Translate

27 February, 2016

ചെമ്പ്ര മലയുടെ താഴ്വാരത്തിൽ...

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി വയനാട്ടിലെ മേപ്പാടിയിലെ പ്രകൃതി തൻ മടിത്തട്ടിൽ ഒരുക്കിയിട്ടുള്ള മനോഹരമായ സ്ഥലങ്ങളാണ് ചെമ്പ്ര മലനിരകളും മലമുകളിലെ ഹൃദയ തടാകവും. മഞ്ഞിറങ്ങി മൂടിക്കെട്ടിയ മലനിരകളുടെ താഴ്വാരത്തെ കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന തേയില തോട്ടങ്ങൾക്കിടയിലൂടെ തണുത്ത കാറ്റും കോട മഞ്ഞും കാട്ടരുവികളിലെ കളകളാരവവുമെല്ലാം ആസ്വതിച്ചുകൊണ്ട് ഏതാനും നിമിഷം നടക്കുവാൻ തയ്യാറാണെങ്കിൽ മലമുകളിലെ ഹൃദയ തടാകത്തിൽ ചെന്നെത്താം.
ദൂരെ ആകാശം തൊടാൻ കൊതിച്ച് മഞ്ഞിന്റെ മേലാപ്പിൽ മറഞ്ഞിരിക്കുന്ന ഹരിതാഭമായ കുന്നിൻ ചെരിവുകൾ തലയുയർത്തി നിൽക്കാറുള്ള മനോഹരമായ ആ കാഴ്ച്ച കണ്ടിട്ടുള്ള ഏതൊരാളും ഒരിക്കലെങ്കിലും ചെന്ന് തൊടാൻ കൊതിക്കുന്ന മഞ്ഞുമലകളിൽ കയറി ചെന്ന് കോട മഞ്ഞിനെ തൊടണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. വയനാട് കൽപറ്റ സ്ടാന്റിനടുത്തെക്ക് നടക്കുമ്പോൾ നേരെ മേൽപോട്ട് നോക്കിയാൽ അന്നും എന്നും ഇത് തന്നെയാണ് അവസ്ഥ. ജോലിക്കിടയിൽ ഒഴിവ് കിട്ടുമ്പോൾ തക്കം നോക്കി പോകാമെന്ന് തീരുമാനിച്ച് മുന്നോട്ട് നടക്കുകയാണ്. അങ്ങനെ ഒരിക്കൽ അവസരം ഒത്തുവന്നപ്പോൾ രാവിലെ എഴുന്നേറ്റ് നേരെ കൽപറ്റ സ്റ്റാന്റിലേക്ക് നടന്നു.
കൽപറ്റയിൽ നിന്നും മേപ്പാടിയിലേക്കുള്ള സർക്കാരിന്റെ ആന വണ്ടിയും പ്രതീക്ഷിച്ച് സ്റ്റാന്റീൽ നിൽക്കവേ സമയം ഏകദേശം രാവിലെ ഒൻപത് മണി ആയിക്കാണും. എങ്കിലും ബസ്സ്റ്റാന്ടിൽ നിന്നും നോക്കുമ്പോൾ മലനിരകളിൽ കോട മഞ്ഞ് തെന്നി നീങ്ങുന്നത് കാണാം. ഒരു പക്ഷെ ഞാൻ അവിടേക്ക് തന്നെയാവും ചെന്നെത്തുവാൻ പോകുന്നത്.
കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കുന്നും മലയും താണ്ടി അവൻ അതാ വരികയായി നമ്മുടെ സ്വന്തം ആനവണ്ടി. മേപ്പാടി എന്ന ബോർഡും വെച്ച് ആന വണ്ടി കൽപറ്റ ബസ് സ്ടാന്റിലേക്ക് കയറി വരുന്നുണ്ട്. യാത്രക്കാർ ബസ്സിലേക്ക് കയറി തുടങ്ങി, അവരെക്കാൾ മുമ്പ് ഞാൻ കയറിയിരുന്നു. ആദ്യമായിട്ട് ഒരു വഴിക്ക് പോകുമ്പോൾ ബസ്സിന്റെ സൈഡ് സീറ്റ് കിട്ടിയില്ലെങ്കിൽ യാത്രക്ക് ഒരു സുഖം കിട്ടുകയില്ല. ബസ്സിനകത്ത് സീറ്റ് പകുതിയും കാലിയാണ്. സീറ്റ് ഫുൾ ആയാലും ഇല്ലെങ്കിലും സമയം ആയിരിക്കുന്നു സ്റാന്ടിൽ നിന്നും ബസ്സ്‌ പുറത്തേക്ക് ഇറങ്ങി. ഈ യാത്രയിൽ എന്റെ കൂടെ ഈ ബസ്സിലുള്ള മറ്റേതൊരു യാത്രക്കാരനെക്കാൾ പ്രതീക്ഷയോടെയാണ് എന്റെ യാത്ര. രാവിലെ തന്നെ ബസ്സ് യാത്രക്കിടെ എതിർ ദിശയിലേക്ക് അടിച്ചു വീശുന്ന തണുത്ത കാറ്റിനെ ബസ്സിലിരുന്ന് ഞാൻ മാത്രമേ ആഘോഷിക്കുന്നുണ്ടാവൂ.


