Translate

27 February, 2016

ചെമ്പ്ര മലയുടെ താഴ്വാരത്തിൽ...

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി വയനാട്ടിലെ മേപ്പാടിയിലെ പ്രകൃതി തൻ മടിത്തട്ടിൽ ഒരുക്കിയിട്ടുള്ള മനോഹരമായ സ്ഥലങ്ങളാണ് ചെമ്പ്ര മലനിരകളും മലമുകളിലെ ഹൃദയ തടാകവും. മഞ്ഞിറങ്ങി മൂടിക്കെട്ടിയ മലനിരകളുടെ താഴ്വാരത്തെ കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന തേയില തോട്ടങ്ങൾക്കിടയിലൂടെ തണുത്ത കാറ്റും കോട മഞ്ഞും കാട്ടരുവികളിലെ കളകളാരവവുമെല്ലാം ആസ്വതിച്ചുകൊണ്ട് ഏതാനും നിമിഷം നടക്കുവാൻ തയ്യാറാണെങ്കിൽ മലമുകളിലെ ഹൃദയ തടാകത്തിൽ ചെന്നെത്താം.
ദൂരെ ആകാശം തൊടാൻ കൊതിച്ച് മഞ്ഞിന്റെ മേലാപ്പിൽ മറഞ്ഞിരിക്കുന്ന ഹരിതാഭമായ കുന്നിൻ ചെരിവുകൾ തലയുയർത്തി നിൽക്കാറുള്ള മനോഹരമായ ആ കാഴ്ച്ച കണ്ടിട്ടുള്ള ഏതൊരാളും ഒരിക്കലെങ്കിലും ചെന്ന് തൊടാൻ കൊതിക്കുന്ന മഞ്ഞുമലകളിൽ കയറി ചെന്ന് കോട മഞ്ഞിനെ തൊടണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. വയനാട് കൽപറ്റ സ്ടാന്റിനടുത്തെക്ക് നടക്കുമ്പോൾ നേരെ മേൽപോട്ട് നോക്കിയാൽ അന്നും എന്നും ഇത് തന്നെയാണ് അവസ്ഥ. ജോലിക്കിടയിൽ ഒഴിവ് കിട്ടുമ്പോൾ തക്കം നോക്കി പോകാമെന്ന് തീരുമാനിച്ച് മുന്നോട്ട് നടക്കുകയാണ്. അങ്ങനെ ഒരിക്കൽ അവസരം ഒത്തുവന്നപ്പോൾ രാവിലെ എഴുന്നേറ്റ് നേരെ കൽപറ്റ സ്റ്റാന്റിലേക്ക് നടന്നു.
കൽപറ്റയിൽ നിന്നും മേപ്പാടിയിലേക്കുള്ള സർക്കാരിന്റെ ആന വണ്ടിയും പ്രതീക്ഷിച്ച് സ്റ്റാന്റീൽ നിൽക്കവേ സമയം ഏകദേശം രാവിലെ ഒൻപത് മണി ആയിക്കാണും. എങ്കിലും ബസ്സ്റ്റാന്ടിൽ നിന്നും നോക്കുമ്പോൾ മലനിരകളിൽ കോട മഞ്ഞ് തെന്നി നീങ്ങുന്നത് കാണാം. ഒരു പക്ഷെ ഞാൻ അവിടേക്ക് തന്നെയാവും ചെന്നെത്തുവാൻ പോകുന്നത്.
കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കുന്നും മലയും താണ്ടി അവൻ അതാ വരികയായി നമ്മുടെ സ്വന്തം ആനവണ്ടി. മേപ്പാടി എന്ന ബോർഡും വെച്ച് ആന വണ്ടി കൽപറ്റ ബസ് സ്ടാന്റിലേക്ക് കയറി വരുന്നുണ്ട്. യാത്രക്കാർ ബസ്സിലേക്ക് കയറി തുടങ്ങി, അവരെക്കാൾ മുമ്പ് ഞാൻ കയറിയിരുന്നു. ആദ്യമായിട്ട് ഒരു വഴിക്ക് പോകുമ്പോൾ ബസ്സിന്റെ സൈഡ് സീറ്റ് കിട്ടിയില്ലെങ്കിൽ യാത്രക്ക് ഒരു സുഖം കിട്ടുകയില്ല. ബസ്സിനകത്ത് സീറ്റ് പകുതിയും കാലിയാണ്. സീറ്റ് ഫുൾ ആയാലും ഇല്ലെങ്കിലും സമയം ആയിരിക്കുന്നു സ്റാന്ടിൽ നിന്നും ബസ്സ്‌ പുറത്തേക്ക് ഇറങ്ങി. ഈ യാത്രയിൽ എന്റെ കൂടെ ഈ ബസ്സിലുള്ള മറ്റേതൊരു യാത്രക്കാരനെക്കാൾ പ്രതീക്ഷയോടെയാണ് എന്റെ യാത്ര. രാവിലെ തന്നെ ബസ്സ് യാത്രക്കിടെ എതിർ ദിശയിലേക്ക് അടിച്ചു വീശുന്ന തണുത്ത കാറ്റിനെ ബസ്സിലിരുന്ന് ഞാൻ മാത്രമേ ആഘോഷിക്കുന്നുണ്ടാവൂ.


ബസ്സിലെ യാത്രക്കാരെല്ലാം തണുത്ത കാറ്റ് സഹിക്കാൻ
കഴിയാത്തതിനാൽ കോട്ടും ജാക്കറ്റും ചെവി മറക്കുന്ന മങ്കി തൊപ്പിയുമെല്ലാം ധരിച്ച് കൈയും കെട്ടി ഇരിക്കുകയാണ്. എല്ലാവരും ഈ റൂട്ടിലെ സ്ഥിര യാത്രക്കാരായിരിക്കാം അതുകൊണ്ടാവണം ഞാനൊഴികെ മറ്റാരും പുറത്തേക്ക് ആർത്തിയോടെ കണ്ണും നട്ടിരിക്കുന്നത് കാണുവാൻ കഴിയില്ല. ബസ്സ്‌ യാത്ര നാൽപത്തി അഞ്ച് മിനിറ്റ് ഏകദേശം പതിനാല് കിലോ മീറ്ററോളവും പിന്നിട്ടപ്പോൾ റോഡിന് വശങ്ങളിൽ തേയില തോട്ടങ്ങൾ തല പൊക്കി തുടങ്ങി. ആനവണ്ടി ഇപ്പോൾ മേപ്പാടി എത്തിയിരിക്കുന്നു.
മേപ്പാടിയിൽ ചെമ്പ്ര മലയുടെ മുകളിൽ പച്ച പരവതാനി വിരിച്ച പുല്ലുകളുടെ നടുവിൽ ഒരു ഹൃദയ തടാകം സ്ഥിതി ചെയ്യുനുണ്ട് അവിടേക്ക് ചെന്നെത്തുവാൻ മേപ്പടി ടൗണിൽ നിന്നും വലത്ത് ഭാഗത്തേക്ക് തിരിഞ്ഞ് വീതി കുറഞ്ഞ റോഡിലൂടെ ഏതാനും കിലോമീറ്റർ സഞ്ചരിക്കണം. ബസ്സ്‌ യാത്രക്ക് യോഗ്യമല്ലാത്ത ഈ റോഡിൽ ഓട്ടോയും ജീപ്പും യാത്രക്കാരെ പ്രതീക്ഷിച്ച് നിൽക്കുകയാണ്. യാത്രക്കാരെ കൊണ്ട് തിങ്ങി നിറഞ്ഞ ജീപ്പിൽ ഞാനും എന്റേതായ ഒരിടം പിടിച്ചു. ജീപ്പ് പുറപ്പെട്ടു കഴിഞ്ഞു ഇടക്കിടെ വഴികളിൽ യാത്രക്കാർ ഇറങ്ങുകയും കയറുകയും ചെയ്യുന്നുണ്ട്. യാത്രാവസാനം എല്ലാവരും ഇറങ്ങി പോയി കഴിഞ്ഞപ്പോൾ ഞാൻ മാത്രം ബാക്കിയായിരിക്കുന്നു.
ജീപ്പിന്റെ ഡ്രൈവറോഡ്‌ എനിക്ക് ചെമ്പ്ര പീക്കിൽ പോകണമെന്ന് ആവശ്യപെട്ടപോൾ മേപ്പാടി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ജീപ്പ് നിറുത്തിയ ശേഷം ഡ്രൈവർ എന്നോട് അവിടെയിറങ്ങി ടിക്കറ്റ് എടുക്കാൻ പറഞ്ഞു. ഞാൻ ഇറങ്ങി ടിക്കറ്റ് എടുക്കുവാനായി മുന്നിലേക്ക് നടന്നു.
ചെമ്പ്രകൊടുമുടിയിൽ നിന്നും ഹൃദയ തടാകത്തിലേക്ക് ഒരു ടൂറിസ്റ്റ് ഗൈഡിനെയും ഒന്നിച്ച് കൂട്ടണമത്രെ. വന സംരക്ഷണ വിഭാഗം ഏർപെടുത്തിയിട്ടുള്ള വഴികാട്ടി കൂടെയുണ്ടെങ്കിൽ മാത്രമേ ഹൃദയ തടാകത്തിനരികിലേക്ക് കയറുവാൻ അനിവാദം ലഭിക്കുകയുള്ളൂ.

ഞാൻ എത്തുന്നതിനു തൊട്ടു മുന്നേ ഒരു ടീമുമായി ഗൈഡ് മലമുകളിലേക്ക് കയറിപോയിരുന്നു. കൂടെ ആരുമില്ലാതിരുന്നതിനാൽ ഞാൻ തനിയെ ഒരു ഗൈഡിനെ ഒന്നിച്ച് കൊണ്ടുപോവണം. ഒരു ഗൈഡ് കൂടെ വരാൻ 500 രൂപയാണ് ചാർജ്. ഞാൻ തിരിച്ച് ജീപ്പിലെക്ക് നടന്നു. ജീപ്പ് ഡ്രൈവർ എന്റെ തീരുമാനം എന്താണെന്ന് അറിയുന്നതിനായി കാത്തിരിക്കുകയാണ്. 500 രൂപ കൊടുത്ത് ഇന്ന് ഏതായാലും എനിക്ക് തനിച്ച് ചെന്ന് ഹൃദയ തടാകം കാണുവാൻ ആഗ്രഹമില്ല എന്ന് തീരുമാനിച്ച് അൽപ്പം കൂടി മുകളിൽ എന്നെ ജീപ്പിൽ എത്തിച്ച് തരുവാൻ ഡ്രൈവറോട് ആവശ്യപെട്ടു.

അങ്ങനെ എനിക്ക് വേണ്ടി മാത്രമായി ജീപ്പ് വീണ്ടും ഏതാനും കിലോമീറ്ററോളം മല കയറി. ഇരു വശങ്ങളിലും തേയില തോട്ടങ്ങളാണ്. മലമുകളിൽ എന്നെ എത്തിച്ചതിന് 120 രൂപയോളം അധികം നൽകി ഞാൻ അവിടെ ഇറങ്ങി. പോകുന്നതിന് മുമ്പ് ജീപ്പ് ഡ്രൈവറുടെ മൊബൈൽ നമ്പരും എന്റെ ഫോണിൽ സേവ് ചെയ്ത് സുരക്ഷിതമാക്കി. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ. ഇനി അധികം നടക്കുവാനില്ല ഞാൻ മുകളിലേക്ക് കയറി.

ഹൃദയ തടാകത്തിനരികിലേക്ക് കയറാൻ കഴിയില്ലെങ്കിലും താഴെ ചുറ്റി നടന്ന് കാണുവാൻ ഗൈഡിന്റെ സഹായമോ സമ്മതമോ ആവശ്യമില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാതെ പോയാൽ വലിയ നഷ്ടമാണെന്ന് പറയേണ്ടി വരുന്ന മനോഹരമായ സ്ഥലങ്ങളാണ് ഇവിടെയെത്തിയാൽ കാണാൻ കഴിയുക. തളിരണിഞ്ഞു നിൽക്കുന്ന തേയില തോട്ടങ്ങളും കോടമഞ്ഞുമായി ഓടിനടക്കുന്ന കുളിർ കാറ്റുമൊക്കെയായി സമയം പോകുന്നതറിയില്ല.

മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന കാട്ടരുവികളിലെ തെളിഞ്ഞ വെള്ളം പാറകളിൽ തട്ടി തെറിച്ച് ഒഴുകുന്നതിന്റെ കളകളാരവം മുഴങ്ങി കേൾക്കാം. മനോഹരമായ കുന്നിൻ ചെരിവുകളും തണുത്ത കാറ്റും എവിടേക്ക് നോക്കിയാലും പച്ചപ്പ്‌ നിറഞ്ഞ തേയില തോട്ടങ്ങളും ഇതൊക്കെയാണ് ഇവിടുത്തെ അന്തരീക്ഷം. കുന്നിൻ ചെരിവിലേക്ക് നോക്കുകയാണെങ്കിൽ പഞ്ഞികെട്ട് പോലെ കോടയിറങ്ങി മലമുകളിൽ നിറഞ്ഞ് നിൽക്കുന്നത് കാണുമ്പോൾ ആകാശം മലമുകളിൽ വന്ന് തൊട്ട് നിൽക്കുകയാണെന്ന് തോന്നും. താഴേക്ക് കണ്ണെത്താ ദൂരം തേയില തോട്ടങ്ങൾ നിരന്ന് കിടക്കുന്നു. തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും ഞാനുമല്ലാതെ മറ്റൊരാളെയും ഈ പരിസരത്ത് എവിടെയും കാണുവാനില്ല. വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള ചെമ്പ്ര കൊടുമുടി സമുദ്ര നിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

ചാറ്റൽ മഴ തുടങ്ങിയിരിക്കുന്നു ബാഗിൽ നിന്നും കുട നിവർത്തി ക്യാമറയും ഞാനും അതിനകത്ത് സുരക്ഷിതരായി കൂടി. പറഞ്ഞറിയിക്കുവാൻ കഴിയാത്ത അനുഭവിച്ചറിയുവാൻ മാത്രം കഴിയുന്ന ഒരു പ്രത്യേക അന്തരീക്ഷമാണ് ഈ കൊടുമുടിക്ക് മുകളിൽ കയറിയെത്തുന്ന ഏതൊരാളെയും കാത്തിരിക്കുന്നത്. തേയില തോട്ടങ്ങളുടെ നടുവിൽ ചെറിയ കുറ്റി മരങ്ങളിൽ കുരുമുളക് വള്ളികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

മലനിരകളിൽ നിന്നും വളുത്ത തട്ടമിട്ട മേഘപാളികൾ താഴേക്ക് ഇറങ്ങി വന്നിട്ട് കൺമുന്നിലാകെ പുകമറ സൃഷ്ടിച്ച് തഴുകി കടന്ന് പോകുമ്പോൾ രോമാഞ്ചത്താൽ ശരീരമാകെ കുളിര് കോരും.
എന്റെ സാറേ....
ആ സമയം പിന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല.
മഞ്ഞുകണങ്ങളെയും വഹിച്ച് തണുത്ത കാറ്റ് വീശുമ്പോൾ ശ്വാസം മുട്ടി മരിച്ചാലും വേണ്ടില്ല എന്നാലും ഏതാനും നിമിഷത്തേക്ക് ശ്വാസം ഉള്ളിലേക്ക് വലിച്ച് പിടിച്ച് അങ്ങനെതന്നെ ഒരു നിൽപ്പാണ്.
കോടമഞ്ഞിനെ തൊടാനാഗ്രഹിച്ച് മലയുടെ താഴ്വാരത്തിൽ എന്നെകൊണ്ട് കയറി ചെല്ലുവാൻ കഴിയുന്ന ദൂരത്തോളം നടന്ന് ചെന്നിട്ട് വായുവിൽ കൈകൾ വീശിപിടിച്ച് കൊണ്ട് ഉള്ളം കയ്യിൽ കോടമഞ്ഞിനെ പിടിച്ചടക്കുവാനും വിഫലമായൊരു ശ്രമം നടത്തി.

മലമുകളിൽ നിന്നും ഒഴുകി വരുന്ന വെള്ള ചാട്ടവും തേയിലയുടെ ഭംഗിയും ഹരിത മലനിരകളും കാട്ടു പൂക്കളും ക്യാമറയിൽ പകർത്തി ഏതാനും മണിക്കൂർ പ്രകൃതിയുടെ മടിത്തട്ടിൽ ഞാൻ ഓടിയും ചാടിയും ചിത്രങ്ങളെടുത്തും നടന്നു. ഈ കൊടുമുടി സന്ദർശിക്കുവാൻ ഞാനല്ലാതെ മറ്റാരും ഇവിടേക്ക് തനിച്ച് ഇത്രയും ദൂരം മലകയറി വന്നിട്ടുണ്ടാവാൻ സാധ്യതയില്ല. എനിക്കെന്താ വട്ടാണോ....? ഇതെല്ലം എന്റെ വീക്ക്നസാണെന്ന് പറഞ്ഞാലും തെറ്റില്ല. ഓടുമേഞ്ഞ വീടുകളും ഒഴുകിയെത്തുന്ന അരുവികളും ഹരിത താഴ്വാരവും അതിനിടയിലൂടെ കടന്നു പോകുന്ന സഞ്ചാര പാതയും എല്ലാം ഒത്തു ചേർന്നപോൾ ക്യാമറക്ക് മനോഹരമായ ഫ്രെയിമുകൾ ലഭിച്ചിരിക്കുന്നു. ഈ മല മുകളിൽ എവിടെനിന്ന് ക്യാമറയെ വെറുതെ മിന്നിച്ചാലും നഷ്ടമല്ലാത്ത എന്തെങ്കിലുമൊക്കെ ഫ്രയിമിനകത്താവും.

മല മുകളിൽ നിന്നും ഒഴുകിയെത്തുന്ന കാട്ടരുവിയിലെ വെള്ളം പാറകളിൽ വീണ് പളുങ്ക് മണികൾ പോലെ ചിന്നി ചിതറി പോവുകയാണ്. തണുത്ത വെള്ളത്തിൽ ഇറങ്ങി കാൽ നനച്ചശേഷം മുകളിലേക്ക് കയറി. ഞാൻ അറിയാതെ രക്ത ദാഹിയായ ചോര കുടിയൻ അട്ട എന്റെ കാലിൽ പിടികൂടിയിരിക്കുന്നുണ്ട്. അട്ടയെ ആദ്യമേ കണ്ടെത്തിയതിനാൽ രക്തം നഷ്ടപെടുത്തേണ്ടി വന്നില്ല.

ഈ മലമുകളിൽ പൂക്കൾ നാട്ടുവളർത്തിയിട്ടോ വെള്ളം കോരി നനച്ചിട്ടോ വളർന്നതല്ല എന്നിട്ടും മഞ്ഞിൽ വിരിഞ്ഞ കാട്ടുപൂക്കൾ മറ്റേതൊരു പൂക്കളെക്കാളും പ്രസന്നതയോടെ ഇതൾ വിരിച്ച് നിൽക്കുകയാണ്. ചാറ്റൽ മഴ മാറിയതിന് പിന്നാലെ നല്ല തണുത്ത കാറ്റും വീശുന്നുണ്ട്. അതോടൊപ്പം തേയിലതോട്ടം ആകെ കോടയാൽ പൊതിഞ്ഞിരിക്കുന്നു. മല കയറിയ ദാഹവും വിശപ്പും എല്ലാം ഇപ്പോൾ ഇല്ലാതായിരിക്കുന്നു.

ഹിമഗിരി നിരയിൽ ഞാൻ തനിച്ചാണ് എന്നൊരു കാര്യം ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാ അർത്ഥത്തിലും ഈ വേളയിൽ ഞാൻ സന്തോഷവാനാണ്. നാലോ അഞ്ചോ കൂട്ടുകാരും കൂടെ ഒന്നിച്ചുണ്ടായിരുന്നെങ്കിൽ മലമുകളിൽ അടിച്ച് പൊളിക്കാമായിരുന്നു എന്ന് ഇപ്പോൾ തോന്നി തുടങ്ങിയിരിക്കുന്നു. മഞ്ഞ് മൂടി കിടക്കുന്ന എനിക്ക് മുന്നിലെ ഈ വലിയ മലകൾക്കും മുകളിലാണ്
ഹൃദയ തടാകമുള്ളത്. ആരും കാണാതെ പോയി വന്നാലോ എന്നൊരു ചിന്ത മുളപൊട്ടിയെങ്കിലും എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ സ്വയം ആശ്വസിച്ചു. പ്രകൃതിയുടെ മടിത്തട്ടിൽ ഏതാനും സമയം വിശ്രമിച്ചു ക്ഷീണം മാറ്റി. തണുത്ത വായുവും ശ്വസിച്ചപ്പോൾ മനസും തണുത്തിരിക്കുന്നു.

പൂക്കളും അരുവിയും കിളികളും തേയില തോട്ടങ്ങളും മാമലകളും മലമുകളിൽ നിന്നും താഴേക്ക് തെന്നി നീങ്ങിയെത്തുന്ന വെളുത്ത കോടയും ചാറ്റൽ മഴയും ഇതെല്ലാം കണ്ടുകൊണ്ട് ഇങ്ങ് താഴെ കാട്ടരുവിയുടെ ചാരത്ത് അരുണ വർണ്ണം ചാർത്തി ഒരു പിടി പൂക്കളുമായി ഡാലിയ ചെടിയും പൂവിട്ട് നിൽക്കുകയാണ്. പ്രകൃതി ഒരുക്കിയ മലമുകളിലെ ഈ കാഴ്ച്ചകൾ കാണുമ്പോൾ എല്ലാം മുൻകൂട്ടി ആരുടെയോ ഭാവനയിൽ മെനെഞ്ഞെടുത്ത് സൃഷ്ടിച്ചത് പോലെയാണ് അനുഭവപ്പെടുക.

സമുദ്ര നിരപ്പിൽ നിന്നും മുകളിലേക്ക് ഉയരും കൂടുംതോറും ചില പ്രദേശങ്ങൾക്ക് ദൈവം സൗന്ദര്യം വാരികോരി നൽകുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടെ നാം എത്തിപ്പെടാൻ വൈകും തോറും നമ്മുടെ ജീവിതത്തിൽ നഷ്ടങ്ങൾ കൂടി കൂടി വരികയാണ് ചെയ്യുക.

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഓടി നടന്ന് വീർപ്പ് മുട്ടുമ്പോൾ എന്നെങ്കിലും ഒരിക്കൽ ജോലിയിൽ നിന്നും തിരക്കിൽ നിന്നും വിട്ടുനിന്ന് ഒരു ദിവസമെങ്കിലും കുന്നും മലയും കയറി നമ്മളെ മാടിവിളിക്കുന്ന പ്രകൃതിയുടെ മടിത്തട്ടിൽ നാം അൽപ്പം സമയം ചിലവഴിക്കുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസവും ആത്മവിശ്വാസവും തോന്നും. വർണ്ണ പകിട്ടാർന്ന ഈ ഭൂമിയിൽ പ്രകൃതി ഒരുക്കിയിട്ടുള്ള എത്രകണ്ടാലും മതിവരാത്ത കൗതുക കാഴ്ച്ചകൾ ഒരിക്കലെങ്കിലും മനസ്സ് തുറന്ന് ആസ്വതിച്ചവർക്ക് വീണ്ടും ആ കാഴ്ച്ചകൾ കാണുന്നതിനായി ഇനിയും ഒരുപാട് കാലം എല്ലാ വെല്ലുവിളികളും തരണം ചെയ്ത് ആർജ്ജവത്തോടെ ഈ ഭൂമിയിൽ ജീവിക്കുവാനുമുള്ള ആഗ്രഹം മനസ്സിൽ ഉടലെടുക്കും.

തേയില ചെടികളിൽ നിറയെ പുതുനാമ്പ് മുളച്ചതിനാൽ തോട്ടം നല്ല ഇളം പച്ചനിറത്തിലാണ് കാണുവാൻ കഴിയുന്നത്. ചാറ്റൽ മഴ പെയ്തൊഴിഞ്ഞതിനാൽ ഇലകളിൽ നിറയെ മഴവെള്ളം വീണു കിടക്കുകയാണ് എങ്കിലും ഞാൻ തേയില ചെടിയുടെ ശക്തിയുള്ള ശിഖിരങ്ങൾ തട്ടി മാറ്റി മുകളിലേക്ക് കയറി നടക്കുകയാണ്. താഴ്വാരത്തെ പച്ചില കാടിൻ നടുവിൽ ഒരു വീട് കാണുവാൻ കഴിയുന്നുണ്ട്. ആരാണാവോ ഇവിടെ താമസിക്കുവാൻ ഭാഗ്യം ലഭിച്ചവർ. ഒരു രാവും പകലുമെങ്കിലും മുഴുവനായി മലയടിവാരത്തെ ഈ വീട്ടിൽ താമസിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി.

