Translate

17 July, 2015

വസന്തം നിലച്ച കാടുകൾ....

കാടിന് നടുവിലൂടെ കാടിനെ തൊട്ടറിഞ്ഞ് മാനുകളേയും മയിലുകളെയും കുരങ്ങന്മാരെയും പക്ഷികളെയും കണ്ടുകൊണ്ട് ആസ്വതിച്ച് പോകാനായിരുന്നു ഞങ്ങൾ പ്ലാനിട്ടത്. അന്നൊരു ഈസ്റ്റർ ദിവസമായിരുന്നു ഞങ്ങൾ ബത്തേരിയിൽ നിന്നും ബന്ദിപൂർ കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് ഒരു യാത്ര പോയി.

അമ്പല വയലിൽ നിന്നും രാവിലെ പുറപ്പെട്ടു. റോഡിന് ഇരു വശത്തും തിങ്ങി നിറഞ്ഞ കാടുകള്‍, റോഡിലും പരിസരങ്ങളിലും നിറയെ ഇളം പുല്ല് തേടി നടക്കുന്ന എണ്ണിയാൽ തീരാത്ത 
പുള്ളിമാനുകൾ, നമ്മുടെ വരവിനെ കാട്ടിലാകെ വിളിച്ചറിയിക്കുന്ന മലയണ്ണാനുകൾ, കൂട്ടമായി നിൽക്കാറുള്ള കാട്ടുപോത്തുകൾ,
കാട്ടാനകൾ ഇതെല്ലാമായിരുന്നു മുത്തങ്ങ യാത്രയിലെ സാധാരണ കാണാറുള്ള കാഴ്ച്ചകൾ. പക്ഷെ അന്നത്തെ ഞങ്ങളുടെ യാത്ര എല്ലാ പ്രതീക്ഷകളെയും തച്ചുടച്ചു. കത്തിക്കരിഞ്ഞ കാടുകളിലെ കരിഞ്ഞുണങ്ങിയ മരങ്ങളും വെണ്ണീറായ മരക്കുറ്റികളും ജീവനോടെ കത്തി എരിയാൻ വിധിക്കപെട്ട
മൃഗങ്ങളുടെ കത്തിക്കരിഞ്ഞ  
അസ്ഥികൂടങ്ങളും മാത്രമായിരുന്നു അന്നേ ദിവസം ഞങ്ങളെ വരവേറ്റത്. ഏറെ പ്രതീക്ഷകളോടെ കയ്യിൽ ക്യാമറയുമായി  കാറിന്റെ
സൈഡ് ഗ്ലാസ് താഴ്ത്തി നിന്ന ഞാൻ പതുക്കെ ക്യാമറ ബാഗിൽ തന്നെ തിരുകി. ഭൂമിയിലെ കാഴ്ച്ചകൾ കണ്ട് ആകാശം പോലും കലിതുള്ളി
നിൽക്കുകയായിരുന്നു.


കരിഞ്ഞുണങ്ങിയ കാട്ടിലൂടെ മുന്നോട്ട് പോകുമ്പോൾ കത്തിയെരിഞ്ഞ മാംസത്തിന്റെ ഗന്ധം ഞങ്ങൾക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. മനസ്സ് മടുത്തെങ്കിലും വീണ്ടും മുന്നോട്ട് പോകാൻ തീരുമാനിച്ചു.

ഇന്നലെ വരെ കൂട്ടമായി മേഞ്ഞു നടന്ന വിശക്കുമ്പോൾ മേയാൻ പുല്ലുകളുണ്ടായിരുന്ന ശത്രുക്കളെ കാണുമ്പോൾ ഓടി ഒളിക്കാൻ കാടുകളുണ്ടായിരുന്ന പുള്ളി മാനുകൾ ഇന്നിതാ തനിച്ച് നടക്കുന്നു.
നിസ്സഹായനായി ഒറ്റപെട്ടു പോയി എന്ന തൊന്നലുകളുമായി പാവം
മാൻ ഇനിയും ഞങ്ങളെ ഉപദ്രവിക്കരുതേ എന്ന് യാചിച്ച് കൊണ്ട് ഭയന്ന് വിറച്ച കണ്ണുകളുമായി ക്യാമറക്ക് മുന്നിൽ നിൽപ്പുണ്ടായിരുന്നു.

