Translate

15 May, 2016

ഒരു കുഞ്ഞു ഹൃദയത്തിലെ സ്നേഹം...

15/05/2016  വീട്ടിൽ നിന്നും എന്റെ ഫോണിലേക്ക് പതിവില്ലാതെ അതി രാവിലെ ഒരു വിളി വന്നു.  നല്ല ഉറക്കിയിരുന്ന ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ തിരിച്ചുവിളിച്ചു. ഞാൻ ഇവിടെ ഗൾഫിലാണ് പതിവില്ലാത്ത സമയത്ത് വീട്ടിൽ നിന്നും വിളിക്കുമ്പോൾ ആകെ ഒരു വെപ്രാളമാണ്. അനിയത്തിയാണ് വിളിച്ചത് ഒരു മരണ വാർത്തയെ പറ്റി പറയാൻ, അല്ല ഒരു മരണ ദിവസത്തിന്റെ ഓർമ്മ പുതുക്കൽ. അവളുടെ ജീവിതത്തിൽ ഏറ്റവും സ്വാതീനിച്ച അവളുടെ ഹൃദയം പോലെ കാത്തു സൂക്ഷിച്ചത് അവളുടെ കൈകളിൽ നിന്നും പറന്ന് പോയി മരണത്തിന് കീഴടങ്ങിയിട്ട് ഇന്നേക്ക് നാല് വർഷം തികയുന്നു.  ചക്കര കുട്ടി മരിച്ച ദിവസം എന്നാണ് ഫോണിലൂടെ വിളിച്ച് പറഞ്ഞത്. കേട്ട പാടെ എന്റെ കണ്ണ് നിറഞ്ഞു, ഞാൻ എന്റെ സ്വന്തം ജന്മദിനം പോലും ഓർക്കാറില്ല അപ്പോഴാണ് നാല് വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞ് പോയ ഒരു പക്ഷിയുടെ മരണ ദിവസം മനസ്സിൽ കൊണ്ടു നടക്കുന്നത്. പുറമെ നിന്നും നോക്കുന്നവർക്ക് അത് ഒരു തത്തമ്മ.
അവൾക്ക് അത് അവളുടെ ജീവന്റെ ജീവനായിരുന്നു, അമ്മക്കിളിയും മകളും പോലെയായിരുന്നു അവർ തമ്മിലുള്ള സ്നേഹം. ദൂരെ യാത്രകളിൽ പോലും തത്തയെയും കൂടെ കൂട്ടിയാണ് ഞങ്ങൾ പോവാറുണ്ടായിരുന്നത്.

പത്ത് പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് കമുങ്ങിൻ തൊപ്പിൽ നിന്നും എനിക്കൊരു കുഞ്ഞു തത്തയെ കിട്ടി. തത്തയെയും കൊണ്ട് എത്രയും വേഗം വീട്ടിലേക്ക് ചെന്നെത്തണം എന്ന ചിന്ത മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ ഞാൻ നേരെ വീട്ടിലേക്ക് വെച്ച് പിടിച്ചു. പാലും പഴവും നൽകി ഉമ്മയും അനിയത്തിയും കൂടി പൊന്നു പോലെ നോക്കി വളർത്തി. പതുക്കെ തൂവലുകൾ മുളച്ചു വളർന്നു ചിറകുകളിൽ വലിയ തൂവലുകൾ മുളച്ചു അങ്ങനെ പതുക്കെ പറക്കാൻ തുടങ്ങി. ദിവസവും അനിയത്തി പാട്ട് പാടി കേൾപ്പിക്കുന്നത് കൊണ്ട് പെട്ടെന്ന് സംസാരിക്കാന്‍ തുടങ്ങി
ചിറക് മുളച്ച് പറക്കാനായെന്ന് സ്വയം തോന്നിയത് മുതല്‍ പലതവണ പാറി പോയിട്ടുണ്ട്. പറക്കാനവസരം കിട്ടിയ ഒര് ചാന്‍സും ഒഴിവായില്ല. ആ പറക്കല്‍ എവിടെ വരെ എത്തുമൊ അവിടെ ഇരിക്കും. പാറിപ്പോകേണ്ട താമസം കാക്കയും മറ്റും അവളുടെ പിന്നാലെ കൂടും.
ആദ്യമൊക്കെ  ചെറിയ വല്ല മരത്തിലോ വാഴയിലയിലോ പോയിരിക്കും.
