Translate

25 June, 2016

വശ്യ മോഹിനിയാം പൂക്കോട് തടാകം...

നീലാകാശവും നീലാമ്പലുകളും പ്രതിഫലിച്ചപ്പോൾ നീല തടാകമായി രൂപമാറ്റം സംഭവിച്ച കാട്ടുപൊയ്കയുടെ വശ്യത തേടിയാണ് ഇന്നത്തെ യാത്ര. എത്ര കണ്ടാലും മതിവരാത്ത വയനാടിന്റെ പ്രകൃതി ഭംഗിയിൽ കാണമെന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടിട്ടും കഴിയാതെ പോയ സ്ഥലങ്ങളുടെ പട്ടികയിൽ കയറിക്കൂടിയ ഇടമായിരുന്നു ഇന്നലെ വരെ. സസ്പെൻസ് പട്ടിക പൊളിച്ചെഴുതി ഇന്ന് പൂക്കോട് തടാകം തേടി പോവുകയാണ്.

കൽപറ്റയിൽ നിന്നും കോഴിക്കോടെക്കുള്ള റോഡിലൂടെ സഞ്ചരിച്ചാൽ ഹൈവേയിൽ നിന്നും അൽപം ഉള്ളിലേക്ക് മാറി തിങ്ങി നിറഞ്ഞ കാടുകൾക്കും ഹരിത മലകൾക്കും നടുവിൽ കുഞ്ഞോളങ്ങളുമായി വയനാടിന്റ മണ്ണിൽ ഒളിച്ചിരിക്കുന്ന
വശ്യതയാർന്നൊരു തടാകമുണ്ട്.

പൂക്കോട് തടാകത്തെ പറ്റി ആദ്യമായി എനിക്ക് വിവരണം നൽകിയത് എന്റെ സഹോദരിയായിരുന്നു. അവൾ TTC ക്ക് പഠിക്കുന്ന കോളേജിൽ നിന്നും പഠനത്തിന്റെ ഭാഗമായി ഒരിക്കൽ അവർ പൂക്കോട് തടാകത്തിലേക്ക് ടൂർ പോയിരുന്നു.

തിരിച്ച് വന്നതിന് ശേഷം തടാകത്തിനെ കുറിച്ചുള്ള അവളുടെ യാത്ര വിവരണവും ബോട്ട് യാത്രയും അവർ എടുത്ത ചിത്രങ്ങളും കണ്ടപ്പോൾ അന്ന് ഞാൻ മനസ്സിൽ കുറിച്ചതാണ് ഒരിക്കൽ ഞാനും പോകുമെന്ന്. അതിന് ശേഷം സാഹചര്യം ഒത്തു വന്നപ്പോൾ വയനാട്ടിലെ ജോലിക്കിടയിൽ ആരും അറിയാതെ ഒരിക്കൽ ഞാൻ തടാകത്തിൽ പോയി രുന്നു. അന്നത്തെ ദിവസം ക്യാമറയിൽ ഞാൻ ഒപ്പിയെടുത്ത പൂക്കോട് തടാകത്തിന്റെ ചിത്രങ്ങൾ ഞാൻ എന്റെ വീട്ടിലെ കമ്പൂട്ടറിൽ D ഡ്രൈവിൽ സൂക്ഷിച്ചത് അനിയത്തി കണ്ടുപിടിച്ചിട്ട് ഉറക്കനെ വിളിച്ച് കൂവി.....
ഉമ്മാ... നമ്മളെ കൂട്ടാതെ നവാസ് കാക്ക ഒറ്റക്ക് പൂക്കോട് തടാകം കാണാൻ പോയി ഇതാ കമ്പൂട്ടറിൽ ഫോട്ടോകൾ.

അന്ന് എന്റെ യാത്രാ ദിവസം ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായിരുന്നു എന്ന് ഞാൻ ഓർക്കുന്നു. എന്തെന്നാൽ അന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിഞ്ഞിട്ടായിരുന്നില്ല ഞാൻ പൂക്കോട് തടാകത്തിൽ എത്തിയത്. വയനാട് എനിക്ക് അന്നേ ദിവസം കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. കൽപറ്റയിൽ നിന്നും കോഴിക്കോട് KSRTC ബസ്സിന് കയറി വെറ്റിനറി കോളേജ് സ്റ്റോപ്പിലിറങ്ങി വന്ന വഴിയിലേക്ക് പുറകിലേക്ക് നടന്നു പിന്നീട് ഇടത്തേക്കുള്ള പൂക്കോട് തടാകത്തിലെക്കുള്ള വഴിയിലൂടെ പതിനഞ്ച് മിനിട്ടോളം നടന്നപ്പോൾ തടാകത്തിൽ എത്തിചേർന്നു.

എത്തേണ്ട ദിവസം എത്തേണ്ട സ്ഥലത്ത് കൃത്യമായി എത്തുക എന്നൊക്കെ പറയുന്നത് പോലെ അന്നേ ദിവസം ലോക പരിസ്ഥിതി ദിനമാണ് എന്നൊന്നും ഓർമയില്ലായിരുന്നെങ്കിലും സാഹചര്യവശാൽ അന്ന് പൂക്കോട് തടാകത്തിൽ തന്നെ ഞാൻ എത്തിപ്പെട്ടു. സമുദ്ര നിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലാണ് തടാകം സ്ഥിതിചെയ്യുന്നത്. ചെടികൾ നട്ടും മരതൈകൾ നട്ടും തടാകത്തിലെ ഉദ്യോഗസ്ഥരും ജോലിക്കാരുമെല്ലാം ലോക പരിസ്ഥിതി ദിനം കൊണ്ടാടുന്ന തിരക്കിലായിരുന്നു. ജൂൺ 5 ലോകപരിസ്ഥിതി ദിനമെന്നും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ കാരണങ്ങളുമെല്ലാം ഉൾപെടുത്തിയ എന്റെ മുന്നിലെ ബാനർ കണ്ടപോളാണ് ഇന്ന് ലോക പരിസ്ഥിതി ദിനമാണെന്ന് എന്റെ ഓർമയിലേക്ക് ഓടിയെത്തിയത്. ടിക്കറ്റെടുത്ത് ഞാൻ തടാകത്തിനടുത്തെക്ക് പ്രവേശിച്ചു.

പ്രവേശന കവാടത്തിൽ സന്ദർഷകരെ കാത്ത് കരകൌശല വസ്തുക്കൾ നിരത്തി വെച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കുകളുടെ കടന്നുകയറ്റങ്ങളില്ലാതെ മുളകൾ കൊണ്ട് നിർമിച്ച മനോഹരമായ കുട്ടകൾ, മരത്തടിയാൽ നിർമിച്ച കളിപ്പാട്ടങ്ങൾ കരകൗശല വസ്ഥുക്കൾ ആദിവാസികൾ കാടുകളിൽ നിന്നും ശേഖരിച്ച് കൊണ്ടുവന്ന രുചിയൂറും കാട്ടുതേൻ ആരോഗ്യം പ്രധാനം ചെയ്യുന്ന മുളയരി അങ്ങനെ വയനാടിന് മാത്രം സ്വന്തമെന്ന് പറയുവാൻ കഴിയുന്ന ധാരാളം ഉത്പന്നങ്ങൾ. ക്യാമറയുമായി അവരുടെ സമീപത്തേക്ക് ചെല്ലുന്നവർ പലരും അവരിൽ നിന്നും എന്തെങ്കിലും വാങ്ങുവാൻ വേണ്ടി വരുന്നതല്ലെന്നും ഫോട്ടോ എടുക്കുവാൻൻ വേണ്ടി മാത്രം വരുന്നവരാണെന്നും അവർക്ക് നന്നായി അറിയാം.

ചുറ്റിനും നിറഞ്ഞു നിൽക്കുന്ന പച്ചില കാടുകൾക്ക് നടുവിലായി ഇളം കാറ്റിൽ കുഞ്ഞോളങ്ങളുമായി പൂക്കോട് തടാകം. തടാകത്തിൽ ഫൈബർ വള്ളങ്ങളിൽ ചുറ്റിക്കാണുവാൻ മോഹിച്ച് മുന്നേ പോയ വള്ളങ്ങളിലുള്ളവർ തിരികെയെത്തുന്നതും കാത്ത് സന്ദർശകർ കരയിൽ നിൽക്കുകയാണ്. പെഡൽ ബോട്ടുകൾ മാത്രമേ തടാകത്തിൽ കാണുവാൻ കഴിയുകയുള്ളൂ. തടാകത്തിലേക്ക് വള്ളങ്ങളുമായി മുന്നേ പോയവരൊന്നും അത്ര വേഗത്തിൽ തിരികെ വരുമെന്ന് തോനുന്നില്ല. എന്തെന്നാൽ അവർ പൊയ്കയിലെ ആമ്പൽ പൂക്കളുടെ ചാരത്ത് മതിമറന്ന് ഉല്ലസിക്കുകയാണ്.

തടാകത്തിന് പുറകിലായി പച്ച പരവതാനി വിരിച്ചു നിൽകുന്ന കുന്നിൻ ചെരുവുകൾ. മരങ്ങളും കുറ്റി ചെടികളും വളർന്നു നിൽക്കുന്ന കുന്നിൻ ചെരുവിലെ പച്ച പരവതാനിയിൽ ഓടിക്കയറി ചെന്ന് തല കുത്തി മറിയണം എന്നൊരാഗ്രഹമുണ്ട് പക്ഷെ ഈ സമയത്ത് അവിടേക്ക് ചെന്നെത്തുവാൻ കഴിയുമെന്ന് തോനുന്നില്ല അൽപ്പം ദൂരെയാണ്.

തടാകത്തിന് ചുറ്റിലും കാണുവാൻ മോഹിച്ച് നടക്കുവാൻ തുടങ്ങിയപോൾ കാടിന്റെ വൈവിധ്യങ്ങൾ നിറഞ്ഞ കാഴ്ച്ചകൾ മാത്രമായിരുന്നു എന്നെ കാത്തിരുന്നത്. കുന്നിൻ ചെരിവുകൾ താഴെ ഇടതൂർന്ന് നിൽക്കുന്ന പച്ചില കാടുകൾക്ക് നടുവിലായി ആരെയും മോഹിപ്പിക്കുന്ന തടാകം. കാട്ടുചോലകളും വളർന്ന് പന്തലിച്ച് നിൽക്കുന്ന വൻ മരങ്ങളുടെ ശിഖിരങ്ങളും താഴേക്ക് നീണ്ട് പോയ്കയിലെക്ക് മുഖം നോക്കി നിൽക്കുകയാണ്.



തടാകത്തിലെ തെളിഞ്ഞ വെള്ളത്തിൽ ചുറ്റിലുമുള്ളതെല്ലാം കണ്ണാടി പോലെ പ്രതിഫലിച്ച് നിൽക്കുന്നു. മുഖം മനസ്സിന്റെ കണ്ണാടിയെന്ന പോലെ ഇവിടെ തടാകത്തിന് ചുറ്റിലുമുള്ള കാടുകളെല്ലാം തടാകത്തെ സംരക്ഷിക്കുന്നു. താഴേക്ക് നോക്കിയാൽ ചുറ്റിലുമുള്ള പ്രകൃതി ഭംഗിയെല്ലാം തെളിഞ്ഞു കാണാനാകുന്നുണ്ട്.
ചിലയിടങ്ങളിൽ ആമ്പൽ ചെടികളും പായലുകളും നിറഞ്ഞു നിൽക്കുന്നുണ്ട്. മേഘാവൃതമായ നീലാകാശം തടാകത്തിൽ മുഖം കാണിച്ച് കണ്ണാടി പോൽ പ്രതിഫലിച്ച് നിൽക്കുന്നു.

പെഡൽ ബോട്ടുകൾ സൃഷ്ടിക്കുന്ന ഓളങ്ങൾ നീലാകാശത്തിന്റെ പ്രതിഫലന ഭംഗി തടാകത്തിൽ നോക്കി ആസ്വതിക്കുന്നതിന് ചിലപ്പോൾ തടസങ്ങൾ സൃഷ്ടിക്കുകയാണ്. തിങ്ങിനിറഞ്ഞ കാടുകളിൽ നിന്നും പൊഴിഞ്ഞ കാട്ട് പൂക്കൾ പൊയ്കയിലെ ആമ്പൽ പൂക്കൾക്കിടയിൽ ഒഴുകി നടക്കുന്നത് കാണാം.

