Translate

23 February, 2016

നൃത്ത ചുവടുകളുമായി രാജഹംസങ്ങൾ ...

ആയിരക്കണക്കിന് രാജഹംസങ്ങളാണ് ദൂരെ ദേശങ്ങളിൽ നിന്നും അനുയോജ്യമായ ഇടത്താവളങ്ങൾ തേടി അവിടേക്ക് എല്ലാ വർഷവും പറന്നെത്തുന്നതത്രെ. കഥ നടക്കുന്നത് നമ്മുടെ കൊച്ചു കേരളത്തിലല്ല ഇന്ത്യയിലുമല്ല കടൽ കടന്ന് അങ്ങ് ദൂരെ ദൂരെ ദുബായിലാണ്.



ദുബായിൽ നിന്നും അൽ എയ്നിലേക്ക് പോകുവാൻ തയ്യാറായി നിൽക്കുന്ന ഞങ്ങളുടെ കമ്പനി വണ്ടിയിൽ ഇന്ന് ഞാനും കയറിക്കൂടി. രാവിലെ 9.30 ന് ദുബായിൽ നിന്നും യാത്ര തുടങ്ങിയെങ്കിലും ചെറിയ ട്രാഫിക്ക് ബ്ലോക്കുകളും പിന്നിട്ട് 10 മണിയോടെ ഞങ്ങൾ റാസ് അൽ ഖോറിൽ എത്തിയിരിക്കുന്നു. ദുബായ് ക്രീക്ക് കടലിടുക്ക് അവസാനിക്കുന്ന ഭാഗമാണ് റാസ് അൽ ഖോർ.

റോഡ്‌ മുറിച്ച് കടക്കുക എന്ന വലിയ കടമ്പ കഴിഞ്ഞ ശേഷം റാസ്‌ അൽ ഖോർ വന്യ ജീവി സങ്കേതത്തിന്റെ പ്രവേശന കവാടത്തിൽ എത്തിയിരിക്കുന്നു. പ്രവേശന കവാടത്തിന്റെ ഇരു വശത്തും ചതുപ്പ് നിലങ്ങലാണ്. ഈന്തപ്പന ഓലയാൽ മറച്ച വഴിയിലൂടെ കഷ്ടിച്ച് ഒരു മിനിറ്റ് നടന്നപ്പോൾ ഒരു ചെറിയ മുറിക്കകത്ത് എത്തിയത് പോലെ തോന്നിക്കുന്ന നിരീക്ഷണ സ്ഥലത്ത് എത്തിയിരിക്കുന്നു.

ഇവിടെ ഒരു സെക്യൂരിറ്റി ജീവനക്കാരാൻ കൂടാതെ വിവിധ രാജ്യത്ത് നിന്നും കാഴ്ച്ച കാണുവാനായി എത്തിയിട്ടുള്ള ആളുകളെയും കാണാം. പ്രവേശനം സൗജന്യമാണ്. ഇരുന്ന് കാഴ്ച്ച കാണുവാൻ ഇരിപ്പിടവും പക്ഷികളെ അടുത്ത് കാണുവാൻ ബൈനോകുലറുകളും മറ്റും ഇവിടെനിന്നും ലഭിക്കുന്നതാണ്. പ്രവേശനം സൗജന്യമായിട്ട് പോലും മറ്റൊരിടത്തും ഇത്ര സ്വീകാര്യതയോടെ സന്ദർശകരെ വരവേൽക്കുന്നത് ഞാൻ കണ്ടിട്ടില്ല.

തികച്ചും പ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് ഇവിടെയുള്ള ഇരിപ്പിടവും മറ്റുമെല്ലാം തയ്യാർ ചെയ്തിരിക്കുന്നത്. മുകളിൽ നിന്നും വീശുന്ന കാറ്റിനെ താഴെ സന്ദർശകർ നിൽക്കുന്നിടത്തേക്ക് വഴിതിരിച്ച് വിടുന്ന വിധത്തിൽ സൗകര്യം ചെയ്തിരിക്കുന്നതിനാൽ അകത്ത് എത്ര സമയം വേണമെങ്കിലും ഇരിക്കാം യാതൊരു വിധ മടുപ്പും അനുഭവപ്പെടില്ല.

