Translate

05 June, 2016

വീണ്ടും ഒരു പരിസ്ഥിതി ദിനം....

ഈ പരിസ്ഥിതി ദിനത്തിൽ ഞാൻ എന്റെ ഗ്രാമവും ഗ്രാമീണ കാഴ്ച്ചകളും ബാല്യകാലവും പങ്ക് വെക്കാൻ ആഗഹിക്കുകയാണ്....

പുതിയ തലമുറയിലെ കുട്ടികൾ നിർഭാഗ്യവാൻമാർ.
അവർക്ക് മണ്ണപ്പം ചുട്ട് കളിക്കാൻ ഇന്റർലോക്കിട്ട മുറ്റത്ത് മണ്ണില്ല, മതിലുകൾക്ക് അകത്ത് കൂട്ടുകാരില്ല, വയലുകളും തുമ്പയും തുമ്പിയും ശലഭങ്ങളുമില്ല. കൂട്ടുകൂടലുകൾക്കിടയിൽ മതിലുകളും മൊബൈൽ ഫോണുകളും വില്ലൻമാരായി വന്നിരിക്കുന്നു.
തണൽ മരങ്ങളും ഊഞ്ഞാലും ഉപ്പ് കൂട്ടി തിന്നാൻ ഉണ്ണിമാങ്ങയുമില്ല.
കഥ പറഞ്ഞ് കൊടുക്കാൻ മുത്തശ്ശിമാരില്ല.

മധുരമുള്ള ബാല്യകാലങ്ങൾ ഓർത്തെടുക്കാൻ മാമ്പഴങ്ങൾ കാഴ്ക്കുന്ന മാവിൻ ചുവടുകളും പേരിനു മാത്രം.

തോട്ടിൽ വെള്ളമില്ല വയലിൽ നെൽകൃഷിയില്ല തത്തകളുമില്ല.
അയൽവീട്ടിലെ കുട്ടികൾ പോലും തമ്മിൽ പരിചയമോ പരസ്പര സ്നേഹമോ ഇല്ല.
കുട്ടികൾക്ക് മണ്ണപ്പം ചുട്ട് കളിക്കാൻ പോയിട്ട് മണ്ണ് തൊടാൻ പോലും ഇഷ്ടമല്ല, പിന്നെ എങ്ങനെ കർഷകർ ഉണ്ടാക്കും.

നമ്മുടെ കുട്ടിക്കാലത്തെ പരിസ്ഥിതിയും ഇന്നത്തെ പരിസ്ഥിതിയുടെ സ്ഥിതിയും എന്താണെന്ന് നാം ഓരോരുത്തരും മനസ്സിലാക്കിയിട്ടുണ്ടോ....?

തുമ്പയും മുക്കുറ്റിയും ഇന്നും നശിക്കാത്ത ഗ്രാമങ്ങളുണ്ടോ....

വേനൽ തുമ്പിയും ഓണത്തുമ്പിയും ഇന്നും പാറി നടക്കുന്നത് കാണാനുണ്ടോ....

വെറ്റില മറുക്കി ചുവപ്പിച്ച ചുണ്ടുമായി തത്തകൾ പറന്നെത്തി നെൽകതിർ കൊത്തി പറന്നകലുന്ന കാഴ്ച്ചകൾ ഇന്നുണ്ടോ....

പച്ച വിരിച്ച് നിൽക്കുന്ന വയലുകളും കർഷകനും കൊയ്ത്തു പാട്ടും ഞാറുനടുന്ന പെണ്ണുങ്ങളും കറ്റ മെതിക്കുന്ന മുറ്റവും ഉണങ്ങിയ കറ്റയുടെ സുഗന്ധവും ഇന്നുണ്ടോ....

മാമ്പഴക്കാലമായാൽ നിറയെ മാമ്പഴങ്ങളും മാവിൻ മുകളിൽ ചിൽ ചിൽ ശബ്ദമുണ്ടാക്കി തുള്ളി ചാടി നടക്കുന്ന അണ്ണാറക്കണ്ണനും ഇന്നുണ്ടോ...

മഴ പെയ്താൽ തൊടിയിലൊട്ടാകെ മുളച്ച് പൊങ്ങാറുള്ള താളും തകരയും ഇന്നുണ്ടോ....

അരിപ്രാവുകൾ അടിവെച്ചടി വെച്ച് നടന്ന് നെൽമണി പെറുക്കുന്ന, കൊറ്റികൾ വിരുന്നെത്തുന്ന കൊയ്ത്ത് കഴിഞ്ഞ വയലുകളുണ്ടോ....