കാടുകൾക്കിടയിലൂടെ നോക്കുമ്പോൾ അങ്ങ് ദൂരെ നീല മലകൾ മഞ്ഞ് പുതച്ച് നിൽക്കുന്നത് കാണാം.  മഞ്ഞ് മൂടിയ മലനിരകൾ വയനാടുകാർക്ക് പുതുമയല്ലെങ്കിലും ചുരം കയറിയെത്തുന്ന സന്ദർശകരുടെ ക്യാമറക്കണ്ണുകൾക്ക് വയനാടിന്റെ മലനിരകളുടെ ഭംഗി എന്നും കൗതുകം നിറഞ്ഞതാണ്‌.

തടാകത്തിനു ചുറ്റുമായി കാഴ്ച്ചകൾ കണ്ടു നടക്കുവാൻ കാടിന് നടുവിലൂടെ വള്ളികളും മരങ്ങളും ഇടതൂർന്ന് തിങ്ങി നിറഞ്ഞ വഴികളുണ്ട്. ക്ഷീണം മാറ്റി വിശ്രമിക്കുവാനായി ഇടക്കിടെ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
തടാകത്തിനെയും കാടിനേയും വേർതിരിക്കുന്ന ഇരുൾ മൂടിയ കാട്ടു വഴികളിലൂടെ അൽപ നേരം ശുദ്ധവായുവും ശ്വസിച്ച് സ്വസ്ഥമായി നടക്കാം. കണ്ണുകൾക്ക് ഹരിത ഭംഗിയും ചെവികൾക്ക് കിളിനാദവും ശരീരത്തിന് കുളിരും മനസ്സിന് ആവേശവും അങ്ങനെ നാട്ടു വഴികളിലൂടെ നടക്കുന്ന എല്ലാ വികാരങ്ങളും ആസ്വതിക്കാം.
വഴികളിൽ ശബ്ദ കോലാഹലങ്ങളുമായി വിവിധയിനം പക്ഷികളും കാട്ടുപൂക്കളിലെ തേൻ തേടിയെത്തിയ ചിത്രശലഭങ്ങളും അങ്ങിങ്ങായി പാറി നടക്കുന്നത് കാണാം.
 പൊയ്കയിലെ നീലിമയാർന്ന ആമ്പൽ പൂക്കളെ ഫ്രയിമിലൊതുക്കുവാനായി ക്യാമറയും തടാകത്തിലേക്ക് നീട്ടിപിടിച്ച് അനങ്ങാതെ നിൽക്കവേ ചിറകിൽ പൂമ്പൊടിയുമായി ഒരു കാനന സുന്ദരി എന്റെ കൈകളിൽ പറന്നെത്തി. അഴകാർന്ന കുഞ്ഞു ചിറകുകളുമായി വസന്തങ്ങൾ തേടി പറന്നു തളർന്ന അവൾ ഇത്തിരി നേരം എന്റെ കൈകളിൽ വിശ്രമം തേടിയെത്തിയതാണ്. എന്റെ കൈകളിൽ ഇരുന്നതിനാൽ ഏതാനും നിമിഷങ്ങൾ ഞാൻ കൈകൾ അനക്കാതെ അവളുടെ കുസൃതിക്കായി നിന്നുകൊടുത്തു. കാടിനകത്തെ വസന്തങ്ങളിലേക്ക് എന്നെയും ക്ഷണിച്ച് കൊണ്ടാണ് ശലഭം പറന്നുപോയത്.

നാളത്തെ പകലിൽ വിരിയാൻ കൊതിച്ച് ഇതൾ കൂമ്പി നിൽക്കുന്ന ആമ്പൽ പൂമൊട്ടുകളോടൊപ്പം ഇന്നത്തെ പകലിനെ സുഗന്ധം പരത്തി മനോഹരമാക്കുവാൻ വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂക്കളും പൊയ്കയിൽ പലയിടങ്ങളിലായി തലയുയർത്തി നിൽക്കുകയാണ്. ഇന്ന് വിരിയണോ അതോ നാളെ വിരിഞ്ഞാൽ മതിയോ എന്ന് ചിന്തിച്ച് ഉറങ്ങിയത് പോലെ പാതി വിരിഞ്ഞ് നിൽക്കുന്ന മടിയൻ മാരായ ആമ്പൽ പൂക്കളെയും പൊയ്കയിൽ കാണാം.
ഒരു ചിത്ര ശലഭത്തെപോലെ ഏതാനും നിമിഷത്തേക്ക് തടാകത്തിനു ചുറ്റുമുള്ള കാഴ്ച്ചകളും ക്യാമറയിൽ പകർത്തി ഞാനും അതിലെ പറന്നു നടക്കുകയായിരുന്നു. 
രണ്ട് മണിക്കൂറോളം തടാകത്തിന് ചുറ്റുമുള്ള കാട്ടുവഴിയിലൂടെ നടന്നിട്ടും എനിക്ക് മടുപ്പ് അനുഭവപ്പെട്ടില്ല. വഴികളിലൂടെ മുന്നോട്ട് നടക്കുമ്പോൾ ഒരു വശത്ത് തിങ്ങി നിറഞ്ഞ കാടുകളും മറു വശത്ത് ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന വശ്യതയാർന്ന കാട്ടു പൊയ്കയും തിരികെ നടക്കുമ്പോഴും അതേ പ്രതീതി തന്നെയാണ്. സൗരഭ്യം പരത്തുന്ന കാട്ടുപൂക്കൾ ചുറ്റിനുമുള്ള മരങ്ങളിൽ ക്യാമറയുടെ വരവും പ്രതീക്ഷിച്ച് നിൽക്കുന്നത് കാണാതെ പോയാൽ യാത്രയിലെ നഷ്ട്ടമാവുമെന്ന് തോന്നിയതിനാൽ കാടിനുള്ളിലേക്ക് അൽപ്പദൂരം കയറി ചെല്ലാൻ തീരുമാനിച്ചു. തടാകത്തോട് ചേർന്ന മരങ്ങളുടെ ശിഖിരങ്ങൾ നിറയെ മനോഹരമായി പൂക്കൾ വിരിഞ്ഞു നിൽക്കുകയാണ്.

പ്രകൃതി തൻ സൗന്ദര്യം കാടിനുള്ളിൽ ആവാഹിച്ച് വെച്ചിരിക്കുകയാണ്. ഒരു പക്ഷെ എന്റെ ക്യാമറക്ക് അതിന്റെ സൗന്ദര്യത്തിന്റെ ഒരംശം പോലും ഒപ്പിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ടാവുമെന്ന് തോനുന്നില്ല. ഈ വഴികളിലൂടെ നടക്കുമ്പോൾ കണ്ണുകൾ ചിമ്മുന്നവർക്ക് അത്രയും സമയം നഷ്ട്ടം എന്ന് പറയേണ്ടി വരും. ചിത്രങ്ങളുടെ ഓർമ്മയിൽ ഇന്ന് ഞാൻ അന്നത്തെ സന്ദർശനത്തിന്റെ അനുഭവങ്ങൾ എഴുതുമ്പോൾ എന്റെ മനസ്സ് പിന്നിട്ട വഴികളിലൂടെ പലതവണ വീണ്ടും സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു.
കാനന ചോലയിലൂടെ ഇഴഞ്ഞ് നീങ്ങികൊണ്ടുള്ള ബോട്ട് സവാരി ആരാണ് ഇഷ്ട്ടപെടാതിരിക്കുക. തടാകത്തിൽ ബോട്ട് സവാരി ഇഷ്ട്ടമുള്ളവർക്ക് അതിനും അവസരമുണ്ട്. 
നിശബ്ദമായ ഈ തടാകത്തിൽ യന്ത്രവൽകൃത ബോട്ടുകളില്ലാത്തതിനാൽ തടാകത്തിൽ വലിയ ഓളങ്ങളുടെ അലയടികളുമില്ല. രണ്ടും നാലും സീറ്റുകളുള്ള വള്ളങ്ങളാണ് തടാകത്തിൽ യാത്രക്കായി ഉപയോഗിക്കുന്നത്. ഇഷ്ട്ടാനുസരണം കാലുകൾകൊണ്ട് പതുക്കെ ചവിട്ടി കറക്കികൊണ്ട് തടാകത്തെ വേദനിപ്പിക്കാതെ തടാകം മുഴുവൻ ബോട്ടിൽ ചുറ്റി കറങ്ങി കണ്ട് തിരിച്ചു വരുമ്പോൾ കിട്ടുന്ന സംതൃപ്തി മറ്റൊരിടത്തും ലഭിക്കുകയില്ല.

താമരയും ആമ്പൽ പൂക്കളും നിറഞ്ഞ തടാകത്തിലൂടെ ഫൈബർ ബോട്ടിൽ കറങ്ങി കരയിലേക്ക് കയറുമ്പോൾ മനസ്സിലെ ഭാരങ്ങളെല്ലാം തടാകത്തിൽ ഒഴുക്കി കളഞ്ഞ് മനസ്സ് സ്വതന്ത്രമായതായി അനുഭവപ്പെടും. ആമ്പൽ പൂക്കൾക്ക് പുറമേ തടാകത്തിന് ചുറ്റിലുമുള്ള മരങ്ങൾ പൂക്കൾ കൊഴിച്ച് എന്റെ യാത്രക്ക് അനുഗ്രഹം ചൊരിഞ്ഞത് പോലെ തടാകത്തിൽ നിറയെ വീണ് കിടപ്പുണ്ട്. തടാകത്തിന് ചുറ്റുമുള്ള കാടിന് നടുവിലൂടെയുള്ള കാഴ്ച്ചകളും കാമറയിലാക്കി മതിവരാത്ത നടത്തം തന്നെയാണ് ബോട്ട് യാത്രയെക്കൾ രസകരം. 13 ഏക്കറോളം വിസ്തീർണമുള്ള ഈ തടാകത്തിന് ചിലയിടങ്ങളിൽ 6 മീറ്ററോളം ആഴവമുണ്ട്. പൂക്കോട് തടാകത്തിൽ മാത്രം കാണുവാൻ കഴിയുന്ന മത്സ്യങ്ങളായ പൂക്കോടൻ പരൽ വെള്ളത്തിൽ ഓടി നടക്കുന്നത് കാണാം.

പൂക്കോട് തടാകം സന്ദർശിച്ചവർക്ക് ഓർമയിൽ സൂക്ഷിക്കുവാൻ മറ്റൊരു സംഭവം കൂടെയുണ്ട്. 
ഡോക്ടർ ഫിഷ്‌ എന്നറിയപെടുന്ന മത്സ്യങ്ങളെ നിറച്ചിട്ടുള്ള ടാങ്കിന് മുകളിൽ ഇരുന്നുകൊണ്ട് വെള്ളത്തിൽ കാൽ തൊടുമ്പോൾ ടാങ്കിനകത്തുള്ള മത്സ്യങ്ങളെല്ലാം കൂട്ടമായി വന്ന് കാലിലെ മൃത കോശങ്ങൾ കൊത്തി വൃത്തിയാക്കി തരുന്ന ഫിഷ്‌ തെറാപ്പിയുമെല്ലാം ഇവിടെയെത്തുന്ന സന്ദർശകർക്ക് രസകരമായ അനുഭവങ്ങളാണ്. ശുദ്ധ ജല മത്സ്യങ്ങളെ വളർത്തുന്ന അക്വറിയവും അതോടൊപ്പം ഒരു ഹരിത ഗൃഹവും ഇവിടെയുണ്ട്.

കാട്ടു ചോലകളും നീല തടാകവും തടാകവും ആമ്പൽ പൂക്കളും ബോട്ട് യാത്രയും ഹരിത ഗൃഹവും ചുറ്റി നടത്തും അങ്ങനെ പറഞ്ഞാൽ തീരുമെന്ന് തോനുന്നില്ല അത്രക്ക് മനോഹരമാനിവിടെ. ആവശ്യത്തിൽ അധികം ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞിരിക്കുന്നു അതോടൊപ്പം ധാരാളം കാഴ്ച്ചകൾ കാണുവാൻ കഴിയാതെയും പോയിരിക്കുന്നു. ഈ നിമിഷം മുതൽ എന്റെ കാതുകളിൽ പൂക്കോട് തടാകം എന്ന് കേൾക്കുമ്പോൾ ഓർത്തെടുക്കുവാൻ ഒരുപാട് നല്ല ഓർമകളും ചിത്രങ്ങളും ഞാൻ സ്വന്തമാക്കി എന്ന സന്തോഷത്തോടെ തിരിച്ച് ചുരം ഇറങ്ങുകയാണ്.

