Translate
25 August, 2017
28 May, 2017
പൂമരം.
അകലെയെങ്ങോ ബാക്കിയായ മുത്തശ്ശി
മരചില്ലകളിൽ പൂക്കൾ വസന്തം പൊഴിച്ചതറിഞ്ഞെത്തിയ ശലഭങ്ങൾ പൂമരത്തിന് ചുറ്റും നൃത്തം ചെയ്യുന്നതും കറുമ്പികുയിലുകൾ പാട്ടു പാടുന്നതും പഞ്ചവർണ്ണക്കിളികൾ കലപില കൂട്ടി പാറി പറന്നതും.....
പിന്നീടെപ്പോഴോ പൂമണം തേടി വന്ന തെക്കന്നം കാറ്റിനൊപ്പം കാലം തെറ്റി പയ്ത തുലാമഴയിൽ ആ പൂക്കളെല്ലാം പൊഴിഞ്ഞപ്പോൾ വീണ്ടും അനാഥമായി മാറിയ മുത്തശ്ശി മരം.
കള്ളനാണയങ്ങൾ
ഞങ്ങൾ കേരളം പുതിയ രാജ്യമായി മാറ്റിക്കൊള്ളാം, ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും ഒന്നിച്ച് നടക്കുന്ന ഇഷ്ടമുള്ളവർ ഇഷ്ടമുള്ളത് കഴിക്കുന്ന ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്ന പശുവിന് വേണ്ടി മനുഷ്യരെ കൊല്ലാത്ത, സ്വന്തം ഭാര്യയുടെ ശവം ചുമക്കേണ്ടി വരാത്ത, ജാതിയുടെ പേരിൽ മനുഷ്യനെ തല്ലിക്കൊല്ലാത്ത സ്വാതന്ത്ര്യമുള്ള കേരളം.
ഇനി നമുക്ക് സ്വന്തം രാജ്യത്തിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാം...
പശുവിന് ആധാർ..
പട്ടിയെ കൊന്നാൽ കേന്ദ്രം മേനകാ..
രാജ്യസ്നേഹം സങ്കികളുടെ മാത്രം കുത്തക..
ഭാരത മാതാ കീ എന്ന് വിളിച്ചാൽ എല്ലാമായി..
ഇന്ത്യ നേരിടുന്ന എറ്റവും വലിയ പ്രശ്നം ബീഫ്..
എന്തൊരു തോൽവി
എന്തൊരു ദാരിദ്ര്യം
only
കേരള മാതാ കീ ജയ്.....
25 June, 2016
വശ്യ മോഹിനിയാം പൂക്കോട് തടാകം...
വശ്യതയാർന്നൊരു തടാകമുണ്ട്.
പൂക്കോട് തടാകത്തെ പറ്റി ആദ്യമായി എനിക്ക് വിവരണം നൽകിയത് എന്റെ സഹോദരിയായിരുന്നു. അവൾ TTC ക്ക് പഠിക്കുന്ന കോളേജിൽ നിന്നും പഠനത്തിന്റെ ഭാഗമായി ഒരിക്കൽ അവർ പൂക്കോട് തടാകത്തിലേക്ക് ടൂർ പോയിരുന്നു.
തിരിച്ച് വന്നതിന് ശേഷം തടാകത്തിനെ കുറിച്ചുള്ള അവളുടെ യാത്ര വിവരണവും ബോട്ട് യാത്രയും അവർ എടുത്ത ചിത്രങ്ങളും കണ്ടപ്പോൾ അന്ന് ഞാൻ മനസ്സിൽ കുറിച്ചതാണ് ഒരിക്കൽ ഞാനും പോകുമെന്ന്. അതിന് ശേഷം സാഹചര്യം ഒത്തു വന്നപ്പോൾ വയനാട്ടിലെ ജോലിക്കിടയിൽ ആരും അറിയാതെ ഒരിക്കൽ ഞാൻ തടാകത്തിൽ പോയി രുന്നു. അന്നത്തെ ദിവസം ക്യാമറയിൽ ഞാൻ ഒപ്പിയെടുത്ത പൂക്കോട് തടാകത്തിന്റെ ചിത്രങ്ങൾ ഞാൻ എന്റെ വീട്ടിലെ കമ്പൂട്ടറിൽ D ഡ്രൈവിൽ സൂക്ഷിച്ചത് അനിയത്തി കണ്ടുപിടിച്ചിട്ട് ഉറക്കനെ വിളിച്ച് കൂവി.....