ഇരു വശത്തും തേയില തോട്ടങ്ങളുടെ നടുവിൽ വരച്ചിട്ടത് പോലെ നീണ്ടു പോകുന്ന വഴികൾ ദൂരെ നിന്നും കാണുമ്പോൾ മനോഹര ദൃശ്യമായി തോന്നും. ഉയരം കൂടിയ പ്രദേശമായതിനാൽ ഇവിടെ മലമുകളിൽ വളരുന്ന മരങ്ങളും ചെടികളുമെല്ലാം കുള്ളന്മാരായിട്ടാണ് കാണുന്നത്. ഇന്നത്തെ എന്റെ സാഹചര്യവശാൽ മലമുകളിലേക്ക് കയറി ഹൃദയസരസ്സ് കാണുവാൻ എനിക്ക് കഴിയാതെ വന്നിരിക്കുന്നു. അതിനാൽ നിർഭാഗ്യവാൻ എന്ന് ഞാൻ നൂറുവട്ടം സ്വയം മനസ്സിൽ പറയാൻ ആഗ്രഹിക്കുന്നു.

മലമുകളിൽ പലയിടത്തും വലിയ കരിമ്പാറ കൂട്ടങ്ങൾ കാണുവാൻ കഴിയും. പാറകളിൽ ഇളം പച്ച പുല്ലുകൾ പറ്റിപിടിച്ച് വളർന്നിരിക്കുന്ന കാഴ്ച്ചകൾ ആകർഷണീയമാണ്. ഇവിടെ അടുത്ത് ഒരു വാച്ച് ടവർ ഉണ്ടെന്ന് വരുമ്പോൾ താഴെ ഫോറസ്റ്റ് ഓഫീസിൽ നിന്നും പറഞ്ഞിരുന്നതിനാൽ അടുത്തതതായി അവിടേക്ക് ലക്ഷ്യമാക്കി നടക്കുകയാണ്.
സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു, എന്നിട്ടും ഇവിടെ മലമുകളിൽ സമൃദ്ധമായ കോടമഞ്ഞ് കാരണം പലപ്പോഴും നേരം വെളുക്കാത്ത പ്രതീതിയായിട്ടാണ് അനുഭവപ്പെടുന്നത്. പ്രകൃതി ഭംഗി തേടി ഇവിടെ എത്തുന്നവരെ വരവേൽക്കാൻ മലമുകളിലും വസന്തമൊരുക്കി വഴിനീളെ ഇതൾ പൊഴിക്കാതെ നിൽക്കുന്ന കാട്ടുപൂക്കളുണ്ട്.

കണ്ടില്ലേ എത്രമാത്രം ഉന്മേഷത്തോടെയാണ് ഈ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. ഈർപ്പമുള്ള കാറ്റും ഇടക്കിടെയുള്ള മഴയും ഈ പൂക്കളെ കൂടുതൽ സുന്ദരന്മാരും സുന്ദരിമാരുമാക്കി മാറ്റിയതാവാൻ വഴിയുണ്ട്. ഇവിടെയുമുണ്ട് പക്ഷികളും വർണ്ണ ചിറകേറി പാറിയെത്തുന്ന ചിത്രശലഭങ്ങളും അവർക്ക് വേണ്ടിയാവും പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. കാവൽക്കാരനെ പോലെ തലയിൽ തൊപ്പിയും ധരിച്ച് വഴിയിൽ എന്നെയും കാത്ത് ബുൾ ബുൾ പക്ഷി ഇരിക്കുന്നുണ്ട്.

ആരെല്ലാം ഇതുവഴി വന്നാലും ഇല്ലെങ്കിലും ഈ ചെടികൾ ഇവിടെ മോട്ടിടുകയും പൂവിടുകയും ചെയ്യുമായിരുന്നു. പ്രകൃതി അതിന്റേതായ വർണ ഭംഗിക്കും ആകർഷണീയതക്കും വേണ്ടിയാണ് പൂക്കളെയും ശലഭങ്ങളെയും പക്ഷികളെയും സൃഷ്ടിച്ച് ഈ ഭൂമി ഇത്ര മനോഹരമാക്കിയിരിക്കുന്നത്.
യാത്രകളിൽ ചുറ്റുമുള്ളതെല്ലാം കണ്ടും ആസ്വതിച്ചും മുന്നോട്ട് പോകുവാൻ നമുക്ക് കഴിയുമെങ്കിൽ പക്ഷികൾ നമ്മുടെ കൂട്ടുകാരാവം പൂക്കൾ നമുക്ക് സുഗന്ധം നൽകും. ശലഭങ്ങളുടെ പിന്നാലെ ക്യാമറയുമായി നടക്കുമ്പോൾ അവ നമ്മെ കൊച്ചു കുട്ടികളെ പോലെ നിഷ്കളങ്കരാക്കി മാറ്റി ഏതാനും നിമിഷത്തേക്ക് നമ്മളെ പുതിയൊരു ലോകത്തേക്ക് കൂട്ടി കൊണ്ടുപോകും. അങ്ങനെയാവുമ്പോൾ മലമുകളിലോ കാടുകളിലോ എവിടെയായാലും തനിച്ചുള്ള യാത്രപോലും ആനന്ദപൂർണമായി മാറും.

വാച്ച് ടവറിനടുത്തേക്ക് നടക്കുമ്പോൾ ഇവിടെയൊട്ടാകെ ഉയരം കുറഞ്ഞ മരങ്ങളാൽ നിറഞ്ഞ കാടുകളാണ്. വനസംരക്ഷണ വിഭാഗ മരങ്ങളിൽ ധാരാളം ഓർക്കിഡ് ചെടികൾ നട്ടു പിടിപിച്ചിട്ടുണ്ട്. ഇപ്പോൾ ഓർക്കിഡ് പൂവിടുന്ന സമയമല്ലാത്തതിനാൽ കായയും ഇലയും മാത്രമേ ചെടിയിൽ കാണുവാൻ കഴിയുകയുള്ളൂ.

ഏതാണ്ട് ഇരുപത് മിനിറ്റോളം നടന്നു കഴിഞ്ഞപ്പോൾ വാച്ച് ടവറിന് ചുവട്ടിൽ. ടവറിന്റെ താഴെ കാവൽക്കാരൻ നിൽക്കുന്നുണ്ട്. ഞാൻ പടികളിലൂടെ ടവറിന്റെ മുകളറ്റം ലക്ഷ്യമാക്കി നടന്നു. ഇവിടെ നിന്നും താഴേക്ക് നോക്കുമ്പോൾ കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന തേയില തോട്ടങ്ങളും തോട്ടങ്ങളെ ഭാഗിച്ചത് പോലെ തോന്നിപിക്കുന്ന പാതയോരങ്ങളും കാണാം.

ഇനി കാണുവാനുള്ളത് ഹൃദയ തടാകമാണ്. ഗൈഡ് ഇല്ലാത്തതിനാൽ അതേതായാലും നടക്കുകയില്ല അതുകൊണ്ട് തിരിച്ച് പോരുവാൻ തുടങ്ങുകയാണ്. എന്റെ ക്യാമറയിലെ ചിത്രങ്ങൾ ഞാൻ പറയാൻ മനസ്സിൽ ഉദ്ധേശിക്കുന്നതിനേക്കാൾ ആയിരം മടങ്ങ്‌ വിളിച്ചുപറയാൻ തയ്യാറായി നിൽക്കുകയാണ്. മലമുകളിലെ തണുപ്പ് സഹിക്കാനാവാതെ ക്യാമറയുടെ ഫ്രെയിമിനകത്ത് ചുരുണ്ട് കൂടികയറിയ ഈ ചിത്രങ്ങൾക്ക് തന്നെയായിരിക്കും എന്റെ വാക്കുകളേക്കാൾ വ്യക്തതയോടെ കാര്യങ്ങൾ മനസ്സിലാക്കി തരാൻ കഴിയുക. പൂക്കളും കാട്ടാറുകളും പക്ഷികളും തണുത്ത കാറ്റും കോടമഞ്ഞ്‌ തൊട്ടുരുമ്മി നിൽക്കുന്ന അനുഭവവും തേയില തോട്ടത്തിന്റെ ഹരിതാഭാവും ഹരിത ഗിരിനിരകളും എല്ലാം യാത്രാവസാനം വരെ എനിക്ക് ചുറ്റിനുമുണ്ടായിരുന്നതിനാൽ എല്ലാ അർത്ഥത്തിലും ഞാൻ തൃപ്തനായികഴിഞ്ഞിരിക്കുന്നു.

തീർച്ചയായും കൂട്ടുകാരുമൊത്ത് അടുത്ത തവണ ഒരു ഗംഭീര യാത്ര ഇവിടേക്ക് വരണം. വഴിയും പ്രവേശന സമയവും വ്യക്തമായതിനാൽ അടുത്ത തവണ രാഹുകാലം നോക്കി ഇറങ്ങണം. എന്നിട്ട് വേണം ഹൃദയ സരസ്സിൽ നീരാടുവാൻ.


ഇനി എത്ര ദൂരം താഴേക്ക്
നടക്കുവാനിരിക്കുന്നു എങ്കിലും ജീപ്പ് കാരനെ വിളിക്കുവാൻ മനസ്സ് വന്നില്ല നടക്കുവാൻ തീരുമാനിച്ചു. കിലോമീറ്ററുകളോളം നടക്കുവാനുണ്ട്. തേയില തോട്ടവും വഴിയോരങ്ങളിൽ പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന വിസ്മയങ്ങളും കണ്ടുകൊണ്ട് ഏതാണ്ട് നാല് കിലോമീറ്ററോളം താഴേക്ക് നടന്നപ്പോൾ മുകളിൽ നിന്നും ഒരു ജീപ്പ് വരുന്നുണ്ട്.

ഈ നിമിഷം വരെ എനിക്ക് മുന്നിൽ ഹരിതാഭമായ കാഴ്ച്ചകൾ മാത്രമായിരുന്നു പക്ഷെ തിരികെ നടക്കുന്നതിനിടയിൽ എന്റെ യാത്ര അവസാനിച്ചത് ഇവിടെയാണ്‌. ഇവിടെ ഇതാ ഒരു വൻമരം ഇലകളില്ലാതെ പൂക്കളില്ലാതെ വാർദ്ധക്യത്തിന്റെ എല്ലാ ലക്ഷണവുമായി കൈകൾ നീട്ടി സഹായഹസ്തത്തിനായി നിൽക്കുകയാണ്. ഇന്നത്തെ യാത്രയിലെ എന്റെ ക്യാമറയുടെ അവസാന ചിത്രം ഈ മരത്തിൽ ഒതുക്കി തീർക്കുകയാണ്.
മുകളിൽ നിന്നും ജീപ്പ് അടുത്തെത്തി കൈകൾ നീട്ടുകയല്ലാതെ മറ്റൊരു വഴിയും കാണുന്നില്ല. താഴെ വരെ നടക്കുവാൻ തന്നെയായിരുന്നു ഇഷ്ടം എങ്കിലും ജീപ്പിൽ കയറി ദൂരം ഒരുപാട് പിന്നിട്ട് കഴിഞ്ഞപ്പോൾ മറ്റൊരു കാര്യം മനസ്സിലായി. താഴെ മേപ്പാടി ടൗണിലേക്കുള്ള ദൂരം ഞാൻ പ്രതീക്ഷിച്ചതിലും എത്രയോ അധികമുണ്ടായിരുന്നു.

23 February, 2016

നൃത്ത ചുവടുകളുമായി രാജഹംസങ്ങൾ ...

ആയിരക്കണക്കിന് രാജഹംസങ്ങളാണ് ദൂരെ ദേശങ്ങളിൽ നിന്നും അനുയോജ്യമായ ഇടത്താവളങ്ങൾ തേടി അവിടേക്ക് എല്ലാ വർഷവും പറന്നെത്തുന്നതത്രെ. കഥ നടക്കുന്നത് നമ്മുടെ കൊച്ചു കേരളത്തിലല്ല ഇന്ത്യയിലുമല്ല കടൽ കടന്ന് അങ്ങ് ദൂരെ ദൂരെ ദുബായിലാണ്.



