Translate

25 June, 2016

വശ്യ മോഹിനിയാം പൂക്കോട് തടാകം...

നീലാകാശവും നീലാമ്പലുകളും പ്രതിഫലിച്ചപ്പോൾ നീല തടാകമായി രൂപമാറ്റം സംഭവിച്ച കാട്ടുപൊയ്കയുടെ വശ്യത തേടിയാണ് ഇന്നത്തെ യാത്ര. എത്ര കണ്ടാലും മതിവരാത്ത വയനാടിന്റെ പ്രകൃതി ഭംഗിയിൽ കാണമെന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടിട്ടും കഴിയാതെ പോയ സ്ഥലങ്ങളുടെ പട്ടികയിൽ കയറിക്കൂടിയ ഇടമായിരുന്നു ഇന്നലെ വരെ. സസ്പെൻസ് പട്ടിക പൊളിച്ചെഴുതി ഇന്ന് പൂക്കോട് തടാകം തേടി പോവുകയാണ്.

കൽപറ്റയിൽ നിന്നും കോഴിക്കോടെക്കുള്ള റോഡിലൂടെ സഞ്ചരിച്ചാൽ ഹൈവേയിൽ നിന്നും അൽപം ഉള്ളിലേക്ക് മാറി തിങ്ങി നിറഞ്ഞ കാടുകൾക്കും ഹരിത മലകൾക്കും നടുവിൽ കുഞ്ഞോളങ്ങളുമായി വയനാടിന്റ മണ്ണിൽ ഒളിച്ചിരിക്കുന്ന
വശ്യതയാർന്നൊരു തടാകമുണ്ട്.

പൂക്കോട് തടാകത്തെ പറ്റി ആദ്യമായി എനിക്ക് വിവരണം നൽകിയത് എന്റെ സഹോദരിയായിരുന്നു. അവൾ TTC ക്ക് പഠിക്കുന്ന കോളേജിൽ നിന്നും പഠനത്തിന്റെ ഭാഗമായി ഒരിക്കൽ അവർ പൂക്കോട് തടാകത്തിലേക്ക് ടൂർ പോയിരുന്നു.

തിരിച്ച് വന്നതിന് ശേഷം തടാകത്തിനെ കുറിച്ചുള്ള അവളുടെ യാത്ര വിവരണവും ബോട്ട് യാത്രയും അവർ എടുത്ത ചിത്രങ്ങളും കണ്ടപ്പോൾ അന്ന് ഞാൻ മനസ്സിൽ കുറിച്ചതാണ് ഒരിക്കൽ ഞാനും പോകുമെന്ന്. അതിന് ശേഷം സാഹചര്യം ഒത്തു വന്നപ്പോൾ വയനാട്ടിലെ ജോലിക്കിടയിൽ ആരും അറിയാതെ ഒരിക്കൽ ഞാൻ തടാകത്തിൽ പോയി രുന്നു. അന്നത്തെ ദിവസം ക്യാമറയിൽ ഞാൻ ഒപ്പിയെടുത്ത പൂക്കോട് തടാകത്തിന്റെ ചിത്രങ്ങൾ ഞാൻ എന്റെ വീട്ടിലെ കമ്പൂട്ടറിൽ D ഡ്രൈവിൽ സൂക്ഷിച്ചത് അനിയത്തി കണ്ടുപിടിച്ചിട്ട് ഉറക്കനെ വിളിച്ച് കൂവി.....
ഉമ്മാ... നമ്മളെ കൂട്ടാതെ നവാസ് കാക്ക ഒറ്റക്ക് പൂക്കോട് തടാകം കാണാൻ പോയി ഇതാ കമ്പൂട്ടറിൽ ഫോട്ടോകൾ.

അന്ന് എന്റെ യാത്രാ ദിവസം ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായിരുന്നു എന്ന് ഞാൻ ഓർക്കുന്നു. എന്തെന്നാൽ അന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിഞ്ഞിട്ടായിരുന്നില്ല ഞാൻ പൂക്കോട് തടാകത്തിൽ എത്തിയത്. വയനാട് എനിക്ക് അന്നേ ദിവസം കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. കൽപറ്റയിൽ നിന്നും കോഴിക്കോട് KSRTC ബസ്സിന് കയറി വെറ്റിനറി കോളേജ് സ്റ്റോപ്പിലിറങ്ങി വന്ന വഴിയിലേക്ക് പുറകിലേക്ക് നടന്നു പിന്നീട് ഇടത്തേക്കുള്ള പൂക്കോട് തടാകത്തിലെക്കുള്ള വഴിയിലൂടെ പതിനഞ്ച് മിനിട്ടോളം നടന്നപ്പോൾ തടാകത്തിൽ എത്തിചേർന്നു.