ബസ്സിലെ യാത്രക്കാരെല്ലാം തണുത്ത കാറ്റ് സഹിക്കാൻ
കഴിയാത്തതിനാൽ കോട്ടും ജാക്കറ്റും ചെവി മറക്കുന്ന മങ്കി തൊപ്പിയുമെല്ലാം ധരിച്ച് കൈയും കെട്ടി ഇരിക്കുകയാണ്. എല്ലാവരും ഈ റൂട്ടിലെ സ്ഥിര യാത്രക്കാരായിരിക്കാം അതുകൊണ്ടാവണം ഞാനൊഴികെ മറ്റാരും പുറത്തേക്ക് ആർത്തിയോടെ കണ്ണും നട്ടിരിക്കുന്നത് കാണുവാൻ കഴിയില്ല. ബസ്സ്‌ യാത്ര നാൽപത്തി അഞ്ച് മിനിറ്റ് ഏകദേശം പതിനാല് കിലോ മീറ്ററോളവും പിന്നിട്ടപ്പോൾ റോഡിന് വശങ്ങളിൽ തേയില തോട്ടങ്ങൾ തല പൊക്കി തുടങ്ങി. ആനവണ്ടി ഇപ്പോൾ മേപ്പാടി എത്തിയിരിക്കുന്നു.
മേപ്പാടിയിൽ ചെമ്പ്ര മലയുടെ മുകളിൽ പച്ച പരവതാനി വിരിച്ച പുല്ലുകളുടെ നടുവിൽ ഒരു ഹൃദയ തടാകം സ്ഥിതി ചെയ്യുനുണ്ട് അവിടേക്ക് ചെന്നെത്തുവാൻ മേപ്പടി ടൗണിൽ നിന്നും വലത്ത് ഭാഗത്തേക്ക് തിരിഞ്ഞ് വീതി കുറഞ്ഞ റോഡിലൂടെ ഏതാനും കിലോമീറ്റർ സഞ്ചരിക്കണം. ബസ്സ്‌ യാത്രക്ക് യോഗ്യമല്ലാത്ത ഈ റോഡിൽ ഓട്ടോയും ജീപ്പും യാത്രക്കാരെ പ്രതീക്ഷിച്ച് നിൽക്കുകയാണ്. യാത്രക്കാരെ കൊണ്ട് തിങ്ങി നിറഞ്ഞ ജീപ്പിൽ ഞാനും എന്റേതായ ഒരിടം പിടിച്ചു. ജീപ്പ് പുറപ്പെട്ടു കഴിഞ്ഞു ഇടക്കിടെ വഴികളിൽ യാത്രക്കാർ ഇറങ്ങുകയും കയറുകയും ചെയ്യുന്നുണ്ട്. യാത്രാവസാനം എല്ലാവരും ഇറങ്ങി പോയി കഴിഞ്ഞപ്പോൾ ഞാൻ മാത്രം ബാക്കിയായിരിക്കുന്നു.
ജീപ്പിന്റെ ഡ്രൈവറോഡ്‌ എനിക്ക് ചെമ്പ്ര പീക്കിൽ പോകണമെന്ന് ആവശ്യപെട്ടപോൾ മേപ്പാടി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ജീപ്പ് നിറുത്തിയ ശേഷം ഡ്രൈവർ എന്നോട് അവിടെയിറങ്ങി ടിക്കറ്റ് എടുക്കാൻ പറഞ്ഞു. ഞാൻ ഇറങ്ങി ടിക്കറ്റ് എടുക്കുവാനായി മുന്നിലേക്ക് നടന്നു.
ചെമ്പ്രകൊടുമുടിയിൽ നിന്നും ഹൃദയ തടാകത്തിലേക്ക് ഒരു ടൂറിസ്റ്റ് ഗൈഡിനെയും ഒന്നിച്ച് കൂട്ടണമത്രെ. വന സംരക്ഷണ വിഭാഗം ഏർപെടുത്തിയിട്ടുള്ള വഴികാട്ടി കൂടെയുണ്ടെങ്കിൽ മാത്രമേ ഹൃദയ തടാകത്തിനരികിലേക്ക് കയറുവാൻ അനിവാദം ലഭിക്കുകയുള്ളൂ.

