Translate

09 May, 2016

കാത്തിരുന്നൊരു പൂക്കാലം ...

പൂക്കൾ കൃഷിചെയ്യുന്ന കർഷകരുടെ വിയർപ്പിന്റെ നിറവും മണവുമാണ് ഓണക്കാലത്ത് പൂക്കളായി എല്ലാ വർഷവും നമ്മുടെ മുറ്റത്തെത്തുന്നത്. പച്ചകറികൾക്കും അരിക്കും എന്തിന് ഏറെ പറയണം കേരളക്കാർക്ക് ഓണം ആഘോഷിക്കാൻ പോലും
പൂക്കൾ തേടി നമ്മൾ കേരളക്കാർ അയൽ സംസ്ഥാനമായ കർണാടകയിലേക്ക് പോവുകയാണ്. സത്യത്തിൽ നമ്മളെ കൃഷി ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിച്ച് മടിയന്മാരാകിയതിൽ വലിയൊരു പങ്കും അയൽ സംസ്ഥാനങ്ങൾക്കാണ്. അല്ലാതെ നമ്മൾ മണ്ണിൽ പണിയെടുക്കാൻ മടിയന്മാരോ മടിച്ചികളോ ആയത് കൊണ്ടല്ല.പൂക്കളുടെ നാട്ടിലേക്ക് ഒരു യാത്ര പോവണമെന്ന് പലപ്പോഴും ആഗ്രഹിച്ചതാണ്‌ സാധാരണ ആഗ്രഹിക്കൽ മാത്രമേ നടക്കാറുള്ളൂ, ഇത്തവണ പക്ഷെ പോകാൻ തന്നെ തീരുമാനിച്ചു. 
വയനാടിന്റെ പ്രകൃതിഭംഗി കണ്ടുകൊണ്ട്‌ മുത്തങ്ങ കാടുകൾക്ക്‌ നടുവിലൂടെ കർണാടക സംസ്ഥാനത്തെ ഗുണ്ടൽ പേട്ടയിലേക്ക് ചെന്നെത്തണം. വസന്തം തേടി ദൂരെനിന്നും പക്ഷികളും പൂമ്പാറ്റകളും എത്താറുള്ളത് പോലെ വസന്തങ്ങളുടെ നാട്ടിലേക്ക് ഒരു യാത്ര.
രണ്ട് വർഷം മുമ്പ് ഒരു നോമ്പ് കാലം, രാവിലെ വീട്ടിൽ നിന്നും ബൈക്കുമായി പേരിയയിലേക്ക്. ശനിയാഴ്ച്ചയായിരുന്നതിനാൽ പ്രത്യേകിച്ച് പണിയൊന്നും തന്നെ ഉണ്ടായിരുന്നില്ല. പേരിയയിൽ നിന്നും സുഹൃത്തിനെയും കൂട്ടി മാനന്തവാടി ടൗൺ എത്തി. യാത്രക്ക് എല്ലാ വിധ അനുഗ്രഹും ചൊരിഞ്ഞു കൊണ്ട് മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു എങ്കിലും കോട്ടില്ലാത്തതിന്റെ പേരിൽ യാത്ര മാറ്റിവെക്കാൻ മനസ്സ് അനുവദിച്ചില്ല. കടയിൽ കയറി രണ്ട് പേർക്കും ഒരോ മഴക്കോട്ടും വാങ്ങി നേരെ വിട്ടു.