പേര് വിളിയൊക്കെ നേരത്തെ നടത്തി ചക്കര എന്നാണ് പേര്.
തത്തക്ക് കൂടുതല്‍ ഇഷ്ടം എന്റെ അനിയത്തിയോടും ഉപ്പയോടുമായിരുന്നു.
ഞാനൊക്കെ വീട്ടില്‍നിന്ന് രാവിലെ പോയാല്‍ പിന്നെ രാത്രിയിലാണ് വരിക . എപ്പൊഴും കൂട്ടിനുണ്ടാവുക അനിയത്തിയായിരുന്നു.
ഇടക്കിടക്ക്  പറന്ന് പോകാനുള്ള കാരണം വേറൊന്നുമല്ല രാവിലെ പോകുമ്പോള്‍ എന്റെ വക തത്തക്ക് ഒരുമ്മ കൊടുക്കും രാത്രിയിലും പറ്റിയാല്‍ കൊടുക്കും. അങ്ങനെ വീട്ടില്‍ ആകെ അഞ്ച് ആളുടെയും സ്നേഹ ചുബനങ്ങള്‍. അതും തത്തയെ കയ്യിലെടുത്തിട്ടാണ് കൊടുക്കുക.
രണ്ട് കൂടുണ്ടായിരുന്നു ഒരെണ്ണം വീടിന് പുറത്തും ഒരെണ്ണം ‍അകത്തും.
ദിവസവും രാത്രിയായാൽ അകത്തുള്ള കൂട്ടിലേക്ക് മാറ്റും. രാവിലെ പുറത്തേക്കും മാററും.
രാത്രി ആയാല്‍ വീടിനകത്ത് കൂട്തുറന്ന് അവളെ പറന്നു നടക്കാൻ വിടും. കൂട് തുറന്നാൽ നേരെ പോവുക അനിയത്തിയുടെ അരികിലേക്കാണ് പിന്നെ ഞങ്ങളുടെ പ്ലേറ്റില്‍ വന്ന് ചോറൊക്കെ ഒറ്റക്ക് തിന്നും. ഇറച്ചിയും മീനും തുടങ്ങി ഞങ്ങള്‍ തിന്നുന്നതെന്തും കഴിക്കാന്‍ തുടങ്ങി.
തത്തയെ വരുന്നവരെല്ലാരും ചക്കരേന്ന് വിളിച്ചത് കൊണ്ട് ആരെകണ്ടാലും തിരിച്ച് ചക്കരേന്ന് വിളിക്കും.
ജാസി ഗിഫ്റ്റിന്റെ ലജ്ജാവതിയേ....  എന്ന പാട്ട് അനിയത്തി പാടി പഠിപ്പിച്ചത് കൊണ്ട് തത്തുമ്മ രണ്ട് വരിയോളം സുന്ദരമായി പാടാനും പടിച്ചു. ഒരു
പെരുന്നാളിന് ഞങ്ങൾ എല്ലാവരും വയനാടില്‍ പോയപ്പോള്‍ അവളെ തനിച്ചാക്കി പോകാൻ മടിയായത് കൊണ്ട് തത്തമ്മയെയും കൊണ്ടാണ് പോയത്. നിങ്ങള്‍ കരുതും വട്ടാണെന്ന് . വട്ടായിട്ടല്ല അത്രക്ക്  ഇഷ്ടമായിരുന്നു. 
ഒരിക്കല്‍ പാറിപ്പോയിട്ട് കാണാതായി, അന്ന് ഞാൻ കണ്ണൂരില്‍ പഠിക്കുന്ന സമയം. പതിവ് പോലെ രാവിലെ ക്ലാസിന് പോയതായിരുന്നു കണ്ണൂര്‍ എത്തിയതും മൊബൈലിലേക്ക് വിളി വന്നു. അനിയത്തിയുടെ കയ്യില്‍ നിന്ന് തത്ത പാറി പോയെന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് ഫോണ്‍ കട്ടാക്കി.
ഞാന്‍ കണ്ണൂരില്‍ നിന്ന് വീടെത്തുന്നത് വരെ തത്തയെ കണ്ട സ്ഥലത്ത്നിന്ന് മാറാതെ  ഉമ്മയും അനിയത്തിയും അയല്‍ പക്കക്കാരും എല്ലാം ഉണ്ട്. അന്ന് വൈകുന്നേരം ഞാൻ ഒര് വിധത്തില്‍ മരത്തില്‍ കയറി പിടിച്ചു, അന്ന്  വീട്ടില്‍ ഉച്ചക്ക് ചോറ്പോലും വെച്ചില്ല.  