കാട് ഭൂമിയിലെ സ്വർഗ്ഗമാണ് മനുഷ്യരുടെ കണ്ണും കൈകളും അവിടേക്ക് പരിതി വിട്ട് കടന്നു ചെല്ലുന്നത് പ്രകൃതി ഇഷ്ടപെടുന്നില്ല.
എല്ലാവരും എത്തിച്ചേരുവാൻ ആഗ്രഹിക്കുന്ന എന്നാൽ നമ്മൾ മനുഷ്യർക്ക് ചെന്നെത്തുവാൻ കഴിയാത്ത ദുർഗടങ്ങളേറിയ സ്ഥലങ്ങളിൽ വളരുന്ന ചെടികളിലെ പൂക്കൾക്കും കായ്കൾക്കും ഇലകൾക്കുമെല്ലാം അതിന്റേതായ ഔഷധ ഗുണങ്ങളും മോഹോപ്പിക്കുന്ന ഭംഗിയുമുണ്ടാവും.

സമ്പൽ സമൃദ്ധമായ ഈ കാടും പരിസരങ്ങളുമെല്ലാം ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. നമ്മൾ നമ്മുടെ മനസ്സിൽ ചില രഹസ്യങ്ങൾ സൂക്ഷിക്കുന്നത് പോലെ ഇവിടെയുള്ള കാടുകളും കാട്ടുചോലകളും മനുഷ്യർക്ക് മനസ്സിലാക്കുവാൻ കഴിയുന്നതിനും അപ്പുറം പ്രകൃതിയുടെത് മാത്രമായ ധാരാളം രഹസ്യങ്ങൾ സൂക്ഷിച്ച് പോരുന്നു. കാടിന്റെ രഹസ്യങ്ങൾ കാടിന് മാത്രമറിയുന്ന കാലങ്ങളായി സംരക്ഷിച്ച് പോരുന്ന പ്രകൃതിയുടെ നില നിൽപ്പിന് ആവശ്യമായ രഹസ്യങ്ങളാണ്.
കാടുകൾ തെളിച്ചും വനങ്ങൾ നശിപ്പിച്ചും കാട് കൈയേറിയുമെല്ലാം നമ്മൾ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ ഒരു കാര്യം എന്നും ഓർക്കുന്നത് മനുഷ്യരാശിക്ക് ഗുണം ചെയ്യും. ഓരോ കാടും ആ പ്രദേശത്തിന്റെ കാലാവസ്ഥാ നിയന്ത്രണത്തിലും മഴയുടെ ലഭ്യതയിയും വലിയ സ്ഥാനം വഹിക്കുനുണ്ട്. ഒരു കാട് നശിപ്പിക്കുവാൻ നിമിഷങ്ങൾ മതിയാവും എന്നാൽ ഒരായിരം ചെടികൾ വളർന്ന് വലുതായി ഒരു കാട് പിറവിയെടുക്കുവാൻ മനുഷ്യായുസ്സിനെക്കാൾ കാലതാമസങ്ങൾ ഉണ്ടാവും.

ഒരു കാലത്ത് വയനാട്ടിലേക്ക് പോവുകയാണ് എന്നൊക്കെ പറയുമ്പോൾ ഊട്ടിയിലേക്ക് പോകുന്നത് പോലെയുള്ള സന്തോഷമായിരുന്നു. ഊട്ടിയിൽ പോയവർ പറയാറുള്ളത് ഭയങ്കര മഞ്ഞാണ് തണുപ്പാണ് എന്നൊക്കെയായിരുന്നു അങ്ങനെയെങ്കിൽ പാവങ്ങളുടെ ഊട്ടിയായ വയനാടിനും ഊട്ടിയുടെ എല്ലാ സൗന്ദര്യവുമുണ്ട്. ഏലവും കാപ്പിയും തേയിലയും ഓറഞ്ചും ഗ്രാമ്പൂവും ചോളവും അങ്ങനെ മണ്ണിൽ വിതക്കുന്നതെന്തും വിളയുന്ന മണ്ണാണ് വയനാടിന്റെത്.

വന നശീകരണവും അനധികൃത പാറ ഘനനവും അന്തരീക്ഷ മലിനീകരണവുമെല്ലാം കാരണം ഇന്ന് വയനാടിന്റെ സൗന്ദര്യവും നശിച്ച് കൊണ്ടിരിക്കുകയാണ്. എന്നും രാവിലെ മൂടിക്കെട്ടിയ കോട മഞ്ഞും ഈർപ്പം നിറഞ്ഞ തണുത്ത കാലാവസ്ഥയും ഒക്കെയായി നില നിന്നിരുന്ന വയനാടിന്റെ പഴയ സൗന്ദര്യത്തിന് ഇന്ന് വല്ലാതെ കോട്ടം തട്ടി തുടങ്ങിയിരിക്കുന്നു.
വയലുകളുടെയും കർഷകരുടെയും നാടായ വയനാട്ടിൽ ഇന്ന് കർഷകരും നെൽകൃഷിയും കുറഞ്ഞ് വന്നിരിക്കുകയാണ്. സുഗന്ധം വീശുന്ന കാറ്റും പ്രകൃതി ഭംഗിയൊക്കെയായി മറ്റു ജില്ലകൾക്കില്ലാത്ത ഒരുപാട് പ്രത്യേകതകൾ വയനാടിന്റെ മാത്രം സ്വന്തമാണ്. ചരിത്രങ്ങളുറങ്ങുന്ന വയനാടിന്റെ സൗന്ദര്യം പ്രകൃതി കനിഞ്ഞ് നൽകിയ വരദാനമാണ്.

കണ്ണെത്താ ദൂരത്തോളം വിരിഞ്ഞു നിൽക്കുന്ന കാപ്പി പൂക്കളുടെ സുഗന്ധവും ഇടക്കിടെയുള്ള ചാറ്റൽ മഴയും കാടുകളിൽ നിന്നും ഒഴുകിയെത്തുന്ന പാലരുവികളും പുള്ളിമാനുകൾ ഓടിച്ചാടി നടക്കുന്ന കാനന പാതകളും ആനകളുടെ ചിന്നം വിളികളും മലയണ്ണാൻ തുള്ളിച്ചാടി ശബ്ദ മുകരിതമാക്കുന്ന കാടുകളും ചുരങ്ങളിൽ തെന്നി നീങ്ങുന്ന കോടമഞ്ഞും ഏലക്കായ ചെടികൾ പൂവിട്ട് നിൽക്കുന്ന കവുങ്ങിൻ തോട്ടങ്ങളും കൊറ്റികൾ വിരുന്നെത്തുന്ന കൊയ്ത്ത് പാട്ടുകൾ നിലക്കാത്ത വയലുകളും കാപ്പി പൊടിയുടെ ഗന്ധവും നാവിൽ രുചി പകരുന്ന ചായ തോട്ടവുമെല്ലാം വയനാടിന് നശിക്കാതെ നിലനിൽക്കുന്ന കാലത്തോളം അങ്ങ് ഇറ്റലിയിലും ലണ്ടനിലും അമേരിക്കയിലുമുള്ള വിദേശികൾക്കും കേരളത്തിലെ അന്യ സംസ്ഥാനക്കാർക്കും വയനാട് എന്നും പ്രിയപ്പെട്ടതാണ്.
എന്തിനേറെ പറയണം വയനാടിന്റെ താഴ്വാരങ്ങളിലുള്ള ഞങ്ങളെ പോലെയുള്ളവർക്ക് പോലും ആന വണ്ടികളിൽ കയറി ചുരങ്ങളും കുന്നും മലയും താണ്ടി ചെന്ന് നൂറ് വട്ടം വയനാട് കണ്ടിട്ടും അടുത്ത തവണ വീണ്ടും വയനാട്ടിൽ കാല് കുത്തി തിരികെ ചുരമിറങ്ങുമ്പോൾ കുളിരുന്ന ഒരു പാട് പുതിയ ഓർമ്മകളുടെ അനുഭവങ്ങൾ പങ്ക് വെക്കുവാനുണ്ടാവും.
വയനാടിന്റെ മണ്ണിൽ സ്വസ്ഥമായി വിരിയുന്ന പൂക്കൾ മറ്റൊരിടത്തും ഇത്രയധികം ഭംഗിയോടെ വിടർന്ന് നിൽക്കുന്നത് കാണുവാൻ കഴിയില്ല.

........സുഗന്ധ ഗ്രാമം സുന്ദര ഗ്രാമം എന്ന പേര് ചരിത്രങ്ങളുറങ്ങുന്ന വയനാടിന് എന്നും നിലനിർത്തുവാൻ കഴിയട്ടെ.......

05 June, 2016

വീണ്ടും ഒരു പരിസ്ഥിതി ദിനം....

ഈ പരിസ്ഥിതി ദിനത്തിൽ ഞാൻ എന്റെ ഗ്രാമവും ഗ്രാമീണ കാഴ്ച്ചകളും ബാല്യകാലവും പങ്ക് വെക്കാൻ ആഗഹിക്കുകയാണ്....

പുതിയ തലമുറയിലെ കുട്ടികൾ നിർഭാഗ്യവാൻമാർ.
അവർക്ക് മണ്ണപ്പം ചുട്ട് കളിക്കാൻ ഇന്റർലോക്കിട്ട മുറ്റത്ത് മണ്ണില്ല, മതിലുകൾക്ക് അകത്ത് കൂട്ടുകാരില്ല, വയലുകളും തുമ്പയും തുമ്പിയും ശലഭങ്ങളുമില്ല. കൂട്ടുകൂടലുകൾക്കിടയിൽ മതിലുകളും മൊബൈൽ ഫോണുകളും വില്ലൻമാരായി വന്നിരിക്കുന്നു.
തണൽ മരങ്ങളും ഊഞ്ഞാലും ഉപ്പ് കൂട്ടി തിന്നാൻ ഉണ്ണിമാങ്ങയുമില്ല.
കഥ പറഞ്ഞ് കൊടുക്കാൻ മുത്തശ്ശിമാരില്ല.

മധുരമുള്ള ബാല്യകാലങ്ങൾ ഓർത്തെടുക്കാൻ മാമ്പഴങ്ങൾ കാഴ്ക്കുന്ന മാവിൻ ചുവടുകളും പേരിനു മാത്രം.

തോട്ടിൽ വെള്ളമില്ല വയലിൽ നെൽകൃഷിയില്ല തത്തകളുമില്ല.
അയൽവീട്ടിലെ കുട്ടികൾ പോലും തമ്മിൽ പരിചയമോ പരസ്പര സ്നേഹമോ ഇല്ല.
കുട്ടികൾക്ക് മണ്ണപ്പം ചുട്ട് കളിക്കാൻ പോയിട്ട് മണ്ണ് തൊടാൻ പോലും ഇഷ്ടമല്ല, പിന്നെ എങ്ങനെ കർഷകർ ഉണ്ടാക്കും.

നമ്മുടെ കുട്ടിക്കാലത്തെ പരിസ്ഥിതിയും ഇന്നത്തെ പരിസ്ഥിതിയുടെ സ്ഥിതിയും എന്താണെന്ന് നാം ഓരോരുത്തരും മനസ്സിലാക്കിയിട്ടുണ്ടോ....?

തുമ്പയും മുക്കുറ്റിയും ഇന്നും നശിക്കാത്ത ഗ്രാമങ്ങളുണ്ടോ....

വേനൽ തുമ്പിയും ഓണത്തുമ്പിയും ഇന്നും പാറി നടക്കുന്നത് കാണാനുണ്ടോ....

വെറ്റില മറുക്കി ചുവപ്പിച്ച ചുണ്ടുമായി തത്തകൾ പറന്നെത്തി നെൽകതിർ കൊത്തി പറന്നകലുന്ന കാഴ്ച്ചകൾ ഇന്നുണ്ടോ....

പച്ച വിരിച്ച് നിൽക്കുന്ന വയലുകളും കർഷകനും കൊയ്ത്തു പാട്ടും ഞാറുനടുന്ന പെണ്ണുങ്ങളും കറ്റ മെതിക്കുന്ന മുറ്റവും ഉണങ്ങിയ കറ്റയുടെ സുഗന്ധവും ഇന്നുണ്ടോ....

മാമ്പഴക്കാലമായാൽ നിറയെ മാമ്പഴങ്ങളും മാവിൻ മുകളിൽ ചിൽ ചിൽ ശബ്ദമുണ്ടാക്കി തുള്ളി ചാടി നടക്കുന്ന അണ്ണാറക്കണ്ണനും ഇന്നുണ്ടോ...