എത്തേണ്ട ദിവസം എത്തേണ്ട സ്ഥലത്ത് കൃത്യമായി എത്തുക എന്നൊക്കെ പറയുന്നത് പോലെ അന്നേ ദിവസം ലോക പരിസ്ഥിതി ദിനമാണ് എന്നൊന്നും ഓർമയില്ലായിരുന്നെങ്കിലും സാഹചര്യവശാൽ അന്ന് പൂക്കോട് തടാകത്തിൽ തന്നെ ഞാൻ എത്തിപ്പെട്ടു. സമുദ്ര നിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലാണ് തടാകം സ്ഥിതിചെയ്യുന്നത്. ചെടികൾ നട്ടും മരതൈകൾ നട്ടും തടാകത്തിലെ ഉദ്യോഗസ്ഥരും ജോലിക്കാരുമെല്ലാം ലോക പരിസ്ഥിതി ദിനം കൊണ്ടാടുന്ന തിരക്കിലായിരുന്നു. ജൂൺ 5 ലോകപരിസ്ഥിതി ദിനമെന്നും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ കാരണങ്ങളുമെല്ലാം ഉൾപെടുത്തിയ എന്റെ മുന്നിലെ ബാനർ കണ്ടപോളാണ് ഇന്ന് ലോക പരിസ്ഥിതി ദിനമാണെന്ന് എന്റെ ഓർമയിലേക്ക് ഓടിയെത്തിയത്. ടിക്കറ്റെടുത്ത് ഞാൻ തടാകത്തിനടുത്തെക്ക് പ്രവേശിച്ചു.

പ്രവേശന കവാടത്തിൽ സന്ദർഷകരെ കാത്ത് കരകൌശല വസ്തുക്കൾ നിരത്തി വെച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കുകളുടെ കടന്നുകയറ്റങ്ങളില്ലാതെ മുളകൾ കൊണ്ട് നിർമിച്ച മനോഹരമായ കുട്ടകൾ, മരത്തടിയാൽ നിർമിച്ച കളിപ്പാട്ടങ്ങൾ കരകൗശല വസ്ഥുക്കൾ ആദിവാസികൾ കാടുകളിൽ നിന്നും ശേഖരിച്ച് കൊണ്ടുവന്ന രുചിയൂറും കാട്ടുതേൻ ആരോഗ്യം പ്രധാനം ചെയ്യുന്ന മുളയരി അങ്ങനെ വയനാടിന് മാത്രം സ്വന്തമെന്ന് പറയുവാൻ കഴിയുന്ന ധാരാളം ഉത്പന്നങ്ങൾ. ക്യാമറയുമായി അവരുടെ സമീപത്തേക്ക് ചെല്ലുന്നവർ പലരും അവരിൽ നിന്നും എന്തെങ്കിലും വാങ്ങുവാൻ വേണ്ടി വരുന്നതല്ലെന്നും ഫോട്ടോ എടുക്കുവാൻൻ വേണ്ടി മാത്രം വരുന്നവരാണെന്നും അവർക്ക് നന്നായി അറിയാം.

ചുറ്റിനും നിറഞ്ഞു നിൽക്കുന്ന പച്ചില കാടുകൾക്ക് നടുവിലായി ഇളം കാറ്റിൽ കുഞ്ഞോളങ്ങളുമായി പൂക്കോട് തടാകം. തടാകത്തിൽ ഫൈബർ വള്ളങ്ങളിൽ ചുറ്റിക്കാണുവാൻ മോഹിച്ച് മുന്നേ പോയ വള്ളങ്ങളിലുള്ളവർ തിരികെയെത്തുന്നതും കാത്ത് സന്ദർശകർ കരയിൽ നിൽക്കുകയാണ്. പെഡൽ ബോട്ടുകൾ മാത്രമേ തടാകത്തിൽ കാണുവാൻ കഴിയുകയുള്ളൂ. തടാകത്തിലേക്ക് വള്ളങ്ങളുമായി മുന്നേ പോയവരൊന്നും അത്ര വേഗത്തിൽ തിരികെ വരുമെന്ന് തോനുന്നില്ല. എന്തെന്നാൽ അവർ പൊയ്കയിലെ ആമ്പൽ പൂക്കളുടെ ചാരത്ത് മതിമറന്ന് ഉല്ലസിക്കുകയാണ്.