ഇത് പല തവണ സംഭവിച്ചിട്ടുണ്ട്,  ഒരിക്കല്‍  പോയിട്ട് രണ്ട് ദിവസം കഴിഞ്ഞാണ് വന്നത്. രണ്ട് ദിവസം ഞങ്ങൾ ഉറങ്ങാതെ ഉറങ്ങി.  പലപ്പോഴും എന്റെ ക്ലാസ് കട്ടാകേണ്ട അവസ്ഥ വന്നിട്ടുണ്ട്.
സംസാരിക്കാനും പാട്ട് പാടാനും നന്നായിപഠിച്ചു. രാവിലെ ഞങ്ങള്‍ എഴുന്നേറ്റില്ലേല്‍ ഉമ്മ തത്തയെയും കയ്യിലെടുത്ത് വന്നിട്ട് കാതിനോട് ചേര്‍ത്ത് വെക്കും. അപ്പോൾ അവൾ ഒരു കടി വെച്ച് തരും പിന്നെ എപ്പൊ എഴുന്നേറ്റെന്ന്  ചോദിക്കണ്ടാലോ.
ഒരിക്കല്‍ മണത്തണ സ്കൂളില്‍ അനിയത്തി പഠിക്കുന്ന സമയം സ്കൂളിലൊര് എക്സിബിഷന്‍ നടന്നപ്പോൾ എല്ലാവരും എന്തെങ്കിലും കൊണ്ട് ചെല്ലാൻ പറഞ്ഞപ്പോൾ എന്റെ അനിയത്തി കൊണ്ടുപോയത് തത്തമ്മയെയാണ്.
ഞങ്ങളുടെ വീട്ടിലൊരംഗത്തിനെ പോലെയല്ല ഒരംഗം തന്നെ ആയിമാറി.
അനിയത്തി സ്കുള്‍ വിട്ട് വരുന്നത് കണ്ടാല്‍ തത്തമ്മ പിന്നെ കൂട്ടില്‍ കിടന്ന് ഡാന്‍സും പാട്ടും തുടങ്ങും. ഏറ്റവും ഇഷ്ടം അവളോടായിരുന്നു. രാത്രി ആയാല്‍ വീടിനുള്ളില്‍ വാതിലടച്ച്  തുറന്ന് വിടും ഞങ്ങളുടെ അടുത്തേക്ക് വരില്ല പക്ഷെ അനിയത്തിയുടെ തോളിലും ചൂരിദാറിലുമായി ഇരിക്കും. അനിയത്തി ഒരകത്ത് നിന്നും മറ്റൊരകത്തെക്ക് പോകുമ്പോൾ അവളുടെ പിന്നാലെ നടന്ന് ചെല്ലും.
തത്തക്ക് അനിയത്തിയോട് സ്നേഹം കൂടാൻ ഒരു കാരണം വേറെയുണ്ട് അനിയത്തി ടി ടി സിക്ക് പഠിക്കുമ്പോൾ അവർക്ക് യൂണിഫോം
സാരിയായിരുന്നു അതും ഇളം പച്ച സാരി. തത്തമ്മയുടെ തൂവലും പച്ച അവളുടെ യൂണിഫോമും പച്ചയായപ്പോൾ അനിയത്തിയെ തത്തമ്മ അവളുടെ ബെസ്റ്റ് ഫ്രെണ്ടാക്കി.
തത്തയും അനിയത്തിയും കൂടി ഇരിക്കുമ്പോൾ ആ പരിസരത്ത് ചെല്ലാൻ പാടില്ല അവിടേക്ക് ചെന്നാൽ ഞങ്ങളെ പാറി വന്ന് ഓടിക്കും. തത്ത തന്റെ മക്കളെ നോക്കുന്നത് പോലെയായിരുന്നു അനിയത്തിയെ നോക്കുന്നത്. കിടക്കുന്നതും അവളുടെ റൂമില്‍ തന്നെ വീട്ടിനുള്ളിലെ ഏതകത്തും ചെല്ലാനും നല്ല പരിചയമായി.