ദുബായിൽ നിന്നും അൽ എയ്നിലേക്ക് പോകുവാൻ തയ്യാറായി നിൽക്കുന്ന ഞങ്ങളുടെ കമ്പനി വണ്ടിയിൽ ഇന്ന് ഞാനും കയറിക്കൂടി. രാവിലെ 9.30 ന് ദുബായിൽ നിന്നും യാത്ര തുടങ്ങിയെങ്കിലും ചെറിയ ട്രാഫിക്ക് ബ്ലോക്കുകളും പിന്നിട്ട് 10 മണിയോടെ ഞങ്ങൾ റാസ് അൽ ഖോറിൽ എത്തിയിരിക്കുന്നു. ദുബായ് ക്രീക്ക് കടലിടുക്ക് അവസാനിക്കുന്ന ഭാഗമാണ് റാസ് അൽ ഖോർ.

റോഡ്‌ മുറിച്ച് കടക്കുക എന്ന വലിയ കടമ്പ കഴിഞ്ഞ ശേഷം റാസ്‌ അൽ ഖോർ വന്യ ജീവി സങ്കേതത്തിന്റെ പ്രവേശന കവാടത്തിൽ എത്തിയിരിക്കുന്നു. പ്രവേശന കവാടത്തിന്റെ ഇരു വശത്തും ചതുപ്പ് നിലങ്ങലാണ്. ഈന്തപ്പന ഓലയാൽ മറച്ച വഴിയിലൂടെ കഷ്ടിച്ച് ഒരു മിനിറ്റ് നടന്നപ്പോൾ ഒരു ചെറിയ മുറിക്കകത്ത് എത്തിയത് പോലെ തോന്നിക്കുന്ന നിരീക്ഷണ സ്ഥലത്ത് എത്തിയിരിക്കുന്നു.

ഇവിടെ ഒരു സെക്യൂരിറ്റി ജീവനക്കാരാൻ കൂടാതെ വിവിധ രാജ്യത്ത് നിന്നും കാഴ്ച്ച കാണുവാനായി എത്തിയിട്ടുള്ള ആളുകളെയും കാണാം. പ്രവേശനം സൗജന്യമാണ്. ഇരുന്ന് കാഴ്ച്ച കാണുവാൻ ഇരിപ്പിടവും പക്ഷികളെ അടുത്ത് കാണുവാൻ ബൈനോകുലറുകളും മറ്റും ഇവിടെനിന്നും ലഭിക്കുന്നതാണ്. പ്രവേശനം സൗജന്യമായിട്ട് പോലും മറ്റൊരിടത്തും ഇത്ര സ്വീകാര്യതയോടെ സന്ദർശകരെ വരവേൽക്കുന്നത് ഞാൻ കണ്ടിട്ടില്ല.

തികച്ചും പ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് ഇവിടെയുള്ള ഇരിപ്പിടവും മറ്റുമെല്ലാം തയ്യാർ ചെയ്തിരിക്കുന്നത്. മുകളിൽ നിന്നും വീശുന്ന കാറ്റിനെ താഴെ സന്ദർശകർ നിൽക്കുന്നിടത്തേക്ക് വഴിതിരിച്ച് വിടുന്ന വിധത്തിൽ സൗകര്യം ചെയ്തിരിക്കുന്നതിനാൽ അകത്ത് എത്ര സമയം വേണമെങ്കിലും ഇരിക്കാം യാതൊരു വിധ മടുപ്പും അനുഭവപ്പെടില്ല.

ക്യാമറയുമായി ഞാനും അവിടെ ഒന്നര മണിക്കൂറോളം കുത്തിയിരുന്നു. അതിനിടയിൽ ഒരുപാട് വിദേശികൾ ഇവിടെ വന്ന് പോവുകയും ചെയ്തു. രാജഹംസങ്ങൾ കൂടിനിൽക്കുന്ന നയന മനോഹരമായ കാഴ്ച്ചയാണ് ഇവിടെയുള്ള ആകർഷണം. (ഗ്രേറ്റർ ഫ്ലമിഗോസ്) വലിയ രാജഹംസം അഥവാ നീർ നാര എന്നാണ് ഈ പക്ഷികളെ വിളിക്കപെടുന്നത്. തണുത്ത കാലാവസ്ഥ തുടങ്ങിയാൽ പിന്നെ വിവിധ സ്ഥലങ്ങളിൽ നിന്നും നൂറുകണക്കിന് പക്ഷികളാണ് ഇവിടെയുള്ള ചതുപ്പ് നിലങ്ങളിൽ വിരുന്നിനെത്തുന്നത്.

ആഫ്രിക്ക യൂറോപ്പ് ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററോളം താണ്ടി കൂട്ടമായി പറന്നെത്തുന്ന ഈ പക്ഷികൾ അനുയോജ്യമായ കാലാവസ്ഥയും ഭക്ഷണവും ലഭിക്കുന്ന സ്ഥലങ്ങൾ തേടി പറക്കുന്ന ദേശാടന പക്ഷികളാണ്. എനിക്ക് ഇവിടെ നിന്നും ലഭിച്ച ചിത്രങ്ങളെല്ലാം ഇന്നേ വരെ ഞാൻ കണ്ടിരുന്ന കാഴ്ച്ചകളിൽ നിന്നെല്ലാം വ്യത്യസ്തവമായി ആകർഷണവും അതിലുപരി അതിശയവും ഉളവാക്കുന്നതായിരുന്നു.

ദിവസവും നൂറുകണക്കിന് കിലോമീറ്ററോളം പറക്കുന്ന ഈ പക്ഷികൾ അധി കഠിനമായ ഉഷ്ണ കാലത്ത് ഇവിടെനിന്നും തിരിച്ച് പോകാറാണ് പതിവ്. വലിയ കാലുകൾ, പിങ്ക് കലർന്ന തൂവലുകളാൽ നിറഞ്ഞ ശരീരം, ഉയരം കൂടിയ കഴുത്തും എല്ലാം കൊണ്ടും കാഴ്ച്ചക്ക് അത്ഭുതം തന്നെയാണ്. നീർ നാര വലിയ അരയന്ന കൊക്ക് എന്നെല്ലാം അറിയപ്പെടുന്ന ഈ പക്ഷിയുടെ ശാസ്ത്രീയ നാമം Phoenicopterus roseus എന്നാണ്. നീരൊഴുക്ക് കുറഞ്ഞ തീരങ്ങളിലും ചതുപ്പ് നിലങ്ങളിലും കൂട്ടമായി എത്തിയശേഷം നീളമേറിയ കാലുകൾ ഉപയോഗിച്ച് ചെളിയിൽ ചവിട്ടി ഇളക്കി മറിച്ച് വളഞ്ഞു നിൽക്കുന്ന വലിയ കൊക്കുകൾ വെള്ളത്തിൽ ആഴ്ത്തി ഭക്ഷണം തിരയുന്നത് കാണാം.

പിങ്ക് നിറത്തിലുള്ള വലിയ കാലും കാലിനോളം നീളം വരുന്ന കഴുത്തുമുള്ള നീർനാരകളുടെ ശരീരത്തിലെ തൂവലുകൾ ഇളം പിങ്ക് കലർന്ന വെളുത്ത നിറത്തിലാണ്. ചിറകുകളുടെ മുൻ ഭാഗത്തെ മാംസത്തോട് ചേർന്ന തൂവലുകൾ കടും പിങ്ക് നിറത്തിലും ആഗ്ര ഭാഗത്ത് കറുപ്പ് തൂവലുകളുമാണ്. മറ്റു പക്ഷികളിൽ നിന്നും വ്യത്യസ്ഥമായി ഫ്ലാമിൻഗോസിന്റെ കൊക്കുകളുടെ മുകളറ്റം പ്രത്യേക രീതിയിൽ ചലിപ്പിക്കുവാൻ കഴിവുള്ള ഈ പക്ഷികൾ താറാവിന്റെ ശബ്ദത്തോട് സാമ്യമുള്ള വലിയ ശബ്ദമുണ്ടാക്കികൊണ്ട് കൊക്കുകൾ ചളിയിൽ ആഴ്ത്തി കാക്കകളും ആൽഗകളും ചെറു ജലജീവികളെയും ഭക്ഷിക്കും. ഭക്ഷണം കൊക്കിനകത്താകി വെള്ളവും ചളിയും പുറത്തേക്ക് വേർ തിരിച്ച് കളയുവാൻ കഴിയത്തക്ക വിധം അരിപ്പ പോലെയുള്ള കൊക്കുകൾ ഈ പക്ഷികൾക്ക് സഹായകമാണ്.

വലിയ ശരീര ഘടനയായതിനാൽ പറക്കുന്നതിനിടയിൽ നിലത്തേക്ക് ഇറങ്ങുവാൻ വിശാലമായ പ്രദേശം തന്നെ ആവശ്യമുള്ള പക്ഷികളാണ് ഫ്ലമിഗോസ്. പിങ്ക് നിറത്തിലുള്ള നീളമുള്ള കാലുകൾ പിന്നിലേക്ക് നീട്ടിപിടിച്ച് വിശാലമായ ചിറകുകളും വിടർത്തി പറക്കുമ്പോളാണ് പക്ഷിയുടെ യഥാർത്ത വലിപ്പവും ചിറകിന്റെ നിറവും നമുക്ക് മനസ്സിലാവുക. മേൽ കൊക്കിന്റെ ആഗ്ര ഭാഗം താഴേക്ക് അർദ്ധ വൃത്താകൃതിയിൽ വളഞ്ഞിട്ടാണ് ഉണ്ടാവുക. നീർനാരകളുടെ കൊക്കുകൾ പിങ്ക് നിറത്തിലാണെങ്കിലും ആഗ്ര ഭാഗം കറുത്ത നിറത്തിലാണ്.

കൂട്ടമായി പറന്നു വരുന്ന കാഴ്ച്ച വളരെ മനോഹരമാണ്. മറ്റുള്ള പക്ഷികളെ പോലെ നേരെ പറന്ന് നിലത്തേക്ക് ഇറങ്ങുവാൻ ഈ പക്ഷികൾക്ക് സാധിക്കില്ല അതുകൊണ്ട് നിലത്തേക്ക് പറന്നിറങ്ങി വരാൻ വലുതല്ലെങ്കിലും ചെറിയ റൺവേ ഈ പക്ഷികൾക്ക് ആവശ്യമാണ്‌. പറന്നു വന്ന് വിമാനം പോലെ ഏതാനും ദൂരം നിലത്ത് കൂടെ ഓടിയതിന്‌ ശേഷമേ ഈ പക്ഷികൾക്ക് നിൽക്കുവാൻ സാധിക്കുകയുള്ളൂ. പ്രായമെത്തിയ നീർ നാരകൾക്ക് രണ്ട് 180 cm ഏതാണ്ട് രണ്ട് മീറ്ററോളം ഉയരവും 4.5 kg വരെ തൂക്കവും ഉണ്ടാവാറുണ്ട്. ചിറകുകൾ വിടർത്തുമ്പോൾ 1 മീറ്ററോളം വിസ്താരമുള്ളതായി കാണുവാൻ കഴിയും. ഒരു മീറ്ററിലധികം നീളമുള്ള കാലുകൾക്ക് നടുവിലായി കാൽ മുട്ടുകൾ വ്യക്തമായി കാണാം. ജല പഷികൾക്ക് സാധാരണ ഉണ്ടാവാറുള്ളത് പോലെ കാലുകളിൽ നീന്തുവാനും തുഴയുവാനും വേണ്ടിയുള്ള നേർത്ത സ്തരങ്ങളും കാണാം.