ചുറ്റിനും നിറഞ്ഞു നിൽക്കുന്ന പച്ചില കാടുകൾക്ക് നടുവിലായി ഇളം കാറ്റിൽ കുഞ്ഞോളങ്ങളുമായി പൂക്കോട് തടാകം. തടാകത്തിൽ ഫൈബർ വള്ളങ്ങളിൽ ചുറ്റിക്കാണുവാൻ മോഹിച്ച് മുന്നേ പോയ വള്ളങ്ങളിലുള്ളവർ തിരികെയെത്തുന്നതും കാത്ത് സന്ദർശകർ കരയിൽ നിൽക്കുകയാണ്. പെഡൽ ബോട്ടുകൾ മാത്രമേ തടാകത്തിൽ കാണുവാൻ കഴിയുകയുള്ളൂ. തടാകത്തിലേക്ക് വള്ളങ്ങളുമായി മുന്നേ പോയവരൊന്നും അത്ര വേഗത്തിൽ തിരികെ വരുമെന്ന് തോനുന്നില്ല. എന്തെന്നാൽ അവർ പൊയ്കയിലെ ആമ്പൽ പൂക്കളുടെ ചാരത്ത് മതിമറന്ന് ഉല്ലസിക്കുകയാണ്.
തടാകത്തിന് ചുറ്റിലും കാണുവാൻ മോഹിച്ച് നടക്കുവാൻ തുടങ്ങിയപോൾ കാടിന്റെ വൈവിധ്യങ്ങൾ നിറഞ്ഞ കാഴ്ച്ചകൾ മാത്രമായിരുന്നു എന്നെ കാത്തിരുന്നത്. കുന്നിൻ ചെരിവുകൾ താഴെ ഇടതൂർന്ന് നിൽക്കുന്ന പച്ചില കാടുകൾക്ക് നടുവിലായി ആരെയും മോഹിപ്പിക്കുന്ന തടാകം. കാട്ടുചോലകളും വളർന്ന് പന്തലിച്ച് നിൽക്കുന്ന വൻ മരങ്ങളുടെ ശിഖിരങ്ങളും താഴേക്ക് നീണ്ട് പോയ്കയിലെക്ക് മുഖം നോക്കി നിൽക്കുകയാണ്.
തടാകത്തിലെ തെളിഞ്ഞ വെള്ളത്തിൽ ചുറ്റിലുമുള്ളതെല്ലാം കണ്ണാടി പോലെ പ്രതിഫലിച്ച് നിൽക്കുന്നു. മുഖം മനസ്സിന്റെ കണ്ണാടിയെന്ന പോലെ ഇവിടെ തടാകത്തിന് ചുറ്റിലുമുള്ള കാടുകളെല്ലാം തടാകത്തെ സംരക്ഷിക്കുന്നു. താഴേക്ക് നോക്കിയാൽ ചുറ്റിലുമുള്ള പ്രകൃതി ഭംഗിയെല്ലാം തെളിഞ്ഞു കാണാനാകുന്നുണ്ട്.
ചിലയിടങ്ങളിൽ ആമ്പൽ ചെടികളും പായലുകളും നിറഞ്ഞു നിൽക്കുന്നുണ്ട്. മേഘാവൃതമായ നീലാകാശം തടാകത്തിൽ മുഖം കാണിച്ച് കണ്ണാടി പോൽ പ്രതിഫലിച്ച് നിൽക്കുന്നു.
പെഡൽ ബോട്ടുകൾ സൃഷ്ടിക്കുന്ന ഓളങ്ങൾ നീലാകാശത്തിന്റെ പ്രതിഫലന ഭംഗി തടാകത്തിൽ നോക്കി ആസ്വതിക്കുന്നതിന് ചിലപ്പോൾ തടസങ്ങൾ സൃഷ്ടിക്കുകയാണ്. തിങ്ങിനിറഞ്ഞ കാടുകളിൽ നിന്നും പൊഴിഞ്ഞ കാട്ട് പൂക്കൾ പൊയ്കയിലെ ആമ്പൽ പൂക്കൾക്കിടയിൽ ഒഴുകി നടക്കുന്നത് കാണാം.