തടാകത്തിന് പുറകിലായി പച്ച പരവതാനി വിരിച്ചു നിൽകുന്ന കുന്നിൻ ചെരുവുകൾ. മരങ്ങളും കുറ്റി ചെടികളും വളർന്നു നിൽക്കുന്ന കുന്നിൻ ചെരുവിലെ പച്ച പരവതാനിയിൽ ഓടിക്കയറി ചെന്ന് തല കുത്തി മറിയണം എന്നൊരാഗ്രഹമുണ്ട് പക്ഷെ ഈ സമയത്ത് അവിടേക്ക് ചെന്നെത്തുവാൻ കഴിയുമെന്ന് തോനുന്നില്ല അൽപ്പം ദൂരെയാണ്.

തടാകത്തിന് ചുറ്റിലും കാണുവാൻ മോഹിച്ച് നടക്കുവാൻ തുടങ്ങിയപോൾ കാടിന്റെ വൈവിധ്യങ്ങൾ നിറഞ്ഞ കാഴ്ച്ചകൾ മാത്രമായിരുന്നു എന്നെ കാത്തിരുന്നത്. കുന്നിൻ ചെരിവുകൾ താഴെ ഇടതൂർന്ന് നിൽക്കുന്ന പച്ചില കാടുകൾക്ക് നടുവിലായി ആരെയും മോഹിപ്പിക്കുന്ന തടാകം. കാട്ടുചോലകളും വളർന്ന് പന്തലിച്ച് നിൽക്കുന്ന വൻ മരങ്ങളുടെ ശിഖിരങ്ങളും താഴേക്ക് നീണ്ട് പോയ്കയിലെക്ക് മുഖം നോക്കി നിൽക്കുകയാണ്.



തടാകത്തിലെ തെളിഞ്ഞ വെള്ളത്തിൽ ചുറ്റിലുമുള്ളതെല്ലാം കണ്ണാടി പോലെ പ്രതിഫലിച്ച് നിൽക്കുന്നു. മുഖം മനസ്സിന്റെ കണ്ണാടിയെന്ന പോലെ ഇവിടെ തടാകത്തിന് ചുറ്റിലുമുള്ള കാടുകളെല്ലാം തടാകത്തെ സംരക്ഷിക്കുന്നു. താഴേക്ക് നോക്കിയാൽ ചുറ്റിലുമുള്ള പ്രകൃതി ഭംഗിയെല്ലാം തെളിഞ്ഞു കാണാനാകുന്നുണ്ട്.
ചിലയിടങ്ങളിൽ ആമ്പൽ ചെടികളും പായലുകളും നിറഞ്ഞു നിൽക്കുന്നുണ്ട്. മേഘാവൃതമായ നീലാകാശം തടാകത്തിൽ മുഖം കാണിച്ച് കണ്ണാടി പോൽ പ്രതിഫലിച്ച് നിൽക്കുന്നു.

പെഡൽ ബോട്ടുകൾ സൃഷ്ടിക്കുന്ന ഓളങ്ങൾ നീലാകാശത്തിന്റെ പ്രതിഫലന ഭംഗി തടാകത്തിൽ നോക്കി ആസ്വതിക്കുന്നതിന് ചിലപ്പോൾ തടസങ്ങൾ സൃഷ്ടിക്കുകയാണ്. തിങ്ങിനിറഞ്ഞ കാടുകളിൽ നിന്നും പൊഴിഞ്ഞ കാട്ട് പൂക്കൾ പൊയ്കയിലെ ആമ്പൽ പൂക്കൾക്കിടയിൽ ഒഴുകി നടക്കുന്നത് കാണാം.