മഴ പെയ്താൽ തൊടിയിലൊട്ടാകെ മുളച്ച് പൊങ്ങാറുള്ള താളും തകരയും ഇന്നുണ്ടോ....

അരിപ്രാവുകൾ അടിവെച്ചടി വെച്ച് നടന്ന് നെൽമണി പെറുക്കുന്ന, കൊറ്റികൾ വിരുന്നെത്തുന്ന കൊയ്ത്ത് കഴിഞ്ഞ വയലുകളുണ്ടോ....

ഇതെല്ലാം ചേരുമ്പോൾ ഒരു സുന്ദര ഗ്രാമം പിറവിയെടുക്കും.
ഓരോ കാഴ്ച്ചകളും ഭൂതകലത്തിലേക്ക് പോയി മറഞ്ഞ് കൊണ്ടിരിക്കുകയാണ്.

ഈ പറഞ്ഞതെല്ലാം ഉണ്ടായിരുന്ന ഒരു ഗ്രാമത്തിലായിരുന്നു ഞാനും എന്റെ ബാല്യകാലം ചിലവഴിച്ചത്. ഇന്നും ഞാൻ താമസിക്കുന്നത് അതേ ഗ്രാമത്തിലാണ് പക്ഷെ ഇന്ന് വയലുകൾ കുറഞ്ഞു, വേനൽ തുമ്പികൾ മഷിയിട്ട് നോക്കണം, തുമ്പച്ചെടി കാണാൻ ഒരു പാട് നടന്നു, തത്തകൾക്ക് പ്രിയം നെൽ കതിരിനോടായിരുന്നു ഇന്ന് കാലം മാറി നെൽ കതിർ കിട്ടാനുമില്ല അതുകൊണ്ടാവും തത്തകൾ കിട്ടിയതും തിന്ന് വിശപ്പടക്കാൻ പഠിച്ചു.
ഈ പരിസ്ഥിതി ദിനത്തിൽ ഞാൻ പറയാൻ കൊതിക്കുന്നത് എഴുതാൻ കൊതിക്കുന്നത് കാണാൻ ആഗഹിക്കുന്നത് എന്റെ ചുറ്റുമുള്ള  കാഴ്ച്ചകളും ഗ്രാമത്തിലെ വയലുകളും തുമ്പയും തുമ്പികളും എല്ലാമാണ്.

പ്രകൃതിയോടടുത്തപ്പോൾ പക്ഷികളോടും പൂക്കളോടും കിന്നരിക്കാൻ തുടങ്ങി
ഏകനാണെന്ന തോന്നലുകൾ ഇല്ലാതായി, ഇപ്പോൾ സ്നേഹിക്കാൻ പഠിച്ചു തുടങ്ങി.

കാലം ഇത്ര പെട്ടെന്ന് മാറിപ്പോകുമോ... 
ഓരോ ദിവസവും നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് നമ്മൾ വീണ്കൊണ്ടിരിക്കുന്നു.
വീണ്ടും വർഷങ്ങൾ പുറകോട്ട് പോകാൻ കഴിഞ്ഞെങ്കിൽ എന്ന് ചിന്തിച്ച് പോകുന്നു. എവിടെയൊക്കെയോ കണക്കുകൾ പിഴച്ചു പോയിരിക്കുന്നു.
മാറ്റങ്ങൾ വരുത്തിയത് നമ്മളാണ് മരങ്ങൾ മുറിച്ചും വയലുകൾ നികത്തിയും  കൊട്ടാരങ്ങൾ കെട്ടിയും മതിലുകൾ തീർത്തും മതങ്ങളും ജാതിയും പറഞ്ഞും എല്ലാ വിധത്തിലും നമ്മൾ മാറിയപ്പേൾ കാലവും പ്രകൃതിയും മഴയും മഞ്ഞുകാലവും എല്ലാം തോന്നിയത് പോലെ ആയിരിക്കുന്നു.

ഇത്ര നാൾ ദാഹിച്ച് ചിറക് തളർന്നെത്തിയ പക്ഷികളെയും കണ്ടില്ല, മലിനമാക്കപ്പെട്ട പുഴകളെയും കണ്ടില്ല, കുന്നുകൾ ഇടിച്ച് താഴ്ത്തിയതും കണ്ടില്ല. സത്യം ഇതൊന്നുമല്ല എല്ലാം കണ്ടിരുന്നു പക്ഷെ കാണാത്തതായി ഭാവിച്ച് നടന്നു.
പുൽക്കൊടി മുതൽ പൂമ്പാറ്റകൾ വരെ നമ്മുടെ ചുറ്റിലും എന്തെല്ലാം വർണ്ണ വിസ്മയങ്ങളാണ് പ്രകൃതി ഒരുക്കി വെച്ചിരിക്കുന്നത്. എല്ലാം അനുദിനം നശിക്കുന്ന ഈ വർത്തമാനകാലത്തിൽ ഇനിയെങ്കിലും നമ്മൾ നമുക്ക് ചുറ്റിലുമുള്ള പ്രകൃതിയോടൊത്ത് അൽപസമയം ചിലവഴിക്കാം.

വെറുതെ ചുറ്റിലും നോക്കി നിൽക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും കാണാൻ കഴിയില്ലെങ്കിലും ചുറ്റുപാടിനെ കണ്ണും മനസും തുറന്ന് നോക്കിയപ്പോഴെല്ലാം കാണാൻ സാധിച്ചത് ഹൃദയസ്പർശിയായ  കാഴ്ച്ചകളായിരുന്നു. മഞ്ഞ് തുള്ളികൾ വീണ് നിറഞ്ഞ പുൽകൊടിക്ക് പോലും പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യമുണ്ടായിരുന്നു.

പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മനുഷ്യൻ മാത്രമാണ്. ഇത്ര നാൾ ഞാനും പ്രകൃതിയെ കൊല്ലുന്നതും നോക്കി നിന്നു നമ്മളും പ്രതികരിക്കാൻ മനസ്സ് കാണിച്ചില്ല, പക്ഷെ ഇന്ന്
കാടും മലയും പുഴയും കുന്നുകളും പൂക്കളും പക്ഷികളും വയലുകളും നശിക്കുകയാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കി തുടങ്ങിയത് മുതൽ
എല്ലാം സംരക്ഷിക്കണമെന്ന തോന്നലുകൾ പലരുടെയും മനസ്സിനെ പിടിച്ച് കുലുക്കിയിരിക്കുന്നു.
പ്രതികരിക്കാൻ മടിച്ചിരുന്നവരും ചിത്രങ്ങളിലൂടെയും എഴുത്തിലൂടെയും ഇന്ന് പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു.

എപ്പോഴും ദൂരെ യാത്രകൾ തന്നെ ഇടക്ക് എന്റെ സ്വന്തം നാടും വീടിന്റെ പരിസരവും വയലുകളും കാണാൻ പോയാലെന്താണെന്ന് അവധി ദിവസങ്ങളിൽ ഞാൻ എന്നോട് ചോദിക്കാറുണ്ട്.
ദൂര യാത്രകളെക്കാൾ എനിക്കിഷ്ടം എന്റെ ഗ്രാമ വീഥികളും വയൽ വീഥികളും കണ്ട് നടക്കാനായിരുന്നു.

പലപ്പോഴും എന്റെ  യാത്രകൾക്കിടയിൽ മനോഹരമായ വയലുകളും ഗ്രാമപ്രദേശങ്ങളും കാണുമ്പോൾ അവിടെ ഇറങ്ങുവാൻ മനസ്സ് മന്ത്രിക്കും എന്തുകൊണ്ടെന്ന് ചോദിച്ചാൽ അതൊക്കെ നമ്മുടെ നാട്ടിൽ നിന്നും അനുദിനം ഇല്ലാതായികൊണ്ടിരിക്കുന്നു.
സഞ്ചാരി ഗ്രൂപ്പിൽ തന്നെ ചിലർ മലകളും പുഴകളും വയലുകളും പോസ്റ്റുന്നത് കാണുമ്പോൾ നാളെ തന്നെ അവിടെ ചെന്നെത്തണമെന്ന മോഹമുണ്ടാവാറുണ്ട്.

ഒരിക്കൽ നമ്മുടെ നാട്ടിലും വികസനം വന്നുകാണാൻ ഞാനും ആഗ്രഹിച്ചിരുന്നു പക്ഷെ വികസനം വന്ന സ്ഥലങ്ങളിൽ വയലുകളെയും പുഴകളെയും ഗ്രാമീണതയെയും ഒരു പരിധി വരെ കൊന്നുകളഞ്ഞു. പുകപടലങ്ങളും പ്ലാസ്റ്റിക്കുകളും നിറഞ്ഞ നഗരത്തെക്കാൾ മനോഹരം പുഴകളും പൂക്കളും വയലുകളുമുള്ള കുറ്റങ്ങളും കുറവുകളും നിറഞ്ഞ വികസനമെത്തിയിട്ടില്ലാത്ത ഉൾ ഗ്രാമങ്ങളാണ്.

സാഹചര്യങ്ങളും വികസന കാഴ്ച്ചപ്പാടുകളും പിന്നെ പേരെടുത്ത് പറയാൻ കഴിയാത്തതായ എന്തൊക്കെയോ ചേർന്നപ്പോൾ സ്വർഗ്ഗം പോലെ സുന്ദരമായിരുന്ന നമ്മുടെ ചുറ്റുപാടുകൾ വല്ലാതെ മാറിയിരിക്കുന്നു.

എന്റെ കുട്ടിക്കാലത്ത് വീടിന് ചുറ്റിനും മരങ്ങൾ പേര മാവ് പ്ലാവ് അടക്ക നെല്ലി വൈകുന്നേരം വഴക്കൂമ്പിലെ തേൻ കുടിക്കാനെത്തുന്ന കടവാതിലുകൾ മുറ്റത്തെ മാവിൽ നിറയെ കായ്ക്കുന്ന മാമ്പഴങ്ങൾ മാവിൻ മുകളിൽ തുള്ളിച്ചാടി നടക്കുന്ന അണ്ണാറകണ്ണന്മാർ. മഴ പെയ്താൽ പറമ്പിൽ താളും തകരയുമെല്ലാം മുളച്ച് പൊന്തുമായിരുന്നു.
രാവിലെയും വൈകുന്നേരവും തലകുത്തി മറിഞ്ഞ് കുളിക്കാൻ വേനലിൽ പോലും വെള്ളമൊഴുകുന്ന തോട്. നിറയെ നെൽ കൃഷി, നെൽ കതിർ കൊത്തിയെടുത്ത് വയലിൽ പാറി നടക്കുന്ന തത്തകൾ. വാലിൽമേൽ പുള്ളിയുള്ളതും ചുവന്ന വരയുള്ളതും അങ്ങനെ ധാരാളം മീനുകൾ, മീനുകളെ പിടിക്കാനായി തോർത്തുമായി ഞാനും അനിയനും പോകും. കിട്ടുന്ന മീനിനെ ചേമ്പിലയിലും ചില്ല് കുപ്പിയിലുമാക്കി വീട്ടിലേക്ക് കൊണ്ടുവന്ന് അനിയത്തിക്ക് കൊടുക്കും. മുറ്റത്ത് മഴ വെള്ളത്തിൽ മീനിനെ ഒഴുക്കിവിട്ട് കളിക്കും. അപ്പുറത്തെ വീട്ടിലെ കുട്ടികളും ഞങ്ങളുമെല്ലാം ഒരുമിച്ച് കള്ളനും പോലീസും കളിക്കും, തുമ്പികളെ പിടിച്ച് കളിക്കും. താഴെ നിറയെ പൂവിട്ട് നിൽക്കുന്ന കാപ്പി മരത്തിൽ ഊഞ്ഞാൽ കെട്ടിയാടും. അന്ന് വീടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു ഇന്നത്തെ പോലെ ചുറ്റുമതിലും ഗേറ്റും ഉണ്ടായിരുന്നില്ല, ഇന്ന് ഭൂമിയിൽ ഒരു മതിൽ ഉയർന്നപ്പോൾ മനസ്സുകൾക്കിടയിലും മതിലുകൾ ഉയർന്നു
പട്ടിണിയാണെങ്കിലും വീടുകൾ തമ്മിൽ സ്നേഹമായിരുന്നു. ചക്കക്കുരു കറിയിൽ മുരിങ്ങാകോൽ ഇടാൻ ഇല്ലെങ്കിൽ അടുത്ത വീട്ടിൽ പോയാൽ കിട്ടുമായിരുന്നു. ഇടക്കിടെ എത്താ കൊമ്പിലെ ചക്ക പറിക്കാൻ വീട്ടിലെ തോട്ടി എത്താതായപ്പോൾ അയലത്തെ വീട്ടിലെ തോട്ടിയും കൂട്ടി കെട്ടി ചക്ക പറിച്ചിട്ട് പകുതിവർക്കും കൊടുക്കുമായിരുന്നു. ഒരു കുമിളിന് വേണ്ടി പറമ്പ് മുഴുവൻ അരിച്ച് പെറുക്കും. ഓണത്തിന് കുട്ടികൾ പൂപറിക്കാൻ വയലുകളിലും പറമ്പുകളിലും ചിരിയും കളിയുമൊക്കെയായി നടക്കാറുണ്ടായിരുന്നു. അന്ന് ഓണവും പെരുന്നാളും എല്ലാവരും പങ്കിട്ടു. ഇന്ന് ഓണം ഒരുകൂട്ടർക്കും പെരുന്നാൾ മറ്റൊരു വിഭാഗത്തിനും മാത്രമായി ഒതുങ്ങി.

