൽ പലയിടങ്ങളിലായി തൂങ്ങിക്കിടപ്പുണ്ട്.
അതിനിടയിൽ പാർക്കിലെത്തിയപ്പോൾ കുട്ടികളെപോലെ വലിയ ഊഞ്ഞാലകളിൽ നീട്ടി ആടിയ ചേട്ടന്മാരും ചില ചേച്ചിമാരുമെല്ലാം ഊഞ്ഞാലകളിൽ നിന്നും ഊരകുത്തി വീണ് ഇരിപ്പിടങ്ങളിൽ വിശ്രമിക്കുകയും ചെയ്യുന്നുണ്ട്.
ഡാമിൽ പലയിടങ്ങളിലായി തലയുയർത്തി നിൽക്കുന്ന
പതിനാലോളം കൊച്ചു ദ്വീപുകളുണ്ട്. ജല സംഭരണിയിൽ ഉയർന്നു നിൽക്കുന്ന ദ്വീപുകൾക്കിടയിലൂടെ സ്പീഡ് ബോട്ടിലുള്ള യാത്രയും ഡാമിലൂടെ പതുക്കെ ഇഴഞ്ഞ് നീങ്ങുന്ന വലിയ ചങ്ങാടം പോലുള്ള ബോട്ടിലുള്ള ജലയാത്രയും ഇവിടെയെത്തുന്ന സന്ദർശകരുടെ ഇഷ്ട വിനോദങ്ങളാണ്.
സഞ്ചാരികളുടെ തിരക്ക് കാരണം ബോട്ട് യാത്ര നടത്തുവാനുള്ള ഭാഗ്യമുണ്ടായില്ല എന്നത് മറ്റൊരു സത്യം. എന്റെ എല്ലാ തിരക്കുകളും കഴിഞ്ഞ് ഞാൻ അവിടെ എത്തുന്നത് വൈകുന്നേരങ്ങളിലായിരിക്കും ആ സമയങ്ങളിൽ ബോട്ടിനെ കാത്ത് അവിടെ ടിക്കറ്റെടുത്ത
ആളുകൾ വരിയായി നിൽകുന്നത് കണ്ട് തിരിച്ച് പോരും. അണക്കെട്ടിനായി സ്ഥലം എത്റെടുത്തപോൾ വെള്ളത്തിൽ മുങ്ങിപോയ മരങ്ങൾ ഇന്നലെകളുടെ ശേഷിപ്പുകളായി
ഡാമിലെ ജലനിരപ്പ് താഴുന്ന സമയങ്ങളിൽ ഇവിടെ കാണാം. 



അണക്കെട്ട് ഉയർന്നു വന്നപ്പോൾ വെള്ളത്തിൽ മുങ്ങിയത് മരങ്ങൾ മാത്രമല്ല അതോടൊപ്പം
വെള്ളത്തിലായ ഒരു ജനതയുടെ കണ്ണീരിന്റെ കഥ കൂടി ഈ ഡാമിന് പറയാനുണ്ട്. ബാണാസുര
മലനിരകൾക്ക് താഴെയായി കബനീ നദിയുടെ കൈവഴിയായ കരമനത്തോടിന് കുറുകെയാണ് ബാണാസുര അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. കക്കയം ജല വൈദ്യുദ പദ്ധതിക്ക് വെള്ളമെത്തിക്കുക ഡാമിന്റെ സമീപങ്ങളിൽ വരണ്ട
പ്രദേശത്തെക്ക് കുടിവെള്ളമെത്തിക്കുക എന്നീ ലക്ഷ്യത്തോടെ 1979 ലാണ് അണക്കെട്ട് നിർമിച്ചത്. അണക്കെട്ടിനു വലത് ഭാഗം നിറയെ പുല്ലുകൾ നിറഞ്ഞ താഴ്‌വരയാണ്


ബാണാസുര സാഗർ അണക്കെട്ട് വിനോദ സഞാരികൾക്ക് കണ്ടു രസിക്കാനും ഉല്ലസിക്കാനും അവസരമൊരുക്കിയപ്പൊൾ അണക്കട്ടിന്റെ നിർമാണത്തിനായി സ്ഥലം വിട്ടുകൊടുക്കേണ്ടി വന്ന ആദിവാസികളായ കുടുംബങ്ങളാണ് ദുരിതത്തിലായത്.

മണ്ണിനെ പൊന്നാക്കി മാറ്റി നൂറ്റാണ്ടുകളോളം കഷ്ടപ്പെട്ട് അവർ ഉണ്ടാക്കിയ കൃഷികളും തല ചായ്ക്കാൻ സ്വപ്നം കണ്ട് നിർമിച്ച കുടിലുകളുമെല്ലാം അന്ന് വെള്ളത്തിനടിയിൽ ആഴ്തപെട്ടു. കിടപ്പാടം നഷ്ട്ടപെട്ടും ജനിച്ച് വളർന്ന മണ്ണിൽ നിന്ന് പിഴുതെറിയപ്പെട്ടും മറ്റുള്ളവരുടെ വലിയ സ്വപ്‌നങ്ങൾ പടുത്തുയർത്തിയപോൾ തകർന്നു പോയ സ്വപ്‌നങ്ങൾ കാണുവാൻ പഠിച്ചിട്ടില്ലാത്ത ഒരു ജനത അവർ ഈ അണക്കെട്ടിന് പരിസരങ്ങളിലായി കുടിവെള്ളമോ മറ്റു വഴി സൗകര്യങ്ങളോ ഇല്ലാതെ ഇന്നും ദുരിതമനുഭവിക്കുന്നു.

അവകാശങ്ങൾ നിഷേധിച്ച്
അടിച്ചമർത്തപെട്ട ഒരു ജനതയുടെ കണ്ണുനീരും സ്വപ്നങ്ങളും പണയപ്പെടുത്തിയാണ്‌ അണക്കെട്ട് നിർമിച്ചിരിക്കുന്നത്. കാടിനെയും കാട്ടരുവികളെയും കൃഷികളെയും സ്നേഹിച്ച ആദിവാസികളെന്ന് വിളിക്കപെടുന്ന അവരാണ് മണ്ണിന്റെ യഥാർത്ത അവകാശികൾ. ഇവിടെ നിന്നും പിഴുതെറിയപ്പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ അവിടെ നിന്നും
ടൂറിസം മേഘലയിൽ ലഭിക്കുന്ന വരുമാനത്തിന്റെ ചെറിയൊരു അംശം മാത്രം മതിയാവും.

ഉത്തരവാദിത്തപെട്ടവരുടെ ജലരേഖ പോലെയുള്ള വാക്കുകൾ വിശ്വസിച്ചവർ ഡാമിലെ വെള്ളം പോലെ അവരുടെ കണ്ണുനീരും നിലച്ചിട്ടില്ല. ഏതൊരു ഡാമിന്റെയും ചരിത്രം പരിശോധിച്ചാൽ അതിനെ ചുറ്റി പറ്റി കഴിയുന്നവർ ഏതെങ്കിലും വിധത്തിൽ എന്നും ചൂഷണങ്ങളുടെയും ഭീതിയുടെയും നിഴലുകളിലായിരിക്കും.
ബാണാസുര സാഗർ ഡാമിൽ തലയുയർത്തി നിൽക്കുന്ന ദ്വീപുകളുടെ സൗന്ദര്യവും സ്പീഡ് ബോട്ടുകളിലെ യാത്രയും വൈകുന്നേരങ്ങളിൽ ബാണാസുര മലനിരകൾക്കിടയിലൂടെ ഒളിഞ്ഞ്
നോക്കുന്ന സൂര്യനും വഴിനീളെയുള്ള ഉദ്യാനങ്ങളും നേചർ പാർക്കിലെ ഊഞ്ഞാലുകലിൽ കുട്ടികളെപോലെ ആടിക്കളിച്ച് രസിക്കലുമെല്ലാമായി ഇനിയും ഒരവസരം കിട്ടുകയാണെങ്കിൽ തിരികെയെത്തുമെന്ന് പറഞ്ഞ് കൊണ്ട് തിരിച്ച് പോന്നു.

09 December, 2015

അനശ്വരമീ കാനന സ്നേഹം...

മരം ചാടി നടക്കുന്ന കുരങ്ങനെയും തൊടിയിൽ അലസമായി പാറി നടക്കുന്ന പക്ഷികളെയും മരച്ചില്ലകളിൽ തൂങ്ങിയാടുന്ന കടവാതിലുകളെയും തുള്ളി ച്ചാടി നടക്കുന്ന അണ്ണാറക്കണ്ണൻമാരെയും ഒത്തൊരുമയും സ്നേഹവും പഠിപ്പിച്ചത് ആരാണ്...?

നമ്മൾ മനുഷ്യർക്ക് അവരുടെ കൂടെ ഏതാനും നിമിഷങ്ങൾ ചിലവഴിക്കാം. ഇവരുടെ മുന്നിൽ തലയുയർത്തി നടക്കുവാൻ ഇനിയെന്നാണ് നമുക്ക് സാധിക്കുക.
മനുഷ്യ സമൂഹം മറന്ന് പോയ കാര്യങ്ങൾ സ്നേഹവും ഒത്തൊരുമയും ഒരുപക്ഷെ മൃഗങ്ങളെ കണ്ടെങ്കിലും ഈ ഗുണങ്ങളെല്ലാം നമുക്ക് തിരികെ ലഭിച്ചെങ്കിൽ നന്നായിരുന്നു.
ഈ ഗുണങ്ങളെല്ലാം നമുക്കും പണ്ട് ഉണ്ടായിരുന്നു പക്ഷെ ജീവിതത്തിൽ എന്തൊക്കെയോ ആയിത്തീരുവാൻ പരസ്പരം മത്സരിക്കുന്നതിനിടയിൽ എവിടെയോ വെച്ച് നമ്മുടെ കയ്യിൽനിന്നും ഇജ്ജാതി ഗുണങ്ങൾ പലതും നഷ്ട്ടപെട്ടിരിക്കുന്നു.



സ്നേഹിക്കുവാനും സ്നേഹിക്കപെടുവാനും പണത്തിന്റെയോ പ്രശസ്തിയുടെയോ ആവശ്യമുണ്ടായിരുന്നെങ്കിൽ ഇതൊന്നും ഇല്ലാതെ കാട്ടിൽ കഴിയുന്ന മൃഗങ്ങൾക്ക് എങ്ങനെയാണ് ഇത്രയധികം സ്നേഹിക്കാൻ കഴിയുന്നത്.

പണവും ജാതിയും മതവും ഭാഷയും പദവികളും ഒന്നും തന്നെ മനുഷ്യനെ മനുഷ്യനാക്കുന്നില്ല പകരം അവനെ മറ്റാരോ ആക്കിതീർക്കുകയാണ് ചെയ്തത്. പണത്തിനും പദവികൾക്കും വേണ്ടി ഓടുന്നതിനിടയിൽ മനുഷ്യർക്ക്‌ സ്നേഹിക്കുവാൻ സമയം ലഭിക്കുന്നില്ത.

ബുദ്ധിയുടെ കാര്യത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ജീവിത രീതിയിലും വിവേചന ബുദ്ധിയുടെ കാര്യത്തിലും മൃഗങ്ങളിൽ നിന്നും ഉയർന്ന നിലവാരം പാലിക്കുന്നവരാണ് മനുഷ്യ സമൂഹം.




മനുഷ്യൻ എന്ന് വിളിക്കപ്പെടുവാൻ എന്തൊക്കെയോ കുറവുകൾ ഉള്ളവരെ എങ്ങനെ മനുഷ്യ സമൂഹത്തിൽ ഉൾപ്പെടുത്തും. മൃഗങ്ങളോട് പോലും താരതമ്യം ചെയ്യുവാൻ പറ്റാത്ത മനുഷ്യരെ പറ്റി ദിനവും കേൾക്കുന്ന വാർത്തകൾ മനുഷ്യ സമൂഹത്തെ ലജ്ജിപ്പിക്കുന്നു.