കാടുകൾക്കിടയിലൂടെ നോക്കുമ്പോൾ അങ്ങ് ദൂരെ നീല മലകൾ മഞ്ഞ് പുതച്ച് നിൽക്കുന്നത് കാണാം.  മഞ്ഞ് മൂടിയ മലനിരകൾ വയനാടുകാർക്ക് പുതുമയല്ലെങ്കിലും ചുരം കയറിയെത്തുന്ന സന്ദർശകരുടെ ക്യാമറക്കണ്ണുകൾക്ക് വയനാടിന്റെ മലനിരകളുടെ ഭംഗി എന്നും കൗതുകം നിറഞ്ഞതാണ്‌.

തടാകത്തിനു ചുറ്റുമായി കാഴ്ച്ചകൾ കണ്ടു നടക്കുവാൻ കാടിന് നടുവിലൂടെ വള്ളികളും മരങ്ങളും ഇടതൂർന്ന് തിങ്ങി നിറഞ്ഞ വഴികളുണ്ട്. ക്ഷീണം മാറ്റി വിശ്രമിക്കുവാനായി ഇടക്കിടെ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
തടാകത്തിനെയും കാടിനേയും വേർതിരിക്കുന്ന ഇരുൾ മൂടിയ കാട്ടു വഴികളിലൂടെ അൽപ നേരം ശുദ്ധവായുവും ശ്വസിച്ച് സ്വസ്ഥമായി നടക്കാം. കണ്ണുകൾക്ക് ഹരിത ഭംഗിയും ചെവികൾക്ക് കിളിനാദവും ശരീരത്തിന് കുളിരും മനസ്സിന് ആവേശവും അങ്ങനെ നാട്ടു വഴികളിലൂടെ നടക്കുന്ന എല്ലാ വികാരങ്ങളും ആസ്വതിക്കാം.
വഴികളിൽ ശബ്ദ കോലാഹലങ്ങളുമായി വിവിധയിനം പക്ഷികളും കാട്ടുപൂക്കളിലെ തേൻ തേടിയെത്തിയ ചിത്രശലഭങ്ങളും അങ്ങിങ്ങായി പാറി നടക്കുന്നത് കാണാം.
 പൊയ്കയിലെ നീലിമയാർന്ന ആമ്പൽ പൂക്കളെ ഫ്രയിമിലൊതുക്കുവാനായി ക്യാമറയും തടാകത്തിലേക്ക് നീട്ടിപിടിച്ച് അനങ്ങാതെ നിൽക്കവേ ചിറകിൽ പൂമ്പൊടിയുമായി ഒരു കാനന സുന്ദരി എന്റെ കൈകളിൽ പറന്നെത്തി. അഴകാർന്ന കുഞ്ഞു ചിറകുകളുമായി വസന്തങ്ങൾ തേടി പറന്നു തളർന്ന അവൾ ഇത്തിരി നേരം എന്റെ കൈകളിൽ വിശ്രമം തേടിയെത്തിയതാണ്. എന്റെ കൈകളിൽ ഇരുന്നതിനാൽ ഏതാനും നിമിഷങ്ങൾ ഞാൻ കൈകൾ അനക്കാതെ അവളുടെ കുസൃതിക്കായി നിന്നുകൊടുത്തു. കാടിനകത്തെ വസന്തങ്ങളിലേക്ക് എന്നെയും ക്ഷണിച്ച് കൊണ്ടാണ് ശലഭം പറന്നുപോയത്.