ഹൊ എന്തൊരു മാറ്റം....??

പുറത്ത് ഇറങ്ങിയാൽ തൊലി ഉരുകുന്ന ചൂടിൽ നാടും നഗരവും ആകെ വിയർക്കുന്നു. എല്ലാ വർഷവും ഓണവും വിഷുവും പെരുന്നാളുമെല്ലാം അങ്ങനെ കഴിഞ്ഞു പോകുന്നുണ്ടെന്ന് മാത്രം.

ഒർമ്മകൾ മറവികൾക്ക് വിട്ട് കൊടുക്കാൻ എനിക്ക് ഇഷ്ടമല്ല. അതു കൊണ്ട് ഞാൻ ഇടക്കിടെ നടക്കാനിറങ്ങും വയലുകളിലൂടെ ഗ്രാമങ്ങളിലൂടെ തുമ്പയെയും തുമ്പികളെയും തത്തകളെയും തിരഞ്ഞ് കുട്ടികളെ പോലെ നടക്കും. ഒരു മുസ്ലിമായ ഞാൻ നമ്പൂരിമാരുടെയും വയലകളിലൂടെ അവരെയും കൂടെ കൂട്ടി കുശലം പറഞ്ഞ് നടന്ന് കാഴ്ച്ചകൾ ആസ്വദിക്കും. വയലുകൾ പകുതിയും ഇല്ലാതായെങ്കിലും ബാക്കിയുള്ള വയലുകൾ കാണുമ്പോൾ മനസ്സ് കുളിരും.

കുട്ടികളുമൊക്കെയായി സ്കൂളിൽ നിന്നും പട്ടണങ്ങളുടെ മാളുകൾ കാണുവാൻ വിനോദ യാത്ര പോകുന്ന പതിവ് മാറ്റി ഇനി മുതൽ പുഞ്ചവയൽ പാടങ്ങളിലും കുട്ടനാടൻ പാടങ്ങളിലും ഒക്കെയാക്കി മാറ്റാൻ സമയമായിരിക്കുന്നു. ഈ മണ്ണിൽ നിന്നും നശിച്ച് പോയി കൊണ്ടിരിക്കുന്നതല്ലേ കുട്ടികളെ കാണിച്ച് കൊടുക്കേണ്ടത്..? കൊയ്ത്ത് പാട്ടും ഞാറ് നടീലുമെല്ലാം കാണുവാൻ പുതിയ തലമുറയിലെ കുട്ടികൾക്കും കൊതിയുണ്ട്.

മഞ്ഞു തുള്ളികൾ വീണ് നനഞ്ഞ എന്റെ ഗ്രാമത്തിലെ വയൽ വീഥികളിലൂടെ അതിരാവിലെ കാമറയുമായി ഞാൻ നടക്കാറുണ്ടായിരുന്നു.  കൺമഷി എഴുതിയ കണ്ണുമായി പാറി നടക്കുന്ന വേലിതത്തകൾ, സമാധാനത്തിന്റെ വെള്ള ചിറകുമായി കർഷകരുടെ സമീപത്ത് ചുറ്റിതിരിഞ്ഞ് നടക്കുന്ന കൊറ്റികൾ, നെല്ലോലകളിൽ നിന്നും നാരുകൾ ചീന്തി പാറിയകലുന്ന കൂരിയാറ്റകിളികൾ, പാടത്ത് നെൽ മണി തിരയുന്ന അരിപ്രാവുകൾ എല്ലാം ഓർമ്മകളിൽ തെളിയുന്നു.......
പ്രവാസം ഓർമ്മകളുടെയും നഷ്ട്ടങ്ങളുടെയും തീവ്രതയേറ്റും..
മരുഭൂമി കണ്ട് മരവിച്ച കണ്ണുകൾ പച്ചപ്പ് തേടുന്നുണ്ട് പക്ഷെ ഗ്രാമത്തിൻ വശ്യതയും നാട്ടുവഴികളും സുപ്രഭാതങ്ങളും ചഞ്ചലമാടുന്ന ഹരിതാഭമാം വയലേലകളും കാണുവാൻ വീണ്ടും എന്റെ ഗ്രാമത്തിലെത്തിടണം. അതിനോളം വരില്ല ഒരു മഹാനഗരവും.

15 May, 2016

ഒരു കുഞ്ഞു ഹൃദയത്തിലെ സ്നേഹം...

15/05/2016  വീട്ടിൽ നിന്നും എന്റെ ഫോണിലേക്ക് പതിവില്ലാതെ അതി രാവിലെ ഒരു വിളി വന്നു.  നല്ല ഉറക്കിയിരുന്ന ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ തിരിച്ചുവിളിച്ചു. ഞാൻ ഇവിടെ ഗൾഫിലാണ് പതിവില്ലാത്ത സമയത്ത് വീട്ടിൽ നിന്നും വിളിക്കുമ്പോൾ ആകെ ഒരു വെപ്രാളമാണ്. അനിയത്തിയാണ് വിളിച്ചത് ഒരു മരണ വാർത്തയെ പറ്റി പറയാൻ, അല്ല ഒരു മരണ ദിവസത്തിന്റെ ഓർമ്മ പുതുക്കൽ. അവളുടെ ജീവിതത്തിൽ ഏറ്റവും സ്വാതീനിച്ച അവളുടെ ഹൃദയം പോലെ കാത്തു സൂക്ഷിച്ചത് അവളുടെ കൈകളിൽ നിന്നും പറന്ന് പോയി മരണത്തിന് കീഴടങ്ങിയിട്ട് ഇന്നേക്ക് നാല് വർഷം തികയുന്നു.  ചക്കര കുട്ടി മരിച്ച ദിവസം എന്നാണ് ഫോണിലൂടെ വിളിച്ച് പറഞ്ഞത്. കേട്ട പാടെ എന്റെ കണ്ണ് നിറഞ്ഞു, ഞാൻ എന്റെ സ്വന്തം ജന്മദിനം പോലും ഓർക്കാറില്ല അപ്പോഴാണ് നാല് വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞ് പോയ ഒരു പക്ഷിയുടെ മരണ ദിവസം മനസ്സിൽ കൊണ്ടു നടക്കുന്നത്. പുറമെ നിന്നും നോക്കുന്നവർക്ക് അത് ഒരു തത്തമ്മ.
അവൾക്ക് അത് അവളുടെ ജീവന്റെ ജീവനായിരുന്നു, അമ്മക്കിളിയും മകളും പോലെയായിരുന്നു അവർ തമ്മിലുള്ള സ്നേഹം. ദൂരെ യാത്രകളിൽ പോലും തത്തയെയും കൂടെ കൂട്ടിയാണ് ഞങ്ങൾ പോവാറുണ്ടായിരുന്നത്.