വിളിക്കുവാൻ പേരോ പറയാൻ മതങ്ങളോ ജാതിയോ ഗോത്രമോ കുലമോ നാളോ നക്ഷത്രമോ
ഇതൊന്നും ഇല്ലാഞ്ഞിട്ടും മൃഗൾക്കിടയിൽ സ്നേഹത്തിന് മങ്ങലേൽക്കുന്നില്ല.





മതങ്ങളും മത ഗ്രന്ഥങ്ങളും മനുഷ്യരോട് സ്നേഹിക്കുവാൻ കൽപ്പിക്കുമ്പോൾ പുതിയ തലമുറ ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പരം രക്തം ചിന്തുന്നു.
അർഹതയില്ലാത്തവർ ജാതിയുടെയും മതത്തിന്റെയും തലപ്പത്ത് കയറിക്കൂടിയപ്പോൾ എരി തീയിൽ എണ്ണ ഒഴിക്കുന്ന സമീപനം കൂടെയായിരിക്കുന്നു.
വിഡ്ഢിത്തങ്ങൾ മാത്രം വിളിച്ച് കൂവുന്ന നേതാക്കൾ പറയുന്നതെന്തും കണ്ണുമടച്ച് വിശ്വസിക്കുവാൻ തങ്ങളുടെ നട്ടെല്ല് ആർക്കോ വേണ്ടി പണയപ്പെടുത്തിയിരിക്കുന്ന ജനങ്ങളിൽ ഒരു വിഭാഗം തയ്യാറാവുമ്പോൾ വിഡ്ഢികളുടെ രാജാവെന്ന് ഉറക്കനെ വിളിച്ച് കൂവണമെന്നു തോന്നും.
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലെന്നാകിലും ചോര തന്നെ കൊതുകിന്ന് കൗതുകം.
നേരായതും സത്യസന്തവുമായ വാർത്തകളെ വളച്ചൊടിച്ച് എന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയ മാധ്യമ ധർമ്മം മറന്നുപോയ മാധ്യമങ്ങളും.
കോഴിക്കോട് നടന്നത് ഓർമയില്ലേ കൂട്ടുകാരെ.
രണ്ട് മനുഷ്യ ജീവനുകൾ മരണക്കയത്തിൽ മുങ്ങിത്താഴുമ്പോൾ രക്ഷപ്പെടുത്തുവാൻ വേണ്ടി ഓടിയെത്തി അവസാനം മരണ വെപ്രാളത്തിൽ ആഴങ്ങളിലേക്ക് ചവിട്ടി താഴത്പെട്ട് മരണത്തിന് കീഴടങ്ങേണ്ടി വന്ന യുവാവ്.
മരണ ശേഷം ജീവന്റെ വിലയായി അയാൾക്ക് സർക്കാർ നൽകിയ പണത്തിനെ പോലും വർഗീയതയുടെ കണ്ണുകളാൽ കാണുവാൻ ആർക്കാണ് കൂട്ടരേ കഴിയുക.
ഒരാളുടെ ജീവനേക്കാൾ വലിയതായി ഏതൊരാൾക്കും ഈ ലോകത്ത് മറ്റൊന്നും ഉണ്ടാവുകയില്ല. ജാതിയും മതവും പുലമ്പാൻ വേണ്ടി മാത്രം വാ തുറക്കുന്ന വിഡ്ഢികുശ്മാണ്ടം പറഞ്ഞത് നിങ്ങളും കേട്ടിരുന്നില്ലേ..?
മരണത്തിന്റെ ചൂടാറുന്നതിന് മുമ്പ് തന്നെ അതിന്റെ പേരിൽ ജാതിയും മതവും പറഞ്ഞ് വോട്ടുകൾ നേടുവാൻ വേണ്ടി കഴുകൻ കണ്ണുള്ളവർ മത്സരിച്ചു.
ജാതിയുടെയും സാമൂഹിക തിന്മകളെയും പൊരുതി തോൽപിച്ച ശ്രീ നാരായണ ഗുരു ദേവന്റെ പ്രതിമയും ആദർശങ്ങളും മുൻനിർത്തി ഒന്ന് പറഞ്ഞ് രണ്ടാമതായി വായിൽ നിന്നും വീഴുന്നതാവട്ടെ ജാതിയുടെ പേരിൽ തമ്മിലടിപ്പിക്കുന്ന തീ തുപ്പുന്ന വാക്കുകൾ.
നാവുകൾക്ക് എല്ലില്ലാത്തതിനാൽ വായിൽ തോനുന്നതെല്ലാം വിളിച്ച് പറയുന്ന സംസ്കാരമില്ലാത്തവരെയാണല്ലോ പലരും നേതാക്കളായി വാഴിക്കുന്നത് .
സാമൂഹിക മാധ്യമങ്ങളിൽ വർഗീയതയും നുണ പ്രചരണങ്ങളും നടത്തി ആഘോഷിക്കുമ്പോൾ നമ്മുടെ ദേശീയതയും മതേതരത്വവുമെല്ലാം തകർന്ന് പോവുകയല്ലേ ചെയ്യുന്നത്.
ഇഷ്ട്ടമുള്ള ഭക്ഷണം കഴിച്ചതിന്റെ പേരിൽ ഒരു കൂട്ടരെ മറ്റൊരു വിഭാഗം മൃഗീയമായി കൊലചെയ്തു.
പ്രാർത്ഥനക്കായി അമ്പലത്തിൽ കയറുവാനെത്തിയ ദളിതനെ ജാതിയുടെ പേരിൽ പച്ചക്ക് കത്തിച്ചു.
വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പാവപ്പെട്ട ഒരു കുടുംബത്തെ കുട്ടികളെയടക്കം ചുട്ടുകൊന്നു.
കൊന്ന പാപം തിന്നാൽ തീരുമെന്ന് കേട്ടിട്ടുണ്ട് ആ പിഞ്ച് കുട്ടികളുടെ കത്തിയെരിഞ്ഞ മൃതശരീരം തിന്നുവാൻ അവർ ദയ കാണിക്കണം അങ്ങനെയെങ്കിലും ആ പാപം അവരിൽ നിന്നും ഒഴിവാകട്ടെ.
കേൾക്കാൻ പാടില്ലാത്തത് കേട്ടിട്ടും കാണാൻ പാടില്ലാത്തത് കണ്ടിട്ടും തുറക്കാത്ത കണ്ണുകൾ.
ഭരണ കർത്താക്കൾ തന്നെ രാജ്യത്തെ ജനങ്ങളുടെ മനുശ്യാവകാശത്തിലും ഭക്ഷണ സ്വാതന്ത്രിത്തിൽ പോലും കൈകടത്തലുകൾ ഉണ്ടായിട്ടും ഉയരാൻ മടിക്കുന്ന കൈകൾ. ആർക്കോ വേണ്ടി എന്നോ പണയപ്പെടുത്തിയ നട്ടെല്ലിനെ തിരികെ എടുത്തില്ലെങ്കിൽ എല്ലാം സംഭവിക്കുമ്പോൾ നോക്കു കുത്തികളെപോലെ നിന്നിട്ട് അവസാനം ദു:ഖിക്കാൻ മാത്രമേ കഴിയൂ.
സദാചാരത്തിരെ വാതോരാതെ പ്രസംഗിച്ചും തെരുവിൽ അശ്ലീല ചുംബന സമരങ്ങളും നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടും നടന്നവർ തന്നെ പെണ്‍ വാണിഭങ്ങൾക്ക് തന്റെ സ്വന്തം ഭാര്യയെ പോലും ഓണ്‍ ലൈൻ മാർക്കറ്റിൽ വിലപേശി വിറ്റിരിക്കുന്നു.
വേലി തന്നെ വിളവ് തിന്നുക എന്നതിന് ഇതിൽപരം എന്ത് തെളിവാണ് വേണ്ടത്.
നാഥനില്ലാത്ത സമരമായി ചുംബന സമരം ഇനിയെങ്കിലും അവസാനിക്കുമെന്ന് വിശ്വസിക്കാം.
നമുക്ക് എന്തൊക്കെയോ ചെയ്യുവാൻ കഴിവുകൾ ഉണ്ടായിട്ടും നാം സ്വയം ഉൾവലിയുന്നു.
ആരൊക്കെയോ നമ്മളെ നിയന്ത്രിക്കുന്നു ജാതിയും മതങ്ങളും നമ്മളെ ചങ്ങലകളിൽ കെട്ടിയിട്ടിരിക്കുന്നു.
പ്രായമുള്ളവരെ ഭാഹുമാനിക്കുവാനും അവരുടെ വാക്കുകളെ ചെവികൊള്ളാനും മനസ്സ് അനുവദിക്കുന്നില്ല, കുടുംബങ്ങളെല്ലാം ചിന്നഭിന്നമായിപോകുന്നു.
ഫേസ് ബുക്കിലും വാട്ട്സ് ആപ്പിലും എണ്ണിയാൽ തീരാത്ത സൗഹൃദങ്ങൾ അതിൽ പകുതിയും പേരുകൾ പോലും അറിയാത്തവരും നേരിൽ കണ്ടാൽ സംസാരിക്കാത്തവരും.
ശാസ്ത്രവും സാങ്കേതിക വിദ്യകളും പുരോഗമിച്ച് മുന്നോട്ട് കുതിക്കുമ്പോൾ നമ്മുടെ സംസ്കാരം പുറകോട്ട് പോവുകയാണ്.
ആരും തന്നെ നമ്മുടെ താഴേക്കിടയിൽ സമൂഹത്തിലേക്ക് നോക്കുവാൻ ഇഷ്ട്ടപെടുന്നില്ല.
ഒരു നേരത്തെ ഭക്ഷണം കിട്ടാതെ ഉറങ്ങാൻ വീടുകളില്ലാതെ മക്കൾക്ക് വിദ്യാഭ്യാസം പോലും നൽകാൻ കഴിയാതെ എത്രയോ കുടുംബങ്ങൾ. നമ്മൾ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന ഭക്ഷണങ്ങൾക്ക് വേണ്ടി തെരുവ് നായ്ക്കളോടൊപ്പം ചവറുകൂനയിൽ ഭക്ഷണം തിരയുന്ന കുട്ടികൾ.
അച്ഛനെയോ അമ്മയെയോ ചൂണ്ടി കാണിക്കുവാൻ ഇല്ലാത്തവർ, ആൻഡ്രോയിടും ഐ ഫോണുകളും കണ്ടിട്ട് പൊലുമില്ലാത്തവർ.
അവർ ഇങ്ങനെയൊക്കെ ആയിപ്പോയത് ഒരിക്കലും അവരുടെ കുറ്റമല്ല നമ്മളും അത്പോലെയൊക്കെ ആയിത്തീരാതിരുന്നത് നമ്മുടെ കഴിവുകൾ കൊണ്ടുമല്ല.
നമുക്ക് ഉള്ളതൊന്നും അവർക്ക് ഇല്ല. നാം ജനിച്ചതും വളർന്നതും ഒരു കുടുംബത്തിലാണ്. അമ്മയും അച്ഛനും സഹോദരനും സഹോദരിയും എല്ലാം അടങ്ങുന്ന കുടുംബം. നമുക്ക് ജന്മദിനങ്ങൾ കൊണ്ടാടുവാൻ ജന്മദിനങ്ങളുണ്ട്. ഓണവും പെരുന്നാളും ഉയർന്ന ജീവിത നിലവാരങ്ങളും വിദ്യാഭ്യാസവും എല്ലാം ഉണ്ട്.
ഈ പറഞ്ഞതൊന്നും ജീവിതത്തിൽ അനുഭവിക്കുവാൻ വിധിക്കപെട്ടിട്ടില്ലാത്തവരെ നമ്മൾ ഏത് പേരിനാൽ അഭിസംഭോതന ചെയ്യും. തെരുവുകളിൽ ജനിച്ച് വീണ് പേരും നാളും അച്ഛനും അമ്മയും ഇല്ലാത്ത ബാല്യങ്ങളെ നാം എന്ത് വിളിക്കണം.
തെണ്ടികൾ എന്ന് വിളിക്കപെടുവാൻ ഇഷ്ട്ടപെടുന്ന ജന്മങ്ങൾ ഈ ഭൂമിയിൽ ആരും തന്നെ ഇല്ലെങ്കിലും അവരെ പലരും തെണ്ടികൾ എന്നല്ലേ വിളിക്കാറ്.
തെരുവുകളിൽ ജീവിതം തള്ളിനീക്കുന്നവരെ സഹായിക്കുന്ന മനുഷ്യരും നമുക്കിടയിൽ ഒരുപാടുണ്ട്.
രണ്ട് വ്യത്യസ്ഥ മത വിഭാഗങ്ങൾ തമ്മിൽ സ്നേഹിക്കുന്നതും വിവാഹം ചെയ്യുന്നതും മഹാപാപമായി കണ്ട് അതിനെതിരെ വർഗീയ വിഷ പാമ്പുകളായ ചില കാട്ടാളന്മാർ സ്നേഹത്തെ ലൗ ജിഹാതെന്ന് പേരിട്ട് വിളിച്ചുവെങ്കിലും കളങ്കമില്ലാത്ത സ്നേഹത്തിന്റെ ജീവിക്കുന്ന സ്മാരകമായ എത്രയോ കാഞ്ചന മാലമാരും മൊയ്തീനും നമുക്കിടയിൽ ഉണ്ടായിട്ടുണ്ട്.
ഫേസ് ബുക്കുകൾ ഉപയോഗിച്ച് ചതിക്കുഴികൾ സൃഷ്ട്ടികുമ്പോഴും ചെന്നൈയിലെ പ്രളയത്തിൽ അകപെട്ടവർക്ക് ഭക്ഷണവും സഹായവുമായി എത്തിയതും മറ്റൊരു നന്മ നിറഞ്ഞ ഫേസ് ബുക്ക് കൂട്ടായ്മയാണ്.
മരങ്ങൾ മുറിച്ച് മാറ്റുമ്പോൾ ആ മരച്ചില്ലയിൽ കൂട് കൂട്ടിയ പക്ഷികളെയും കുഞ്ഞുങ്ങളെയും നിലത്തെറിഞ്ഞു കൊന്നതും മനുഷ്യരാണ് എന്നാൽ തേക്കടി റിസർവോയറിൽ വെള്ളം ഉയർന്നപ്പോൾ ജലാശയത്തിലെ ഉണങ്ങിയ മരങ്ങളിൽ കൂട് കൂട്ടിയ പക്ഷികൾക്ക് അതിന്റെ കൂടുകളെ വെള്ളത്തിൽ മുങ്ങിപോകാതെ സംരക്ഷിക്കാൻ സഹായിച്ചതും മനസ്സിൽ നന്മയുള്ള ഒരു കൂട്ടം മനുഷ്യർ തന്നെയാണ്. അവരെ എത്ര പ്രകീർത്തിച്ചാലും അധികമാവുകയില്ല.
എവിടെയോ വെച്ച് എന്നോ നമുക്ക് വഴി തെറ്റി തുടങ്ങിയിരിക്കുന്നു എന്നിട്ടും നാം നേരായ വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് സ്വയം വിശ്വസിച്ച് മുന്നേറുകയാണ്. ഒന്ന് തിരിഞ്ഞ് നോക്കുവാൻ പോലും പലരും തയ്യാറാവുന്നില്ല. അങ്ങനെ ഓടിയിട്ട് അവസാനം എങ്ങുമെത്താതെ ജീവിത പാതയിൽ തനിച്ചാവുമ്പോൾ ഒന്ന് തിരിച്ച് പോകണമെന്ന് ചിന്തിക്കുന്നതിനിടയിൽ വാർദ്ധക്യം നമ്മെ പിടികൂടും.