മുത്തങ്ങ യാത്രകളിലെ സ്ഥിരം കാഴ്ച്ചയായിരുന്ന മലയണ്ണാനുകൾ കാട്ടു തീയിൽ കത്തി കരിഞ്ഞതിനെ കുറിച്ച് പത്രങ്ങളിൽ വാർത്ത വന്നിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ മുന്നോട്ടുള്ള യാത്രകളിൽ
മലയണ്ണാനുകളെ കാണുവാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മനുഷ്യൻ പ്രകൃതിയോട് ക്രൂരത കാണിച്ചുവെങ്കിലും നശിക്കാതെ ബാക്കിയായ കാടുകളിൽ ചിലയിടങ്ങളിൽ അഗ്നി കണ്ട് വിറച്ച കണ്ണുകളുമായി രക്ഷപെട്ട മലയണ്ണാൻ ഇലകൾക്കിടയിലൂടെ നോക്കുന്നത് ക്യാമറക്കണ്ണുകൾക്ക് ദയനീയമായ ചിത്രങ്ങളാണ് സമ്മാനിച്ചത്.
കാലങ്ങൾ കൊണ്ട് പ്രകൃതി നേടിയെടുത്ത കാടിന്റെ ജൈവ വൈവിധ്യം നിമിഷ നേരത്തെ മനുഷ്യന്റെ വിവരമില്ലായ്മ കാരണം ഇല്ലാതായപ്പോൾ നഷ്ട്ടം സംഭവിച്ചത് നമുക്കെല്ലാം തന്നെയാണ്. കസ്‌തൂരി രംഗൻ റിപ്പോർട്ടിനെതിരെയും ഗാഡ് ഗിൽ റിപ്പോർട്ടിനെതിരെയും 
സമരം നടത്തിയ മനുഷ്യൻ കാടിനെ തീയിട്ട് നശിപ്പിച്ചപ്പോൾ കാടിന്റെ മഹാത്മ്യം നീചരായ കാട്ടാളൻമാർ ഓർത്തിട്ടുണ്ടാവില്ല. കാടിനോടും മൃഗങ്ങളോടുമുള്ള മനുഷ്യന്റെ ഇത്തരത്തിലുള്ള പിന്തിരിപ്പൻ സമീപനം കാരണമാണ് കാട്ടിലെ മൃഗങ്ങൾ പലപ്പോഴായി നാട്ടിലിറങ്ങാനും മനുഷ്യനെ അക്രമിക്കാനും കാരണം.
പിന്നീട് ഞങ്ങളുടെ മുന്നോട്ടുള്ള യാത്രകൾ പ്രതീക്ഷകൾ അസ്തമിച്ചതായിരുന്നു. കിടപ്പാടം നഷ്ട്ടപെട്ട് എങ്ങോട്ട് പൊകണമെന്ന് നിശ്ചയമില്ലാതെ തന്റെ കുഞ്ഞിനേയും ചേർത്ത് പിടിച്ച് റോഡിലൂടെ പോകുന്ന ഒരാനയും കുഞ്ഞും ഞങ്ങളുടെ യാത്രക്കിടയിലെ ഹൃദയ സ്പർശിയായ കാഴ്ച്ചയായിരുന്നു.

വസന്തം നിലച്ച് പോയ ഈ കാടുകളിൽ ഇനി എന്നാണ് പുൽ നാമ്പുകൾ മുളക്കുക...?
നിശബ്ദമായ കാടുകൾ ഇനി എന്നാണു ശബ്ദ മുകരിതമാവുക...?
മരങ്ങളില്ലാത്ത ഇലകളില്ലാത്ത തണലില്ലാത്ത പൂക്കളില്ലാത്ത കായ്കളില്ലാത്ത കിളി മൊഴികളില്ലാത്ത ചുടു ചാരം പാറി നടക്കുന്ന കാട്ടിൽ പൂക്കളും പൂമ്പാറ്റകളും പറന്നെത്തി ഇനി എന്നാണ് പുതു വസന്തം പിറവിയെടുക്കുക !!!!

No comments:

Post a Comment