ക്യാമറയുമായി ഞാനും അവിടെ ഒന്നര മണിക്കൂറോളം കുത്തിയിരുന്നു. അതിനിടയിൽ ഒരുപാട് വിദേശികൾ ഇവിടെ വന്ന് പോവുകയും ചെയ്തു. രാജഹംസങ്ങൾ കൂടിനിൽക്കുന്ന നയന മനോഹരമായ കാഴ്ച്ചയാണ് ഇവിടെയുള്ള ആകർഷണം. (ഗ്രേറ്റർ ഫ്ലമിഗോസ്) വലിയ രാജഹംസം അഥവാ നീർ നാര എന്നാണ് ഈ പക്ഷികളെ വിളിക്കപെടുന്നത്. തണുത്ത കാലാവസ്ഥ തുടങ്ങിയാൽ പിന്നെ വിവിധ സ്ഥലങ്ങളിൽ നിന്നും നൂറുകണക്കിന് പക്ഷികളാണ് ഇവിടെയുള്ള ചതുപ്പ് നിലങ്ങളിൽ വിരുന്നിനെത്തുന്നത്.

ആഫ്രിക്ക യൂറോപ്പ് ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററോളം താണ്ടി കൂട്ടമായി പറന്നെത്തുന്ന ഈ പക്ഷികൾ അനുയോജ്യമായ കാലാവസ്ഥയും ഭക്ഷണവും ലഭിക്കുന്ന സ്ഥലങ്ങൾ തേടി പറക്കുന്ന ദേശാടന പക്ഷികളാണ്. എനിക്ക് ഇവിടെ നിന്നും ലഭിച്ച ചിത്രങ്ങളെല്ലാം ഇന്നേ വരെ ഞാൻ കണ്ടിരുന്ന കാഴ്ച്ചകളിൽ നിന്നെല്ലാം വ്യത്യസ്തവമായി ആകർഷണവും അതിലുപരി അതിശയവും ഉളവാക്കുന്നതായിരുന്നു.

ദിവസവും നൂറുകണക്കിന് കിലോമീറ്ററോളം പറക്കുന്ന ഈ പക്ഷികൾ അധി കഠിനമായ ഉഷ്ണ കാലത്ത് ഇവിടെനിന്നും തിരിച്ച് പോകാറാണ് പതിവ്. വലിയ കാലുകൾ, പിങ്ക് കലർന്ന തൂവലുകളാൽ നിറഞ്ഞ ശരീരം, ഉയരം കൂടിയ കഴുത്തും എല്ലാം കൊണ്ടും കാഴ്ച്ചക്ക് അത്ഭുതം തന്നെയാണ്. നീർ നാര വലിയ അരയന്ന കൊക്ക് എന്നെല്ലാം അറിയപ്പെടുന്ന ഈ പക്ഷിയുടെ ശാസ്ത്രീയ നാമം Phoenicopterus roseus എന്നാണ്. നീരൊഴുക്ക് കുറഞ്ഞ തീരങ്ങളിലും ചതുപ്പ് നിലങ്ങളിലും കൂട്ടമായി എത്തിയശേഷം നീളമേറിയ കാലുകൾ ഉപയോഗിച്ച് ചെളിയിൽ ചവിട്ടി ഇളക്കി മറിച്ച് വളഞ്ഞു നിൽക്കുന്ന വലിയ കൊക്കുകൾ വെള്ളത്തിൽ ആഴ്ത്തി ഭക്ഷണം തിരയുന്നത് കാണാം.