തനിയെ എത്ര ദൂരം സഞ്ചരിച്ച്ചിട്ടും കാര്യമില്ല കാരണം എന്റെയും നിങ്ങളുടെയും ജീവിതം കൊണ്ട് ഈ ലോകത്ത് മറ്റൊരാൾക്ക് അത് സ്വന്തം മാതാപിതാക്കൾക്ക് എങ്കിലും പ്രയോചനമുണ്ടാകുമ്പോൾ മാത്രമല്ലേ ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടാവുകയുള്ളൂ.
മാനം മുട്ടുന്ന കോട്ടകൾ കെട്ടി ഒരുപാട് വിദ്യാഭ്യാസം നേടി വലിയ കലാകാരനായി എന്നിട്ടും അവരുടെ നേട്ടങ്ങളൊന്നും അവരെപോലും തൃപ്തരാക്കുന്നില്ല. അവരുടെ ഭാര്യയെയോ മക്കളെയോ നോക്കുവാൻ പോലും അവർക്ക് സമയം തികയുന്നില്ല, വിവാഹ മോചാനങ്ങളുടെയും ഗോസിപ്പുകളും അവരുടെ ഉറക്കം കെടുത്തുന്ന വാർത്തകൾ ദിനവും കേൾക്കുന്നു. പലരുടേയും അച്ഛനമ്മമാർ വൃദ്ധ സദനങ്ങളിലെ ചുമരുകൾക്കിടയിൽ കഴിയുന്നുണ്ടാവും.

നമ്മുടെ വീടുകളിലേക്ക് വിശന്ന വയറുമായി കയറിവരുന്നവരെ വയർ നിറച്ച് ഭക്ഷണം നൽകി ചിരിച്ച മുഖത്തോടെ പറഞ്ഞയക്കുവാൻ ജീവിതത്തിൽ ഒരിക്കലെങ്കിലും നമുക്ക് സാധിക്കുമോ..
ഒരിക്കൽ ദുബായിൽ നിന്നും വെള്ളിയാഴ്ച്ച പള്ളിയിൽ നമസ്കാരം കഴിഞ്ഞ് ഇറങ്ങുമ്പോൾ എനിക്കുണ്ടായ അനുഭവം, കലങ്ങിയ കണ്ണുകളുമായി പൊട്ടിക്കരഞ്ഞ് കൊണ്ട് നമസ്കാരത്തിന് ശേഷം എഴുന്നേറ്റ് നിന്ന ആ ചെറുപ്പക്കാരൻ ഹിന്ദിയിലാണ് സംസാരിക്കുന്നത് തന്റെ സഹോദരൻ ആശുപത്രിയിൽ അഡ്മിറ്റ് ആണ് ചികിത്സിക്കുവാൻ പണമില്ല ആരെങ്കിലും സഹായിക്കണം എന്ന് ഇടറിയ വാക്കുകൾ എന്റെ കാതുകളിലും വന്ന് പതിച്ചു. കലങ്ങിയ കണ്ണുകളും മുറിഞ്ഞ വാക്കുകളും നീട്ടി പിടിച്ച കൈകളുമായി ആൾ കൂട്ടത്തിലേക്ക് മറഞ്ഞ് പോയ ആ ചെറുപ്പക്കാരന് സഹതാപത്തെക്കാൾ അന്ന് ആവശ്യമുള്ളത് പണമായിരുന്നു എന്നിട്ടും ഞാനടക്കം പലരും അയാൾക്ക് നൽകിയത് സഹതാപം മാത്രമായിരുന്നു. അന്ന് അയാളെ സഹായിക്കാൻ കഴിയാതെ പോയതിലുള്ള വിഷമം എന്നെ വല്ലാതെ ചിന്തിപ്പിച്ചു.
സഹായിക്കപെടുവാൻ ആരുമില്ലാതാവുമ്പോൾ ചിലർ നമ്മുടെ മുന്നിലൂടെ കൈകൾ നീട്ടി നടക്കാറുണ്ട് അവരെയെല്ലാം സഹായിക്കാൻ നമുക്ക് കഴിയണമെന്നില്ല. ജീവിതത്തിലെ എല്ലാ വെളിച്ചവും അസ്തമിക്കുമ്പോൾ അഭിമാനം മറന്ന് കൈ നീട്ടി വരുമ്പോൾ അവരിൽ ആരാണ് യഥാർത്ഥത്തിൽ സഹായിക്കപെടുവാൻ അർഹരായവർ എന്ന് മനസ്സിലാവുകയില്ല.

ആ നിമിഷം നാം അവരിലേക്ക് സൂക്ഷിച്ച് ഒന്ന് നോക്കും എന്നിട്ട് മനസ്സിൽ പറയും കൈകൾ രണ്ടും ഉണ്ട് കാലുകൾക്കും കുഴപ്പമില്ല എന്നിട്ടും ഭിക്ഷ യാചിക്കുന്നു എന്തെങ്കിലും കൊടുക്കണമോ...? തട്ടിപ്പ് ആയിരിക്കുമോ ...? അങ്ങനെ ആ നിമിഷം ചിന്തകൾ പലതും സംഭവിക്കുന്നു.

ഇവിടെയെല്ലാം നമുക്ക് ഒന്ന് ചിന്തിക്കുകയെങ്കിലും ചെയ്യാം എന്തെന്നാൽ നമ്മളെ പടച്ച് ഭൂമിയിലേക്ക് അയച്ച ദൈവം മറ്റുള്ളവർക്ക് കൊടുക്കാത്ത എന്തൊക്കെയോ കൈകാലുകൾ ആയിട്ടും കണ്ണുകൾ ആയിട്ടും പണമായിട്ടും ജോലിയായിട്ടും എന്തൊക്കെയോ നൽകിയിരിക്കുന്നു അത് കാണുവാനും മനസ്സിലാകുവാനും എന്നെങ്കിലും നമുക്ക് മുന്നിലേക്ക് അഭിമാനം മറന്ന് നീളുന്ന കൈകളിലേക്ക് നോക്കുകയെങ്കിലും ചെയ്യാം.
നമുക്കും ചിലതൊക്കെ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുവാൻ സാധിക്കും അതിന് ഇടത്തെക്കോ വലത്തെക്കോ പുറകിലേക്കോ മറ്റുള്ളവരിലെക്കോ നോക്കുന്നതിൽ അർത്ഥമില്ല. മറ്റുള്ളവരിലെക്കുള്ള ആ നോട്ടം ഒഴിഞ്ഞ് മാറുന്നതിന് തുല്യമാണ്. കഴിയുന്ന സഹായങ്ങൾ വാക്കുകൾ കൊണ്ടോ അല്ലെങ്കിൽ ഒരു നാണയം കൊണ്ടാണെങ്കിൽ പോലും അർഹിക്കുന്ന കൈകളെ തട്ടി മാറ്റാതിരിക്കാം. അത് സ്വന്തം മനസ്സിനെ തൃപ്തി പെടുത്തുവാൻ വേണ്ടിയാണ് ആരെയും ബോധിപ്പിക്കുവാനല്ല പറയുന്നവർ പറഞ്ഞ് കൊണ്ടിരിക്കട്ടെ.

ഏതൊക്കെയോ മുഖങ്ങളെ ഞാനും കണ്ടില്ലെന്ന് ഭാവിച്ച് മടക്കി അയച്ചത് കൊണ്ടാവാം അതിൽ ചില മുഖങ്ങൾ എന്റെ മനസ്സിൽ തെളിയാതെ കിടക്കുന്നു. ഒരു പക്ഷെ ഞാൻ കണ്ടില്ലെന്ന് ഭാവിച്ചതിൽ ചിലതെങ്കിലും എന്റെ കൈകളാൽ സഹായം ലഭിക്കാൻ അർഹിക്കുന്ന കൈകളായിരിക്കാം. അല്ലെങ്കിൽ പിന്നെ എന്തിനാണ് ഒരിക്കൽ മാത്രം എന്റെ മുന്നിൽ യാചിച്ച് കടന്ന് പോയ മുഖങ്ങളേ.. നിങ്ങൾ എന്റെ മനസ്സിൽ കയറിയിരിക്കുന്നത്.

ഭീകര കൊലപാതകങ്ങൾ...