ഇതെല്ലാം ചേരുമ്പോൾ ഒരു സുന്ദര ഗ്രാമം പിറവിയെടുക്കും.
ഓരോ കാഴ്ച്ചകളും ഭൂതകലത്തിലേക്ക് പോയി മറഞ്ഞ് കൊണ്ടിരിക്കുകയാണ്.

ഈ പറഞ്ഞതെല്ലാം ഉണ്ടായിരുന്ന ഒരു ഗ്രാമത്തിലായിരുന്നു ഞാനും എന്റെ ബാല്യകാലം ചിലവഴിച്ചത്. ഇന്നും ഞാൻ താമസിക്കുന്നത് അതേ ഗ്രാമത്തിലാണ് പക്ഷെ ഇന്ന് വയലുകൾ കുറഞ്ഞു, വേനൽ തുമ്പികൾ മഷിയിട്ട് നോക്കണം, തുമ്പച്ചെടി കാണാൻ ഒരു പാട് നടന്നു, തത്തകൾക്ക് പ്രിയം നെൽ കതിരിനോടായിരുന്നു ഇന്ന് കാലം മാറി നെൽ കതിർ കിട്ടാനുമില്ല അതുകൊണ്ടാവും തത്തകൾ കിട്ടിയതും തിന്ന് വിശപ്പടക്കാൻ പഠിച്ചു.
ഈ പരിസ്ഥിതി ദിനത്തിൽ ഞാൻ പറയാൻ കൊതിക്കുന്നത് എഴുതാൻ കൊതിക്കുന്നത് കാണാൻ ആഗഹിക്കുന്നത് എന്റെ ചുറ്റുമുള്ള  കാഴ്ച്ചകളും ഗ്രാമത്തിലെ വയലുകളും തുമ്പയും തുമ്പികളും എല്ലാമാണ്.

പ്രകൃതിയോടടുത്തപ്പോൾ പക്ഷികളോടും പൂക്കളോടും കിന്നരിക്കാൻ തുടങ്ങി
ഏകനാണെന്ന തോന്നലുകൾ ഇല്ലാതായി, ഇപ്പോൾ സ്നേഹിക്കാൻ പഠിച്ചു തുടങ്ങി.

കാലം ഇത്ര പെട്ടെന്ന് മാറിപ്പോകുമോ... 
ഓരോ ദിവസവും നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് നമ്മൾ വീണ്കൊണ്ടിരിക്കുന്നു.
വീണ്ടും വർഷങ്ങൾ പുറകോട്ട് പോകാൻ കഴിഞ്ഞെങ്കിൽ എന്ന് ചിന്തിച്ച് പോകുന്നു. എവിടെയൊക്കെയോ കണക്കുകൾ പിഴച്ചു പോയിരിക്കുന്നു.
മാറ്റങ്ങൾ വരുത്തിയത് നമ്മളാണ് മരങ്ങൾ മുറിച്ചും വയലുകൾ നികത്തിയും  കൊട്ടാരങ്ങൾ കെട്ടിയും മതിലുകൾ തീർത്തും മതങ്ങളും ജാതിയും പറഞ്ഞും എല്ലാ വിധത്തിലും നമ്മൾ മാറിയപ്പേൾ കാലവും പ്രകൃതിയും മഴയും മഞ്ഞുകാലവും എല്ലാം തോന്നിയത് പോലെ ആയിരിക്കുന്നു.

ഇത്ര നാൾ ദാഹിച്ച് ചിറക് തളർന്നെത്തിയ പക്ഷികളെയും കണ്ടില്ല, മലിനമാക്കപ്പെട്ട പുഴകളെയും കണ്ടില്ല, കുന്നുകൾ ഇടിച്ച് താഴ്ത്തിയതും കണ്ടില്ല. സത്യം ഇതൊന്നുമല്ല എല്ലാം കണ്ടിരുന്നു പക്ഷെ കാണാത്തതായി ഭാവിച്ച് നടന്നു.
പുൽക്കൊടി മുതൽ പൂമ്പാറ്റകൾ വരെ നമ്മുടെ ചുറ്റിലും എന്തെല്ലാം വർണ്ണ വിസ്മയങ്ങളാണ് പ്രകൃതി ഒരുക്കി വെച്ചിരിക്കുന്നത്. എല്ലാം അനുദിനം നശിക്കുന്ന ഈ വർത്തമാനകാലത്തിൽ ഇനിയെങ്കിലും നമ്മൾ നമുക്ക് ചുറ്റിലുമുള്ള പ്രകൃതിയോടൊത്ത് അൽപസമയം ചിലവഴിക്കാം.