തടാകത്തിനു ചുറ്റുമായി കാഴ്ച്ചകൾ കണ്ടു നടക്കുവാൻ കാടിന് നടുവിലൂടെ വള്ളികളും മരങ്ങളും ഇടതൂർന്ന് തിങ്ങി നിറഞ്ഞ വഴികളുണ്ട്. ക്ഷീണം മാറ്റി വിശ്രമിക്കുവാനായി ഇടക്കിടെ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
ഒരു ചിത്ര ശലഭത്തെപോലെ ഏതാനും നിമിഷത്തേക്ക് തടാകത്തിനു ചുറ്റുമുള്ള കാഴ്ച്ചകളും ക്യാമറയിൽ പകർത്തി ഞാനും അതിലെ പറന്നു നടക്കുകയായിരുന്നു.
കാനന ചോലയിലൂടെ ഇഴഞ്ഞ് നീങ്ങികൊണ്ടുള്ള ബോട്ട് സവാരി ആരാണ് ഇഷ്ട്ടപെടാതിരിക്കുക. തടാകത്തിൽ ബോട്ട് സവാരി ഇഷ്ട്ടമുള്ളവർക്ക് അതിനും അവസരമുണ്ട്.
കാട് ഭൂമിയിലെ സ്വർഗ്ഗമാണ് മനുഷ്യരുടെ കണ്ണും കൈകളും അവിടേക്ക് പരിതി വിട്ട് കടന്നു ചെല്ലുന്നത് പ്രകൃതി ഇഷ്ടപെടുന്നില്ല.
വയലുകളുടെയും കർഷകരുടെയും നാടായ വയനാട്ടിൽ ഇന്ന് കർഷകരും നെൽകൃഷിയും കുറഞ്ഞ് വന്നിരിക്കുകയാണ്. സുഗന്ധം വീശുന്ന കാറ്റും പ്രകൃതി ഭംഗിയൊക്കെയായി മറ്റു ജില്ലകൾക്കില്ലാത്ത ഒരുപാട് പ്രത്യേകതകൾ വയനാടിന്റെ മാത്രം സ്വന്തമാണ്. ചരിത്രങ്ങളുറങ്ങുന്ന വയനാടിന്റെ സൗന്ദര്യം പ്രകൃതി കനിഞ്ഞ് നൽകിയ വരദാനമാണ്.
വയനാടിന്റെ മണ്ണിൽ സ്വസ്ഥമായി വിരിയുന്ന പൂക്കൾ മറ്റൊരിടത്തും ഇത്രയധികം ഭംഗിയോടെ വിടർന്ന് നിൽക്കുന്നത് കാണുവാൻ കഴിയില്ല.
05 June, 2016
വീണ്ടും ഒരു പരിസ്ഥിതി ദിനം....
ഈ പരിസ്ഥിതി ദിനത്തിൽ ഞാൻ എന്റെ ഗ്രാമവും ഗ്രാമീണ കാഴ്ച്ചകളും ബാല്യകാലവും പങ്ക് വെക്കാൻ ആഗഹിക്കുകയാണ്....
പുതിയ തലമുറയിലെ കുട്ടികൾ നിർഭാഗ്യവാൻമാർ.
അവർക്ക് മണ്ണപ്പം ചുട്ട് കളിക്കാൻ ഇന്റർലോക്കിട്ട മുറ്റത്ത് മണ്ണില്ല, മതിലുകൾക്ക് അകത്ത് കൂട്ടുകാരില്ല, വയലുകളും തുമ്പയും തുമ്പിയും ശലഭങ്ങളുമില്ല. കൂട്ടുകൂടലുകൾക്കിടയിൽ മതിലുകളും മൊബൈൽ ഫോണുകളും വില്ലൻമാരായി വന്നിരിക്കുന്നു.
തണൽ മരങ്ങളും ഊഞ്ഞാലും ഉപ്പ് കൂട്ടി തിന്നാൻ ഉണ്ണിമാങ്ങയുമില്ല.