ഏത് ദിശയിലേക്കും വളരെ വേഗത്തിൽ തിരിക്കുവാൻ കഴിയുന്ന ഇവയുടെ നീളമുള്ള കഴുത്തിൽ 19 കശേരുക്കൾ അടങ്ങിയിട്ടുണ്ട്. ഇവയുടെ വാൽ ഭാഗത്ത് 12 മുതൽ 16 വരെ ശക്തമായ തൂവലുകൾ ഓരോ ചിറകിലും ഉണ്ടാവും. തൂവലുകൾ രണ്ട് വർഷത്തിലൊരിക്കൽ കൊഴിഞ്ഞ് പുതിയത് കിളിർക്കാറുണ്ട്. പൊഴിഞ്ഞ തൂവലുകൾ ഏതാനും സമയം കൊണ്ട് അതിന്റെ നിറം നഷ്ടമാവും.
ഫ്ലമിൻഗോസ് അധികവും വെളുത്ത തൂവലിൽ ഇളം പിങ്ക് നിറത്തിലാണ് കാണാൻ കഴിയുന്നതെങ്കിലും പ്രായമെത്താത്ത പക്ഷികളെ വെളുത്തതും കറുത്തതുമായ തൂവലുകളോടെ നിൽക്കുന്നത് കാണാം. ചിലത് കറുത്ത കാലുകളോടു കൂടിയും കടും ചാരവും കറുപ്പും നിറത്തിലും കാണാം.

മണ്ണിൽ ആഴത്തിൽ കുഴികളുണ്ടാക്കി വെള്ളം കടക്കാതെ രൂപപ്പെടുത്തി അതിലാണ് പക്ഷികൾ മുട്ടയിടുക. മുട്ടയിട്ടാൽ വിരിയുന്നത് വരെ ആൺ പക്ഷിയും പെൺ പക്ഷിയും മാറി മാറി അടയിരിക്കും. കുഞ്ഞുങ്ങൾ വിരിയുന്ന സമയങ്ങളിൽ ആൺ പെൺ പക്ഷികളിൽ ദഹനേദ്രിയത്തിന്റെ മുകൾ ഭാഗത്ത് ഉത്പാതിപ്പിക്കപെടുന്ന പാലിന്റെ ഗുണമുള്ള ദ്രാവകമാണ് കുഞ്ഞുങ്ങൾക്ക് ആഹാരമായി നൽകുക. അതിനാൽ മുട്ടയിട്ട് കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്ന പക്ഷി വർഗ്ഗം എന്ന വിശേഷണവും ഫ്ലമിൻഗോസ് ( നീർ നാര ) കൾക്കുണ്ട്. മുട്ട വിരിഞ്ഞെത്തുന്ന കുട്ടികൾക്ക് നിവർന്ന കൊക്കുകളാണ് ഉണ്ടാവുകയെങ്കിലും സാവധാനം അത് പൊഴിയുകയും മറ്റുള്ള പക്ഷിയെ പോലെ വളഞ്ഞ കൊക്കുകൾ ഉണ്ടാവുകയും ചെയ്യും.

ശരീരത്തിൽ പിങ്ക് നിറത്തിന് കാരണം ഈ പക്ഷികളുടെ ആഹാരത്തിൽ അടങ്ങിയിട്ടുള്ള കരോട്ടിനോയിഡിന്റെ അളവ് കാരണമാണ് എന്നാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തൽ.
സാവധാനം അടിവെച്ചടിവെച്ച് നടന്ന് നീങ്ങുന്ന സ്വഭാവമുള്ള ഇക്കൂട്ടർ നമ്മുടെ വയലുകളിൽ കൊറ്റികൾ നിൽക്കുന്നത് പോലെ ഒരിടത്ത് തന്നെ അനങ്ങാതെ ഒറ്റകാലിൽ ഉറക്കം തൂങ്ങിയത് പോലെ മണിക്കൂറുകളോളം നിൽക്കാറുണ്ട്.


ദുബായ് റാസ് അൽ ഖോർ വന്യ ജീവി സങ്കേദത്തിൽ എല്ലാ ദിവസവും രാവിലെ 9 മണിക്കും വൈകുന്നേരം 4 മണിക്കും ഭക്ഷണം നൽകുന്നതിനാലും അനുയോജ്യമായ കാലാവസ്ഥയും സംരക്ഷണവും ലഭിക്കുന്നതിനാലും പക്ഷികൾ എല്ലാ വർഷവും ഇവിടെ പതിവായി എത്താറുണ്ട്. ഇവിടെയെത്തുന്ന പക്ഷികൾക്ക് ജീവിക്കുവാൻ അനുയോജ്യമാം വിധമാണ് ചുറ്റിലുമുള്ള കണ്ടൽ കാടുകളും ചതുപ്പ് നിലവുമുള്ളത്.

ഋതുക്കൾ മാറുന്നതിനനുസരിച്ച് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ഭക്ഷണവും സുരക്ഷിതവുമായ താമസ സ്ഥലങ്ങളും തേടി കൂട്ടമായി പറക്കുന്ന ദേശാടനക്കിളികൾ ഇപ്പോൾ ഇവിടെ തണുത്ത കാലാവസ്ഥയും അനുയോജ്യമായ ചുറ്റുപാടുകളും ലഭിക്കുന്നതിനാൽ ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള നൂറ് കണക്കിന് വിവിധ തരം ദേശാടന പക്ഷികൾ എല്ലാ വർഷവും ഇവിടെ പറന്നെത്താറുണ്ട്.

തണുപ്പ് കഠിനമാകുമ്പോൾ പശ്ചിമേഷ്യൻ രാജ്യങ്ങൾ തേടി പറക്കുകയും അധി കഠിനമായ ചൂട് കാലം തുടങ്ങുമ്പോൾ ഇവിടെ നിന്നും അനുയോജ്യമായ മറ്റ് സ്ഥലങ്ങൾ തേടി പറക്കുകയും ചെയ്യുന്നതാണ് പതിവ്.

ചതുപ്പ് നിലങ്ങളിൽ ഭക്ഷണം തിരയുകയാണെങ്കിലും കാലുകൾ കൊണ്ട് സധാസമയം ചലിപ്പിച്ച് ഇടുപ്പ് ഇളക്കി കൊണ്ട് ഡാൻസ് കളിക്കുന്നത് പോലെ ഒരു സ്ഥലത്ത് തന്നെ മണിക്കൂറുകളോളം കൂട്ടമായി നിൽക്കുകയും ഇടക്കിടെ എലാവരും ഒന്നിച്ച് തലയുയർത്തി നോക്കുകയും ചെയ്യും.
വലിയ കാലുകളിൽ കുത്തി നിറുത്തിയത് പോലെയുള്ള ഉടലും ഉടലിന് മുകളിലേക്ക് വടി കുത്തി നിറുത്തിയത് പോലെയുള്ള തലയും ആട്ടിയുലച്ച് ഒറ്റയായി നിൽക്കുന്നവർ കൂട്ടത്തിലേക്ക് നടന്ന് നീങ്ങുന്നുണ്ട്.
അവസാനം എല്ലാവരും ഒത്തൊരുമിച്ച് തലയുയർത്തി പിടിച്ച് പട്ടാളക്കാർ മാർച്ച് പാസ്റ്റ് നടത്തുന്നത് പോലെ അണിയണിയായി ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് നടന്ന് നീങ്ങുന്ന കാഴ്ച് ആരും അതിശയത്തോടെ നോക്കി നിന്ന് പോകും.




             വീഡിയോ കാണുവാൻ

17 February, 2016

തലശ്ശേരിയുടെ സ്വന്തം മുഴപ്പിലങ്ങാട് ബീച്ച്...

കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത കടലും എണ്ണിയാൽ തീരാത്ത തിരകളും അങ്ങനെ അങ്ങനെ പറഞ്ഞാൽ തീരാത്ത കഥകളുമായി കരകാണാതെ നീണ്ടു നിവർന്നു കിടക്കുന്ന കടൽ. കടലിനോട് ചേർന്ന് ചരിത്ര കഥകൾ ഉള്ളിലൊളിപ്പിച്ച് തല ഉയർത്തി കാവൽ നിൽക്കുന്ന കോട്ടകളും, തലശ്ശേരിക്കാരുടെ ദം ബിരിയാണിയും. അങ്ങനെ തലശ്ശേരിയുടെ മഹിമകൾ പറയുവാൻ തുടങ്ങിയാൽ കടൽ പോലെ തന്നെ ഒരുപാടുണ്ട് പറയാൻ.

രണ്ട് ബൈക്കുകളിലായി തലശ്ശേരിയിൽ നിന്ന് അന്നത്തെ ജോലിയൊക്കെ നേരത്തെ തീർത്ത് എന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു അന്ന് ഞങ്ങൾ ബീച്ചിൽ എത്തിയത്. ആദ്യമായി മുഴപ്പിലങ്ങാട് ബീച്ച് കാണുമ്പോൾ ഉണ്ടാകുന്ന ഏതൊരാളുടെയും മനസ്സിലെ സന്തോഷവും ആനന്ദവും അതാണ് എനിക്കും പറയാനുള്ളത്.

കേരളത്തിന് ധാരാളം കടൽ തീരങ്ങളുണ്ടെങ്കിലും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് തലശ്ശേരിയെ മറ്റു കടൽ തീരങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നു.
ഞങ്ങൾ മൂന്നുപേരും ബീച്ചിലേക്ക് പ്രവേശിക്കുകയാണ്, ബീച്ചിൽ ധാരാളം ആളുകളും കാറുകളും ജീപ്പുകളും ബൈക്കുകളും എല്ലാമുണ്ട്. കടലിനോട് ചേർന്ന് തിരകൾക്ക് മുകളിലൂടെ വാഹനമോടിക്കു കയാണ് ഇവിടെയെത്തുന്ന പലരുടെയും ഇഷ്ട്ട വിനോദം. തിരകളെയും തൊട്ടുകൊണ്ട് മതിമറന്ന് വാഹനം ഓടിക്കുന്ന മറ്റ് ബീച്ചുകളിലുമില്ലാത്ത ഈ അനുഭൂതിക്ക് വേണ്ടിയാണ് ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ ഇവിടെ എത്തുന്നത്. ഈ പ്രത്യേകതകൾ മുഴപ്പിലങ്ങാട് ബീച്ചിന് മാത്രം സ്വന്തമായതിൽ തലശ്ശേരിക്കാർക്ക് എന്നും അഹങ്കരിക്കാം.

സൂര്യാസ്തമയങ്ങൽ കാണുന്നതിനും ക്യാമറയിൽ പകർത്തുവാനും അസ്തമയ സൂര്യന്റെ പശ്ചാത്തല ത്തിൽ ആൽബങ്ങൾ ചിത്രീകരിക്കുവാനുമായി സന്ധ്യ സമയമാവുന്നതും കാത്ത് ധാരാളം ആളുകൾ ക്യാമറയുമായി കാത്തിരിക്കുന്നു.

ഓരോ തവണയും തീരം തേടിയെത്തുന്ന തിരമാലകൾ തീരത്തുള്ളവർകായി എന്തെങ്കിലും കൊണ്ടു വരാറുണ്ട് അങ്ങനെ തിരകളിൽ പ്രതീക്ഷകളർപിച്ച് തീരത്ത് കാത്തിരിക്കുന്ന കുട്ടികൾ ചിപ്പികളും കല്ലുമ്മക്കായും പെറുക്കാനായി തിരകളിലൂടെ നടക്കുകയാണ്.
കടൽ കാണാനും തീരത്ത് കൂടി നടക്കാനും ഇഷ്ട്ടമില്ലാത്തവർ ആരാണുണ്ടാവുക. ഇതൊക്കെ എല്ലാ കടൽ തീരത്ത്‌ പോയാലും സാധാരണമാണ് പക്ഷേ മറ്റു ബീച്ചുകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ അനുഭവങ്ങളാകും ഇവിടെയെത്തുന്ന ഓരോരുത്തർക്കും വേണ്ടി കാത്തിരിക്കുന്നുണ്ടാവുക.

ബീച്ചിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ രണ്ട് ബൈക്കുകളിൽ തിരകളെയും തട്ടി തെറിപ്പിച്ച് കൊണ്ട് ആഗ്രഹം മാറുംവരെ കറങ്ങി നടന്നും ചിത്രങ്ങൾ എടുത്തും നടന്നു. പുഴ കടലിലേക്ക് വന്നു ചേരുന്നതിന്റെ വ്യത്യസ്തമായ കാഴ്ച്ചകളും മുഴപ്പിലങ്ങാട് ബീച്ചിൽ കാണുവാൻ കഴിയും. സൂര്യൻ അസ്തമയത്തിനായി തയ്യാറെടുത്ത് ആകാശവും ആഴിയുമേല്ല്ലാം നിറം മങ്ങി തുടങ്ങുകയായി.
ഞങ്ങളുടെ മുന്നിൽ ബീച്ചിന്റെ വലതു ഭാഗത്ത് പുഴ കടലിലേക്ക് ചേരുന്ന ഭാഗത്തിന് മറുവശത്ത് കാണുന്ന ചുറ്റിലും വെള്ളത്താൽ ചുറ്റപെട്ട പാറക്കൂട്ടത്തിലേക്ക് ആളുകൾ വരുന്നതും പോകുന്നതും കാണാം. പാറകൂട്ടങ്ങളുടെ മുകളിലിരുന്ന് ആളുകൾ ചൂണ്ടലിട്ട് മീൻപിടിക്കുന്ന തിരക്കിലാണ്.