നാളത്തെ പകലിൽ വിരിയാൻ കൊതിച്ച് ഇതൾ കൂമ്പി നിൽക്കുന്ന ആമ്പൽ പൂമൊട്ടുകളോടൊപ്പം ഇന്നത്തെ പകലിനെ സുഗന്ധം പരത്തി മനോഹരമാക്കുവാൻ വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂക്കളും പൊയ്കയിൽ പലയിടങ്ങളിലായി തലയുയർത്തി നിൽക്കുകയാണ്. ഇന്ന് വിരിയണോ അതോ നാളെ വിരിഞ്ഞാൽ മതിയോ എന്ന് ചിന്തിച്ച് ഉറങ്ങിയത് പോലെ പാതി വിരിഞ്ഞ് നിൽക്കുന്ന മടിയൻ മാരായ ആമ്പൽ പൂക്കളെയും പൊയ്കയിൽ കാണാം.
ഒരു ചിത്ര ശലഭത്തെപോലെ ഏതാനും നിമിഷത്തേക്ക് തടാകത്തിനു ചുറ്റുമുള്ള കാഴ്ച്ചകളും ക്യാമറയിൽ പകർത്തി ഞാനും അതിലെ പറന്നു നടക്കുകയായിരുന്നു. 
രണ്ട് മണിക്കൂറോളം തടാകത്തിന് ചുറ്റുമുള്ള കാട്ടുവഴിയിലൂടെ നടന്നിട്ടും എനിക്ക് മടുപ്പ് അനുഭവപ്പെട്ടില്ല. വഴികളിലൂടെ മുന്നോട്ട് നടക്കുമ്പോൾ ഒരു വശത്ത് തിങ്ങി നിറഞ്ഞ കാടുകളും മറു വശത്ത് ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന വശ്യതയാർന്ന കാട്ടു പൊയ്കയും തിരികെ നടക്കുമ്പോഴും അതേ പ്രതീതി തന്നെയാണ്. സൗരഭ്യം പരത്തുന്ന കാട്ടുപൂക്കൾ ചുറ്റിനുമുള്ള മരങ്ങളിൽ ക്യാമറയുടെ വരവും പ്രതീക്ഷിച്ച് നിൽക്കുന്നത് കാണാതെ പോയാൽ യാത്രയിലെ നഷ്ട്ടമാവുമെന്ന് തോന്നിയതിനാൽ കാടിനുള്ളിലേക്ക് അൽപ്പദൂരം കയറി ചെല്ലാൻ തീരുമാനിച്ചു. തടാകത്തോട് ചേർന്ന മരങ്ങളുടെ ശിഖിരങ്ങൾ നിറയെ മനോഹരമായി പൂക്കൾ വിരിഞ്ഞു നിൽക്കുകയാണ്.

പ്രകൃതി തൻ സൗന്ദര്യം കാടിനുള്ളിൽ ആവാഹിച്ച് വെച്ചിരിക്കുകയാണ്. ഒരു പക്ഷെ എന്റെ ക്യാമറക്ക് അതിന്റെ സൗന്ദര്യത്തിന്റെ ഒരംശം പോലും ഒപ്പിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ടാവുമെന്ന് തോനുന്നില്ല. ഈ വഴികളിലൂടെ നടക്കുമ്പോൾ കണ്ണുകൾ ചിമ്മുന്നവർക്ക് അത്രയും സമയം നഷ്ട്ടം എന്ന് പറയേണ്ടി വരും. ചിത്രങ്ങളുടെ ഓർമ്മയിൽ ഇന്ന് ഞാൻ അന്നത്തെ സന്ദർശനത്തിന്റെ അനുഭവങ്ങൾ എഴുതുമ്പോൾ എന്റെ മനസ്സ് പിന്നിട്ട വഴികളിലൂടെ പലതവണ വീണ്ടും സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു.
കാനന ചോലയിലൂടെ ഇഴഞ്ഞ് നീങ്ങികൊണ്ടുള്ള ബോട്ട് സവാരി ആരാണ് ഇഷ്ട്ടപെടാതിരിക്കുക. തടാകത്തിൽ ബോട്ട് സവാരി ഇഷ്ട്ടമുള്ളവർക്ക് അതിനും അവസരമുണ്ട്. 
നിശബ്ദമായ ഈ തടാകത്തിൽ യന്ത്രവൽകൃത ബോട്ടുകളില്ലാത്തതിനാൽ തടാകത്തിൽ വലിയ ഓളങ്ങളുടെ അലയടികളുമില്ല. രണ്ടും നാലും സീറ്റുകളുള്ള വള്ളങ്ങളാണ് തടാകത്തിൽ യാത്രക്കായി ഉപയോഗിക്കുന്നത്. ഇഷ്ട്ടാനുസരണം കാലുകൾകൊണ്ട് പതുക്കെ ചവിട്ടി കറക്കികൊണ്ട് തടാകത്തെ വേദനിപ്പിക്കാതെ തടാകം മുഴുവൻ ബോട്ടിൽ ചുറ്റി കറങ്ങി കണ്ട് തിരിച്ചു വരുമ്പോൾ കിട്ടുന്ന സംതൃപ്തി മറ്റൊരിടത്തും ലഭിക്കുകയില്ല.