കഥ പറഞ്ഞ് കൊടുക്കാൻ മുത്തശ്ശിമാരില്ല.
മധുരമുള്ള ബാല്യകാലങ്ങൾ ഓർത്തെടുക്കാൻ മാമ്പഴങ്ങൾ കാഴ്ക്കുന്ന മാവിൻ ചുവടുകളും പേരിനു മാത്രം.
തോട്ടിൽ വെള്ളമില്ല വയലിൽ നെൽകൃഷിയില്ല തത്തകളുമില്ല.
അയൽവീട്ടിലെ കുട്ടികൾ പോലും തമ്മിൽ പരിചയമോ പരസ്പര സ്നേഹമോ ഇല്ല.
കുട്ടികൾക്ക് മണ്ണപ്പം ചുട്ട് കളിക്കാൻ പോയിട്ട് മണ്ണ് തൊടാൻ പോലും ഇഷ്ടമല്ല, പിന്നെ എങ്ങനെ കർഷകർ ഉണ്ടാക്കും.
നമ്മുടെ കുട്ടിക്കാലത്തെ പരിസ്ഥിതിയും ഇന്നത്തെ പരിസ്ഥിതിയുടെ സ്ഥിതിയും എന്താണെന്ന് നാം ഓരോരുത്തരും മനസ്സിലാക്കിയിട്ടുണ്ടോ....?
തുമ്പയും മുക്കുറ്റിയും ഇന്നും നശിക്കാത്ത ഗ്രാമങ്ങളുണ്ടോ....
വേനൽ തുമ്പിയും ഓണത്തുമ്പിയും ഇന്നും പാറി നടക്കുന്നത് കാണാനുണ്ടോ....
വെറ്റില മറുക്കി ചുവപ്പിച്ച ചുണ്ടുമായി തത്തകൾ പറന്നെത്തി നെൽകതിർ കൊത്തി പറന്നകലുന്ന കാഴ്ച്ചകൾ ഇന്നുണ്ടോ....
പച്ച വിരിച്ച് നിൽക്കുന്ന വയലുകളും കർഷകനും കൊയ്ത്തു പാട്ടും ഞാറുനടുന്ന പെണ്ണുങ്ങളും കറ്റ മെതിക്കുന്ന മുറ്റവും ഉണങ്ങിയ കറ്റയുടെ സുഗന്ധവും ഇന്നുണ്ടോ....
മാമ്പഴക്കാലമായാൽ നിറയെ മാമ്പഴങ്ങളും മാവിൻ മുകളിൽ ചിൽ ചിൽ ശബ്ദമുണ്ടാക്കി തുള്ളി ചാടി നടക്കുന്ന അണ്ണാറക്കണ്ണനും ഇന്നുണ്ടോ...
മഴ പെയ്താൽ തൊടിയിലൊട്ടാകെ മുളച്ച് പൊങ്ങാറുള്ള താളും തകരയും ഇന്നുണ്ടോ....
അരിപ്രാവുകൾ അടിവെച്ചടി വെച്ച് നടന്ന് നെൽമണി പെറുക്കുന്ന, കൊറ്റികൾ വിരുന്നെത്തുന്ന കൊയ്ത്ത് കഴിഞ്ഞ വയലുകളുണ്ടോ....
ഇതെല്ലാം ചേരുമ്പോൾ ഒരു സുന്ദര ഗ്രാമം പിറവിയെടുക്കും.
ഓരോ കാഴ്ച്ചകളും ഭൂതകലത്തിലേക്ക് പോയി മറഞ്ഞ് കൊണ്ടിരിക്കുകയാണ്.
ഈ പറഞ്ഞതെല്ലാം ഉണ്ടായിരുന്ന ഒരു ഗ്രാമത്തിലായിരുന്നു ഞാനും എന്റെ ബാല്യകാലം ചിലവഴിച്ചത്. ഇന്നും ഞാൻ താമസിക്കുന്നത് അതേ ഗ്രാമത്തിലാണ് പക്ഷെ ഇന്ന് വയലുകൾ കുറഞ്ഞു, വേനൽ തുമ്പികൾ മഷിയിട്ട് നോക്കണം, തുമ്പച്ചെടി കാണാൻ ഒരു പാട് നടന്നു, തത്തകൾക്ക് പ്രിയം നെൽ കതിരിനോടായിരുന്നു ഇന്ന് കാലം മാറി നെൽ കതിർ കിട്ടാനുമില്ല അതുകൊണ്ടാവും തത്തകൾ കിട്ടിയതും തിന്ന് വിശപ്പടക്കാൻ പഠിച്ചു.