നാല് കൊലപാതകങ്ങൾ നേരിൽ കാണേണ്ടി വന്ന എന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ...?
സ്വന്തം ജീവനും സ്വത്തും രക്ഷിക്കുവാൻ വേണ്ടി ശ്രമിക്കുന്നതിനിടയിൽ അറിയാതെ പറ്റുന്ന മരണങ്ങളെ കൊലപാതകം എന്ന് വിളിക്കാൻ കഴിയുമോ...?
ഞങ്ങളുടെ താമസ സ്ഥലത്ത് നുഴഞ്ഞ് കയറിയ ശേഷം ഞങ്ങളുടെ വിലപ്പെട്ട ചില രേഖകൾ നശിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് അവർ ആദ്യമായി ഞങ്ങളെ തേടിയെത്തിയത്.
സാധാരണ കുറ്റവാളികൾ ഏതൊരു കുറ്റം ചെയ്താലും എന്തെങ്കിലും തെളിവുകൾ അവശേഷിക്കാറുണ്ടെന്നാണ് കേട്ടിട്ടുള്ളത്. സംഭവം നടന്ന സ്ഥലത്ത് അരിച്ചുപെറുക്കിയിട്ടും ഒരു വിരലടയാളം പോലും ഞങ്ങൾക്ക് തെളിവായി കിട്ടിയില്ല അതിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് എന്തെന്നാൽ ഭീകരനാണവൻ കൊടും ഭീകരൻ.
കൊല്ലണം എന്ന് ഞങ്ങളിൽ ആരും തന്നെ ഉദ്ധേശിച്ചിരുന്നില്ല പക്ഷെ സംഭവിച്ച് പോയില്ലേ എന്ത് ചെയ്യുവാൻ കഴിയും അവരുടെ കൂട്ടത്തിൽ ഒരാളെ ഞങ്ങൾക്ക് കൊല്ലേണ്ടി വന്നു. അതിന് ഞങ്ങൾക്ക് അതിയായ കുറ്റ ബോധവും ഉണ്ടായിരുന്നു. എല്ലാം അവസാനിച്ചു എന്ന് കരുതി ഇരിക്കുമ്പോളാണ് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെ വീണ്ടും അവരുടെ വരവ്. അത് അവസാനിച്ചതാവട്ടെ വീണ്ടും മൂന്ന് കൊലപാതകത്തിൽ . അവർക്ക് അവരുടെ കൂടെയുണ്ടായിരുന്ന മൂന്ന് പേരുടെ ജീവൻ കൂടി നഷ്ട്ടമാവാൻ ഞങ്ങൾ നിമിത്തമായി.

നിർഭാഗ്യം അല്ലാതെ എന്താണ് ഇതിനെ വിളിക്കേണ്ടത് എന്നെനിക്കറിയില്ല. പക്ഷെ ഒന്ന് മാത്രം ഞാൻ പറയാം ആരും തന്നെ കള്ളനും കൊലപാതകിയുമായിട്ട് ജനിക്കുന്നതല്ല ജീവിതത്തിലെ ചില സാഹചര്യങ്ങളാണ് മനുഷ്യനെ കള്ളനും കൊലപാതകിയും ആക്കുന്നത്.
ഞങ്ങളെ പോലെ തന്നെ അവർക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ട് പക്ഷെ അവരെ ഇനിയും ജീവിക്കാൻ അനുവദിച്ചിരുന്നെങ്കിൽ ഞങ്ങളുടെ ജീവൻ വലിയ അപകടത്തിൽ ചെന്നെത്തിയേനെ. ഞങ്ങൾക്ക് ഞങ്ങളുടെ ജീവൻ തന്നെയായിരുന്നു ഏറ്റവും വലുത്.
അവരുടെ പുറകിൽ പ്രവർത്തിക്കുന്ന ഭീകര സങ്കടന ഏതാണെന്ന ചോദ്യം ഇന്നും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.
സംഭവം നടക്കുന്നത് അങ്ങ് ദുബായിൽ, അത്യാധുനിക ആയുധങ്ങളും നിറയെ CID കളും റോന്തു ചുറ്റുന്ന ദുബായ് പോലീസിന്റെ മൂക്കിന് താഴെ. ഇതെല്ലാം ഉണ്ടായിട്ടും ദുബായ് പോലീസിന് പോലും ഞങ്ങളെ സഹായിക്കാൻ കഴിഞ്ഞില്ല.
പോലീസിനോട്‌ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നെങ്കിൽ ഒരു പക്ഷെ അവർ ഞങ്ങളെ സഹായിച്ചേനെ പക്ഷെ പോലീസിന്റെ ഭാഗത്ത് നിന്നും കൂടുതൽ അന്യഷണങ്ങൾ ഉണ്ടായാൽ കൊലക്ക് പിന്നിൽ ഞാൻ പ്രവർത്തിച്ചില്ലെങ്കിലും സാക്ഷി എന്ന പേരിലോ മറ്റോ ഞാനും പ്രതിയാകും. ഇതൊരു കൊലപാതകം ആയതിനാൽ ഞങ്ങൾ ഇതിനെ സ്വയം ഒതുക്കി തീർക്കാൻ തീരുമാനിച്ചു.
കൊല്ലപ്പെട്ട ഭീകരന്റെ കൂട്ടരിൽ ഒരുവൻ ഇന്നലെ വീണ്ടും ഞങ്ങളെ തേടി വന്നിരിക്കുന്നു, ഞാൻ അല്ലെങ്കിൽ എന്റെ കൂട്ടുകാരെ ആക്രമിക്കുക അത് തന്നെയാണ് അവരുടെ ലക്ഷ്യം.
ഉറങ്ങുകയായിരുന്ന എന്റെ ദേഹത്ത് രണ്ട് കൈകൾ വന്നു പതിച്ചതും എന്നെ ആരോ തട്ടി വിളിക്കുന്നതാകുമെന്നാണ് ആദ്യം ഞാൻ കരുതിയത്. എനിക്ക് തെറ്റുപറ്റി ആരും എന്നെ വിളിച്ചതല്ല. അത് അവനാണ് ഏത് സമയവും എന്റെ നേരെ ചാടി വീഴുമെന്നു ഞാൻ പ്രതീക്ഷിച്ച ഭീകരന്റെ കറുത്ത കരങ്ങൾ.
ഞാൻ ഉറങ്ങുന്നതും കാത്തിരുന്ന് തക്കം പാർത്ത് ഇന്ന് എന്നെയും തേടി ഇവിടെ എത്തിയിരിക്കുന്നു
അതും ഈ പാതിരാത്രിയിൽ. ഉറക്കത്തിനിടയിൽ എന്നോ എന്റെ ശരീരത്തിൽ ഞാൻ പുതച്ചിരുന്ന പുതപ്പ് നീങ്ങിയിരുന്നതിനാൽ ആ ഭീകരന്റെ സാമിപ്യം എനിക്ക് വേഗത്തിൽ മനസ്സിലായി.
ഉറക്കത്തിലായിരുന്നെങ്കിലും ഒരു പട്ടാളക്കാരൻ അതിർത്തിയിൽ എത്രമാത്രം ജാഗ്രതയോടെ ഇരിക്കണം അതുപോലെ തന്നെ ഞാനും വളരെ ശ്രദ്ധയോടെയായിരുന്നു. വലിയൊരു വിപത്ത് അതിൽ നിന്നും രക്ഷപെട്ട സന്തോഷം.
ഒരു പക്ഷെ ആ സമയം അവസരോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ പിന്നീടുണ്ടാകുമായിരുന്ന കാര്യങ്ങളെ കുറിച്ച് ഓർത്ത് വിഷമിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. മാന നഷ്ട്ടം, ധന നഷ്ട്ടം എല്ലാത്തിലും ഉപരിയായി എന്റെ വിലപ്പെട്ട ജീവൻ അമ്പമ്പോ ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു
ആ ഭീകരന് എന്നോടെന്തെങ്കിലും മുൻ വൈരാഗ്യം ഉണ്ടായിരിക്കാൻ വഴിയില്ല. അവനെയോ അവന്റെ കൂട്ടുകാരനെയോ അവന്റെ സങ്കത്തിലെ ഒരാളെ പോലും ഞാൻ ഉപദ്രവിച്ചിട്ടില്ല. പറഞ്ഞ് വരുമ്പോൾ ഇതും കൂടി പറയണമല്ലോ ഒരിക്കൽ ഞാൻ അവരുടെ കൂടെയുള്ള ഒരുത്തനെ ശരിക്ക് ഒന്ന് പേടിപ്പിച്ച് വിട്ടിരുന്നു എന്നതൊഴിച്ചാൽ യാതൊരു പ്രകോപനവും എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
പ്രവാസികളുടെ ഒരു കഷ്ട്ടപ്പാടെ.. ഗൾഫിൽ എത്തിയിട്ടും ഇങ്ങനെയുള്ള കൊടും ഭീകരന്മാർ നമുക്ക് ചുറ്റിലും കൂടിയിരിക്കുന്നു. എവിടെ ചെന്നാലും സ്വസ്ഥതയില്ല.
കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് ഞാൻ താമസിക്കുന്ന റൂമിലെ തന്നെ മറ്റൊരാളും ആ ഭീകരന്റെ അക്രമത്തിനിരയായി അക്രമിച്ച ശേഷം വിദഗ്ദ്ധമായി ഓടിപ്പോവുക എന്ന വളരെ വൃത്തികെട്ട സ്വഭാവമുള്ള അവനെ അന്ന് പിടികൂടാനായില്ല.
ഞങ്ങളുടെ ധനം അപഹരിക്കലായിരുന്നു അവന്റെ ലക്ഷ്യമെങ്കിൽ കൊള്ളക്കാരാണെന്ന് വിളിക്കാമായിരുന്നു. ഇത് അങ്ങനെയല്ലാലൊ ഞങ്ങളിൽ ഒരുത്തനെ ആക്രമിക്കുക എന്ന വ്യക്ത്തമായ ലക്ഷ്യത്തോടെയാണ് രണ്ടാമതായി അവന്റെ വരവ്. അവർക്ക് പല രാജ്യങ്ങളിലും ശക്തമായ സങ്കടനകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഒന്നുകിൽ ആരെങ്കിലും കൊട്ടേഷൻ കൊടുത്ത് പറഞ്ഞയച്ചത് അല്ലെങ്കിൽ മുമ്പൊരിക്കൽ ഞങ്ങളുടെ താമസ സ്ഥലത്ത് കയറി വന്ന് ഞങ്ങളുടെ വിലപ്പെട്ട രേഖകൾ നശിപ്പിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ എന്റെ കൂട്ടുകാരൻ വളരെ മൃഗീയമായി ആക്രമിച്ച് കൊന്ന ഭീകരന്റെ കൂട്ടരിൽ ആരെങ്കിലും പ്രതികാരം ചെയ്യാൻ ഇറങ്ങിയിരിക്കുന്നു.
അതിന് മുമ്പ് മറ്റൊരു കാര്യം ഞാൻ പറയാം. ദുബായിലെ പോലീസിന് പോലും പിടികൊടുക്കാതെ നടക്കുകയായിരുന്ന ഭീകരനെ ഞങ്ങളുടെ താമസസ്ഥലത്ത് മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിൽ എന്റെ ഈ കൂട്ടുകാരാൻ ഏകദേശം രണ്ട് മാസങ്ങൾ മുമ്പ് വധിച്ചിരുന്നു. വധിച്ചുവെന്ന് മാത്രമല്ല അതിന്റെ ഉത്തരവാദിത്തം താൻ ഏട്ടെടുത്തിരുക്കുന്നു എന്ന് ഫെയ്സ് ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ കൂട്ടത്തിൽ ഒരാളെ കൊന്നതിനും ഭീകരന്റെ ബോഡി പോലും വിട്ട് കൊടുക്കാതെ പരസ്യമായി അപമാനിച്ചതിനും പ്രതികാരം വീട്ടുക എന്ന ലക്ഷ്യത്തോടെ അവരുടെ കൂട്ടത്തിലെ ചിലർ ഇതിന് മുമ്പും വന്നിരുന്നു.
തുടർന്ന് എന്താണ് സംഭവിച്ചത് ഞാൻ പറയാം
രണ്ട് ആഴ്ച്ച പുറകോട്ട് പോകുമ്പോൾ കാര്യങ്ങൾ ഇങ്ങനെയാണ് സംഭവിച്ചത്. നേരം വെളുക്കാൻ മണിക്കൂറുകൾ മാത്രംബാക്കിയുണ്ടായിരുന്നു ആ സമയം എന്റെ കൂട്ടുകാരാൻ കൂർക്കം വലിച്ച് ഉറങ്ങുകയായിരുന്നു. റൂമിൽ എ സി ഉള്ളതിനാൽ പുതപ്പിനെ ശരിക്കൊന്നു പുതച്ച് നന്നായി ഉറങ്ങുകയായിരിക്കണം. ഏകദേശം രാത്രി മൂന്ന് മണിവരെ അവൻ മൊബൈലിൽ ഗെയിമും കളിച്ച് ഇരിക്കുന്നത് ഞാനും കണ്ടിരുന്നു. അന്നും പതിവ് പോലെ ഗയിം കളിച്ച് യൂറ്റുബിൽ കോമഡികളും കണ്ടു ചിരിച്ച് അവസാനം കമ്പ്യൂട്ടറിന്റെ മൌസിന്റെ ബട്ടന് മുകളിൽ കൈകൾ വെച്ച് ഉറങ്ങും.
അന്നും അങ്ങനെ തന്നെയാകും ഉറങ്ങിയതെന്നു തോനുന്നു.