താമരയും ആമ്പൽ പൂക്കളും നിറഞ്ഞ തടാകത്തിലൂടെ ഫൈബർ ബോട്ടിൽ കറങ്ങി കരയിലേക്ക് കയറുമ്പോൾ മനസ്സിലെ ഭാരങ്ങളെല്ലാം തടാകത്തിൽ ഒഴുക്കി കളഞ്ഞ് മനസ്സ് സ്വതന്ത്രമായതായി അനുഭവപ്പെടും. ആമ്പൽ പൂക്കൾക്ക് പുറമേ തടാകത്തിന് ചുറ്റിലുമുള്ള മരങ്ങൾ പൂക്കൾ കൊഴിച്ച് എന്റെ യാത്രക്ക് അനുഗ്രഹം ചൊരിഞ്ഞത് പോലെ തടാകത്തിൽ നിറയെ വീണ് കിടപ്പുണ്ട്. തടാകത്തിന് ചുറ്റുമുള്ള കാടിന് നടുവിലൂടെയുള്ള കാഴ്ച്ചകളും കാമറയിലാക്കി മതിവരാത്ത നടത്തം തന്നെയാണ് ബോട്ട് യാത്രയെക്കൾ രസകരം. 13 ഏക്കറോളം വിസ്തീർണമുള്ള ഈ തടാകത്തിന് ചിലയിടങ്ങളിൽ 6 മീറ്ററോളം ആഴവമുണ്ട്. പൂക്കോട് തടാകത്തിൽ മാത്രം കാണുവാൻ കഴിയുന്ന മത്സ്യങ്ങളായ പൂക്കോടൻ പരൽ വെള്ളത്തിൽ ഓടി നടക്കുന്നത് കാണാം.

പൂക്കോട് തടാകം സന്ദർശിച്ചവർക്ക് ഓർമയിൽ സൂക്ഷിക്കുവാൻ മറ്റൊരു സംഭവം കൂടെയുണ്ട്. 
ഡോക്ടർ ഫിഷ്‌ എന്നറിയപെടുന്ന മത്സ്യങ്ങളെ നിറച്ചിട്ടുള്ള ടാങ്കിന് മുകളിൽ ഇരുന്നുകൊണ്ട് വെള്ളത്തിൽ കാൽ തൊടുമ്പോൾ ടാങ്കിനകത്തുള്ള മത്സ്യങ്ങളെല്ലാം കൂട്ടമായി വന്ന് കാലിലെ മൃത കോശങ്ങൾ കൊത്തി വൃത്തിയാക്കി തരുന്ന ഫിഷ്‌ തെറാപ്പിയുമെല്ലാം ഇവിടെയെത്തുന്ന സന്ദർശകർക്ക് രസകരമായ അനുഭവങ്ങളാണ്. ശുദ്ധ ജല മത്സ്യങ്ങളെ വളർത്തുന്ന അക്വറിയവും അതോടൊപ്പം ഒരു ഹരിത ഗൃഹവും ഇവിടെയുണ്ട്.

കാട്ടു ചോലകളും നീല തടാകവും തടാകവും ആമ്പൽ പൂക്കളും ബോട്ട് യാത്രയും ഹരിത ഗൃഹവും ചുറ്റി നടത്തും അങ്ങനെ പറഞ്ഞാൽ തീരുമെന്ന് തോനുന്നില്ല അത്രക്ക് മനോഹരമാനിവിടെ. ആവശ്യത്തിൽ അധികം ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞിരിക്കുന്നു അതോടൊപ്പം ധാരാളം കാഴ്ച്ചകൾ കാണുവാൻ കഴിയാതെയും പോയിരിക്കുന്നു. ഈ നിമിഷം മുതൽ എന്റെ കാതുകളിൽ പൂക്കോട് തടാകം എന്ന് കേൾക്കുമ്പോൾ ഓർത്തെടുക്കുവാൻ ഒരുപാട് നല്ല ഓർമകളും ചിത്രങ്ങളും ഞാൻ സ്വന്തമാക്കി എന്ന സന്തോഷത്തോടെ തിരിച്ച് ചുരം ഇറങ്ങുകയാണ്.