പത്ത് പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് കമുങ്ങിൻ തൊപ്പിൽ നിന്നും എനിക്കൊരു കുഞ്ഞു തത്തയെ കിട്ടി. തത്തയെയും കൊണ്ട് എത്രയും വേഗം വീട്ടിലേക്ക് ചെന്നെത്തണം എന്ന ചിന്ത മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ ഞാൻ നേരെ വീട്ടിലേക്ക് വെച്ച് പിടിച്ചു. പാലും പഴവും നൽകി ഉമ്മയും അനിയത്തിയും കൂടി പൊന്നു പോലെ നോക്കി വളർത്തി. പതുക്കെ തൂവലുകൾ മുളച്ചു വളർന്നു ചിറകുകളിൽ വലിയ തൂവലുകൾ മുളച്ചു അങ്ങനെ പതുക്കെ പറക്കാൻ തുടങ്ങി. ദിവസവും അനിയത്തി പാട്ട് പാടി കേൾപ്പിക്കുന്നത് കൊണ്ട് പെട്ടെന്ന് സംസാരിക്കാന്‍ തുടങ്ങി
ചിറക് മുളച്ച് പറക്കാനായെന്ന് സ്വയം തോന്നിയത് മുതല്‍ പലതവണ പാറി പോയിട്ടുണ്ട്. പറക്കാനവസരം കിട്ടിയ ഒര് ചാന്‍സും ഒഴിവായില്ല. ആ പറക്കല്‍ എവിടെ വരെ എത്തുമൊ അവിടെ ഇരിക്കും. പാറിപ്പോകേണ്ട താമസം കാക്കയും മറ്റും അവളുടെ പിന്നാലെ കൂടും.
ആദ്യമൊക്കെ  ചെറിയ വല്ല മരത്തിലോ വാഴയിലയിലോ പോയിരിക്കും.
പേര് വിളിയൊക്കെ നേരത്തെ നടത്തി ചക്കര എന്നാണ് പേര്.
തത്തക്ക് കൂടുതല്‍ ഇഷ്ടം എന്റെ അനിയത്തിയോടും ഉപ്പയോടുമായിരുന്നു.
ഞാനൊക്കെ വീട്ടില്‍നിന്ന് രാവിലെ പോയാല്‍ പിന്നെ രാത്രിയിലാണ് വരിക . എപ്പൊഴും കൂട്ടിനുണ്ടാവുക അനിയത്തിയായിരുന്നു.
ഇടക്കിടക്ക്  പറന്ന് പോകാനുള്ള കാരണം വേറൊന്നുമല്ല രാവിലെ പോകുമ്പോള്‍ എന്റെ വക തത്തക്ക് ഒരുമ്മ കൊടുക്കും രാത്രിയിലും പറ്റിയാല്‍ കൊടുക്കും. അങ്ങനെ വീട്ടില്‍ ആകെ അഞ്ച് ആളുടെയും സ്നേഹ ചുബനങ്ങള്‍. അതും തത്തയെ കയ്യിലെടുത്തിട്ടാണ് കൊടുക്കുക.
രണ്ട് കൂടുണ്ടായിരുന്നു ഒരെണ്ണം വീടിന് പുറത്തും ഒരെണ്ണം ‍അകത്തും.
ദിവസവും രാത്രിയായാൽ അകത്തുള്ള കൂട്ടിലേക്ക് മാറ്റും. രാവിലെ പുറത്തേക്കും മാററും.
രാത്രി ആയാല്‍ വീടിനകത്ത് കൂട്തുറന്ന് അവളെ പറന്നു നടക്കാൻ വിടും. കൂട് തുറന്നാൽ നേരെ പോവുക അനിയത്തിയുടെ അരികിലേക്കാണ് പിന്നെ ഞങ്ങളുടെ പ്ലേറ്റില്‍ വന്ന് ചോറൊക്കെ ഒറ്റക്ക് തിന്നും. ഇറച്ചിയും മീനും തുടങ്ങി ഞങ്ങള്‍ തിന്നുന്നതെന്തും കഴിക്കാന്‍ തുടങ്ങി.
തത്തയെ വരുന്നവരെല്ലാരും ചക്കരേന്ന് വിളിച്ചത് കൊണ്ട് ആരെകണ്ടാലും തിരിച്ച് ചക്കരേന്ന് വിളിക്കും.
ജാസി ഗിഫ്റ്റിന്റെ ലജ്ജാവതിയേ....  എന്ന പാട്ട് അനിയത്തി പാടി പഠിപ്പിച്ചത് കൊണ്ട് തത്തുമ്മ രണ്ട് വരിയോളം സുന്ദരമായി പാടാനും പടിച്ചു. ഒരു
പെരുന്നാളിന് ഞങ്ങൾ എല്ലാവരും വയനാടില്‍ പോയപ്പോള്‍ അവളെ തനിച്ചാക്കി പോകാൻ മടിയായത് കൊണ്ട് തത്തമ്മയെയും കൊണ്ടാണ് പോയത്. നിങ്ങള്‍ കരുതും വട്ടാണെന്ന് . വട്ടായിട്ടല്ല അത്രക്ക്  ഇഷ്ടമായിരുന്നു. 
ഒരിക്കല്‍ പാറിപ്പോയിട്ട് കാണാതായി, അന്ന് ഞാൻ കണ്ണൂരില്‍ പഠിക്കുന്ന സമയം. പതിവ് പോലെ രാവിലെ ക്ലാസിന് പോയതായിരുന്നു കണ്ണൂര്‍ എത്തിയതും മൊബൈലിലേക്ക് വിളി വന്നു. അനിയത്തിയുടെ കയ്യില്‍ നിന്ന് തത്ത പാറി പോയെന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് ഫോണ്‍ കട്ടാക്കി.
ഞാന്‍ കണ്ണൂരില്‍ നിന്ന് വീടെത്തുന്നത് വരെ തത്തയെ കണ്ട സ്ഥലത്ത്നിന്ന് മാറാതെ  ഉമ്മയും അനിയത്തിയും അയല്‍ പക്കക്കാരും എല്ലാം ഉണ്ട്. അന്ന് വൈകുന്നേരം ഞാൻ ഒര് വിധത്തില്‍ മരത്തില്‍ കയറി പിടിച്ചു, അന്ന്  വീട്ടില്‍ ഉച്ചക്ക് ചോറ്പോലും വെച്ചില്ല.  
ഇത് പല തവണ സംഭവിച്ചിട്ടുണ്ട്,  ഒരിക്കല്‍  പോയിട്ട് രണ്ട് ദിവസം കഴിഞ്ഞാണ് വന്നത്. രണ്ട് ദിവസം ഞങ്ങൾ ഉറങ്ങാതെ ഉറങ്ങി.  പലപ്പോഴും എന്റെ ക്ലാസ് കട്ടാകേണ്ട അവസ്ഥ വന്നിട്ടുണ്ട്.
സംസാരിക്കാനും പാട്ട് പാടാനും നന്നായിപഠിച്ചു. രാവിലെ ഞങ്ങള്‍ എഴുന്നേറ്റില്ലേല്‍ ഉമ്മ തത്തയെയും കയ്യിലെടുത്ത് വന്നിട്ട് കാതിനോട് ചേര്‍ത്ത് വെക്കും. അപ്പോൾ അവൾ ഒരു കടി വെച്ച് തരും പിന്നെ എപ്പൊ എഴുന്നേറ്റെന്ന്  ചോദിക്കണ്ടാലോ.
ഒരിക്കല്‍ മണത്തണ സ്കൂളില്‍ അനിയത്തി പഠിക്കുന്ന സമയം സ്കൂളിലൊര് എക്സിബിഷന്‍ നടന്നപ്പോൾ എല്ലാവരും എന്തെങ്കിലും കൊണ്ട് ചെല്ലാൻ പറഞ്ഞപ്പോൾ എന്റെ അനിയത്തി കൊണ്ടുപോയത് തത്തമ്മയെയാണ്.
ഞങ്ങളുടെ വീട്ടിലൊരംഗത്തിനെ പോലെയല്ല ഒരംഗം തന്നെ ആയിമാറി.
അനിയത്തി സ്കുള്‍ വിട്ട് വരുന്നത് കണ്ടാല്‍ തത്തമ്മ പിന്നെ കൂട്ടില്‍ കിടന്ന് ഡാന്‍സും പാട്ടും തുടങ്ങും. ഏറ്റവും ഇഷ്ടം അവളോടായിരുന്നു. രാത്രി ആയാല്‍ വീടിനുള്ളില്‍ വാതിലടച്ച്  തുറന്ന് വിടും ഞങ്ങളുടെ അടുത്തേക്ക് വരില്ല പക്ഷെ അനിയത്തിയുടെ തോളിലും ചൂരിദാറിലുമായി ഇരിക്കും. അനിയത്തി ഒരകത്ത് നിന്നും മറ്റൊരകത്തെക്ക് പോകുമ്പോൾ അവളുടെ പിന്നാലെ നടന്ന് ചെല്ലും.
തത്തക്ക് അനിയത്തിയോട് സ്നേഹം കൂടാൻ ഒരു കാരണം വേറെയുണ്ട് അനിയത്തി ടി ടി സിക്ക് പഠിക്കുമ്പോൾ അവർക്ക് യൂണിഫോം
സാരിയായിരുന്നു അതും ഇളം പച്ച സാരി. തത്തമ്മയുടെ തൂവലും പച്ച അവളുടെ യൂണിഫോമും പച്ചയായപ്പോൾ അനിയത്തിയെ തത്തമ്മ അവളുടെ ബെസ്റ്റ് ഫ്രെണ്ടാക്കി.
തത്തയും അനിയത്തിയും കൂടി ഇരിക്കുമ്പോൾ ആ പരിസരത്ത് ചെല്ലാൻ പാടില്ല അവിടേക്ക് ചെന്നാൽ ഞങ്ങളെ പാറി വന്ന് ഓടിക്കും. തത്ത തന്റെ മക്കളെ നോക്കുന്നത് പോലെയായിരുന്നു അനിയത്തിയെ നോക്കുന്നത്. കിടക്കുന്നതും അവളുടെ റൂമില്‍ തന്നെ വീട്ടിനുള്ളിലെ ഏതകത്തും ചെല്ലാനും നല്ല പരിചയമായി.
ഒരിക്കല്‍ എന്റെ കയ്യില്‍നിന്ന് പോയിട്ട് തെങ്ങിന്റെ മുകളില്‍ പോയിരുന്നു. അനിയത്തി സ്കൂള്‍ കഴിഞ്ഞ് വരുന്നത് കണ്ടതും പാറിവന്ന് അവളുടെ തലയിലിരുന്നു. അന്ന് ഞാന്‍ ചിന്തിച്ചു.
ഒരു മനുഷ്യനുള്ളതിനെക്കാള്‍ നൂറിരട്ടി സ്നേഹം ഈ തത്തക്ക് അതും ഒര് മനുഷ്യനോട്. ഞങ്ങളോട് തത്ത കൂട്ട് കൂടിയില്ലെങ്കിലും അവർ തമ്മിലുള്ള ആ സ്നേഹം കാണുമ്പോൾ സത്യം പറഞ്ഞാൽ പറയാൻ വാക്കുകളുണ്ടായിരുന്നില്ല.
സ്നേഹിക്കാന്‍ മാത്രം അറിയുന്ന തത്ത  പലപ്പോഴും ഞാന്‍ ചിന്തിചിട്ടുണ്ട്  എന്തേ ഈ തത്ത ഇവളോട് മാത്രം ഇത്രയധികം സ്നേഹം കാണിക്കുന്നു എന്ന്.
അവളെ ആരെങ്കിലും വെറുതെയൊന്ന്  ഉപദ്രവിക്കുന്നത് കണ്ടാല്‍ കൂട്ടിലിരുന്ന്  നിലവിളിക്കും.
വീട്ടിലെ ഓരോ വ്യക്തികളോടും എങ്ങനെ പെരുമാറണമെന്ന്  കൃത്യമായി അറിയാം. എന്നെയും അനിയനെയും ഇടക്ക് കൊത്തി നോവിക്കും . ഉപ്പ വീട്ടിലെ കാര്യമായിട്ട്  ഒരാളാണെന്നും അറിയാം. രാത്രി വരുമ്പോള്‍  പലഹാരങ്ങളുമായി വരുന്നത് കൊണ്ടും വീട്ടിലെ മീശയുള്ള ഏക വ്യക്തി ആയതുകൊണ്ടും ഉപ്പാനെ ബഹുമാനമാണ്.
രാത്രിയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ തത്തയെ അകത്ത് തുറന്ന്  വിടും
ആകെ ഉള്ളൊര് പ്രശ്നം ഭക്ഷണം കഴിക്കുമ്പോള്‍ ഞങ്ങളുടെ പ്ലേറ്റിൽ നിന്നും മീൻ പൊരിച്ചതും കറി കഷ്ണങ്ങളും എടുത്ത് കൊണ്ടുപോയി അനിയത്തിക്ക് കൊണ്ടുപോയി കൊടുക്കും.
നെല്‍കതിര്‍ കിട്ടിയാല്‍ പിന്നെ വേറൊന്നും വേണ്ട. അവളെക്കാൾ വലിയ പേരക്കയൊക്കെ ഒറ്റയിരിപ്പിന് മുറിച്ചിട്ട്  തീർക്കും.
കുറച്ച് വെള്ളം വെച്ച് കൊടുത്താല്‍  കുളിയൊക്കെ സ്വയം നടത്തും കുളി കഴിഞ്ഞാൽ പിന്നെ നല്ലൊരു ഉറക്കം.
എട്ട് വര്‍ഷത്തോളം ഞങ്ങളുടെ കൂടെ ജീവിച്ചു.
ഒരു ദിവസം രാവിലെ അനിയത്തി തത്തയെ പുറത്തുള്ള കൂട്ടിലേക്ക് മാറ്റവെ കയ്യില്‍ നിന്നും പറന്ന് പോയി. ഒര്പാട് അന്വേഷിച്ചു കണ്ടില്ല. വൈകുന്നേരം ഒരു കരച്ചില്‍ കേട്ടപോള്‍ ഉമ്മയും അനിയത്തിയും അവിടേക്കോടി. വലിയൊര്  മരത്തിന്റെ മുകളില്‍ ഇരിപ്പാണ്. ഞാനും ഓടിയെത്തി  പക്ഷെ എനിക്ക് കയറാനാവാത്ത ഉയരം.
പിടിക്കാനൊരുപാട് ശ്രമം നടത്തി നടന്നില്ല. അവിടെനിന്ന് വീണ്ടും എങ്ങോട്ടോ പാറി പോയി. രാത്രി ഉറക്കമില്ലാതെ സകലയിടവും തിരഞ്ഞു കിട്ടിയില്ല. ആര്‍ക്കും ഭക്ഷണം പോലും വേണ്ട .
തത്ത പട്ടിണിയായിരിക്കുമെന്ന് പറഞ്ഞ് അനിയത്തി കരച്ചില്‍ തുടങ്ങി. അന്ന് എങ്ങനെയൊക്കെയോ നേരം വെളുപിച്ചു. പിറ്റേന്ന്  നേരം വെളുത്തതും അനിയത്തി ഒാടി തിരച്ചിലാണ്. എല്ലാവരും ചേര്‍ന്ന്  തിരഞ്ഞു .
ഇടക്കിടെ അങ്ങനെ പോകാറുണ്ടെങ്കിലും തിരിച്ച് വരാറുണ്ട്.
വരുമെന്ന് കരുതിയിരികുമ്പോള്‍ അയൽ വീട്ടിലെ ഒരാൾ വന്ന് പറയുന്നത്  അവിടെ ഓട്ടോറിക്ഷയിടിച്ച്  ഒര് പക്ഷി കിടപുണ്ടെന്ന്. കേട്ടതും പെങ്ങള്‍ കരച്ചില്‍ തുടങ്ങി.ഞാന്‍ അത് വേറെന്തെങ്കിലും ആവണേ എന്ന്  പ്രാര്‍ത്ഥിച്ച് ചെന്നപ്പോള്‍ ഹൃദയം പൊട്ടുന്ന കാഴ്ചയായിരുന്നു.
വണ്ടി തട്ടി ജീവനില്ലാതെ കിടപ്പാണ് എന്റെ കയ്യില്‍ വാരിയെടുത്ത് വീട്ടിലേക്കോടിയതും പിന്നീടൊന്നും  പറയാന്‍ എനിക്ക്  കഴിഞ്ഞില്ല. പാവം ഉമ്മയും അനിയത്തിയും. കരച്ചിലായിരുന്നില്ല പിന്നെ അവിടെ. എന്റെ കയ്യില്‍ നിന്നും തട്ടി പറിച്ച്  നെഞ്ചോട് ചേര്‍ത്ത് നിലവിളി ആയിരുന്നു. ടൗണിൽ പോയ ഉപ്പയും തിരിച്ച് വന്നു. ഒരു മരണ വീട്ടിലെ അവസ്ഥ.
തൊട്ടടുത്ത വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ട് ആരെല്ലാമോ വന്നു. തത്തയെ അടുത്ത വീട്ടിലെ ചേച്ചി പിടിച്ച് വാങ്ങാന്‍ ശ്രമിച്ചിട്ടും കൊടുതില്ല.  അവസാനം വാഴയിലയില്‍ പൊതിഞ്ഞ്  മുറ്റത്ത് ചെറിയൊര് കുഴിയുണ്ടാക്കി നിറകണ്ണുകളുമായി ഞങ്ങളതിനെ മറവ് ചെയ്തു.  ഇഷ്ട്ടിക കൊണ്ട് ചതുരത്തിൽ കെട്ടിയുണ്ടാക്കി അനിയത്തി അതിന് മുകളിലൊരു റോസചെടിയും നട്ടു. ഇടയ്ക്കിടെ അനിയത്തി അതിന്റെ ചിവട്ടിൽ ചെന്നിരിക്കും. അതിന് ശേഷം അഞ്ചാറ് മാസക്കാലം അനിയത്തിയെ ചിരിച്ച മുഖത്തോടെ കണ്ടില്ല. അവളുടെ കൈകളില്‍ നിന്നും പോയതാണ് എന്നും പറഞ്ഞ്  കുറേ ദിവസം കരഞ്ഞ് നടന്നു.
ആരെങ്കിലും ആ റോസാ ചെടിയിൽനിന്നൊര് പൂ പറിക്കുന്നത് ഇന്നും അനിയത്തിക്ക് ഇഷ്ടമല്ല. ഒര് സ്മാരകം കണക്കെ ഇന്നും വീട്ടുമുറ്റത്ത്  നില്‍പുണ്ട്.