വെറുതെ ചുറ്റിലും നോക്കി നിൽക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും കാണാൻ കഴിയില്ലെങ്കിലും ചുറ്റുപാടിനെ കണ്ണും മനസും തുറന്ന് നോക്കിയപ്പോഴെല്ലാം കാണാൻ സാധിച്ചത് ഹൃദയസ്പർശിയായ  കാഴ്ച്ചകളായിരുന്നു. മഞ്ഞ് തുള്ളികൾ വീണ് നിറഞ്ഞ പുൽകൊടിക്ക് പോലും പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യമുണ്ടായിരുന്നു.

പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മനുഷ്യൻ മാത്രമാണ്. ഇത്ര നാൾ ഞാനും പ്രകൃതിയെ കൊല്ലുന്നതും നോക്കി നിന്നു നമ്മളും പ്രതികരിക്കാൻ മനസ്സ് കാണിച്ചില്ല, പക്ഷെ ഇന്ന്
കാടും മലയും പുഴയും കുന്നുകളും പൂക്കളും പക്ഷികളും വയലുകളും നശിക്കുകയാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കി തുടങ്ങിയത് മുതൽ
എല്ലാം സംരക്ഷിക്കണമെന്ന തോന്നലുകൾ പലരുടെയും മനസ്സിനെ പിടിച്ച് കുലുക്കിയിരിക്കുന്നു.
പ്രതികരിക്കാൻ മടിച്ചിരുന്നവരും ചിത്രങ്ങളിലൂടെയും എഴുത്തിലൂടെയും ഇന്ന് പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു.

എപ്പോഴും ദൂരെ യാത്രകൾ തന്നെ ഇടക്ക് എന്റെ സ്വന്തം നാടും വീടിന്റെ പരിസരവും വയലുകളും കാണാൻ പോയാലെന്താണെന്ന് അവധി ദിവസങ്ങളിൽ ഞാൻ എന്നോട് ചോദിക്കാറുണ്ട്.
ദൂര യാത്രകളെക്കാൾ എനിക്കിഷ്ടം എന്റെ ഗ്രാമ വീഥികളും വയൽ വീഥികളും കണ്ട് നടക്കാനായിരുന്നു.

പലപ്പോഴും എന്റെ  യാത്രകൾക്കിടയിൽ മനോഹരമായ വയലുകളും ഗ്രാമപ്രദേശങ്ങളും കാണുമ്പോൾ അവിടെ ഇറങ്ങുവാൻ മനസ്സ് മന്ത്രിക്കും എന്തുകൊണ്ടെന്ന് ചോദിച്ചാൽ അതൊക്കെ നമ്മുടെ നാട്ടിൽ നിന്നും അനുദിനം ഇല്ലാതായികൊണ്ടിരിക്കുന്നു.
സഞ്ചാരി ഗ്രൂപ്പിൽ തന്നെ ചിലർ മലകളും പുഴകളും വയലുകളും പോസ്റ്റുന്നത് കാണുമ്പോൾ നാളെ തന്നെ അവിടെ ചെന്നെത്തണമെന്ന മോഹമുണ്ടാവാറുണ്ട്.

ഒരിക്കൽ നമ്മുടെ നാട്ടിലും വികസനം വന്നുകാണാൻ ഞാനും ആഗ്രഹിച്ചിരുന്നു പക്ഷെ വികസനം വന്ന സ്ഥലങ്ങളിൽ വയലുകളെയും പുഴകളെയും ഗ്രാമീണതയെയും ഒരു പരിധി വരെ കൊന്നുകളഞ്ഞു. പുകപടലങ്ങളും പ്ലാസ്റ്റിക്കുകളും നിറഞ്ഞ നഗരത്തെക്കാൾ മനോഹരം പുഴകളും പൂക്കളും വയലുകളുമുള്ള കുറ്റങ്ങളും കുറവുകളും നിറഞ്ഞ വികസനമെത്തിയിട്ടില്ലാത്ത ഉൾ ഗ്രാമങ്ങളാണ്.