ഈ പരിസ്ഥിതി ദിനത്തിൽ ഞാൻ പറയാൻ കൊതിക്കുന്നത് എഴുതാൻ കൊതിക്കുന്നത് കാണാൻ ആഗഹിക്കുന്നത് എന്റെ ചുറ്റുമുള്ള കാഴ്ച്ചകളും ഗ്രാമത്തിലെ വയലുകളും തുമ്പയും തുമ്പികളും എല്ലാമാണ്.
പ്രകൃതിയോടടുത്തപ്പോൾ പക്ഷികളോടും പൂക്കളോടും കിന്നരിക്കാൻ തുടങ്ങി
ഏകനാണെന്ന തോന്നലുകൾ ഇല്ലാതായി, ഇപ്പോൾ സ്നേഹിക്കാൻ പഠിച്ചു തുടങ്ങി.
കാലം ഇത്ര പെട്ടെന്ന് മാറിപ്പോകുമോ...
ഓരോ ദിവസവും നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് നമ്മൾ വീണ്കൊണ്ടിരിക്കുന്നു.
വീണ്ടും വർഷങ്ങൾ പുറകോട്ട് പോകാൻ കഴിഞ്ഞെങ്കിൽ എന്ന് ചിന്തിച്ച് പോകുന്നു. എവിടെയൊക്കെയോ കണക്കുകൾ പിഴച്ചു പോയിരിക്കുന്നു.
മാറ്റങ്ങൾ വരുത്തിയത് നമ്മളാണ് മരങ്ങൾ മുറിച്ചും വയലുകൾ നികത്തിയും കൊട്ടാരങ്ങൾ കെട്ടിയും മതിലുകൾ തീർത്തും മതങ്ങളും ജാതിയും പറഞ്ഞും എല്ലാ വിധത്തിലും നമ്മൾ മാറിയപ്പേൾ കാലവും പ്രകൃതിയും മഴയും മഞ്ഞുകാലവും എല്ലാം തോന്നിയത് പോലെ ആയിരിക്കുന്നു.
ഇത്ര നാൾ ദാഹിച്ച് ചിറക് തളർന്നെത്തിയ പക്ഷികളെയും കണ്ടില്ല, മലിനമാക്കപ്പെട്ട പുഴകളെയും കണ്ടില്ല, കുന്നുകൾ ഇടിച്ച് താഴ്ത്തിയതും കണ്ടില്ല. സത്യം ഇതൊന്നുമല്ല എല്ലാം കണ്ടിരുന്നു പക്ഷെ കാണാത്തതായി ഭാവിച്ച് നടന്നു.
പുൽക്കൊടി മുതൽ പൂമ്പാറ്റകൾ വരെ നമ്മുടെ ചുറ്റിലും എന്തെല്ലാം വർണ്ണ വിസ്മയങ്ങളാണ് പ്രകൃതി ഒരുക്കി വെച്ചിരിക്കുന്നത്. എല്ലാം അനുദിനം നശിക്കുന്ന ഈ വർത്തമാനകാലത്തിൽ ഇനിയെങ്കിലും നമ്മൾ നമുക്ക് ചുറ്റിലുമുള്ള പ്രകൃതിയോടൊത്ത് അൽപസമയം ചിലവഴിക്കാം.
വെറുതെ ചുറ്റിലും നോക്കി നിൽക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും കാണാൻ കഴിയില്ലെങ്കിലും ചുറ്റുപാടിനെ കണ്ണും മനസും തുറന്ന് നോക്കിയപ്പോഴെല്ലാം കാണാൻ സാധിച്ചത് ഹൃദയസ്പർശിയായ കാഴ്ച്ചകളായിരുന്നു. മഞ്ഞ് തുള്ളികൾ വീണ് നിറഞ്ഞ പുൽകൊടിക്ക് പോലും പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യമുണ്ടായിരുന്നു.
പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മനുഷ്യൻ മാത്രമാണ്. ഇത്ര നാൾ ഞാനും പ്രകൃതിയെ കൊല്ലുന്നതും നോക്കി നിന്നു നമ്മളും പ്രതികരിക്കാൻ മനസ്സ് കാണിച്ചില്ല, പക്ഷെ ഇന്ന്
കാടും മലയും പുഴയും കുന്നുകളും പൂക്കളും പക്ഷികളും വയലുകളും നശിക്കുകയാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കി തുടങ്ങിയത് മുതൽ
എല്ലാം സംരക്ഷിക്കണമെന്ന തോന്നലുകൾ പലരുടെയും മനസ്സിനെ പിടിച്ച് കുലുക്കിയിരിക്കുന്നു.
പ്രതികരിക്കാൻ മടിച്ചിരുന്നവരും ചിത്രങ്ങളിലൂടെയും എഴുത്തിലൂടെയും ഇന്ന് പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു.
എപ്പോഴും ദൂരെ യാത്രകൾ തന്നെ ഇടക്ക് എന്റെ സ്വന്തം നാടും വീടിന്റെ പരിസരവും വയലുകളും കാണാൻ പോയാലെന്താണെന്ന് അവധി ദിവസങ്ങളിൽ ഞാൻ എന്നോട് ചോദിക്കാറുണ്ട്.
ദൂര യാത്രകളെക്കാൾ എനിക്കിഷ്ടം എന്റെ ഗ്രാമ വീഥികളും വയൽ വീഥികളും കണ്ട് നടക്കാനായിരുന്നു.
പലപ്പോഴും എന്റെ യാത്രകൾക്കിടയിൽ മനോഹരമായ വയലുകളും ഗ്രാമപ്രദേശങ്ങളും കാണുമ്പോൾ അവിടെ ഇറങ്ങുവാൻ മനസ്സ് മന്ത്രിക്കും എന്തുകൊണ്ടെന്ന് ചോദിച്ചാൽ അതൊക്കെ നമ്മുടെ നാട്ടിൽ നിന്നും അനുദിനം ഇല്ലാതായികൊണ്ടിരിക്കുന്നു.
സഞ്ചാരി ഗ്രൂപ്പിൽ തന്നെ ചിലർ മലകളും പുഴകളും വയലുകളും പോസ്റ്റുന്നത് കാണുമ്പോൾ നാളെ തന്നെ അവിടെ ചെന്നെത്തണമെന്ന മോഹമുണ്ടാവാറുണ്ട്.
ഒരിക്കൽ നമ്മുടെ നാട്ടിലും വികസനം വന്നുകാണാൻ ഞാനും ആഗ്രഹിച്ചിരുന്നു പക്ഷെ വികസനം വന്ന സ്ഥലങ്ങളിൽ വയലുകളെയും പുഴകളെയും ഗ്രാമീണതയെയും ഒരു പരിധി വരെ കൊന്നുകളഞ്ഞു. പുകപടലങ്ങളും പ്ലാസ്റ്റിക്കുകളും നിറഞ്ഞ നഗരത്തെക്കാൾ മനോഹരം പുഴകളും പൂക്കളും വയലുകളുമുള്ള കുറ്റങ്ങളും കുറവുകളും നിറഞ്ഞ വികസനമെത്തിയിട്ടില്ലാത്ത ഉൾ ഗ്രാമങ്ങളാണ്.
സാഹചര്യങ്ങളും വികസന കാഴ്ച്ചപ്പാടുകളും പിന്നെ പേരെടുത്ത് പറയാൻ കഴിയാത്തതായ എന്തൊക്കെയോ ചേർന്നപ്പോൾ സ്വർഗ്ഗം പോലെ സുന്ദരമായിരുന്ന നമ്മുടെ ചുറ്റുപാടുകൾ വല്ലാതെ മാറിയിരിക്കുന്നു.