ഒരിക്കല്‍ എന്റെ കയ്യില്‍നിന്ന് പോയിട്ട് തെങ്ങിന്റെ മുകളില്‍ പോയിരുന്നു. അനിയത്തി സ്കൂള്‍ കഴിഞ്ഞ് വരുന്നത് കണ്ടതും പാറിവന്ന് അവളുടെ തലയിലിരുന്നു. അന്ന് ഞാന്‍ ചിന്തിച്ചു.
ഒരു മനുഷ്യനുള്ളതിനെക്കാള്‍ നൂറിരട്ടി സ്നേഹം ഈ തത്തക്ക് അതും ഒര് മനുഷ്യനോട്. ഞങ്ങളോട് തത്ത കൂട്ട് കൂടിയില്ലെങ്കിലും അവർ തമ്മിലുള്ള ആ സ്നേഹം കാണുമ്പോൾ സത്യം പറഞ്ഞാൽ പറയാൻ വാക്കുകളുണ്ടായിരുന്നില്ല.
സ്നേഹിക്കാന്‍ മാത്രം അറിയുന്ന തത്ത  പലപ്പോഴും ഞാന്‍ ചിന്തിചിട്ടുണ്ട്  എന്തേ ഈ തത്ത ഇവളോട് മാത്രം ഇത്രയധികം സ്നേഹം കാണിക്കുന്നു എന്ന്.
അവളെ ആരെങ്കിലും വെറുതെയൊന്ന്  ഉപദ്രവിക്കുന്നത് കണ്ടാല്‍ കൂട്ടിലിരുന്ന്  നിലവിളിക്കും.
വീട്ടിലെ ഓരോ വ്യക്തികളോടും എങ്ങനെ പെരുമാറണമെന്ന്  കൃത്യമായി അറിയാം. എന്നെയും അനിയനെയും ഇടക്ക് കൊത്തി നോവിക്കും . ഉപ്പ വീട്ടിലെ കാര്യമായിട്ട്  ഒരാളാണെന്നും അറിയാം. രാത്രി വരുമ്പോള്‍  പലഹാരങ്ങളുമായി വരുന്നത് കൊണ്ടും വീട്ടിലെ മീശയുള്ള ഏക വ്യക്തി ആയതുകൊണ്ടും ഉപ്പാനെ ബഹുമാനമാണ്.
രാത്രിയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ തത്തയെ അകത്ത് തുറന്ന്  വിടും
ആകെ ഉള്ളൊര് പ്രശ്നം ഭക്ഷണം കഴിക്കുമ്പോള്‍ ഞങ്ങളുടെ പ്ലേറ്റിൽ നിന്നും മീൻ പൊരിച്ചതും കറി കഷ്ണങ്ങളും എടുത്ത് കൊണ്ടുപോയി അനിയത്തിക്ക് കൊണ്ടുപോയി കൊടുക്കും.
നെല്‍കതിര്‍ കിട്ടിയാല്‍ പിന്നെ വേറൊന്നും വേണ്ട. അവളെക്കാൾ വലിയ പേരക്കയൊക്കെ ഒറ്റയിരിപ്പിന് മുറിച്ചിട്ട്  തീർക്കും.
കുറച്ച് വെള്ളം വെച്ച് കൊടുത്താല്‍  കുളിയൊക്കെ സ്വയം നടത്തും കുളി കഴിഞ്ഞാൽ പിന്നെ നല്ലൊരു ഉറക്കം.
എട്ട് വര്‍ഷത്തോളം ഞങ്ങളുടെ കൂടെ ജീവിച്ചു.
ഒരു ദിവസം രാവിലെ അനിയത്തി തത്തയെ പുറത്തുള്ള കൂട്ടിലേക്ക് മാറ്റവെ കയ്യില്‍ നിന്നും പറന്ന് പോയി. ഒര്പാട് അന്വേഷിച്ചു കണ്ടില്ല. വൈകുന്നേരം ഒരു കരച്ചില്‍ കേട്ടപോള്‍ ഉമ്മയും അനിയത്തിയും അവിടേക്കോടി. വലിയൊര്  മരത്തിന്റെ മുകളില്‍ ഇരിപ്പാണ്. ഞാനും ഓടിയെത്തി  പക്ഷെ എനിക്ക് കയറാനാവാത്ത ഉയരം.