ഇനിയാണ് കഥ തുടങ്ങുന്നത്. കഥയല്ലിത് ജീവിതം പച്ചയായ മനുഷ്യ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം. ഞാൻ അവന് മുമ്പേ ഉറങ്ങിയിരുന്നു. നമ്മളെല്ലാവരും ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവരായിരുന്നു.
ചങ്ങാതിയുടെ ഉറക്ക സമയവും രാവിലെ എഴുന്നേൽക്കുന്ന സമയവും വളരെ കൃത്യമായി കണക്ക് കൂട്ടി രാത്രിയുടെ മറവിൽ വളരെ ഇന്റലിജന്റായ ആ ഭീകരൻ പതുക്കെ ആരുമറിയാതെ ലക്ഷ്യത്തിലേക്ക് അടുക്കുകയായിരുന്നു.
ഉറക്കത്തിലേക്ക് വഴുതി വീണുപോയ എന്റെ കൂട്ടുകാരൻ. ഈ സമയം കട്ടിലിലേക്ക് പതുക്കെ നുഴഞ്ഞ് കയറിയശേഷം തന്റെ ശത്രു ഉറക്കം നടിക്കുകയല്ല ഉറങ്ങിയെന്ന് പൂർണമായും ഉറപ്പാക്കിയ ശേഷം കയ്യിൽ കരുതിയിട്ടുള്ള ആയുധം പതുക്കെ പുറത്തേക്ക് എടുത്തു. പ്രത്യേക പരിശീലനം ലഭിച്ച് കഴിവ് തെളിയിച്ച ഒരാൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന അത്രക്ക് മികവോടെ കാര്യങ്ങൾ ഭംഗിയായി ചെയ്തു. ഉറങ്ങിക്കിടക്കുകയായിരുന്ന എന്റെ ചങ്ങാതിയെ ആക്രമിച്ചതിന് ശേഷം യാതൊരു വിധത്തിലുള്ള ശബ്ദവും കേൾപിക്കാതെ അക്രമത്തിന് ഉപയോഗിച്ച തന്റെ ആയുധവുമായി സംഭവ സ്ഥലത്ത് നിന്നും ഭീകരൻ അന്ന് രക്ഷപെട്ടു.
നേരം വെളുക്കുന്നത് വരെ ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. രാവിലെയാണ് ആ വാർത്ത ഞാൻ അറിയാനിടയായത്‌.
എടാ എന്റെ കാൽ ആ ഭീകരൻ അക്രമിച്ചു.
ഞാൻ ചോദിച്ചു ആരാണെന്ന് വല്ല പിടിയും കിട്ടിയോ...?
ഒരാൾ ഓടുന്നത് പോലെ എനിക്ക് തോന്നിയെന്ന് എന്നോട് പറഞ്ഞു..
ഞാൻ വീണ്ടും ചോദിച്ചു
സ്വന്തം കാൽ ഇത്തരത്തിൽ അക്രമിക്കപെട്ടിട്ടും നിങ്ങൾ അറിഞ്ഞില്ലേ..?
ഞാൻ കരുതി സ്വപ്നമാണ് എന്ന് മറുപടി പറഞ്ഞു
സ്വപ്നമോ ഞാൻ വീണ്ടും ചോദിച്ചു..?
സ്വപ്നത്തിൽ ഞാനൊരു പട്ടാളക്കാരനായിരുന്നു അങ്ങനെ യുദ്ധത്തിനിടയിൽ ഞാൻ ഏതോ ഒരു കമ്പി വേലി ചാടി കടക്കുമ്പോൾ എന്റെ വിരൽ മുറിയുന്നതായിട്ട് തോന്നുകയായിരുന്നു.
എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.
അല്ലെങ്കിലും ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ്.
അക്രമത്തിന് ഇരയായതിനാൽ രണ്ട് ദിവസത്തോളം എന്റെ ചങ്ങാതിക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിച്ചില്ല.
ഭീകരനെ പറ്റി പറയുകയാണെങ്കിൽ ഒരുപാട് പറയാനുണ്ട് എങ്കിലും ചുരുക്കി പറഞ്ഞാൽ...
ഉണ്ടക്കണ്ണുകൾ, കപ്പടാ മീശ, കൈകളിൽ മൂർച്ചയേറിയ ആയുധം, കുതറി ഓടി രക്ഷപെടാൻ പ്രത്യേക പരിശീലനം ലഭിച്ചവൻ, തെളിവുകൾ ബാക്കിയാക്കാതെ രക്ഷപ്പെടാൻ കഴിവുള്ളവൻ, ഒളിപ്പോർ ആക്രമങ്ങളിൽ പ്രത്യേക പരിശീലനം,ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ആർക്കും എത്തിപ്പെടുവാൻ പോലും കഴിയാത്ത ഒളിത്താവളങ്ങൾ അങ്ങനെ വിശേഷണങ്ങൾ ഒരുപാടുള്ള ഭീകരൻ. ഏതു സമയവും ആരും അവന്റെ അക്രമത്തിന് ഇരയാവാം.
ദുബായ് പോലീസിന് പോലും പിടികിട്ടാ പുള്ളിയെയാണ്‌ രണ്ട് മാസങ്ങൾക്ക് മുമ്പ് എന്റെ കൂട്ടുകാരാൻ വളരെ നിസ്സാരമായി വധിച്ചത്. ആ കൊലപാതകത്തിന് ശേഷം അങ്ങനെയൊരു കൊല കൊല നടത്തിയതിന്റെ ഭയമോ കുറ്റബോധമോ ഒന്നും അവന്റെ മുഖത്ത് കാണാനില്ല.
പിന്നീട് ആ ഭീകരാക്രമണത്തിനെ ചുറ്റിപറ്റി ഞങ്ങൾ അന്വേഷണം നടത്തിയെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായതുമില്ല. തെളിവുകളുടെ അഭാവം കാരണം അന്യഷണങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കപെട്ടിട്ടുണ്ടാവാം എന്ന് ഞാൻ കരുതി. പിന്നീട് അതിനെ പറ്റിയുള്ള ചർച്ചകളും ഒന്നും തന്നെ ഉണ്ടായിട്ടുമില്ല. എല്ലാം അവസാനിച്ചു എന്ന് ഞാനും മനസ്സിൽ കരുതിയിരിക്കുകയായിരുന്നു.
ദിവസങ്ങളും ആഴ്ച്ചകളും കടന്നുപോയി.

കഴിഞ്ഞ ആഴ്ച്ച ഞങ്ങൾ ജോലി കഴിഞ്ഞ് വരുന്ന സമയം ഒരു അനക്കം കേട്ടാണ് ഞങ്ങൾ തിരിഞ്ഞ് നോക്കിയത്. എന്താണെന്നറിയാൻ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഞങ്ങളിൽ പെട്ട ഒരാൾ ആ രംഗം കാണാനിടയായത്. ഞങ്ങളെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ഭീകരർ സർവ്വ ആയുധങ്ങളോടും കൂടി ഒളിഞ്ഞിരിക്കുന്നു.

എന്ത് ചെയ്യണം എങ്ങോട്ട് ഓടണം ആരുടെ സഹായം തേടണം എന്നൊന്നും ചിന്തിച്ച് സമയം കളയുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. വിയറ്റ്‌നാം യുദ്ധങ്ങളിൽ ഗറില്ലകൾ സ്വീകരിക്കാറുള്ള ഒളിപ്പോർ തന്ത്രം പയറ്റുക എന്ന ലക്ഷ്യത്തോടെയാവണം ആ ഭീകരരുടെ വരവ് എന്ന് എനിക്ക് തോന്നി.
നേരിട്ട് ആണുങ്ങലെപോലെ ഞങ്ങളുടെ മുന്നിൽ വന്നാൽ ഒരുത്തനും ജീവനോടെ തിരിച്ച് പോകുകയില്ല എന്ന് ഒളിഞ്ഞിരിക്കുന്ന ഭീകരന്മാർക്ക് വ്യക്തമായി അറിയാം. ഇതിന് മുമ്പ് ഞങ്ങളോട് നേരിട്ട് മുട്ടാൻ വന്ന അവസരങ്ങളിലെല്ലാം അവരുടെ കൂട്ടത്തിൽ ഒരാളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഒളിഞ്ഞിരുന്നും രാത്രിയുടെ മറവിലും ഞങ്ങളെ ആക്രമിക്കുക തുടങ്ങിയ
മാർഗങ്ങൾ അവർ സ്വീകരിച്ചതും അതുകൊണ്ട് തന്നെയാവും.
പാകിസ്ഥാൻ തീവ്രവാദികളുടെ കാര്യം പറഞ്ഞത് പോലെയാണ് ഇവരും ഒളിഞ്ഞും പതുങ്ങിയും ആക്രമിക്കുന്നത് കൊണ്ട് യാതൊരു വിധ വിട്ടുവീഴ്ച്ചകൾക്കും ഞങ്ങൾ തയ്യാറായില്ല.
ഒളിഞ്ഞിരുന്ന മൂന്ന് ഭീകരരെയും ഞങ്ങളുടെ കൂടെയുള്ള ഒരാൾ വളരെ വിധഗ്ദ്ധമായി ഒരിടത്ത് ബന്ധിച്ചു.
ബുദ്ധി പൂരവ്വമായി കാര്യങ്ങൾ കൈകാര്യം ചെയ്തതിനാൽ മൂന്ന് ഭീകരന്മാരെയാണ് ഞങ്ങൾക്ക് പിടികൂടാനായത്. പിന്നീട് ഭീകരന്മാരെ
എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയിലാരുന്നു. ഒരുത്തനെപോലും രക്ഷപെടാൻ അനുവദിക്കരുതെന്ന് ഞങ്ങൾക്ക് പ്രത്യേക നിർദേശം ലഭിക്കുകയും ചെയ്തു.
രാജ്യ ദ്രോഹികളെ ഒരിക്കലും നിയമത്തിന് പോലും വിട്ട് കൊടുക്കരുത് shoot at sight അതാണ്‌ വേണ്ടത്.
തടവ് ശിക്ഷക്ക് തടങ്കലിൽ പാർപിച്ചാൽ തുരംഗങ്ങൾ നിർമിച്ച് രക്ഷപെടാനുള്ള സാധ്യത കണക്കിലെടുത്ത് വധ ശിക്ഷയിൽ കുറഞ്ഞ യാതൊരു ശിക്ഷയും ഇവർ അർഹിക്കുന്നില്ല.
MM മണി യുടെ വാക്കുകൾ കടമെടുത്താൽ വണ്‍ ടൂ ത്രീ ഒന്നിനെ കുത്തിക്കൊന്നു ഒന്നിനെ തല്ലിക്കൊന്നു മൂന്നാമാത്തവനെ ചവിട്ടിയും കൊന്നു.
മൂന്ന് ഭീകരന്മാരെയും വിധി ഉടനെ നടപ്പാക്കി.
നാട്ടിൽ നിന്നും ഗൾഫിലേക്ക് വരുന്നതിന് മുമ്പ് ആയിരുന്നെങ്കിൽ പാസ്പോർട്ട്‌ എലി തിന്നാലും സങ്കടമില്ല ഇതിപ്പോൾ ഇവിടെ നിന്നും വീട്ടിലേക്ക് പോകുവാൻ നോക്കുമ്പോൾ ഞങ്ങളുടെ പാസ്പോർട്ട്‌ എങ്ങാനും എലി കടിച്ചാൽ ഇനിയും ഞങ്ങൾ MM മണിയുടെ പ്രസംഗം കേൾക്കും.
തുരപ്പന്മാരായ മൂന്ന് ഭീകരരെയാണ് ഇന്നലെ തല്ലികൊന്നത്.
അവനാണ് ഇന്നലെ ഞാൻ ഉറങ്ങുമ്പോൾ പ്രതികാര ദാഹിയായി എന്റെ ദേഹത്ത് ചാടിക്കയറി താന്ധവമാടാൻ ശ്രമിച്ചതും എന്റെ ഉറക്കം തല്ലിക്കെടുത്തിയതും.