പിങ്ക് നിറത്തിലുള്ള വലിയ കാലും കാലിനോളം നീളം വരുന്ന കഴുത്തുമുള്ള നീർനാരകളുടെ ശരീരത്തിലെ തൂവലുകൾ ഇളം പിങ്ക് കലർന്ന വെളുത്ത നിറത്തിലാണ്. ചിറകുകളുടെ മുൻ ഭാഗത്തെ മാംസത്തോട് ചേർന്ന തൂവലുകൾ കടും പിങ്ക് നിറത്തിലും ആഗ്ര ഭാഗത്ത് കറുപ്പ് തൂവലുകളുമാണ്. മറ്റു പക്ഷികളിൽ നിന്നും വ്യത്യസ്ഥമായി ഫ്ലാമിൻഗോസിന്റെ കൊക്കുകളുടെ മുകളറ്റം പ്രത്യേക രീതിയിൽ ചലിപ്പിക്കുവാൻ കഴിവുള്ള ഈ പക്ഷികൾ താറാവിന്റെ ശബ്ദത്തോട് സാമ്യമുള്ള വലിയ ശബ്ദമുണ്ടാക്കികൊണ്ട് കൊക്കുകൾ ചളിയിൽ ആഴ്ത്തി കാക്കകളും ആൽഗകളും ചെറു ജലജീവികളെയും ഭക്ഷിക്കും. ഭക്ഷണം കൊക്കിനകത്താകി വെള്ളവും ചളിയും പുറത്തേക്ക് വേർ തിരിച്ച് കളയുവാൻ കഴിയത്തക്ക വിധം അരിപ്പ പോലെയുള്ള കൊക്കുകൾ ഈ പക്ഷികൾക്ക് സഹായകമാണ്.

വലിയ ശരീര ഘടനയായതിനാൽ പറക്കുന്നതിനിടയിൽ നിലത്തേക്ക് ഇറങ്ങുവാൻ വിശാലമായ പ്രദേശം തന്നെ ആവശ്യമുള്ള പക്ഷികളാണ് ഫ്ലമിഗോസ്. പിങ്ക് നിറത്തിലുള്ള നീളമുള്ള കാലുകൾ പിന്നിലേക്ക് നീട്ടിപിടിച്ച് വിശാലമായ ചിറകുകളും വിടർത്തി പറക്കുമ്പോളാണ് പക്ഷിയുടെ യഥാർത്ത വലിപ്പവും ചിറകിന്റെ നിറവും നമുക്ക് മനസ്സിലാവുക. മേൽ കൊക്കിന്റെ ആഗ്ര ഭാഗം താഴേക്ക് അർദ്ധ വൃത്താകൃതിയിൽ വളഞ്ഞിട്ടാണ് ഉണ്ടാവുക. നീർനാരകളുടെ കൊക്കുകൾ പിങ്ക് നിറത്തിലാണെങ്കിലും ആഗ്ര ഭാഗം കറുത്ത നിറത്തിലാണ്.

കൂട്ടമായി പറന്നു വരുന്ന കാഴ്ച്ച വളരെ മനോഹരമാണ്. മറ്റുള്ള പക്ഷികളെ പോലെ നേരെ പറന്ന് നിലത്തേക്ക് ഇറങ്ങുവാൻ ഈ പക്ഷികൾക്ക് സാധിക്കില്ല അതുകൊണ്ട് നിലത്തേക്ക് പറന്നിറങ്ങി വരാൻ വലുതല്ലെങ്കിലും ചെറിയ റൺവേ ഈ പക്ഷികൾക്ക് ആവശ്യമാണ്‌. പറന്നു വന്ന് വിമാനം പോലെ ഏതാനും ദൂരം നിലത്ത് കൂടെ ഓടിയതിന്‌ ശേഷമേ ഈ പക്ഷികൾക്ക് നിൽക്കുവാൻ സാധിക്കുകയുള്ളൂ. പ്രായമെത്തിയ നീർ നാരകൾക്ക് രണ്ട് 180 cm ഏതാണ്ട് രണ്ട് മീറ്ററോളം ഉയരവും 4.5 kg വരെ തൂക്കവും ഉണ്ടാവാറുണ്ട്. ചിറകുകൾ വിടർത്തുമ്പോൾ 1 മീറ്ററോളം വിസ്താരമുള്ളതായി കാണുവാൻ കഴിയും. ഒരു മീറ്ററിലധികം നീളമുള്ള കാലുകൾക്ക് നടുവിലായി കാൽ മുട്ടുകൾ വ്യക്തമായി കാണാം. ജല പഷികൾക്ക് സാധാരണ ഉണ്ടാവാറുള്ളത് പോലെ കാലുകളിൽ നീന്തുവാനും തുഴയുവാനും വേണ്ടിയുള്ള നേർത്ത സ്തരങ്ങളും കാണാം.