സാഹചര്യങ്ങളും വികസന കാഴ്ച്ചപ്പാടുകളും പിന്നെ പേരെടുത്ത് പറയാൻ കഴിയാത്തതായ എന്തൊക്കെയോ ചേർന്നപ്പോൾ സ്വർഗ്ഗം പോലെ സുന്ദരമായിരുന്ന നമ്മുടെ ചുറ്റുപാടുകൾ വല്ലാതെ മാറിയിരിക്കുന്നു.

എന്റെ കുട്ടിക്കാലത്ത് വീടിന് ചുറ്റിനും മരങ്ങൾ പേര മാവ് പ്ലാവ് അടക്ക നെല്ലി വൈകുന്നേരം വഴക്കൂമ്പിലെ തേൻ കുടിക്കാനെത്തുന്ന കടവാതിലുകൾ മുറ്റത്തെ മാവിൽ നിറയെ കായ്ക്കുന്ന മാമ്പഴങ്ങൾ മാവിൻ മുകളിൽ തുള്ളിച്ചാടി നടക്കുന്ന അണ്ണാറകണ്ണന്മാർ. മഴ പെയ്താൽ പറമ്പിൽ താളും തകരയുമെല്ലാം മുളച്ച് പൊന്തുമായിരുന്നു.
രാവിലെയും വൈകുന്നേരവും തലകുത്തി മറിഞ്ഞ് കുളിക്കാൻ വേനലിൽ പോലും വെള്ളമൊഴുകുന്ന തോട്. നിറയെ നെൽ കൃഷി, നെൽ കതിർ കൊത്തിയെടുത്ത് വയലിൽ പാറി നടക്കുന്ന തത്തകൾ. വാലിൽമേൽ പുള്ളിയുള്ളതും ചുവന്ന വരയുള്ളതും അങ്ങനെ ധാരാളം മീനുകൾ, മീനുകളെ പിടിക്കാനായി തോർത്തുമായി ഞാനും അനിയനും പോകും. കിട്ടുന്ന മീനിനെ ചേമ്പിലയിലും ചില്ല് കുപ്പിയിലുമാക്കി വീട്ടിലേക്ക് കൊണ്ടുവന്ന് അനിയത്തിക്ക് കൊടുക്കും. മുറ്റത്ത് മഴ വെള്ളത്തിൽ മീനിനെ ഒഴുക്കിവിട്ട് കളിക്കും. അപ്പുറത്തെ വീട്ടിലെ കുട്ടികളും ഞങ്ങളുമെല്ലാം ഒരുമിച്ച് കള്ളനും പോലീസും കളിക്കും, തുമ്പികളെ പിടിച്ച് കളിക്കും. താഴെ നിറയെ പൂവിട്ട് നിൽക്കുന്ന കാപ്പി മരത്തിൽ ഊഞ്ഞാൽ കെട്ടിയാടും. അന്ന് വീടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു ഇന്നത്തെ പോലെ ചുറ്റുമതിലും ഗേറ്റും ഉണ്ടായിരുന്നില്ല, ഇന്ന് ഭൂമിയിൽ ഒരു മതിൽ ഉയർന്നപ്പോൾ മനസ്സുകൾക്കിടയിലും മതിലുകൾ ഉയർന്നു
പട്ടിണിയാണെങ്കിലും വീടുകൾ തമ്മിൽ സ്നേഹമായിരുന്നു. ചക്കക്കുരു കറിയിൽ മുരിങ്ങാകോൽ ഇടാൻ ഇല്ലെങ്കിൽ അടുത്ത വീട്ടിൽ പോയാൽ കിട്ടുമായിരുന്നു. ഇടക്കിടെ എത്താ കൊമ്പിലെ ചക്ക പറിക്കാൻ വീട്ടിലെ തോട്ടി എത്താതായപ്പോൾ അയലത്തെ വീട്ടിലെ തോട്ടിയും കൂട്ടി കെട്ടി ചക്ക പറിച്ചിട്ട് പകുതിവർക്കും കൊടുക്കുമായിരുന്നു. ഒരു കുമിളിന് വേണ്ടി പറമ്പ് മുഴുവൻ അരിച്ച് പെറുക്കും. ഓണത്തിന് കുട്ടികൾ പൂപറിക്കാൻ വയലുകളിലും പറമ്പുകളിലും ചിരിയും കളിയുമൊക്കെയായി നടക്കാറുണ്ടായിരുന്നു. അന്ന് ഓണവും പെരുന്നാളും എല്ലാവരും പങ്കിട്ടു. ഇന്ന് ഓണം ഒരുകൂട്ടർക്കും പെരുന്നാൾ മറ്റൊരു വിഭാഗത്തിനും മാത്രമായി ഒതുങ്ങി.