എലി ഒരു ഭീകരനോ എന്നാണ് ചിന്തിക്കുന്നതെങ്കിൽ ചില സാഹചര്യങ്ങളിൽ അതെ എന്നാണ് എനിക്ക് പറയാനുള്ളത്.........
എന്തൊക്കെയായിരുന്നു പുകില് മലപ്പുറം കത്തി, വടിവാൾ, അമ്പും വില്ലും, മെഷീൻ ഗണ്‍..
......അങ്ങനെ പവനായി ശവമായി.....

21 November, 2015

കാണ്മാനില്ല...

പതിവ് പോലെ എഴുന്നേറ്റപ്പോൾ ഇന്നും അത് കാണ്മാനില്ല മോഷണം പോകുവാനുള്ള സാധ്യതയുമില്ല. എന്റെ എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായി അറിയുന്ന ഒന്നായിരുന്നു അത്, കാണാതാവുക എന്നത് ഓര്‍ക്കാന്‍ പോലും വയ്യ.
ഇന്നലെ കിടക്കാന്‍ നോക്കിയപ്പോളും ഇതുപോലെ കാണാതായെങ്കിലും കഷ്ടപ്പെട്ട് ഞാന്‍ തിരികെയെടുത്തു. ഇതിപ്പോള്‍ എത്രാമത്തെ തവണയാണ് ഇങ്ങനെ പോകുന്നതെന്ന് എനിക്ക് മാത്രമേ അറിയുകയുള്ളൂ. എന്ത് ചെയ്യാനാണ് കണ്ണ് കൊണ്ട് കാണാനോ കൈകള്‍ ഉപയോഗിച്ച് സ്പര്‍ശിക്കാനോ കഴിയുന്ന വല്ലതുമാണെങ്കില്‍ സൂക്ഷിച്ച് വെക്കാമായിരുന്നു. വല്ലാത്തൊരു ബുദ്ധിമുട്ട് തന്നെയാണിത്. എന്റെ കൂട്ടുകാരനോട് അതിനെ കുറിച്ച് സങ്കടം പറഞ്ഞപ്പോള്‍ അവനും
ഇത്പോലുള്ള അനുഭവം ഉണ്ടായിട്ടുണ്ടത്രെ..
എനിക്ക് മാത്രമല്ലാലോ ഈ പ്രശ്നം എന്നറിഞ്ഞപ്പോൾ പകുതി ആശ്വാസമായി
ആരോട് സങ്കടം പറയാനാണ്, ഇതൊക്കെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ.??
ഇതുവരെ കണ്ടിട്ടില്ലെങ്കിലും അത് ഇങ്ങനെ ഒരു വാക്ക് പോലും പറയാതെ ഇടക്ക് പോകാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ തകിടം മറിയുന്ന ലക്ഷണമുണ്ട്.
പോയാല്‍ പിന്നെ തിരികെ കൂട്ടികൊണ്ടുവരണമെങ്കില്‍ കഷ്ടപാട് കുറച്ചൊന്നുമല്ല.
നിമിഷ നേരം മതി കിലോമീറ്ററുകളോളം യാത്ര ചെയ്തിട്ട് ഒന്നും അറിയാത്ത ഭാവത്തില്‍ തൊന്നുമ്പോള്‍ തിരികെ വരും.
ഒര് ചാന്‍സ് കിട്ടിയാല്‍ അപ്പോള്‍ തന്നെ നാട്ടില്‍ എത്തും.
വിളിക്കാത്ത ഓണത്തിന് പോകരുതെന്ന് ഞാന്‍ പറഞ്ഞതാണ് എന്നിട്ടും എന്റെ കണ്ണ് വെട്ടിച്ച് പോയി. സദ്യയും കിട്ടീല പായസവും കിട്ടീല അങ്ങനെ തന്നെ വേണം.
ആദ്യമൊക്കെ പറഞ്ഞാല്‍ അനുസരിക്കുമായിരുന്നു ഇതിപ്പോള്‍ ഒരല്‍പ്പം സ്വാതന്ത്രം കൊടുത്തതിന്റെ പേരിലാണ് ഇങ്ങനെ കറങ്ങി നടത്തം എങ്കില്‍ തീര്‍ച്ചയായും ഞാന്‍ പൂട്ടും മണിച്ചിത്ര താഴിട്ട് പൂട്ടും. കഥാപാത്രം എന്റെ " മനസ്സ് "

26 August, 2015

ആരെ കാണിക്കാൻ...

ദാരുണ മരണങ്ങൾ കണ്‍മുന്നിൽ കണ്ടിട്ടും അവരിലേക്ക് രക്ഷയുടെ കൈകളോ അവർക്ക് വേണ്ടി ഒന്നുറക്കനെ നിലവിളിക്കാൻ പോലും മടി കാണിക്കുന്ന തലമുറ. പകരം ആ കാഴ്ച്ചകൾ മൊബൈലിൽ പകർത്തി അഭിമാനിക്കാനാണ് അവർക്കിഷ്ടം. മരണങ്ങളും അപകടങ്ങളും കൈകൾ വിറക്കാതെ മൊബൈലും നീട്ടി പിടിച്ച് എടുക്കാൻ ചങ്കൂറ്റമുള്ള ബ്രോ കളാണ് നമുക്ക് ചുറ്റിനുമുള്ളത് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ക്ക് കിട്ടുന്ന പ്രോത്സാഹനങ്ങളും അത്രയേറെ കമന്റുകളും ആണ്‍കുട്ടികളുടെ ചിത്രതിന് കിട്ടിയതായി എനിക്ക് തോനുന്നില്ല.
അങ്ങനെ ആഗ്രഹിക്കുന്നതിന് പച്ച മലയാളത്തില്‍ കണ്ണുകടി എന്നും അത്യാഗ്രഹം എന്നും പറയും.
ലൈക്കിനും കമന്റുകള്‍ക്കം വേണ്ടി മരിച്ച് പരിശ്രമിക്കുന്നവരോടും പിന്നെ മെസഞ്ചറില്‍ എന്റെ പ്രൊഫൈല്‍ ചിത്രം ഒന്ന് ലൈക്ക് ചെയ്യ് പ്ലീസ് ബ്രോ...
എന്നൊക്കെ പറയുന്ന കൂട്ടുകാരോട് ഒരപേക്ഷ ഫേസ്ബുക്കില്‍ പണം മുടക്കി ലൈക്കുകള്‍ കിട്ടുന്ന പദ്ധതി തുടങ്ങിയിടുണ്ട് അതിലൂടെ ഒരല്‍പം പണം മുടക്കിയാല്‍ നിങ്ങള്‍ക്ക് ഇഷ്ടം പോലെ ലൈക്കുകള്‍ സമ്പാദിക്കാം.പണത്തിന്റെ മൂല്യത്തിനനുസരിച്ച് നിങ്ങളുടെ പ്രൊഫൈല്‍ ചിത്രതിന് താഴെ ലൈക്കുകള്‍ കുന്ന്കൂടും...
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സ്പോഞ്ച് പോലെയാണ് അടുത്ത് കൂടെ പോകുന്ന ലൈക്കുകല്‍ പോലും വലിച്ചെടുക്കും.
ആണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ചേമ്പില പോലെയാണ് അതില്‍ വെള്ളം നില്‍കുകയില്ല അതു പോലെ അവര്‍ക്ക് ലൈക്കുകളും കിട്ടാന്‍ വിഷമിക്കം.
ലൈക്കുകളിലും കമന്റുകളിലും മാത്രമാണ് ജീവിതമെന്ന തോന്നലുകള്‍ നിങ്ങളെ പ്രാന്തനാക്കും ഒരു വലിയ പ്രാന്തന്‍...
ആശുപത്രിയില്‍ കിടക്കുന്ന മുത്തഛന്റെ ജീവന്‍ തിരികെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതിന് പകരം മുത്തഛന്‍ ചക്ര ശ്വാസം വലിക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ട് ലൈക്കും കമന്റും നോക്കി നില്‍കുന്ന ബ്രോ കള്‍...




അയലത്തെ വീട് കത്തുമ്പോള്‍ അതിന്റെ ചിത്രമെടുത്ത് പോസ്റ്റിന്റെ താഴെ പ്ലീസ് ലൈക്ക്
1 Like = ഒരു ബക്കറ്റ് വെള്ളം.
1 Share = രണ്ട് ബക്കറ്റ് വെള്ളം
ഇങ്ങനെയും ബ്രോകള്‍...
ഒരു പുതിയ മണ്ടന്‍ ബ്രോ കിണറ്റില്‍ ചാടുന്നതും വീഡിയോ എടുത്ത് ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത് കാണാൻ കഴിഞ്ഞു, ചാട്ടം പിഴച്ചാല്‍ ആ ബ്രോയുടെ വീട്ടുകാര്‍ക്ക് മാത്രം നഷ്ട്ടം.




ഈ ആടുത്ത ദിവസം ഒരു വീഡിയോ കണ്ടു മുംബൈയില്‍ നിര്‍തിയിട്ട ഇലക്ട്രിക് ട്രയിനിന്റെ മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച മലയാളി യുവാവ് ഷോക്കേറ്റ് കത്തി കരിഞ്ഞ് മരണമടഞ്ഞു.



ഒരു സെൽഫി എടുക്കുന്നതൊക്കെ ശരി അതോടെ അത് പത്രതിൽ ചരമ കോളത്തിൽ വരാതെ നോക്കണം.
പ്രേമം സിനിമയെ കുറ്റം പറയാൻ ഞാനില്ല പക്ഷെ സിനിമ കണ്ട് അതാണ് ജീവിതം എന്ന് പറഞ്ഞ് അനുകരിച്ച് നടക്കുന്ന ന്യൂ ജനറേഷൻ ബ്രോകളും.
ബ്രോകളുടെ കൂടെ ട്രാക്ടറിന്റെ പുറത്ത് തൂങ്ങി നിന്ന് ആഘോഷിച്ച ബ്രോഗികളും അറിയണം
നിങ്ങൾ കാരണം ഒരു സഹോദരിയുടെ ജീവൻ നഷ്ടമായി.


ലൈക്കുകൾ ആഗ്രഹിക്കാം അതിന് വേണ്ടി ഭിക്ഷ യാചിക്കരുത്.
സെല്‍ഫികൾ എടുക്കാം അതിന് വേണ്ടി ചാവരുത്.
ആഘോഷങ്ങള്‍ ആവാം പക്ഷെ മറ്റുള്ളവരുടെ ജീവന്‍ പണയപെടുത്തിയാവരുത്.