വെള്ളത്തിലൂടെ മുറിച്ച് കടന്ന് വേണം പാറ കൂട്ടങ്ങളിലേക്ക് എത്തുവാൻ. ഞങ്ങളും പ്രതീക്ഷകളുമാ യി അക്കരെ കാണുന്ന പാറ കൂട്ടങ്ങളിലേക്ക് നടക്കുകയാണ്. അവിടെ എത്തിയാൽ എന്തെങ്കിലും കാര്യമായിട്ട് കാണുവാനുണ്ടാവും. സന്ധ്യാ സമയമായാൽ ബീച്ചിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കാനായി എത്തുന്നുണ്ട്.
ബീച്ചിന്റെ വലതു ഭാഗത്തായിട്ടാണ് ഞങ്ങൾ നടന്നു നീങ്ങുന്ന പാറകൂട്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. കേര വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന തീരപ്രദേശം. ഭീമാകാരമായ കടൽ തിരകൾ പാറകളിൽ തട്ടിയുണ്ടാകുന്ന അലയടി മുഴങ്ങി കേൾക്കുന്നുണ്ട്.

ബീച്ചിന്റെ ഈ ഭാഗത്ത് അധികവും പാറകൂട്ടങ്ങളാണ് കാണുന്നത് ആയതിനാൽ ഇവിടെയുള്ള തിരകളും ഭയാനകമാണ്. പാറകളിൽ ഞണ്ടുകൾ ഓടിനടക്കുന്നുണ്ട്. മുഴപ്പിലങ്ങാട് ബീച്ചിലെ എനിക്ക് ഏറ്റവും ഇഷ്ടമായ സ്ഥലം ഏതാണെന്ന് എന്നോട് ചോദിച്ചാൽ ഈ പാറക്കൂട്ടങ്ങളുടെയും തെങ്ങിൻ തോപ്പുകളുടെയും ഇടയിൽ കാണുവാൻ കഴിയുന്ന സ്ഥലമാണെന്ന് പറയാം.

ഞങ്ങൾ നിൽക്കുന്ന സ്ഥലത്ത് നിന്നും വേഗം തന്നെ തിരികെ ബീച്ചിന്റെ ഭാഗത്തേക്ക് പോയില്ലെങ്കിൽ സന്ധ്യയായി കടലിലെ വെള്ളം കൂടുതലായി കരയിലേക്ക് കയറി തുടങ്ങിയാൽ ചിലപ്പോൾ വെള്ളത്തിലൂടെ അക്കരെക്ക് മുറിച്ച് കടക്കുവാൻ സാധിക്കുകയില്ല. നിരപ്പായ സ്ഥലങ്ങളിൽ ഇടതൂർന്ന് നിൽക്കുന്ന തെങ്ങിൻ തോപ്പുകൾ ബീച്ചിനോട് വിട്ട് അൽപം പുറക് ഭാഗത്തായി കാണാം.
സൂര്യൻ ആഴിയോടടുത്തതും ആകാശവും ചായം പൂശി തുടങ്ങിയിരിക്കുന്നു. ആഴിയും ഭാവമാറ്റങ്ങൾ 
പ്രകടമാക്കി തുടങ്ങിയിരിക്കുന്നു. ഇതുവരെ കടലിലേക്ക് ഉൾവലിഞ്ഞ തിരമാലകൾ ഇപ്പോൾ കരയിലേക്ക് കയറി കയറി വരികയാണ്. എന്നത്തെയും പതിവ് പോലെ ഇന്നും സൂര്യന് വേണ്ടി ആകാശവും ആഴിയും മത്സരം തുടങ്ങിയിരിക്കുന്നു.



ശേഷം വീണ്ടും എത്രയോ തവണ ബീച്ചിൽ സന്ദർശിച്ചപോഴെല്ലാം വ്യത്യസ്തമായ അസ്തമയങ്ങൾ പകർത്തുവാൻ സാധിച്ചു. മരച്ചില്ലകൾക്ക് ഇടയിൽ ഒളിഞ്ഞിരിക്കുന്ന സൂര്യൻ അവസാനം ആഴിയിലേക്ക് മറയുന്ന കാഴ്ച്ച ക്യാമറയിൽ പകർതുന്നതിനായി ക്ഷമയോടെ കാത്തിരുന്നു.
അസ്തമയ സൗന്ദര്യം ഓരോ നിമിഷവും ഞാൻ മനസ്സിൽ കരുതിയതിനെക്കാൽ എത്രയോ മനോഹരമായിരുന്നു. എന്നെ പോലെ ധാരാളം ആളുകൾ ഇവിടെ അസ്തമയങ്ങൾ കാണുവാനായി എത്തുന്നതും അത്കൊണ്ടാവണം. ഓരോ അസ്തമയവും എന്റെ ക്യാമറക്ക് വ്യത്യസ്തമായ ഫ്രയിമു കളാണ് നൽകിയത്. മരത്തിന് മുകളിൽ നിന്നും പഴുത്ത് പാകമായി നിലത്ത് വീണ പഴം മാമ്പഴം പോലെയായിരുന്നു അസ്തമയ സൂര്യന്റെ അടുത്ത ഫ്രെയിം.

ഇരുൾ വീണ് തുടങ്ങിയതോടെ ബോട്ടുകളും വഞ്ചികളുമായി മുക്കുവർ കടലിലേക്ക് ഇറങ്ങി തുടങ്ങി. എന്റെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ ചുവന്നു തുടുത്ത ചക്രവാളവും മത്സ്യ ബന്ധന ബോട്ടും ആഴിയിൽ ഒത്തു ചേർന്നപ്പോൾ ലെൻസുകൾ മിഴി തുറന്നിരുന്ന എന്റെ ക്യാമറക്ക് മറ്റൊരു നല്ല ഫ്രയിം കൂടി സമ്മാനമായി ലഭിച്ചു. ജീവിതത്തിൽ ഒരു നല്ല സൗഹൃദം ലഭിക്കുവാൻ ഇടയായ അതോടൊപ്പം ആദ്യമായിട്ട് എനിക്ക് കിട്ടിയതെന്ന് ഞാൻ കരുതുന്ന ഏറ്റവം നല്ല അസ്തമയ സൂര്യൻ.

നാലര കിലോമീറ്ററോളം നീണ്ടു കിടക്കുന്ന വിശാലമായ കരയും ചുറ്റിലുമുള്ള തെങ്ങിൻ തോപ്പുകളും തുരുത്തും മുഴപ്പിലങ്ങാട് ബീച്ചിനെ മനോഹരമാക്കുന്നു. വൃത്തിയിലും വെടുപ്പിലും മുഴപ്പിലങ്ങാട്ബീച്ച് മറ്റുള്ള ബീച്ചുകളെക്കാൾ മുന്നിലാണ് ബീച്ച്. കടൽ തിരകളിൽ ഓടി നടന്ന് ഭക്ഷണം തിരയുന്ന കടൽ പക്ഷികൾ വലിയ തിരകളെത്തുമ്പോൾ കരയിലേക്ക് ഓടി കയറുന്നു.
അന്തിപോൻവെട്ടം കടലിൽ മുങ്ങി താഴുകയാണ്. സൂര്യനെ കൈവിടാൻ ആകാശം തയ്യാറല്ലെങ്കിലും നിമിഷങ്ങൾ സൂര്യൻ കടലിന്റെത് മാത്രമാവും. പ്രതീക്ഷകളുടെ ലോകത്ത് പുതിയ പൊൻ പ്രഭാത വുമായി തിരികെയെത്തുവാൻ ഒരു നല്ല നാളെക്കായി ഇന്നും പതിവ് പോലെ സൂര്യൻ ആഴിയിലേക്ക്‌ ആണ്ടുപോയി.
നാടക വേദിയിൽ വേഷങ്ങൾ അഭിനയിച്ച് തീർന്നാൽ മാത്രമേ തിരശ്ശീല വീഴാറുള്ളു. ജീവിതമാകുന്ന നാടകത്തിൽ വേഷങ്ങൾ അഭിനയിച്ച് തീർന്നാലും ഇല്ലെങ്കിലും അസ്തമയത്തിന്റെ തിരശ്ശീലകൾ വീഴുകയാണ്. വേഷങ്ങൾ അഭിനയിച്ച് തീർത്തവർക്ക് പുതിയ വേഷങ്ങളും പാതിവഴിയിൽ എത്തി നിൽക്കുന്നവരെ നല്ലൊരു പുലരിയും കാത്തിരിക്കുകയാണ്.
വേഷങ്ങൾ അഭിനയിച്ച് തീർത്താലും പുതിയ വേഷങ്ങൾ നാളെ എന്നെയും കാത്തിരിക്കുന്നതിനാൽ ഇന്ന് തൽകാലികമായി ഞങ്ങളുടെ ഒരു ദിവസത്തിനും തിരശ്ശീലയിട്ടിരിക്കുന്നു. ഇനിയും മറ്റൊരു ദിവസം സമയം ലഭിച്ചാൽ തിരികെയെത്താമെന്ന പ്രതീക്ഷകളുമായി ഞങ്ങളും അന്ന് തീരത്തോട് യാത്ര പറഞ്ഞു കൊണ്ട് അവിടെ നിന്നും തിരിച്ച് പോയി.



ഇന്നത്ത ഞങ്ങളുടെ ബീച്ച് സന്ദർശനം തുരുത്തിനോട് ചേർന്ന ഭാഗത്താണ്. ഇത് മുഴപ്പിലങ്ങാട് ബീച്ചിന്റെ മറ്റൊരു പ്രവേശന വഴിയാണ്. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ബീച്ചിന് ധാരാളം പ്രവേശന വഴികളുണ്ട്. ഓരോ വഴികളിലൂടെയും ബീച്ചിനകത്തെക്ക് പ്രവേശിക്കുന്നവർക്ക് വ്യത്യസ്ത കാഴ്ച്ചകളാണ് കാണാനാവുക.
തീരത്തിന് സമീപം നിരന്നു നിൽക്കുന്ന തെങ്ങുകൾ കടലിലേക്ക് തല നീട്ടി നിൽക്കുകയാണ്. കടൽ കാറ്റിൽ ആടി ഉലയുന്ന തെങ്ങോലകൾ തീരത്തിനെ മനോഹരമാക്കുന്നു. കേരം തിങ്ങും കേരള നാടിന്റെ എല്ലാ ഭംഗിയും ഇവിടെ നിന്നാൽ ആസ്വദിക്കാം.
ഏതോ ചരിത്ര സ്മാരക ശേഷിപ്പുകൾ പോലെ വലിയ കല്ലുകൾ തീരത്ത് നിറയെ തലയുയർത്തി നിൽക്കുന്നു. തിരകൾക്ക് എടുത്ത് കൊണ്ടുപോകാൻ കഴിയാത്തത് കാരണം കല്ലുകൾ അനങ്ങാതെ ഇവിടെ തന്നെ കിടക്കുകയാണ്. പാറകളിൽ ചെറിയ കല്ലുമ്മ കായകൾ പറ്റി പിടിച്ചിരിക്കുന്നത്‌ കാണാം.
അങ്ങ് ദൂരെ സൂര്യന് ഇടതു വശത്തായി കാണുന്നതാണ് ധർമ്മടം തുരുത്ത്. തെങ്ങുകളും മരങ്ങളും ഇടതൂർന്ന് നിൽക്കുന്ന മനോഹരമായ കൊച്ചു ദ്വീപ്‌. കരയിൽ നിന്നും തുരുത്തിലേക്ക് ഏകദേശം 200 മീറ്റർ ദൂരമേയുള്ളൂ.