കാട് ഭൂമിയിലെ സ്വർഗ്ഗമാണ് മനുഷ്യരുടെ കണ്ണും കൈകളും അവിടേക്ക് പരിതി വിട്ട് കടന്നു ചെല്ലുന്നത് പ്രകൃതി ഇഷ്ടപെടുന്നില്ല.
എല്ലാവരും എത്തിച്ചേരുവാൻ ആഗ്രഹിക്കുന്ന എന്നാൽ നമ്മൾ മനുഷ്യർക്ക് ചെന്നെത്തുവാൻ കഴിയാത്ത ദുർഗടങ്ങളേറിയ സ്ഥലങ്ങളിൽ വളരുന്ന ചെടികളിലെ പൂക്കൾക്കും കായ്കൾക്കും ഇലകൾക്കുമെല്ലാം അതിന്റേതായ ഔഷധ ഗുണങ്ങളും മോഹോപ്പിക്കുന്ന ഭംഗിയുമുണ്ടാവും.

സമ്പൽ സമൃദ്ധമായ ഈ കാടും പരിസരങ്ങളുമെല്ലാം ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. നമ്മൾ നമ്മുടെ മനസ്സിൽ ചില രഹസ്യങ്ങൾ സൂക്ഷിക്കുന്നത് പോലെ ഇവിടെയുള്ള കാടുകളും കാട്ടുചോലകളും മനുഷ്യർക്ക് മനസ്സിലാക്കുവാൻ കഴിയുന്നതിനും അപ്പുറം പ്രകൃതിയുടെത് മാത്രമായ ധാരാളം രഹസ്യങ്ങൾ സൂക്ഷിച്ച് പോരുന്നു. കാടിന്റെ രഹസ്യങ്ങൾ കാടിന് മാത്രമറിയുന്ന കാലങ്ങളായി സംരക്ഷിച്ച് പോരുന്ന പ്രകൃതിയുടെ നില നിൽപ്പിന് ആവശ്യമായ രഹസ്യങ്ങളാണ്.
കാടുകൾ തെളിച്ചും വനങ്ങൾ നശിപ്പിച്ചും കാട് കൈയേറിയുമെല്ലാം നമ്മൾ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ ഒരു കാര്യം എന്നും ഓർക്കുന്നത് മനുഷ്യരാശിക്ക് ഗുണം ചെയ്യും. ഓരോ കാടും ആ പ്രദേശത്തിന്റെ കാലാവസ്ഥാ നിയന്ത്രണത്തിലും മഴയുടെ ലഭ്യതയിയും വലിയ സ്ഥാനം വഹിക്കുനുണ്ട്. ഒരു കാട് നശിപ്പിക്കുവാൻ നിമിഷങ്ങൾ മതിയാവും എന്നാൽ ഒരായിരം ചെടികൾ വളർന്ന് വലുതായി ഒരു കാട് പിറവിയെടുക്കുവാൻ മനുഷ്യായുസ്സിനെക്കാൾ കാലതാമസങ്ങൾ ഉണ്ടാവും.

ഒരു കാലത്ത് വയനാട്ടിലേക്ക് പോവുകയാണ് എന്നൊക്കെ പറയുമ്പോൾ ഊട്ടിയിലേക്ക് പോകുന്നത് പോലെയുള്ള സന്തോഷമായിരുന്നു. ഊട്ടിയിൽ പോയവർ പറയാറുള്ളത് ഭയങ്കര മഞ്ഞാണ് തണുപ്പാണ് എന്നൊക്കെയായിരുന്നു അങ്ങനെയെങ്കിൽ പാവങ്ങളുടെ ഊട്ടിയായ വയനാടിനും ഊട്ടിയുടെ എല്ലാ സൗന്ദര്യവുമുണ്ട്. ഏലവും കാപ്പിയും തേയിലയും ഓറഞ്ചും ഗ്രാമ്പൂവും ചോളവും അങ്ങനെ മണ്ണിൽ വിതക്കുന്നതെന്തും വിളയുന്ന മണ്ണാണ് വയനാടിന്റെത്.