ചാറ്റൽ മഴ കാരണം ബൈക്ക് യാത്ര അൽപ്പം വിഷമിച്ചു. ഞങ്ങളുടെ ലക്ഷ്യം മുത്തങ്ങ വൈൽഡ് ലൈഫ് കേന്ദ്രവും പിന്നെ കർണാടകയിലെ പൂപ്പാടവുമായിരുന്നു. നാല് മണിയോടെ മുത്തങ്ങയിൽ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കാടിനകത്തേക്ക് പോകാനായി ശ്രമം നടത്തിയെങ്കിലും ഒരു ദിവസം നിശ്ചിത ട്രിപ്പ് മാത്രമേ സധ്യമാവുകയുള്ളൂ എന്നും പറഞ്ഞ് ഞങ്ങളെ മടക്കി. ഞങ്ങളെ പോലെ നൂറ് കണക്കിന് ആളുകൾ പലരും നിരാശയോടെ മടങ്ങി.അരമണിക്കൂറോളം അവിടെ ചിലവഴിച്ചു. 
പിന്നൊന്നും നോക്കിയില്ല വിട്ടു ബൈക്ക് നേരെ ഗുണ്ടൽ പേട്ടയിലേക്ക്. മഴ ഇടക്കിടെ ചാറുന്നുണ്ടായിരുന്നു, എങ്കിലും മുന്നോട്ട് തന്നെ പോകാൻ തീരുമാനിച്ചു. വഴിയിൽ നിറയെ മാൻ കൂട്ടങ്ങൾ തലങ്ങും വിലങ്ങും ഓടി നടക്കുന്നു. മനസ്സിലെ ലക്ഷ്യം പൂന്തോട്ടമായിരുന്നു അങ്ങനെ ഗുണ്ടൽ പേട്ടയിൽ എത്തിയപ്പോഴേക്കും സമയം 5.30 ആയിരിക്കുന്നു. പോകുന്ന വഴി ഏതോ കടയിൽ കയറി ഒരു പേക്ക് കാരക്ക വാങ്ങി സൂക്ഷിച്ചു അങ്ങനെ നോമ്പിന്റെ കാര്യം തീരുമാനമാക്കി
മുത്തങ്ങ കാടുകൾ പിന്നിട്ട് ഞങ്ങളുടെ യാത്ര പൂന്തോട്ടങ്ങളുടെ ചാരത്ത് എത്തിയിരിക്കുന്നു. മല്ലിക പൂപ്പാടം നിരന്നങ്ങനെ നിൽക്കുകയാണ് ബൈക്ക് എവിടെ കൊണ്ടുപോയി നിർത്തണം എവിടെ തുടങ്ങണമെന്നറിയാതെ പകച്ച് നിന്നു. കണ്ണെത്താ ദൂരം മല്ലിക പൂക്കൾ വിളവെടുക്കാനായി തയ്യാർ ചെയ്തിരിക്കുന്നു.  പൂക്കൾക്കിടയിലൂടെ നടന്നു ചെന്ന് ശരിക്ക് ഒന്ന് കാണുവാൻ പോലും സമയം ലഭിച്ചില്ല. വൈകും തോറും തിരിച്ച് പോക്ക് വഴിമുട്ടും. കണ്ടു തീർക്കാൻ കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന പൂന്തോട്ടം. ഇടക്കിടെ കരിമ്പിൻ കൃഷി. കണ്ട് കൊതി തീർന്നില്ലെങ്കിലും സമയം വല്ലാതെ വൈകി പോയിരിക്കുന്നു.
എത്രയും വേഗം തിരിച്ച് മുത്തങ്ങ ഫോറസ്റ്റ് കടക്കണം ഇല്ലെങ്കിൽ ആനയും കടുവയും ഇറങ്ങും ഞങ്ങളാണെങ്കിൽ ബൈക്കിലും മാത്രമല്ല രാത്രിയായാൽ അതു വഴി വാഹനങ്ങളും കടത്തിവിടില്ല. ഓടിനടന്ന് എന്തൊക്കെയോ ചിത്രങ്ങൾ എടുത്തു. കണ്ട് കൊതി തീർന്നില്ല അതിന് മുമ്പ് മനസ്സില്ലാ മനസോടെ തിരിച്ചുപോരാൻ ബൈക്കിൽ കയറി. കാട്ടിലൂടെ തിരിച്ചു പോരുകയാണ് വഴിയിൽ നിന്നും നോമ്പും തുറന്നു. യാത്ര കിലോമീറ്ററുകളോളം പിന്നിട്ടു. വഴിയരിക്കെ കാട്ടുപോത്തിന്റെ വലിയൊരു കൂട്ടം തന്നെയായിരുന്നു. പോരുമ്പോൾ പുള്ളിമാനുകളും കാട്ടാനകളും എല്ലാം കണ്ട് കൊണ്ട് രാത്രിയോടെ വീണ്ടും തിരിച്ച് മാനന്തവാടി ടൗണിൽ പ്രവേശിച്ചു.

No comments:

Post a Comment