ഫേസ്ബുക്ക് കണ്ട് പിടിക്കുന്നതിന് മുമ്പ് മനുഷ്യൻ ജീവിച്ചിരുന്നിട്ടുണ്ടാവുമോ...?

അങ്ങനെ ജീവിച്ചവരുടെ ചിത്രങ്ങൾക്ക്‌ ലൈക്കുകൾ കിട്ടാത്തതിന്റെ പേരിൽ പിന്നീട് മരണമടഞ്ഞപ്പോൾ അവരുടെ ഗതികിട്ടാത്ത ആത്മാക്കൾ ഫേസ്ബുക്ക് നിർമിക്കാൻ വൈകിയതിനാൽ സുക്കര്‍ബര്‍ഗിനെ ശപിക്കുന്നുണ്ടാവും.
അവരുടെ ശാപത്തിന്റെ ഫലമായി ഇന്നത്തെ തലമുറ ലൈക്കുകൾക്ക് വേണ്ടി ഗതി കിട്ടാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നു....
പേരും പ്രശസ്തിയും ആഗ്രഹിക്കാം പക്ഷെ ഒരുമാതിരി കോപ്രായങ്ങൾ കാട്ടി സ്വയം കോമാളി വേഷം കെട്ടി ആളുകളെ കൊണ്ട് പറയിപിക്കരുത്.


ലൈക്ക് കിട്ടാത്തതിന്റെ ആത്മരോഷമല്ല ചിലതൊക്കെ കാണിച്ച് പറയിക്കുകയാണ്...

ഒരാൾ അപകടത്തിൽ പെട്ടാൽ രക്ഷക്കായി എത്തുന്ന കൈകൾ വിരളം എന്നാൽ

മൊബൈലുകളുമായി ആ ദുരന്ത വീഡിയോ എടുക്കാനായി നീളുന്ന കൈകൾ എണ്ണിയാൽ

ഒതുങ്ങില്ല. ഇവിടെ ദുബായിൽ രണ്ട് ദിവസം മുമ്പ് ഒരു ഫ്ളാറ്റിന് തീ പിടിച്ചപ്പോൾ അത് മൊബൈൽ വീഡിയോയില്‍ പകർത്തിയ മഹാന്മാരുടെ മൊബൈലുകൾ ദുബായ് പോലീസ് കസ്റ്റടിയിൽ എടുത്ത് കൊണ്ട് പോയി. അതറിഞ്ഞപ്പോൾ മനസ്സിൽ സന്തോഷം..

17 July, 2015

വസന്തം നിലച്ച കാടുകൾ....

കാടിന് നടുവിലൂടെ കാടിനെ തൊട്ടറിഞ്ഞ് മാനുകളേയും മയിലുകളെയും കുരങ്ങന്മാരെയും പക്ഷികളെയും കണ്ടുകൊണ്ട് ആസ്വതിച്ച് പോകാനായിരുന്നു ഞങ്ങൾ പ്ലാനിട്ടത്. അന്നൊരു ഈസ്റ്റർ ദിവസമായിരുന്നു ഞങ്ങൾ ബത്തേരിയിൽ നിന്നും ബന്ദിപൂർ കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് ഒരു യാത്ര പോയി.

അമ്പല വയലിൽ നിന്നും രാവിലെ പുറപ്പെട്ടു. റോഡിന് ഇരു വശത്തും തിങ്ങി നിറഞ്ഞ കാടുകള്‍, റോഡിലും പരിസരങ്ങളിലും നിറയെ ഇളം പുല്ല് തേടി നടക്കുന്ന എണ്ണിയാൽ തീരാത്ത 
പുള്ളിമാനുകൾ, നമ്മുടെ വരവിനെ കാട്ടിലാകെ വിളിച്ചറിയിക്കുന്ന മലയണ്ണാനുകൾ, കൂട്ടമായി നിൽക്കാറുള്ള കാട്ടുപോത്തുകൾ,
കാട്ടാനകൾ ഇതെല്ലാമായിരുന്നു മുത്തങ്ങ യാത്രയിലെ സാധാരണ കാണാറുള്ള കാഴ്ച്ചകൾ. പക്ഷെ അന്നത്തെ ഞങ്ങളുടെ യാത്ര എല്ലാ പ്രതീക്ഷകളെയും തച്ചുടച്ചു. കത്തിക്കരിഞ്ഞ കാടുകളിലെ കരിഞ്ഞുണങ്ങിയ മരങ്ങളും വെണ്ണീറായ മരക്കുറ്റികളും ജീവനോടെ കത്തി എരിയാൻ വിധിക്കപെട്ട
മൃഗങ്ങളുടെ കത്തിക്കരിഞ്ഞ  
അസ്ഥികൂടങ്ങളും മാത്രമായിരുന്നു അന്നേ ദിവസം ഞങ്ങളെ വരവേറ്റത്. ഏറെ പ്രതീക്ഷകളോടെ കയ്യിൽ ക്യാമറയുമായി  കാറിന്റെ
സൈഡ് ഗ്ലാസ് താഴ്ത്തി നിന്ന ഞാൻ പതുക്കെ ക്യാമറ ബാഗിൽ തന്നെ തിരുകി. ഭൂമിയിലെ കാഴ്ച്ചകൾ കണ്ട് ആകാശം പോലും കലിതുള്ളി
നിൽക്കുകയായിരുന്നു.


കരിഞ്ഞുണങ്ങിയ കാട്ടിലൂടെ മുന്നോട്ട് പോകുമ്പോൾ കത്തിയെരിഞ്ഞ മാംസത്തിന്റെ ഗന്ധം ഞങ്ങൾക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. മനസ്സ് മടുത്തെങ്കിലും വീണ്ടും മുന്നോട്ട് പോകാൻ തീരുമാനിച്ചു.

ഇന്നലെ വരെ കൂട്ടമായി മേഞ്ഞു നടന്ന വിശക്കുമ്പോൾ മേയാൻ പുല്ലുകളുണ്ടായിരുന്ന ശത്രുക്കളെ കാണുമ്പോൾ ഓടി ഒളിക്കാൻ കാടുകളുണ്ടായിരുന്ന പുള്ളി മാനുകൾ ഇന്നിതാ തനിച്ച് നടക്കുന്നു.
നിസ്സഹായനായി ഒറ്റപെട്ടു പോയി എന്ന തൊന്നലുകളുമായി പാവം
മാൻ ഇനിയും ഞങ്ങളെ ഉപദ്രവിക്കരുതേ എന്ന് യാചിച്ച് കൊണ്ട് ഭയന്ന് വിറച്ച കണ്ണുകളുമായി ക്യാമറക്ക് മുന്നിൽ നിൽപ്പുണ്ടായിരുന്നു.

മുത്തങ്ങ യാത്രകളിലെ സ്ഥിരം കാഴ്ച്ചയായിരുന്ന മലയണ്ണാനുകൾ കാട്ടു തീയിൽ കത്തി കരിഞ്ഞതിനെ കുറിച്ച് പത്രങ്ങളിൽ വാർത്ത വന്നിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ മുന്നോട്ടുള്ള യാത്രകളിൽ
മലയണ്ണാനുകളെ കാണുവാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മനുഷ്യൻ പ്രകൃതിയോട് ക്രൂരത കാണിച്ചുവെങ്കിലും നശിക്കാതെ ബാക്കിയായ കാടുകളിൽ ചിലയിടങ്ങളിൽ അഗ്നി കണ്ട് വിറച്ച കണ്ണുകളുമായി രക്ഷപെട്ട മലയണ്ണാൻ ഇലകൾക്കിടയിലൂടെ നോക്കുന്നത് ക്യാമറക്കണ്ണുകൾക്ക് ദയനീയമായ ചിത്രങ്ങളാണ് സമ്മാനിച്ചത്.
കാലങ്ങൾ കൊണ്ട് പ്രകൃതി നേടിയെടുത്ത കാടിന്റെ ജൈവ വൈവിധ്യം നിമിഷ നേരത്തെ മനുഷ്യന്റെ വിവരമില്ലായ്മ കാരണം ഇല്ലാതായപ്പോൾ നഷ്ട്ടം സംഭവിച്ചത് നമുക്കെല്ലാം തന്നെയാണ്. കസ്‌തൂരി രംഗൻ റിപ്പോർട്ടിനെതിരെയും ഗാഡ് ഗിൽ റിപ്പോർട്ടിനെതിരെയും 
സമരം നടത്തിയ മനുഷ്യൻ കാടിനെ തീയിട്ട് നശിപ്പിച്ചപ്പോൾ കാടിന്റെ മഹാത്മ്യം നീചരായ കാട്ടാളൻമാർ ഓർത്തിട്ടുണ്ടാവില്ല. കാടിനോടും മൃഗങ്ങളോടുമുള്ള മനുഷ്യന്റെ ഇത്തരത്തിലുള്ള പിന്തിരിപ്പൻ സമീപനം കാരണമാണ് കാട്ടിലെ മൃഗങ്ങൾ പലപ്പോഴായി നാട്ടിലിറങ്ങാനും മനുഷ്യനെ അക്രമിക്കാനും കാരണം.
പിന്നീട് ഞങ്ങളുടെ മുന്നോട്ടുള്ള യാത്രകൾ പ്രതീക്ഷകൾ അസ്തമിച്ചതായിരുന്നു. കിടപ്പാടം നഷ്ട്ടപെട്ട് എങ്ങോട്ട് പൊകണമെന്ന് നിശ്ചയമില്ലാതെ തന്റെ കുഞ്ഞിനേയും ചേർത്ത് പിടിച്ച് റോഡിലൂടെ പോകുന്ന ഒരാനയും കുഞ്ഞും ഞങ്ങളുടെ യാത്രക്കിടയിലെ ഹൃദയ സ്പർശിയായ കാഴ്ച്ചയായിരുന്നു.

വസന്തം നിലച്ച് പോയ ഈ കാടുകളിൽ ഇനി എന്നാണ് പുൽ നാമ്പുകൾ മുളക്കുക...?
നിശബ്ദമായ കാടുകൾ ഇനി എന്നാണു ശബ്ദ മുകരിതമാവുക...?
മരങ്ങളില്ലാത്ത ഇലകളില്ലാത്ത തണലില്ലാത്ത പൂക്കളില്ലാത്ത കായ്കളില്ലാത്ത കിളി മൊഴികളില്ലാത്ത ചുടു ചാരം പാറി നടക്കുന്ന കാട്ടിൽ പൂക്കളും പൂമ്പാറ്റകളും പറന്നെത്തി ഇനി എന്നാണ് പുതു വസന്തം പിറവിയെടുക്കുക !!!!

09 July, 2015

ഈ മനോഹര തീരത്ത് വരുമോ...

കേരവൃക്ഷങ്ങളാൽ സമൃദ്ധമായ തീരങ്ങളും കണ്ടൽ കാടുകൾ നിറഞ്ഞ ജലാശയങ്ങളും തൈ തെങ്ങുകൾ കൈകൾ വീശി നിൽക്കുന്ന പാതകളും വൈകുന്നേരങ്ങളിൽ അസ്തമയ സൂര്യൻ മായാജാലങ്ങൾ സൃഷ്ടിക്കുന്നതും എല്ലാം ആ വഴിയിൽ കാണാനാവും. ആ പരിസരത്ത് കൂടെ പോകുന്ന ഏതൊരാളുടെയും കണ്ണുകളെയും അവിടേക്ക് ആകർഷിക്കപെടുന്നതും അതുകൊണ്ട് തന്നെയാവണം. യാത്രകൾക്കിടയിൽ മനസ്സിനെ കീഴടക്കുന്നതെന്തും കൺ മുന്നിൽ കാണുമ്പോൾ ആ പച്ചത്തുരുത്തിലൂടെയും പുഴയോരത്ത് കൂടെയും നടന്ന് എല്ലമൊന്ന് ആസ്വതിക്കാൻ ആരും മോഹിച്ച് പോകും.