ഹൊ എന്തൊരു മാറ്റം....??

പുറത്ത് ഇറങ്ങിയാൽ തൊലി ഉരുകുന്ന ചൂടിൽ നാടും നഗരവും ആകെ വിയർക്കുന്നു. എല്ലാ വർഷവും ഓണവും വിഷുവും പെരുന്നാളുമെല്ലാം അങ്ങനെ കഴിഞ്ഞു പോകുന്നുണ്ടെന്ന് മാത്രം.

ഒർമ്മകൾ മറവികൾക്ക് വിട്ട് കൊടുക്കാൻ എനിക്ക് ഇഷ്ടമല്ല. അതു കൊണ്ട് ഞാൻ ഇടക്കിടെ നടക്കാനിറങ്ങും വയലുകളിലൂടെ ഗ്രാമങ്ങളിലൂടെ തുമ്പയെയും തുമ്പികളെയും തത്തകളെയും തിരഞ്ഞ് കുട്ടികളെ പോലെ നടക്കും. ഒരു മുസ്ലിമായ ഞാൻ നമ്പൂരിമാരുടെയും വയലകളിലൂടെ അവരെയും കൂടെ കൂട്ടി കുശലം പറഞ്ഞ് നടന്ന് കാഴ്ച്ചകൾ ആസ്വദിക്കും. വയലുകൾ പകുതിയും ഇല്ലാതായെങ്കിലും ബാക്കിയുള്ള വയലുകൾ കാണുമ്പോൾ മനസ്സ് കുളിരും.

കുട്ടികളുമൊക്കെയായി സ്കൂളിൽ നിന്നും പട്ടണങ്ങളുടെ മാളുകൾ കാണുവാൻ വിനോദ യാത്ര പോകുന്ന പതിവ് മാറ്റി ഇനി മുതൽ പുഞ്ചവയൽ പാടങ്ങളിലും കുട്ടനാടൻ പാടങ്ങളിലും ഒക്കെയാക്കി മാറ്റാൻ സമയമായിരിക്കുന്നു. ഈ മണ്ണിൽ നിന്നും നശിച്ച് പോയി കൊണ്ടിരിക്കുന്നതല്ലേ കുട്ടികളെ കാണിച്ച് കൊടുക്കേണ്ടത്..? കൊയ്ത്ത് പാട്ടും ഞാറ് നടീലുമെല്ലാം കാണുവാൻ പുതിയ തലമുറയിലെ കുട്ടികൾക്കും കൊതിയുണ്ട്.

മഞ്ഞു തുള്ളികൾ വീണ് നനഞ്ഞ എന്റെ ഗ്രാമത്തിലെ വയൽ വീഥികളിലൂടെ അതിരാവിലെ കാമറയുമായി ഞാൻ നടക്കാറുണ്ടായിരുന്നു.  കൺമഷി എഴുതിയ കണ്ണുമായി പാറി നടക്കുന്ന വേലിതത്തകൾ, സമാധാനത്തിന്റെ വെള്ള ചിറകുമായി കർഷകരുടെ സമീപത്ത് ചുറ്റിതിരിഞ്ഞ് നടക്കുന്ന കൊറ്റികൾ, നെല്ലോലകളിൽ നിന്നും നാരുകൾ ചീന്തി പാറിയകലുന്ന കൂരിയാറ്റകിളികൾ, പാടത്ത് നെൽ മണി തിരയുന്ന അരിപ്രാവുകൾ എല്ലാം ഓർമ്മകളിൽ തെളിയുന്നു.......
പ്രവാസം ഓർമ്മകളുടെയും നഷ്ട്ടങ്ങളുടെയും തീവ്രതയേറ്റും..
മരുഭൂമി കണ്ട് മരവിച്ച കണ്ണുകൾ പച്ചപ്പ് തേടുന്നുണ്ട് പക്ഷെ ഗ്രാമത്തിൻ വശ്യതയും നാട്ടുവഴികളും സുപ്രഭാതങ്ങളും ചഞ്ചലമാടുന്ന ഹരിതാഭമാം വയലേലകളും കാണുവാൻ വീണ്ടും എന്റെ ഗ്രാമത്തിലെത്തിടണം. അതിനോളം വരില്ല ഒരു മഹാനഗരവും.

No comments:

Post a Comment