ഏത് ദിശയിലേക്കും വളരെ വേഗത്തിൽ തിരിക്കുവാൻ കഴിയുന്ന ഇവയുടെ നീളമുള്ള കഴുത്തിൽ 19 കശേരുക്കൾ അടങ്ങിയിട്ടുണ്ട്. ഇവയുടെ വാൽ ഭാഗത്ത് 12 മുതൽ 16 വരെ ശക്തമായ തൂവലുകൾ ഓരോ ചിറകിലും ഉണ്ടാവും. തൂവലുകൾ രണ്ട് വർഷത്തിലൊരിക്കൽ കൊഴിഞ്ഞ് പുതിയത് കിളിർക്കാറുണ്ട്. പൊഴിഞ്ഞ തൂവലുകൾ ഏതാനും സമയം കൊണ്ട് അതിന്റെ നിറം നഷ്ടമാവും.
ഫ്ലമിൻഗോസ് അധികവും വെളുത്ത തൂവലിൽ ഇളം പിങ്ക് നിറത്തിലാണ് കാണാൻ കഴിയുന്നതെങ്കിലും പ്രായമെത്താത്ത പക്ഷികളെ വെളുത്തതും കറുത്തതുമായ തൂവലുകളോടെ നിൽക്കുന്നത് കാണാം. ചിലത് കറുത്ത കാലുകളോടു കൂടിയും കടും ചാരവും കറുപ്പും നിറത്തിലും കാണാം.

മണ്ണിൽ ആഴത്തിൽ കുഴികളുണ്ടാക്കി വെള്ളം കടക്കാതെ രൂപപ്പെടുത്തി അതിലാണ് പക്ഷികൾ മുട്ടയിടുക. മുട്ടയിട്ടാൽ വിരിയുന്നത് വരെ ആൺ പക്ഷിയും പെൺ പക്ഷിയും മാറി മാറി അടയിരിക്കും. കുഞ്ഞുങ്ങൾ വിരിയുന്ന സമയങ്ങളിൽ ആൺ പെൺ പക്ഷികളിൽ ദഹനേദ്രിയത്തിന്റെ മുകൾ ഭാഗത്ത് ഉത്പാതിപ്പിക്കപെടുന്ന പാലിന്റെ ഗുണമുള്ള ദ്രാവകമാണ് കുഞ്ഞുങ്ങൾക്ക് ആഹാരമായി നൽകുക. അതിനാൽ മുട്ടയിട്ട് കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്ന പക്ഷി വർഗ്ഗം എന്ന വിശേഷണവും ഫ്ലമിൻഗോസ് ( നീർ നാര ) കൾക്കുണ്ട്. മുട്ട വിരിഞ്ഞെത്തുന്ന കുട്ടികൾക്ക് നിവർന്ന കൊക്കുകളാണ് ഉണ്ടാവുകയെങ്കിലും സാവധാനം അത് പൊഴിയുകയും മറ്റുള്ള പക്ഷിയെ പോലെ വളഞ്ഞ കൊക്കുകൾ ഉണ്ടാവുകയും ചെയ്യും.

ശരീരത്തിൽ പിങ്ക് നിറത്തിന് കാരണം ഈ പക്ഷികളുടെ ആഹാരത്തിൽ അടങ്ങിയിട്ടുള്ള കരോട്ടിനോയിഡിന്റെ അളവ് കാരണമാണ് എന്നാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തൽ.
സാവധാനം അടിവെച്ചടിവെച്ച് നടന്ന് നീങ്ങുന്ന സ്വഭാവമുള്ള ഇക്കൂട്ടർ നമ്മുടെ വയലുകളിൽ കൊറ്റികൾ നിൽക്കുന്നത് പോലെ ഒരിടത്ത് തന്നെ അനങ്ങാതെ ഒറ്റകാലിൽ ഉറക്കം തൂങ്ങിയത് പോലെ മണിക്കൂറുകളോളം നിൽക്കാറുണ്ട്.