ഇന്ന് കാണുന്നതൊന്നും നാളെ ഈ മണ്ണിൽ കാണണമെന്നില്ല. ഇന്നലെ സഞ്ചരിച്ച വഴികളിലൂടെ നാളുകൾക്ക് ശേഷം ഞാൻ വീണ്ടും സഞ്ചരിച്ചപ്പോൾ അന്ന് കണ്ണാടിപോലെ ഒഴുകിയിരുന്ന പുഴയെ ആരെല്ലാമോ ചേർന്ന് മലിനമാക്കി കൊന്നിരുന്നു. കതിരുകൾ വിളഞ്ഞു നിന്ന പാടത്ത് കോണ്‍ക്രീറ്റ് കാടുകൾ തലയുയർത്തി നിന്നിരുന്നു. ഇതിനെ എല്ലാവരും വികസനം എന്നാണ് വിളിക്കുന്നതെങ്കിൽ.
വികസനമേ... ഈ പുഴകളും കണ്ടൽ കാടുകളും നിന്നെ ഭയക്കുന്നു.
തലശ്ശേരിയിൽ നിന്നും അഞ്ജരകണ്ടിയിലേക്ക് പോകുന്ന വഴിയിൽ പിണറായി എത്തുന്നതിന് മുമ്പ് പുഴയോരം എന്ന സ്ഥലത്തിന്റെ വിശേഷങ്ങളാണ്.
പുഴകളിലേക്ക് ചാഞ്ഞുനിന്ന് കാറ്റിൽ പീലി നീട്ടി നർത്തനമാടി ആടി ഉലയുന്ന തെങ്ങോലകൾ,
തെളിഞ്ഞ ജലാശയത്തിൽ കണ്ടൽ കാടുകൾ തിങ്ങി നിറഞ്ഞ് കണ്ണാടി പോലെ പ്രതിഫലിക്കുന്നു, ജലാശയത്തിന് നടുവിലായി പച്ച പുല്ലുകൾ നിറഞ്ഞ വഴിയോരം ആ വഴിയിലൂടെ ഞാനും ഒന്ന് നടക്കാൻ പോവുകയാണ്.

തെങ്ങുകളുടെയും കണ്ടൽ കാടുകളും തിങ്ങിനിറഞ്ഞ ഹരിത ഭംഗിയോട് ചേർന്ന് മത്സ്യ കൃഷിക്ക് വേണ്ടി തടഞ്ഞു നിർത്തിയ വെള്ളക്കെട്ട്. അതിന്റെ നടുവിലായി മണ്ണുകൊണ്ട് കെട്ടി ഉയർത്തിയ

നാട്ടു വഴികൾ ഓരോന്നും ഓരോ വീടുകളിലേക്കും ദേശങ്ങളിലേക്കും നീണ്ട് പോകുന്നു.

വഴിയിൽ നട്ടുവളർത്തിയിട്ടുള്ള തൈ ഓലകളെ തട്ടി മാറ്റി ഞാൻ മുന്നോട്ട് നടന്നു. വഴിയിൽ പലയിടങ്ങളിലായി കാണാനാവുന്ന ഓലമേഞ്ഞ കൊച്ചു കുടിലുകൾ അത് ഇവിടെയുള്ള
ജലാശയങ്ങളിൽ മത്സ്യകൃഷി ചെയ്യുന്ന കർഷകരുടെ വിശ്രമ കേന്ദ്രങ്ങളാണ്. മത്സ്യങ്ങളെ പക്ഷികൾ കൊണ്ടു പോകാതിരിക്കാൻ മുകളിൽ വലകൾ വലിച്ച് കെട്ടിയിരിക്കുന്നതും കാണാം.



ഗ്രാമവും ഗ്രാമീണതയും അങ്ങനെ നാം കാണാൻ ആഗ്രഹിക്കുന്ന ജീവൻ തുടിക്കുന്ന പലതും
പലയിടത്തും നശിക്കുമ്പോൾ ഇവിടെ പലരും പലതും കാത്ത് സൂക്ഷിക്കുകയാണ്. ജോലികൾ കഴിഞ്ഞാൽ സമയം കിട്ടുമ്പോഴൊക്കെ പുഴയോരങ്ങളിലെ സൂര്യാസ്തമയവും വീശുവല എറിഞ്ഞു ആളുകൾ മീൻ പിടിക്കുന്ന രസകരമായ കാഴ്ച്ചകളും കാണാനായി ക്യാമറയും തൂക്കി ഞാൻ ഇവിടെയാണ്‌ വന്നിരിക്കാറ്. ഈ ജലാശയത്തിന്റെ തീരത്ത് സ്ഥിരമായി ഒരാളെകൂടി കാണാം. കൊച്ചു സുന്ദരിയായ മീൻകൊത്തി. ക്യാമറയുമായി ഞാൻ നിൽക്കാറുള്ളത് പോലെ തന്നെ ഈ പക്ഷിയും വലിയ പ്രതീക്ഷകളുമായി കാത്തു നിൽപ്പാണ്. ഇടക്ക് വെള്ളത്തിലേക്ക് ഊളിയിട്ട് പോകുന്നതും ഞൊടിയിടയിൽ മീനുമായി വരുന്നതും കാണാറുണ്ട്. സാഹസികമായ ആ രംഗം ക്യാമറയിൽ പകർത്താൻ ശ്രമിച്ചുവെങ്കിലും നടന്നില്ല, എല്ലാം വളരെ പെട്ടെന്നായിരുന്നു.
അൽപ്പ നേരം മുന്നോട്ട് നടന്ന് വെള്ളക്കെട്ടുകൾ പിന്നിട്ടപ്പോൾ തെങ്ങുകൾ നിറഞ്ഞ വഴികളിൽ ധാരാളം വീടുകളും കാണാം. വൈകുന്നേരമായതിനാൽ അണ്ടലൂർ ദേശത്തെ ആയിരക്കണക്കിന് കൊറ്റികളും കാക്കകളുമെല്ലാം വിശ്രമത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത് ഇവിടെയുള്ള വീട്ടുകാരുടെ തൊടിയിലെ തെങ്ങുകളിലും മരങ്ങളുടെ ചില്ലകളിലുമമൊക്കെയാണ്.
പക്ഷികളുടെ കൂട്ടായ്മയുടെ ഫലമായി ഇവിടെയുള്ള തൊടികളെല്ലാ കുമ്മായം പൂശിയത് പോലെ വെളുത്തിരിക്കുന്നത് കാണാം. ഇവിടം അവർക്ക് വെളിക്കിരിക്കുവാൻ പതിച്ച് കൊടുത്തതാണെന്നാണ് പക്ഷികളുടെയും ധാരണ. പക്ഷികളുടെ തെറ്റിദ്ധാരണ മാറുന്നത് വരെ ഇതിലേ നടക്കുന്നവർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. പറഞ്ഞ് വന്നത് വേറെയൊന്നുമല്ല നടക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ കാക്ക തൂറി എന്ന് പറഞ്ഞ് നടക്കുവാൻ മാത്രമേ സമയമുണ്ടാവുകയുള്ളൂ.
നടന്ന് എത്തിയത് അണ്ടലൂർ എന്ന ദേശത്തായിരുന്നു. ഇരു വശങ്ങളിലും കണ്ടൽ കാടുകൾ തിങ്ങി നിറഞ്ഞ് ഒഴുകുന്ന അണ്ടലൂർ പുഴയിലേക്ക് മുങ്ങിമറയുവാൻ നിൽക്കുകയായിരുന്ന അസ്തമ സൂര്യൻ ക്യാമറക്ക് വിരുന്നൊരുക്കി. സമയം വൈകിയതിനാൽ ഏതാനും ചിത്രങ്ങൾ ക്യാമറയിലൊതുക്കി വന്ന വഴിയിലേക്ക് തിരിച്ച് നടന്നു.
തെങ്ങോലകൽക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന അസ്തമയ സൂര്യൻ ആകാശം നിറയെ വർണ്ണങ്ങൾ വാരി വിതറിയിരിക്കുന്നു. സൂര്യ തേജസിനാൽ ആകാശവും താഴെ ജലാശയവുമെല്ലാം ചുവന്നിരിക്കുകയാണ്. ഒറ്റക്കയ്യന്മാരായ ഞണ്ടുകൾ മാളത്തിൽ നിന്നും പതുക്കെ തലപൊക്കി പുറത്തേക്ക് വന്ന് കൈകൾ ഉയർത്തി സൂര്യനമസ്കാരം ചെയ്യുന്നത് കാണാം.
ദൂരെ നിന്നും ഒരാൾ റാന്തൽ വിളക്കുമായി നടന്നു വരുന്നുണ്ട്. അയാൾ വഴിയരികിലുള്ള ഓല മേഞ്ഞ ചെറിയ കുടിലിൽ കയറി മീൻ പിടിക്കാൻ വേണ്ടിയുള്ള പ്രത്യേക തരം കുട്ടയെടുത്ത്‌ പുറത്തേക്ക് വന്നു.
അയാൾ എന്താണ് ചെയ്യുന്നതെന്ന് ഞാനും നോക്കിനിന്നു മുളകൊണ്ടുള്ള കുട്ട വെള്ളത്തിൽ താഴ്ത്തി അതിന് മുകളിൽ ഒരു വടിയുടെ സഹായത്തോടെ വിളക്ക് തൂക്കി. ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഉദ്ധേശ്യം അയാളോട് ചോദിച്ചറിഞ്ഞു വിളക്കിന്റെ പ്രകാശത്തിൽ ചെമ്മീനുകൾ തുള്ളിച്ചാടും അങ്ങനെ തുള്ളിച്ചാടി വിളക്കിനു താഴെയുള്ള കുട്ടയിൽ വീഴുന്നത് എനിക്കയാൾ കാണിച്ച് തരികയും ചെയ്തു. ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടിയിൽ.
സൂര്യൻ അസ്തമിച്ചതും ആകാശം നിറയെ പക്ഷികൾ വട്ടമിട്ട് പറക്കുകയായി അവസാനം എല്ലാവരും എത്തിക്കഴിഞ്ഞാൽ പുഴകളുടെ തീരത്തുള്ള കണ്ടൽ കാടുകളിലേക്ക് കൂട്ടമായി ചേക്കേറും. പിന്നെ കലപില കലപില അതല്ലാതെ മറ്റൊന്നും കേൾക്കുവാൻ കഴിയുകയില്ല.

ഇതുപോലുള്ള സുന്ദരമായ സ്ഥലങ്ങളിൽ എത്തിപ്പെട്ടാൽ തിരിച്ച് പോരുവാൻ തോന്നാറില്ലെങ്കിലും മനസ്സില്ലാ മനസ്സോടെ തിരിച്ചു പോരാറാണ് പതിവ് .
അറവ് മാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിക്ഷേപിച്ച് ജലാശയങ്ങളെ കുപ്പതോട്ടികളാക്കിയാതിനാൽ നമ്മുടെ നാടുകളിലെ പുഴകളും തോടുകളും മരണം കാത്ത് കഴിയുകയാണ്.
ഇനിയും എത്ര നാൾ നമ്മുടെ തലശ്ശെരിക്കാർക്ക് ഇതുപോലുള്ള കണ്‍കുളിർക്കുന്ന കാഴ്ച്ചകൾ നഷ്ട്ടപ്പെടാതെ നിലനിൽക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
തീരത്ത് ചെറു വഞ്ചികൾ മീൻ പിടിക്കുവാൻ വേണ്ടി തയ്യാറാക്കി നിൽക്കുകയാണ്.  മനസ്സിൽ ഒരു നൊസ്റ്റാൾജിയ തോന്നിയാലും തെറ്റില്ല. സന്ധ്യക്കെന്തിന് സിന്ദൂരം സൂര്യാസ്തമയവും സന്ധ്യാ ശോഭയും കടത്തു വള്ളവും എല്ലാം ഒത്തു ചേർന്നപ്പോൾ ക്യാമറയും വെറുതെയിരിക്കാൻ തയ്യാറായില്ല.