വന നശീകരണവും അനധികൃത പാറ ഘനനവും അന്തരീക്ഷ മലിനീകരണവുമെല്ലാം കാരണം ഇന്ന് വയനാടിന്റെ സൗന്ദര്യവും നശിച്ച് കൊണ്ടിരിക്കുകയാണ്. എന്നും രാവിലെ മൂടിക്കെട്ടിയ കോട മഞ്ഞും ഈർപ്പം നിറഞ്ഞ തണുത്ത കാലാവസ്ഥയും ഒക്കെയായി നില നിന്നിരുന്ന വയനാടിന്റെ പഴയ സൗന്ദര്യത്തിന് ഇന്ന് വല്ലാതെ കോട്ടം തട്ടി തുടങ്ങിയിരിക്കുന്നു.
വയലുകളുടെയും കർഷകരുടെയും നാടായ വയനാട്ടിൽ ഇന്ന് കർഷകരും നെൽകൃഷിയും കുറഞ്ഞ് വന്നിരിക്കുകയാണ്. സുഗന്ധം വീശുന്ന കാറ്റും പ്രകൃതി ഭംഗിയൊക്കെയായി മറ്റു ജില്ലകൾക്കില്ലാത്ത ഒരുപാട് പ്രത്യേകതകൾ വയനാടിന്റെ മാത്രം സ്വന്തമാണ്. ചരിത്രങ്ങളുറങ്ങുന്ന വയനാടിന്റെ സൗന്ദര്യം പ്രകൃതി കനിഞ്ഞ് നൽകിയ വരദാനമാണ്.

കണ്ണെത്താ ദൂരത്തോളം വിരിഞ്ഞു നിൽക്കുന്ന കാപ്പി പൂക്കളുടെ സുഗന്ധവും ഇടക്കിടെയുള്ള ചാറ്റൽ മഴയും കാടുകളിൽ നിന്നും ഒഴുകിയെത്തുന്ന പാലരുവികളും പുള്ളിമാനുകൾ ഓടിച്ചാടി നടക്കുന്ന കാനന പാതകളും ആനകളുടെ ചിന്നം വിളികളും മലയണ്ണാൻ തുള്ളിച്ചാടി ശബ്ദ മുകരിതമാക്കുന്ന കാടുകളും ചുരങ്ങളിൽ തെന്നി നീങ്ങുന്ന കോടമഞ്ഞും ഏലക്കായ ചെടികൾ പൂവിട്ട് നിൽക്കുന്ന കവുങ്ങിൻ തോട്ടങ്ങളും കൊറ്റികൾ വിരുന്നെത്തുന്ന കൊയ്ത്ത് പാട്ടുകൾ നിലക്കാത്ത വയലുകളും കാപ്പി പൊടിയുടെ ഗന്ധവും നാവിൽ രുചി പകരുന്ന ചായ തോട്ടവുമെല്ലാം വയനാടിന് നശിക്കാതെ നിലനിൽക്കുന്ന കാലത്തോളം അങ്ങ് ഇറ്റലിയിലും ലണ്ടനിലും അമേരിക്കയിലുമുള്ള വിദേശികൾക്കും കേരളത്തിലെ അന്യ സംസ്ഥാനക്കാർക്കും വയനാട് എന്നും പ്രിയപ്പെട്ടതാണ്.
എന്തിനേറെ പറയണം വയനാടിന്റെ താഴ്വാരങ്ങളിലുള്ള ഞങ്ങളെ പോലെയുള്ളവർക്ക് പോലും ആന വണ്ടികളിൽ കയറി ചുരങ്ങളും കുന്നും മലയും താണ്ടി ചെന്ന് നൂറ് വട്ടം വയനാട് കണ്ടിട്ടും അടുത്ത തവണ വീണ്ടും വയനാട്ടിൽ കാല് കുത്തി തിരികെ ചുരമിറങ്ങുമ്പോൾ കുളിരുന്ന ഒരു പാട് പുതിയ ഓർമ്മകളുടെ അനുഭവങ്ങൾ പങ്ക് വെക്കുവാനുണ്ടാവും.
വയനാടിന്റെ മണ്ണിൽ സ്വസ്ഥമായി വിരിയുന്ന പൂക്കൾ മറ്റൊരിടത്തും ഇത്രയധികം ഭംഗിയോടെ വിടർന്ന് നിൽക്കുന്നത് കാണുവാൻ കഴിയില്ല.

........സുഗന്ധ ഗ്രാമം സുന്ദര ഗ്രാമം എന്ന പേര് ചരിത്രങ്ങളുറങ്ങുന്ന വയനാടിന് എന്നും നിലനിർത്തുവാൻ കഴിയട്ടെ.......

No comments:

Post a Comment