കരയിൽ നിന്ന് നോക്കുന്ന ആരെയും മോഹിപ്പിക്കുന്ന തുരുത്ത് കാണുവാൻ വളരെയധികം മനോഹരവും ആകാംഷ നിറഞ്ഞതുമാണ്. തുരുത്തിൽ എന്താണ് ഉണ്ടാവുക എന്ന് അറിയുവാൻ എന്റെ മനസ്സിൽ അകാംശയുണ്ടെങ്കിലും വൈകുന്നേരമായതിനാൽ കടലിൽ വെള്ളം കൂടുതലാണ്. വേലിയിറക്ക സമയങ്ങളിൽ വെള്ളം കുറയുമ്പോൾ തുരുത്തിലേക്ക് നടന്ന് പോകുവാൻ കഴിയുമത്രെ.
ആഴക്കടലിന്റെ ചുരുളഴിയാത്ത രഹസ്യങ്ങളുമായാണ് ഓരോ തിരകളും തീരത്തോടടക്കുന്നത്. സങ്കടങ്ങൾ പേറി നാം ഓരോരുത്തരും തീരത്തുകൂടി നടക്കുമ്പോൾ കാലുകളളെ തഴുകി തിരിച്ച് പോകുന്ന തിരകൾ നമ്മുടെ മനസ്സിലെ വേദനകളും അതോടൊപ്പം ഏട്ടെടുക്കുന്നുണ്ടാവും. അങ്ങനെ കടലിലെ നിഘൂട രഹസ്യങ്ങളും അതോടൊപ്പം ആർക്കും പിടികിട്ടാത്ത നമ്മുടെ മനസ്സിലെ രഹസ്യങ്ങളുമായ് ഓരോ തിരകളും ആർത്തിരംബുകയാണ്.

ചില നേരങ്ങളിൽ കലിതുള്ളി വരുന്ന വൻ തിരമാലകളെ തീരത്തേക്ക് അയച്ച് തീരത്തുള്ളവരെ കടൽ വേദനിപ്പിക്കാറുണ്ടെങ്കിലും കടലിനെ മാത്രം ജീവിതമാക്കി തീരത്ത് കഴിയുന്നവർക്ക് കടൽ എന്നും ഒരു അക്ഷയ പാത്രമാണ്. അവർക്ക് കടൽ അമ്മയാണ്, ഒരമ്മ തന്റെ മക്കൾക്ക് നൽകു ന്നത് പോലെ സ്നേഹവും കരുതലും നൽകുന്നത് കൊണ്ടാവാം അവർ കടലിനെ കടലമ്മ എന്ന് വിളിക്കുന്നത്.
മായാജാലക്കാരൻ ചെപ്പടി വിദ്യകൾ കാണിച്ച് കാണികളെ കയ്യിലെടുക്കുന്നത് പോലെ കടൽ എല്ലാ അർത്ഥത്തിലും ഒരു ജാലവിദ്യക്കാരനാണെന്ന് പറയാതെ വയ്യ.
പാൽ തിരകളും സന്ധ്യശോഭയിൽ മുങ്ങിയ ആകാശവും ആഴിയിൽ മുങ്ങിമറയുന്ന അസ്തമയ സൂര്യനെയുമെല്ലാം ദിവസവും വ്യത്യസ്ഥ രൂപത്തിലും നിറത്തിലും കാണിച്ച് കൊണ്ട് തന്നെ തേടി എത്തുന്നവരെ വശീകരിച്ച് വീണ്ടും വീണ്ടും തന്നിലേക്ക് ആകർഷിച്ച് കൊണ്ടിരിക്കുകയാണ്.

14 February, 2016

ഇനിയും പറയാതെ വയ്യ...

ഫേസ്ബുക്ക്, ടിറ്റർ.... അങ്ങനെ നീളുന്ന സോഷ്യൽ മീഡിയകൾ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടോ എന്നൊരു തോന്നൽ.
ഒന്നല്ല ഒരുപാട് തവണ കണ്ടും കേട്ടും മനസ്സിലായ ഒരു കാര്യം പറയാം.
മാധ്യമങ്ങളിൽ ദിവസവും വരുന്ന വാർത്തകൾ എല്ലാവരും കാണാറുണ്ട് അതിൽ സത്യസന്തമായത് വളച്ചൊടിച്ച് തെറ്റായ വാർത്തകളും ഉണ്ടാവാറുണ്ട്.
പുതിയ തലമുറ എന്ത് കേട്ടാലും കണ്ടാലും പ്രതികരിക്കാറുണ്ട് എന്നൊന്നും പറയാൻ പറ്റില്ല.
പക്ഷെ അവർ ആവശ്യമില്ലാത്ത പലയിടങ്ങളിലും തലയിട്ട് ആവശ്യമുള്ളിടത്ത് പ്രതികരിക്കാതെ
അനാവശ്യമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
പ്രതികരിക്കേണ്ട പലയിടത്തും വേണ്ടത് പോലെ സമയത്ത് പ്രതികരിച്ചിരുന്നുവെങ്കിൽ ഒരുപാട് മനുഷ്യ ജീവനുകൾ നഷ്ട്ടപെട്ട വാർത്തകൾ നമുക്ക് കാണാൻ ഇടവരില്ലായിരുന്നു.
മീഡിയകളിലും പത്രങ്ങളിലും വരുന്ന വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയകളിലും നമുക്ക് വായിക്കാൻ അവസരം ഉണ്ടാവാറുണ്ട് .
അത്തരത്തിൽ സോഷ്യൽ മീഡിയകളിൽ വരാറുള്ള വാർത്തകൾ വായിക്കുമ്പോൾ അതിന് താഴെ അഭിപ്രായം രേഖപ്പെടുത്താൻ എല്ലാവര്ക്കും അവസരം ഉണ്ട്.
ഒരു വാർത്ത എന്നല്ല പല തരം വാർത്തകൾ വന്നപ്പോൾ ഞാൻ ശ്രദ്ധിച്ചിരുന്നു വാർത്ത കൾക്ക്
താഴെ ആയിരകണക്കിന് കമന്റുകൾ നിറഞ്ഞിരിക്കുന്നു.
കമന്റിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കൂ. അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും 90% ശതമാനവും വർഗ്ഗീയത നിറഞ്ഞ കമന്റുകളാണ്.
പരസ്പരം തെറി വിളികൾ, അഛന് വിളികൾ, അമ്മക്ക് വിളികൾ, അവന്റെ ദൈവത്തിന് തെറിവിളി ഇവന്റെ ദൈവത്തിന് തെറിവിളി അങ്ങനെ പറയാൻ പറ്റാത്ത പലതും .....
ഞാൻ പറഞ്ഞത് സംസ്കാര സമ്പന്നമായ കേരളത്തിലെ മലയാളികളുടെ കാര്യമാണ്.
വെറുതെ പയുന്നതല്ല.
നിങ്ങൾ ഒരു വാർത്തയുടെ താഴെയുള്ള കമന്റുകൾ വായിച്ചാൽ മനസ്സിലാകും തമ്മിൽ കടിച്ച് കീറാൻ
തയ്യാറായി നിൽക്കുന്ന മനുഷ്യരുടെ മനസ്സിലെ തീ നിറച്ച വാക്കുകൾ.
ഇങ്ങനെ വർഗീയത നിറഞ്ഞ കണ്ണുകളിലൂടെ നമ്മൾ ഏതൊരു കാര്യങ്ങളെയും നോക്കി കാണാനും വിളിച്ച് പറയാനും തുടങ്ങിയാൽ ...
നമ്മുടെ സ്വന്തം രാജ്യമായ ഇന്ത്യ വിവിധ ജാതി മത വിശ്വാസികൾ ജീവിക്കുന്ന നാടാണ്. വർഷങ്ങൾക്ക് മുമ്പ് നമ്മുടെ രാജ്യത്തിന്‌ വേണ്ടി ജീവൻ വെടിഞ്ഞ ഒരുപാട് മഹാത്മാക്കളുടെ പ്രയത്നത്തിന്റെ ഫലമായി അവരുടെ ജീവന്റെ വിലയായി നമുക്ക് കിട്ടിയ സ്വാതന്ത്ര്യം അതാണ്‌ ഇന്ത്യ. അല്ലാതെ ഇന്ത്യ ആരുടേയും തറവാട് സ്വത്തോ സ്ത്രീധന സ്വത്തോ അല്ല.
നമുക്ക് കിട്ടിയ സ്വാതന്ത്ര്യം അത് നമ്മൾ ഉപയോഗിക്കുന്നത് മറ്റുള്ളവരെ ദ്രോഹിക്കാൻ വേണ്ടി മാത്രമായിപോകരുത്.
എല്ലാ മതങ്ങളിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അഭിപ്രായം പറയാനും സ്വാതന്ത്ര്യം നമുക്കുണ്ട് .
നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് എത്ര സമാധാനപരമായ അന്തരീക്ഷമാണ്.
ദിവസവും ആയിരക്കണക്കിന് ആളുകൾ ബോംബ്‌ പൊട്ടിച്ചും കലാപങ്ങൾ സൃഷ്ട്ടിച്ച്ചും തമ്മിൽ തല്ലിയും മരിക്കുന്നു. ഒരിക്കലും സമാധാനമില്ലാത്ത അന്ധരീക്ഷം, വെടിയും പുകയും, ടാങ്കറുകളും, ബോംബുകളും, അണു ആയുധങ്ങളും മൃത ശരീരങ്ങളും കണ്ട് ഉറക്കം ഉണരേണ്ടി വരുന്ന ജനസമൂഹത്തെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.
കുട്ടികൾക്കും സ്ത്രീകൾക്കും പോലും യാതൊരുവിധ സംരക്ഷണം ലഭിക്കാത്ത രാജ്യങ്ങൾ.
ദിവസവും മരിക്കുന്നത് നിരപരാതികളായ മനുഷ്യർ. മക്കളുടെയും സഹോദരന്റെയും ചിന്നി ചിതറിയ മൃത ശരീരങ്ങൾ പെറുക്കി എടുക്കേണ്ടി വരുന്ന ജനസമൂഹം.
സമാധാനമെന്ന വാക്ക് അവർ കേട്ടതല്ലാതെ അവർ ഒരിക്കലും അനുഭവിച്ചിട്ടുണ്ടാവില്ല.
ഒരു രാജ്യത്തിലെ ജനങ്ങളുടെ ജീവന് യാതൊരു വിധ സംരക്ഷണവും നൽകാനാവാത്ത ഭരണ സംവിധാനങ്ങൾ. ഇന്നലെയും യുദ്ധം ഇന്നും യുദ്ധം നാളെയും യുദ്ധം ഒരിക്കലും തീരാത്ത യുദ്ധങ്ങൾ.
ഒരു നേരത്തെ ആഹാരത്തിന് വേണ്ടി തൊണ്ട നനക്കാൻ ഒരൽപം വെള്ളത്തിന് വേണ്ടി ഉടുക്കാൻ ഒരൽപം വസ്ത്രത്തിന് വേണ്ടി മറ്റുള്ളവരുടെ നേർക്ക് കൈകൾ നീട്ടുന്ന കുട്ടികളും സ്ത്രീകളും അടങ്ങിയ ജനസമൂഹം.
അവർക്ക് എന്ത് കൊണ്ട് ഇങ്ങനെ നരക ജീവിതം അനുഭവിക്കേണ്ടി വരുന്നു..?
അതിന് കാരണം അവിടെയും ഉണ്ടാവും തല തെറിച്ച ഒരു സമൂഹം.
മതത്തിന്റെ പേരിലും വിഭാഗത്തിന്റെ പേരിലും അധികാരത്തിന്റെ പേരിലും തമ്മിലടിച്ച് മരിക്കാൻ വേണ്ടി ജനിച്ച വിവരമില്ലാത്ത കുറെ യുദ്ധക്കൊതിയന്മാർ.
അവർക്ക് സ്വയം ജീവിക്കുന്നതിനേക്കാൾ ഇഷ്ട്ടം മറ്റുള്ളവരുടെ ജീവനെടുക്കലാണ്.
നമ്മളും അങ്ങനെ ഒരു ജീവിതമാണോ ആഗ്രഹിക്കുന്നത് ...?
അങ്ങനെയാണെങ്കിൽ ഈ നിലയിൽ മുന്നോട്ട് പോയാൽ വൈകാതെ നമുക്കും ഇതെല്ലം തന്നെയാവും വരാനിരിക്കുന്നത്.
ലോകത്തിൽ പല രാജ്യങ്ങളും സമാധാനം ആഗ്രഹിക്കുമ്പോൾ നമ്മൾ നമുക്ക് കഴിയും വിധം പുതിയ പ്രശ്നങ്ങൾ എഴുതിയും പറഞ്ഞും സൃഷ്ട്ടിക്കുന്നു.
ഇന്ത്യ എന്ന രാജ്യത്ത് എല്ലാവിധ സ്വതന്ത്രവും ലഭിച്ച ഒരു ജനതയുടെ അഹങ്കാരമായി മാത്രമേ ഇതിനെ കാണാനാവു..
നമുക്ക് നമ്മുടെ ഭരണ സംവിധാനത്തെ വിമർശിക്കാം, അവരെ കുറ്റം പറയാം, നീതിന്യായ വ്യവസ്ഥയെ പോലും വിമർഷിക്കാനുള്ള സ്വാതന്ത്രിം നമുക്കുണ്ട്. ഇങ്ങനെ സകല സ്വാതന്ത്രം ലഭിക്കാൻ നമ്മൾ ഈ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്‌തിട്ടില്ല.
എന്നിട്ടും നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ഇന്ത്യ എന്ന മഹാ രാജ്യം.
നമ്മുടെ രാജ്യത്ത് നമുക്ക് എല്ലാം കൂടിപോയതിന്റെ പേരിലാണോ പരസ്പരം തമ്മിലടിക്കുന്നത്..?
പല രാജ്യങ്ങളിലും ഭരിക്കുന്ന സർക്കാരിനെതിരെ ഒരഭിപ്രായം പോലും പറയാൻ ജനങ്ങൾക്ക് സ്വാതന്ത്രം ഇല്ല.
നമ്മൾ സോഷ്യൽ മീഡിയകളിൽ അഭിപ്രായം എഴുതുന്നത് പോലെ അവർക്കെ എഴുതാനോ പറയാനോ പറ്റാത്ത ഭരണ വ്യവസ്ഥകൾ.
എന്തിനും ഏതിനും വര്‍ഗ്ഗീയത കലരുന്ന ചിന്തകളും കമന്റുകളും എഴുതി സാമൂഹിക മാധ്യമങ്ങൾ നിറക്കുന്ന മനുഷ്യാ...
കണ്ടും കേട്ടും പലർക്കും മനസ്സ് മടുത്തു........
നമ്മൾ ഒരു കാര്യം മനസ്സിലാക്കണം ഇങ്ങനെ ഈ നിലയിൽ ഒരു സമൂഹത്തിൽ വർഗീയത നിറച്ച് നാം മുന്നോട്ട് പോയാൽ അടുത്ത തലമുറക്ക് ഇവിടെ സ്വസ്ഥമായി ജീവിക്കുവാൻ കഴിയുമെന്ന് തോനുന്നില്ല.
ഹിന്ദുവല്ല മുസ്ലിമല്ല കൃസ്ത്യനല്ല മനുഷ്യനാവുക.... മനുഷ്യത്തം ഉള്ള നല്ല മനുഷ്യൻ.