എന്റെ കുട്ടിക്കാലത്ത് വീടിന് ചുറ്റിനും മരങ്ങൾ പേര മാവ് പ്ലാവ് അടക്ക നെല്ലി വൈകുന്നേരം വഴക്കൂമ്പിലെ തേൻ കുടിക്കാനെത്തുന്ന കടവാതിലുകൾ മുറ്റത്തെ മാവിൽ നിറയെ കായ്ക്കുന്ന മാമ്പഴങ്ങൾ മാവിൻ മുകളിൽ തുള്ളിച്ചാടി നടക്കുന്ന അണ്ണാറകണ്ണന്മാർ. മഴ പെയ്താൽ പറമ്പിൽ താളും തകരയുമെല്ലാം മുളച്ച് പൊന്തുമായിരുന്നു.
രാവിലെയും വൈകുന്നേരവും തലകുത്തി മറിഞ്ഞ് കുളിക്കാൻ വേനലിൽ പോലും വെള്ളമൊഴുകുന്ന തോട്. നിറയെ നെൽ കൃഷി, നെൽ കതിർ കൊത്തിയെടുത്ത് വയലിൽ പാറി നടക്കുന്ന തത്തകൾ. വാലിൽമേൽ പുള്ളിയുള്ളതും ചുവന്ന വരയുള്ളതും അങ്ങനെ ധാരാളം മീനുകൾ, മീനുകളെ പിടിക്കാനായി തോർത്തുമായി ഞാനും അനിയനും പോകും. കിട്ടുന്ന മീനിനെ ചേമ്പിലയിലും ചില്ല് കുപ്പിയിലുമാക്കി വീട്ടിലേക്ക് കൊണ്ടുവന്ന് അനിയത്തിക്ക് കൊടുക്കും. മുറ്റത്ത് മഴ വെള്ളത്തിൽ മീനിനെ ഒഴുക്കിവിട്ട് കളിക്കും. അപ്പുറത്തെ വീട്ടിലെ കുട്ടികളും ഞങ്ങളുമെല്ലാം ഒരുമിച്ച് കള്ളനും പോലീസും കളിക്കും, തുമ്പികളെ പിടിച്ച് കളിക്കും. താഴെ നിറയെ പൂവിട്ട് നിൽക്കുന്ന കാപ്പി മരത്തിൽ ഊഞ്ഞാൽ കെട്ടിയാടും. അന്ന് വീടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു ഇന്നത്തെ പോലെ ചുറ്റുമതിലും ഗേറ്റും ഉണ്ടായിരുന്നില്ല, ഇന്ന് ഭൂമിയിൽ ഒരു മതിൽ ഉയർന്നപ്പോൾ മനസ്സുകൾക്കിടയിലും മതിലുകൾ ഉയർന്നു
പട്ടിണിയാണെങ്കിലും വീടുകൾ തമ്മിൽ സ്നേഹമായിരുന്നു. ചക്കക്കുരു കറിയിൽ മുരിങ്ങാകോൽ ഇടാൻ ഇല്ലെങ്കിൽ അടുത്ത വീട്ടിൽ പോയാൽ കിട്ടുമായിരുന്നു. ഇടക്കിടെ എത്താ കൊമ്പിലെ ചക്ക പറിക്കാൻ വീട്ടിലെ തോട്ടി എത്താതായപ്പോൾ അയലത്തെ വീട്ടിലെ തോട്ടിയും കൂട്ടി കെട്ടി ചക്ക പറിച്ചിട്ട് പകുതിവർക്കും കൊടുക്കുമായിരുന്നു. ഒരു കുമിളിന് വേണ്ടി പറമ്പ് മുഴുവൻ അരിച്ച് പെറുക്കും. ഓണത്തിന് കുട്ടികൾ പൂപറിക്കാൻ വയലുകളിലും പറമ്പുകളിലും ചിരിയും കളിയുമൊക്കെയായി നടക്കാറുണ്ടായിരുന്നു. അന്ന് ഓണവും പെരുന്നാളും എല്ലാവരും പങ്കിട്ടു. ഇന്ന് ഓണം ഒരുകൂട്ടർക്കും പെരുന്നാൾ മറ്റൊരു വിഭാഗത്തിനും മാത്രമായി ഒതുങ്ങി.
ഹൊ എന്തൊരു മാറ്റം....??