ദുബായ് റാസ് അൽ ഖോർ വന്യ ജീവി സങ്കേദത്തിൽ എല്ലാ ദിവസവും രാവിലെ 9 മണിക്കും വൈകുന്നേരം 4 മണിക്കും ഭക്ഷണം നൽകുന്നതിനാലും അനുയോജ്യമായ കാലാവസ്ഥയും സംരക്ഷണവും ലഭിക്കുന്നതിനാലും പക്ഷികൾ എല്ലാ വർഷവും ഇവിടെ പതിവായി എത്താറുണ്ട്. ഇവിടെയെത്തുന്ന പക്ഷികൾക്ക് ജീവിക്കുവാൻ അനുയോജ്യമാം വിധമാണ് ചുറ്റിലുമുള്ള കണ്ടൽ കാടുകളും ചതുപ്പ് നിലവുമുള്ളത്.

ഋതുക്കൾ മാറുന്നതിനനുസരിച്ച് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ഭക്ഷണവും സുരക്ഷിതവുമായ താമസ സ്ഥലങ്ങളും തേടി കൂട്ടമായി പറക്കുന്ന ദേശാടനക്കിളികൾ ഇപ്പോൾ ഇവിടെ തണുത്ത കാലാവസ്ഥയും അനുയോജ്യമായ ചുറ്റുപാടുകളും ലഭിക്കുന്നതിനാൽ ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള നൂറ് കണക്കിന് വിവിധ തരം ദേശാടന പക്ഷികൾ എല്ലാ വർഷവും ഇവിടെ പറന്നെത്താറുണ്ട്.

തണുപ്പ് കഠിനമാകുമ്പോൾ പശ്ചിമേഷ്യൻ രാജ്യങ്ങൾ തേടി പറക്കുകയും അധി കഠിനമായ ചൂട് കാലം തുടങ്ങുമ്പോൾ ഇവിടെ നിന്നും അനുയോജ്യമായ മറ്റ് സ്ഥലങ്ങൾ തേടി പറക്കുകയും ചെയ്യുന്നതാണ് പതിവ്.

ചതുപ്പ് നിലങ്ങളിൽ ഭക്ഷണം തിരയുകയാണെങ്കിലും കാലുകൾ കൊണ്ട് സധാസമയം ചലിപ്പിച്ച് ഇടുപ്പ് ഇളക്കി കൊണ്ട് ഡാൻസ് കളിക്കുന്നത് പോലെ ഒരു സ്ഥലത്ത് തന്നെ മണിക്കൂറുകളോളം കൂട്ടമായി നിൽക്കുകയും ഇടക്കിടെ എലാവരും ഒന്നിച്ച് തലയുയർത്തി നോക്കുകയും ചെയ്യും.
വലിയ കാലുകളിൽ കുത്തി നിറുത്തിയത് പോലെയുള്ള ഉടലും ഉടലിന് മുകളിലേക്ക് വടി കുത്തി നിറുത്തിയത് പോലെയുള്ള തലയും ആട്ടിയുലച്ച് ഒറ്റയായി നിൽക്കുന്നവർ കൂട്ടത്തിലേക്ക് നടന്ന് നീങ്ങുന്നുണ്ട്.
അവസാനം എല്ലാവരും ഒത്തൊരുമിച്ച് തലയുയർത്തി പിടിച്ച് പട്ടാളക്കാർ മാർച്ച് പാസ്റ്റ് നടത്തുന്നത് പോലെ അണിയണിയായി ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് നടന്ന് നീങ്ങുന്ന കാഴ്ച് ആരും അതിശയത്തോടെ നോക്കി നിന്ന് പോകും.




             വീഡിയോ കാണുവാൻ

No comments:

Post a Comment