ഇനി വർഗീയതയും തീവ്രവാദവും മനസ്സിൽ നിന്നും പുറത്തേക്ക് നിറഞ്ഞ് തുളുമ്പി വരുന്നവർ സ്വയം ഉള്ളിലൊതുക്കി ജീവിക്കുവാൻ ശ്രമിക്കുക. എന്തെന്നാൽ നല്ലതിനെ എറ്റു പിടിക്കാൻ ആളില്ലെങ്കിലും ചീഞ്ഞതും വർഗീയത നിറഞ്ഞതും എല്ലാം കുത്തി പൊക്കി അതിന്റെ പേരിൽ വാളെടുക്കാനും കൊല്ലാനും ആളുകൾ ഒരുപാട് ഉണ്ടാവും.
നിങ്ങൾ നല്ലത് ഒന്നും തന്നെ ചെയ്തില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മനസ്സിലെ തിന്മ നിറഞ്ഞ ദുഷിച്ച
ചിന്തകൾ കുത്തിവെച്ച് ഒരു തലമുറയെ നാശത്തിലേക്ക് നയിക്കരുത്.
സ്വന്തം മതത്തിൽ വിശ്വസിക്കാനും മറ്റു മതങ്ങളെ ഭഹുമാനിക്കാനും നമുക്ക് മനസ്സുണ്ടാവണം.
എല്ലാ മതങ്ങളും സമാധാനം സ്നേഹവും മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. മതങ്ങളുടെ പേരിൽ മുതലെടുപ്പ് നടത്തി സമൂഹത്തിൽ വർഗ്ഗീയത സൃഷ്ട്ടി ക്കുന്നവരെ തിരിച്ചരിഞ്ഞ് അവരെ ഒറ്റപ്പെടുത്താൻ കഴിയാത പോകുന്നത്താണ് നമുക്ക് പറ്റിയ തെറ്റ്.
നാളെ മരിക്കുന്നതിന് മുമ്പ് ഒരു നല്ല വാക്കോ പ്രവൃത്തിയോ ചെയ്താൽ അത് മാത്രം എന്നും
തണലായി കൂട്ടിനുണ്ടാകും. അതാണ് ഇതുവരെ ഉണ്ടായിട്ടുള്ള ചരിത്രം. അല്ലാത്തവർക്ക് ചരിത്രത്തിന്റെ നല്ല ഏടുകളിൽ സ്ഥാനമുണ്ടാവില്ല.
ഒരാൾ തുമ്മിയാൽ അതിൽ പോലും വ‍ര്‍ഗ്ഗീയത കുത്തിക്കയറ്റുന്ന മാധ്യമങ്ങളും അതിനെ കണ്ണുമടച്ച് വിശ്വസിക്കുന്ന കുറച്ചാളുകളും.
മതങ്ങളല്ല പ്രശ്നം മതങ്ങളുടെ പേരിൽ മുതലെടുപ്പ് നടത്തുന്ന വിവരമില്ലാത്ത നേതാക്കളും എന്തും കണ്ണടച്ച് വിശ്വസിക്കുന്ന ഒരു കൂട്ടം ജനങ്ങളുമാണ് രാജ്യത്തിന്റെ തീരാത്ത ശാപം.
കേരളം ഭ്രാന്താലയമാണോ അതോ അങ്ങനെ ആക്കി മാറ്റുവാൻ ശ്രമിക്കുകയാണോ.???

10 February, 2016

അണ്ണാറകണ്ണാ വാ പൂവാലാ...

നമ്മുടെ നാട്ടിൻപുറങ്ങളിലും വീട്ടു വളപ്പിലും ഓടിൻ പുറത്തും ചിൽ.. ചിൽ... ശബ്ദമുണ്ടാക്കി ഓടിച്ചാടി നടന്ന അണ്ണാറക്കണ്ണൻമാർ എവിടേക്ക് മാഞ്ഞു പോയതാണ്...? ക്യാമറയുമായി എത്രയോ ദിവസം ഞാൻ നടന്നിട്ടും രണ്ടോ മൂന്നോ തവണയാണ് അണ്ണാറക്കണ്ണനെ കാണുവാൻ കഴിഞ്ഞുള്ളൂ. അതും അപൂരവ്വത്തിൽ അപൂർവ്വമായി എന്ന് തന്നെ പറയേണ്ടി വരും.
മാങ്ങയും ചക്കയും പഴുത്ത് തുടങ്ങിയാൽ മാവിൻ മുകളിൽ തുള്ളിച്ചാടി നടക്കാറുള്ള അണ്ണാറക്കണ്ണനും ആ പഴയ മാമ്പഴക്കലവും ഇനി നമ്മുടെ അരികിലേക്ക് തിരിച്ച് വരുമോ...? ചുറ്റുവട്ടത്ത് എന്റെ കുട്ടിക്കാലത്ത് കണ്ടിരുന്ന പലതും ഇന്ന് കണി കാണാൻ പോലുമില്ലാതായിരിക്കുന്നു.

നമുക്ക് എല്ലാം നഷ്ട്ടമാകുകയാണ് എന്ന് പറയണം കാരണം അവ്യക്തമല്ല എന്നൊന്നും പറയാനും പറ്റില്ല ഓരോന്നിനും വ്യക്തമായ കാരണം തന്നെയുണ്ട്. സ്നേഹിക്കാൻ മാത്രം അറിയുന്ന ജീവികൾക്ക് സ്നേഹവും സഹതാപവും മറന്നു പോയികൊണ്ടിരിക്കുന്ന സ്വാർത്ഥ തൽപരരായ മനുഷ്യരുടെ ഇടയിൽ ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്. പ്രകൃതിയിലെ മരങ്ങൾ നശിപ്പിച്ചും നമുക്ക് ലാഭം കിട്ടാത്ത തെല്ലാം വെട്ടി മാറ്റിയും നാം മുന്നേറുമ്പോൾ നമുക്ക് നിസ്സാരമായ പലതും നമ്മുടെ ചുറ്റിലും ജീവിക്കുന്ന പല ജീവികളുടെയും വാസ സ്ഥലങ്ങളായിരുന്നു. കുറ്റിക്കാടുകളും ഇലകളും അവർക്ക് അവരുടെ ജീവിതം ശത്രുക്കളിൽ നിന്നും രക്ഷപെടുത്താനുള്ള വലിയ പ്രതീക്ഷകകളായിരുന്നു.
നമ്മുടെ കൈ കടത്തലുകൾ എത്രമാത്രം ആഴത്തിലാണ് മറ്റുള്ളവരുടെ നാശത്തിന് കാരണമാകുന്നത് എന്ന് ആരും തന്നെ ചിന്തിക്കാറില്ല. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാവം അണ്ണാറക്കണ്ണന് സ്വസ്ഥമായി കൂടുണ്ടാക്കി കുഞ്ഞുങ്ങളെ വളർത്തുവാൻ പറ്റിയ സാഹചര്യങ്ങളെല്ലാം നശിച്ച് കഴിഞ്ഞു.
അല്ലെങ്കിൽ പലതും ഈ ഭൂമുഖത്ത് നിന്നും ഇല്ലാതായത് പോലെ ഈ ജീവിയും നമ്മുടെ ചുറ്റുപാടിൽ നിന്നും നശിക്കട്ടെ. എന്നിട്ട് വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിൽ ഇതിനെയും ഉൾപെടുത്തി നമുക്ക് സഹതപിക്കാം. ഏതാനും വർഷങ്ങൾക്ക് ശേഷം പത്രങ്ങളിൽ ഇങ്ങനെ ഒരു വാർത്ത പ്രതീക്ഷിക്കാം. വീട്ടുവളപ്പിൽ അണ്ണാറക്കണ്ണനെ കണ്ടെത്തി....!!!

മനുഷ്യനുമായി അടുത്ത് ഇടപഴകാറുള്ള അണ്ണാറക്കന്മാർ നമ്മുടെ കൈകളിൽ വന്ന് ഭക്ഷണം വാങ്ങി പോകാൻ പോലും മടിയില്ലാത്ത ഇണക്കമുള്ള ജീവിയാണ്. നമുക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുള്ളത് പോലെ തന്നെ ഇതുപോലുള്ള ചെറു ജീവികൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. മരങ്ങളും കാടുകളും മുറിച്ച് നശിപ്പിച്ചാൽ ഇതുപോലെ പലതും നമ്മുടെ നാട്ടിൽ അപൂർവ്വ കാഴ്ച്ചകളായി മാറുന്നതിൽ യാതൊരു അതിശയവുമില്ല. പണത്തോടുള്ള ആർത്തി മാറി മനുഷ്യൻ പ്രകൃതിയോടുള്ള ചൂഷണം അവസാനിപ്പിക്കുന്നത് എന്നാണോ അന്ന് ഒരുപക്ഷെ തിരിച്ചു പോയതും നശിച്ച് പോയതും പതിയെ നമുക്കരികിലേക്ക് വീണ്ടും വന്നു തുടങ്ങും.


കാടും മരവും നശിപ്പിച്ച് പലതിനെയും നമ്മുടെ ഇടയിൽ നിന്നും നാംതന്നെ ആട്ടി പായിച്ചിട്ട് ഇപ്പോൾ ഇരുന്ന് പുകഴ്ത്തി പാടിയത് കൊണ്ട് അണ്ണാറക്കണ്ണന്മാർ തിരിച്ച് വരുമെങ്കിൽ ഇനിയും ഒരു നൂറ് പാട്ടുകൾ നമുക്ക് പാടിയിരിക്കാം.



അണ്ണാറ ക്കണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാൻ വാ....
മൂവാണ്ടൻ മാവേൽ വാവാ ഒരു പുന്നാര തേൻ കനി താ താ ...