09 May, 2016

കാത്തിരുന്നൊരു പൂക്കാലം ...

പൂക്കൾ കൃഷിചെയ്യുന്ന കർഷകരുടെ വിയർപ്പിന്റെ നിറവും മണവുമാണ് ഓണക്കാലത്ത് പൂക്കളായി എല്ലാ വർഷവും നമ്മുടെ മുറ്റത്തെത്തുന്നത്. പച്ചകറികൾക്കും അരിക്കും എന്തിന് ഏറെ പറയണം കേരളക്കാർക്ക് ഓണം ആഘോഷിക്കാൻ പോലും
പൂക്കൾ തേടി നമ്മൾ കേരളക്കാർ അയൽ സംസ്ഥാനമായ കർണാടകയിലേക്ക് പോവുകയാണ്. സത്യത്തിൽ നമ്മളെ കൃഷി ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിച്ച് മടിയന്മാരാകിയതിൽ വലിയൊരു പങ്കും അയൽ സംസ്ഥാനങ്ങൾക്കാണ്. അല്ലാതെ നമ്മൾ മണ്ണിൽ പണിയെടുക്കാൻ മടിയന്മാരോ മടിച്ചികളോ ആയത് കൊണ്ടല്ല.പൂക്കളുടെ നാട്ടിലേക്ക് ഒരു യാത്ര പോവണമെന്ന് പലപ്പോഴും ആഗ്രഹിച്ചതാണ്‌ സാധാരണ ആഗ്രഹിക്കൽ മാത്രമേ നടക്കാറുള്ളൂ, ഇത്തവണ പക്ഷെ പോകാൻ തന്നെ തീരുമാനിച്ചു. 
വയനാടിന്റെ പ്രകൃതിഭംഗി കണ്ടുകൊണ്ട്‌ മുത്തങ്ങ കാടുകൾക്ക്‌ നടുവിലൂടെ കർണാടക സംസ്ഥാനത്തെ ഗുണ്ടൽ പേട്ടയിലേക്ക് ചെന്നെത്തണം. വസന്തം തേടി ദൂരെനിന്നും പക്ഷികളും പൂമ്പാറ്റകളും എത്താറുള്ളത് പോലെ വസന്തങ്ങളുടെ നാട്ടിലേക്ക് ഒരു യാത്ര.
രണ്ട് വർഷം മുമ്പ് ഒരു നോമ്പ് കാലം, രാവിലെ വീട്ടിൽ നിന്നും ബൈക്കുമായി പേരിയയിലേക്ക്. ശനിയാഴ്ച്ചയായിരുന്നതിനാൽ പ്രത്യേകിച്ച് പണിയൊന്നും തന്നെ ഉണ്ടായിരുന്നില്ല. പേരിയയിൽ നിന്നും സുഹൃത്തിനെയും കൂട്ടി മാനന്തവാടി ടൗൺ എത്തി. യാത്രക്ക് എല്ലാ വിധ അനുഗ്രഹും ചൊരിഞ്ഞു കൊണ്ട് മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു എങ്കിലും കോട്ടില്ലാത്തതിന്റെ പേരിൽ യാത്ര മാറ്റിവെക്കാൻ മനസ്സ് അനുവദിച്ചില്ല. കടയിൽ കയറി രണ്ട് പേർക്കും ഒരോ മഴക്കോട്ടും വാങ്ങി നേരെ വിട്ടു.


ചാറ്റൽ മഴ കാരണം ബൈക്ക് യാത്ര അൽപ്പം വിഷമിച്ചു. ഞങ്ങളുടെ ലക്ഷ്യം മുത്തങ്ങ വൈൽഡ് ലൈഫ് കേന്ദ്രവും പിന്നെ കർണാടകയിലെ പൂപ്പാടവുമായിരുന്നു. നാല് മണിയോടെ മുത്തങ്ങയിൽ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കാടിനകത്തേക്ക് പോകാനായി ശ്രമം നടത്തിയെങ്കിലും ഒരു ദിവസം നിശ്ചിത ട്രിപ്പ് മാത്രമേ സധ്യമാവുകയുള്ളൂ എന്നും പറഞ്ഞ് ഞങ്ങളെ മടക്കി. ഞങ്ങളെ പോലെ നൂറ് കണക്കിന് ആളുകൾ പലരും നിരാശയോടെ മടങ്ങി.അരമണിക്കൂറോളം അവിടെ ചിലവഴിച്ചു. 
പിന്നൊന്നും നോക്കിയില്ല വിട്ടു ബൈക്ക് നേരെ ഗുണ്ടൽ പേട്ടയിലേക്ക്. മഴ ഇടക്കിടെ ചാറുന്നുണ്ടായിരുന്നു, എങ്കിലും മുന്നോട്ട് തന്നെ പോകാൻ തീരുമാനിച്ചു. വഴിയിൽ നിറയെ മാൻ കൂട്ടങ്ങൾ തലങ്ങും വിലങ്ങും ഓടി നടക്കുന്നു. മനസ്സിലെ ലക്ഷ്യം പൂന്തോട്ടമായിരുന്നു അങ്ങനെ ഗുണ്ടൽ പേട്ടയിൽ എത്തിയപ്പോഴേക്കും സമയം 5.30 ആയിരിക്കുന്നു. പോകുന്ന വഴി ഏതോ കടയിൽ കയറി ഒരു പേക്ക് കാരക്ക വാങ്ങി സൂക്ഷിച്ചു അങ്ങനെ നോമ്പിന്റെ കാര്യം തീരുമാനമാക്കി
മുത്തങ്ങ കാടുകൾ പിന്നിട്ട് ഞങ്ങളുടെ യാത്ര പൂന്തോട്ടങ്ങളുടെ ചാരത്ത് എത്തിയിരിക്കുന്നു. മല്ലിക പൂപ്പാടം നിരന്നങ്ങനെ നിൽക്കുകയാണ് ബൈക്ക് എവിടെ കൊണ്ടുപോയി നിർത്തണം എവിടെ തുടങ്ങണമെന്നറിയാതെ പകച്ച് നിന്നു. കണ്ണെത്താ ദൂരം മല്ലിക പൂക്കൾ വിളവെടുക്കാനായി തയ്യാർ ചെയ്തിരിക്കുന്നു.  പൂക്കൾക്കിടയിലൂടെ നടന്നു ചെന്ന് ശരിക്ക് ഒന്ന് കാണുവാൻ പോലും സമയം ലഭിച്ചില്ല. വൈകും തോറും തിരിച്ച് പോക്ക് വഴിമുട്ടും. കണ്ടു തീർക്കാൻ കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന പൂന്തോട്ടം. ഇടക്കിടെ കരിമ്പിൻ കൃഷി. കണ്ട് കൊതി തീർന്നില്ലെങ്കിലും സമയം വല്ലാതെ വൈകി പോയിരിക്കുന്നു.
എത്രയും വേഗം തിരിച്ച് മുത്തങ്ങ ഫോറസ്റ്റ് കടക്കണം ഇല്ലെങ്കിൽ ആനയും കടുവയും ഇറങ്ങും ഞങ്ങളാണെങ്കിൽ ബൈക്കിലും മാത്രമല്ല രാത്രിയായാൽ അതു വഴി വാഹനങ്ങളും കടത്തിവിടില്ല. ഓടിനടന്ന് എന്തൊക്കെയോ ചിത്രങ്ങൾ എടുത്തു. കണ്ട് കൊതി തീർന്നില്ല അതിന് മുമ്പ് മനസ്സില്ലാ മനസോടെ തിരിച്ചുപോരാൻ ബൈക്കിൽ കയറി. കാട്ടിലൂടെ തിരിച്ചു പോരുകയാണ് വഴിയിൽ നിന്നും നോമ്പും തുറന്നു. യാത്ര കിലോമീറ്ററുകളോളം പിന്നിട്ടു. വഴിയരിക്കെ കാട്ടുപോത്തിന്റെ വലിയൊരു കൂട്ടം തന്നെയായിരുന്നു. പോരുമ്പോൾ പുള്ളിമാനുകളും കാട്ടാനകളും എല്ലാം കണ്ട് കൊണ്ട് രാത്രിയോടെ വീണ്ടും തിരിച്ച് മാനന്തവാടി ടൗണിൽ പ്രവേശിച്ചു.

ആത്മാക്കളെ വിൽക്കുന്ന കേരളം...