പുറത്ത് ഇറങ്ങിയാൽ തൊലി ഉരുകുന്ന ചൂടിൽ നാടും നഗരവും ആകെ വിയർക്കുന്നു. എല്ലാ വർഷവും ഓണവും വിഷുവും പെരുന്നാളുമെല്ലാം അങ്ങനെ കഴിഞ്ഞു പോകുന്നുണ്ടെന്ന് മാത്രം.
ഒർമ്മകൾ മറവികൾക്ക് വിട്ട് കൊടുക്കാൻ എനിക്ക് ഇഷ്ടമല്ല. അതു കൊണ്ട് ഞാൻ ഇടക്കിടെ നടക്കാനിറങ്ങും വയലുകളിലൂടെ ഗ്രാമങ്ങളിലൂടെ തുമ്പയെയും തുമ്പികളെയും തത്തകളെയും തിരഞ്ഞ് കുട്ടികളെ പോലെ നടക്കും. ഒരു മുസ്ലിമായ ഞാൻ നമ്പൂരിമാരുടെയും വയലകളിലൂടെ അവരെയും കൂടെ കൂട്ടി കുശലം പറഞ്ഞ് നടന്ന് കാഴ്ച്ചകൾ ആസ്വദിക്കും. വയലുകൾ പകുതിയും ഇല്ലാതായെങ്കിലും ബാക്കിയുള്ള വയലുകൾ കാണുമ്പോൾ മനസ്സ് കുളിരും.
കുട്ടികളുമൊക്കെയായി സ്കൂളിൽ നിന്നും പട്ടണങ്ങളുടെ മാളുകൾ കാണുവാൻ വിനോദ യാത്ര പോകുന്ന പതിവ് മാറ്റി ഇനി മുതൽ പുഞ്ചവയൽ പാടങ്ങളിലും കുട്ടനാടൻ പാടങ്ങളിലും ഒക്കെയാക്കി മാറ്റാൻ സമയമായിരിക്കുന്നു. ഈ മണ്ണിൽ നിന്നും നശിച്ച് പോയി കൊണ്ടിരിക്കുന്നതല്ലേ കുട്ടികളെ കാണിച്ച് കൊടുക്കേണ്ടത്..? കൊയ്ത്ത് പാട്ടും ഞാറ് നടീലുമെല്ലാം കാണുവാൻ പുതിയ തലമുറയിലെ കുട്ടികൾക്കും കൊതിയുണ്ട്.
മഞ്ഞു തുള്ളികൾ വീണ് നനഞ്ഞ എന്റെ ഗ്രാമത്തിലെ വയൽ വീഥികളിലൂടെ അതിരാവിലെ കാമറയുമായി ഞാൻ നടക്കാറുണ്ടായിരുന്നു. കൺമഷി എഴുതിയ കണ്ണുമായി പാറി നടക്കുന്ന വേലിതത്തകൾ, സമാധാനത്തിന്റെ വെള്ള ചിറകുമായി കർഷകരുടെ സമീപത്ത് ചുറ്റിതിരിഞ്ഞ് നടക്കുന്ന കൊറ്റികൾ, നെല്ലോലകളിൽ നിന്നും നാരുകൾ ചീന്തി പാറിയകലുന്ന കൂരിയാറ്റകിളികൾ, പാടത്ത് നെൽ മണി തിരയുന്ന അരിപ്രാവുകൾ എല്ലാം ഓർമ്മകളിൽ തെളിയുന്നു.......
പ്രവാസം ഓർമ്മകളുടെയും നഷ്ട്ടങ്ങളുടെയും തീവ്രതയേറ്റും..
മരുഭൂമി കണ്ട് മരവിച്ച കണ്ണുകൾ പച്ചപ്പ് തേടുന്നുണ്ട് പക്ഷെ ഗ്രാമത്തിൻ വശ്യതയും നാട്ടുവഴികളും സുപ്രഭാതങ്ങളും ചഞ്ചലമാടുന്ന ഹരിതാഭമാം വയലേലകളും കാണുവാൻ വീണ്ടും എന്റെ ഗ്രാമത്തിലെത്തിടണം. അതിനോളം വരില്ല ഒരു മഹാനഗരവും.