പിടിക്കാനൊരുപാട് ശ്രമം നടത്തി നടന്നില്ല. അവിടെനിന്ന് വീണ്ടും എങ്ങോട്ടോ പാറി പോയി. രാത്രി ഉറക്കമില്ലാതെ സകലയിടവും തിരഞ്ഞു കിട്ടിയില്ല. ആര്‍ക്കും ഭക്ഷണം പോലും വേണ്ട .
തത്ത പട്ടിണിയായിരിക്കുമെന്ന് പറഞ്ഞ് അനിയത്തി കരച്ചില്‍ തുടങ്ങി. അന്ന് എങ്ങനെയൊക്കെയോ നേരം വെളുപിച്ചു. പിറ്റേന്ന്  നേരം വെളുത്തതും അനിയത്തി ഒാടി തിരച്ചിലാണ്. എല്ലാവരും ചേര്‍ന്ന്  തിരഞ്ഞു .
ഇടക്കിടെ അങ്ങനെ പോകാറുണ്ടെങ്കിലും തിരിച്ച് വരാറുണ്ട്.
വരുമെന്ന് കരുതിയിരികുമ്പോള്‍ അയൽ വീട്ടിലെ ഒരാൾ വന്ന് പറയുന്നത്  അവിടെ ഓട്ടോറിക്ഷയിടിച്ച്  ഒര് പക്ഷി കിടപുണ്ടെന്ന്. കേട്ടതും പെങ്ങള്‍ കരച്ചില്‍ തുടങ്ങി.ഞാന്‍ അത് വേറെന്തെങ്കിലും ആവണേ എന്ന്  പ്രാര്‍ത്ഥിച്ച് ചെന്നപ്പോള്‍ ഹൃദയം പൊട്ടുന്ന കാഴ്ചയായിരുന്നു.
വണ്ടി തട്ടി ജീവനില്ലാതെ കിടപ്പാണ് എന്റെ കയ്യില്‍ വാരിയെടുത്ത് വീട്ടിലേക്കോടിയതും പിന്നീടൊന്നും  പറയാന്‍ എനിക്ക്  കഴിഞ്ഞില്ല. പാവം ഉമ്മയും അനിയത്തിയും. കരച്ചിലായിരുന്നില്ല പിന്നെ അവിടെ. എന്റെ കയ്യില്‍ നിന്നും തട്ടി പറിച്ച്  നെഞ്ചോട് ചേര്‍ത്ത് നിലവിളി ആയിരുന്നു. ടൗണിൽ പോയ ഉപ്പയും തിരിച്ച് വന്നു. ഒരു മരണ വീട്ടിലെ അവസ്ഥ.
തൊട്ടടുത്ത വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ട് ആരെല്ലാമോ വന്നു. തത്തയെ അടുത്ത വീട്ടിലെ ചേച്ചി പിടിച്ച് വാങ്ങാന്‍ ശ്രമിച്ചിട്ടും കൊടുതില്ല.  അവസാനം വാഴയിലയില്‍ പൊതിഞ്ഞ്  മുറ്റത്ത് ചെറിയൊര് കുഴിയുണ്ടാക്കി നിറകണ്ണുകളുമായി ഞങ്ങളതിനെ മറവ് ചെയ്തു.  ഇഷ്ട്ടിക കൊണ്ട് ചതുരത്തിൽ കെട്ടിയുണ്ടാക്കി അനിയത്തി അതിന് മുകളിലൊരു റോസചെടിയും നട്ടു. ഇടയ്ക്കിടെ അനിയത്തി അതിന്റെ ചിവട്ടിൽ ചെന്നിരിക്കും. അതിന് ശേഷം അഞ്ചാറ് മാസക്കാലം അനിയത്തിയെ ചിരിച്ച മുഖത്തോടെ കണ്ടില്ല. അവളുടെ കൈകളില്‍ നിന്നും പോയതാണ് എന്നും പറഞ്ഞ്  കുറേ ദിവസം കരഞ്ഞ് നടന്നു.
ആരെങ്കിലും ആ റോസാ ചെടിയിൽനിന്നൊര് പൂ പറിക്കുന്നത് ഇന്നും അനിയത്തിക്ക് ഇഷ്ടമല്ല. ഒര് സ്മാരകം കണക്കെ ഇന്നും വീട്ടുമുറ്റത്ത്  നില്‍പുണ്ട്.

No comments:

Post a Comment