പിച്ചി ചീന്തപെട്ട ആത്മാക്കൾ കേരളത്തിലാകെ അലഞ്ഞു നടക്കുന്നു, അവരിൽ ഒരു വയസ്സുള്ള പെൺ കുട്ടികൾ തൊട്ട് 90 വയസ്സുള്ള മുത്തശ്ശിമാർ വരെയുണ്ട്. അവരൊന്നും ആയുസെത്തി മരിച്ചതല്ല അവരെയെല്ലാം ഈ ഭൂമിയിൽ ഒരുപാട് കാലം ജീവിക്കാൻ ആഗ്രഹിച്ചിരുന്നവരാണ്. ഇനിയും ഒരു പാട് ആത്മാക്കളെ സൃഷ്ടിക്കാൻ തക്കതായ അന്തരീക്ഷമാണ് ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനുള്ളത്.
എല്ലാം കണ്ടിട്ടും കേട്ടിട്ടും ഒന്നും കേൾക്കാത്ത മരപ്പാവകളെ പോലെ
നോക്കിനിൽക്കുന്ന നമ്മുടെ നിയമങ്ങളും നിയമ പാലകരും അടുത്ത വാർത്തക്കായി കാതോർക്കുകയാണ്. ഇപ്പോൾ കഴിഞ്ഞ ജിഷയുടെ കൊലപാതകത്തിന്റെയും അതിന് മുമ്പ് നടന്ന സൗമ്യയുടെ കൊലപാതകത്തിന്റെയും മരണത്തിന്റെയും ഇടയിൽ അതിനെതിരെ എന്ത് നിലപാടാണ് നമ്മുടെ നിയമ പാലകരും ജന പ്രതിനിതികളും കൈകൊണ്ടത് എന്ന് നോക്കിയാൽ മനസ്സിലാവും.
കുറച്ച് കാലമായി കേരളത്തിൽ ഏറ്റവും കൂടുതൽ ഡിമാൻടുള്ളത് മരണ വീടുകൾക്കും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കുമാണ്. പിന്നെ എല്ലാം നഷ്ടപ്പെട്ട്‌ ഹൃദയം പൊട്ടിക്കരയുന്ന അമ്മമാർക്കും.  മരിക്കുന്നതിനു തൊട്ട് മുമ്പ് വരെ അവരെ പറ്റി ഒരാളും കേട്ടിട്ടുണ്ടാവില്ല അവിടേക്ക് ആരും തിരിഞ്ഞു നോക്കില്ല എന്നാൽ മരിച്ചെന്നറിഞ്ഞാൽ അവിടേക്ക് ഓടിയെത്താത്ത മന്ത്രിമാരില്ല നേതാക്കളില്ല ചാനലുകാരില്ല അവർക്കുള്ള അത്ര ആവശ്യക്കാരും സഹായികളും ഈ ലോകത്ത് മറ്റൊരാൾക്കും കിട്ടാറില്ല. മാന്നാർ മത്തായിയുടെ നാടകത്തെ പോലും കടത്തിവെട്ടുന്ന പ്രകടനങ്ങൾ , അക്കൂട്ടത്തിൽ മരണ വാർത്ത കേട്ടറിഞ്ഞ് ഒരു മണിക്കൂർ മുമ്പേ തെളിവെടുപ്പിനായി പുറപ്പെട്ട പോലീസുകാരും.
കേരളത്തിൽ ഇതല്ല ഇതിനേക്കാൾ വലിയത് സംഭവിച്ചാലും കണ്ണ് തുറക്കാത്ത വരാണ് നമ്മുടെ നേതാക്കളും മന്ത്രിമാരും നിയമ പാലകരും എന്നത് അവർ വീണ്ടും തെളിയിക്കുകയാണ്. ചില ചാനലുകാർക്ക് പീഡനം എന്ന് കേട്ടാൽ ബിരിയാണി കിട്ടിയതിനേക്കാൾ സന്തോഷമാണ്.
പിന്നെ നിയമങ്ങളും നിയമ പാലകരും... 
കോപ്പിലെ നിയമപാലകരിൽ നിയമങ്ങളിൽ ജനങ്ങൾക്ക് നീതി ലഭിക്കുമെന്ന വിശ്വാസം എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ കേരളത്തിൽ സ്ത്രീ പീഡനങ്ങളും അക്രമങ്ങളും ഇത്രയധികം വർദ്ധിക്കില്ലായിരുന്നു. കേരളത്തിലെ ജയിലുകളിൽ ഗോവിന്ദച്ചാമിമാരെ സംരക്ഷിക്കാൻ നിയമങ്ങളുള്ള കാലത്തോളം നമ്മുടെ നിയമപാലകരെയോർത്ത് നമുക്ക് ലജ്ജിച്ച് തലതാഴ്ത്താം.
സംസ്കാര സമ്പന്നൻ മാരുടെ കേരളത്തിൽ ഒരു വയസ്സുള്ള കുട്ടികൾക്ക് മുതൽ മുതുമുത്തശ്ശിമാർക്ക് വരെ രക്ഷയില്ലാതായിരിക്കുന്നു.
പീഡനം പീഡനം പീഡനം വീട്ടിലും നാട്ടിലും പള്ളികളിലും സ്വാമിമാരുടെ അടുക്കലും സ്കൂളിലും വരെ പീഡനം. 
ഇന്നലെ സൗമ്യയെപ്പോലെ ധാരാളം സഹോദാരിമാർ ഇന്ന് ജിഷ നാളെയും നമ്മുടെ കേരളത്തിൽ ഇതെല്ലാം തന്നെ സംഭവിക്കും പ്രതിഷേധങ്ങളും പന്തം കൊളുത്തി പ്രകടനങ്ങളുമുണ്ടാകും ചാനലുകാർ ആഷോഷിക്കും പൊട്ടിക്കരയുന്ന അമ്മമാരെ അവർ ക്ലോസപ്പിൽ കാണിക്കും, രാഷ്ട്രീയ പാർട്ടികൾ പരസ്പരം കുറ്റപ്പെടുത്തി പലരും സ്വന്തം കാര്യം സുരക്ഷിതമാക്കും. സോഷ്യൽ മീഡിയകളിൽ ചർച്ചകൾ നടക്കും ജീഷയുടെ വീട്ടിൽ മന്ത്രിമാരും സിനിമാ നടന്മാരും സന്ദർശിക്കും. കുറ്റവാളികളെ പിടികൂടുമെന്ന വഗ്ധാനങ്ങൾ കൊടുക്കുകയും അവരെ പിടികൂടുകയും ചെയ്യും കോടതി ആ കുറ്റവാളികളെ  ജയിലിൽ സുഗവാസത്തിനായി അയക്കും അങ്ങനെ ജിഷയുടെ അമ്മക്ക് നീതി ലഭിച്ചു എന്ന് കോടതി പറയുമ്പോൾ സത്യത്തിൽ അതിന് നീതിയെന്ന് പറയാൻ കഴിയുമോ...?
കഷ്ടം
ഇതൊക്കെ തന്നെ അല്ലെങ്കിൽ ഇത് മാത്രമേ സംഭവിക്കുകയുള്ളൂ.
ഇനിയൊരാൾ വീണ്ടും ഒരു പെൺകുട്ടിയുടെ മാനത്തിന് വില പറയാനും അവളെ പിച്ചിചീന്താനും മുതിരുമ്പോൾ അവർക്ക് ആരെയും ഭയപ്പെടേണ്ടതില്ല
കാരണം എത്ര വലിയ കുറ്റം ചെയ്താലും ജനങ്ങളുടെ കൈകളിൽ അകപ്പെടാതെ അവരെ രക്ഷപ്പെടുത്താൻ പോലീസും സംഭവങ്ങളുടെ ചൂടാറുന്നത് വരെ സംരക്ഷിക്കാൻ ജയിലും അവർക്ക് എന്നും കൂട്ടിനുണ്ട്.

സൗമ്യയുടെ അമ്മയുടെ ജിഷയുടെ അമ്മയുടെ അതിന് മുമ്പ് ഒരുപാട് അമ്മമാരുടെ അലമുറയിട്ടുള്ള കരച്ചിൽ കേട്ടിട്ടും നിയമങ്ങൾ കണ്ണും കെട്ടി നോക്കി നിൽക്കുന്നു. കുറ്റം ചെയ്തവരെ ജയിലിൽ സുഗവാസത്തിന് കൊണ്ടുപോയി ഞനങ്ങളുടെ കയ്യിൽ നിന്നും ഊറ്റിയെടുക്കുന്ന നികുതിപ്പണം കൊണ്ട് അവരെ വീണ്ടും പൂർണ്ണ ആരോഗ്യവാനാക്കി സംരക്ഷിക്കുന്ന കാട്ടാളനിയമങ്ങളും വ്യവസ്ഥകളും മാറാത്ത കാലത്തോളം നമ്മുടെ സഹോദരികൾക്ക് അമ്മമാർക്ക് ഇതൊക്കെ അനുഭവിച്ച് മുന്നോട്ട് പോകേണ്ടി വരും.
നോക്കുകുത്തിയുടെ പ്രയോജനം പോലുമില്ലാത്ത നിയമങ്ങൾ ആർക്ക് വേണ്ടിയാണ്.??
തോക്കുമേന്തി നിൽക്കുന്ന പട്ടാളക്കാതെ വിന്യസിക്കേണ്ടത് രാജ്യാതിർത്തിയിലല്ല പകരം നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലുമാണ്.
നിയമങ്ങൾ മാറ്റി എഴുതേണ്ടത് ഗോമാതാവിന് വേണ്ടിയല്ല നമ്മുടെ അമ്മ പെങ്ങമ്മാർക്ക് വേണ്ടിയാണ്.
രഞ്ജിനി ഹരിദാസന്മാർ റോഡിലെ തെരുവ് പട്ടികൾക്ക് വേണ്ടിയല്ല അലമുറയിടേണ്ടിയിരുന്നത് പിച്ചി ചീന്തപെട്ട മനുഷ്യജീവന് വേണ്ടിയായിരുന്നു.
തെരുവ് പട്ടികളെയും കാമവെറി പൂണ്ട മനുഷ്യരെയും തല്ലി കൊന്നാൽ അവർക്ക് വേണ്ടി വാതിക്കാൻ ഒരു കൂട്ടം ആളുകൾ ഉണ്ടാവും അത് നമ്മുടെ നാടിന്റെ തലവിധി.
ദളിതരായ ജീവിക്കാൻ വകയില്ലാത്തവരും ചോർന്നൊലിക്കുന്ന കൂരയിൽ കഴിയുന്ന പെൺ മക്കളെ സുരക്ഷിതമായി പോറ്റി വളർത്താൻ വീടുകൾക്ക് അടച്ചുറപ്പുള്ള വാതിലുകളില്ലാത്ത ശത്രുക്കളെ പേടിച്ച് തലയിണക്കടിയിൽ വാക്കത്തി വെച്ച് കിടന്നുറങ്ങുന്ന അങ്ങനെ ഇനിയും ഒരുപാട് കുടുംബങ്ങൾ നമുക്കിടയിലുണ്ട്.  അവരുടെ വീടുകളുടെ അവസ്ഥകൾ അവർ അനുഭവിക്കുന്ന ദുരിതങ്ങൾ ആരെങ്കിലും അറിയണമെങ്കിൽ ഇതുപോലെ ആരെങ്കിലും കൊല്ലപ്പെടണം. മരിക്കുന്നത് വരെ ഒരു പട്ടികളും തിരിഞ്ഞ് നോക്കില്ലാത്ത അവരുടെ ഇടയിലേക്ക് മരണ ശേഷം അവരെ തേടിയെത്തുന്ന കപട സ്നേഹക്കാരെയും മുഖം മൂടിക്കാരെയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളേയും ചാനലുകാരുടെയും നിലക്കാത്ത പ്രവാഹങ്ങളാണ്. ആരുടെയൊക്കെയോ ചോദ്യങ്ങളെ പേടിച്ച് ചിലർ കാട്ടികൂട്ടുന്ന നാടകം എന്നല്ലാതെ എന്താണ് ഇതിനെ വിളിക്കാൻ കഴിയുക.     
നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും സുരക്ഷിതത്വം ലഭിക്കാൻ വേണ്ടി ഇനിയും ഇതുപോലുള്ള നരഹത്യകൾ ആവർത്തിക്കാതിരിക്കാൻ നമ്മൾ പൊരുതേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നിയമങ്ങൾ ശക്തമാക്കണം അതിന് വേണ്ടി അടുത്ത മരണ വാർത്ത കാതോർത്തിരിക്കുകയല്ല ഇനിയും ഇങ്ങനെയുള്ള നരഹത്യകൾ ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യാൻ കഴിയും...
നമ്മുടെ നിയമങ്ങൾക്ക് കുറ്റവാളികളെ രക്ഷിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ, കറുത്ത ഗൗണിട്ടവർ സൗമ്യക്ക് വേണ്ടി കോടതിയിൽ വാതിച്ചതിനെക്കാൾ കൂടുതൽ വാതിച്ചത് ഗോവിന്ദച്ചാമിമാർക്ക് വേണ്ടിയാണ്.
നീയമങ്ങൾ കടലാസിൽ മാത്രമായി ഒതുങ്ങി പോകുമ്പോൾ ആർക്കും ആരെയും എത്തും ചെയ്യാമെന്ന അവസ്ഥ ഇനിയും ഇതേപടി തുടരും.
ഇത്തരത്തിലുള്ള നരാതപന്മാരുടെ ശിക്ഷാവിധികൾ കാലതാമസം വരാതെ എത്രയും പെട്ടെന്ന് ജനമധ്യത്തിൽ വെച്ച് നടപ്പിലാക്കുകയാണ് വേണ്ടത്.
നൂറ് കണക്കിന് കോടതികളും ആയിരക്കണക്കിന് നിയമപാലകരും നിയമങ്ങളും ഉണ്ടായിട്ട് പോലും ഗോവിന്ദച്ചാമിമാരെ ഇന്നും ജീവനോടെ ജയിലറകളിൽ തീറ്റി പോറ്റുന്നതിന്റെ യുക്തി എത്ര തന്നെ ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ഉത്തർപ്രദേശും ബംഗാളും ഗുജറാത്തും പോലെ നമ്മുടെ കേരളവും മാറി കൊണ്ടിരിക്കുകയാണ്.
രണ്ടു കണ്ണും മൂടിക്കെട്ടിയ നിയമങ്ങൾ ഒരുക്കണ്ണങ്കിലും തുറന്നില്ലെങ്കിൽ ജനങ്ങൾ സ്വയം നിയമങ്ങൾ കയ്യിലെടുക്കും അവിടെ പോലീസിനോ നേതാക്കൾക്കോ സ്ഥാനമുണ്ടാവില്ല.