ഞാൻ എത്തുന്നതിനു തൊട്ടു മുന്നേ ഒരു ടീമുമായി ഗൈഡ് മലമുകളിലേക്ക് കയറിപോയിരുന്നു. കൂടെ ആരുമില്ലാതിരുന്നതിനാൽ ഞാൻ തനിയെ ഒരു ഗൈഡിനെ ഒന്നിച്ച് കൊണ്ടുപോവണം. ഒരു ഗൈഡ് കൂടെ വരാൻ 500 രൂപയാണ് ചാർജ്. ഞാൻ തിരിച്ച് ജീപ്പിലെക്ക് നടന്നു. ജീപ്പ് ഡ്രൈവർ എന്റെ തീരുമാനം എന്താണെന്ന് അറിയുന്നതിനായി കാത്തിരിക്കുകയാണ്. 500 രൂപ കൊടുത്ത് ഇന്ന് ഏതായാലും എനിക്ക് തനിച്ച് ചെന്ന് ഹൃദയ തടാകം കാണുവാൻ ആഗ്രഹമില്ല എന്ന് തീരുമാനിച്ച് അൽപ്പം കൂടി മുകളിൽ എന്നെ ജീപ്പിൽ എത്തിച്ച് തരുവാൻ ഡ്രൈവറോട് ആവശ്യപെട്ടു.

അങ്ങനെ എനിക്ക് വേണ്ടി മാത്രമായി ജീപ്പ് വീണ്ടും ഏതാനും കിലോമീറ്ററോളം മല കയറി. ഇരു വശങ്ങളിലും തേയില തോട്ടങ്ങളാണ്. മലമുകളിൽ എന്നെ എത്തിച്ചതിന് 120 രൂപയോളം അധികം നൽകി ഞാൻ അവിടെ ഇറങ്ങി. പോകുന്നതിന് മുമ്പ് ജീപ്പ് ഡ്രൈവറുടെ മൊബൈൽ നമ്പരും എന്റെ ഫോണിൽ സേവ് ചെയ്ത് സുരക്ഷിതമാക്കി. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ. ഇനി അധികം നടക്കുവാനില്ല ഞാൻ മുകളിലേക്ക് കയറി.

ഹൃദയ തടാകത്തിനരികിലേക്ക് കയറാൻ കഴിയില്ലെങ്കിലും താഴെ ചുറ്റി നടന്ന് കാണുവാൻ ഗൈഡിന്റെ സഹായമോ സമ്മതമോ ആവശ്യമില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാതെ പോയാൽ വലിയ നഷ്ടമാണെന്ന് പറയേണ്ടി വരുന്ന മനോഹരമായ സ്ഥലങ്ങളാണ് ഇവിടെയെത്തിയാൽ കാണാൻ കഴിയുക. തളിരണിഞ്ഞു നിൽക്കുന്ന തേയില തോട്ടങ്ങളും കോടമഞ്ഞുമായി ഓടിനടക്കുന്ന കുളിർ കാറ്റുമൊക്കെയായി സമയം പോകുന്നതറിയില്ല.

മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന കാട്ടരുവികളിലെ തെളിഞ്ഞ വെള്ളം പാറകളിൽ തട്ടി തെറിച്ച് ഒഴുകുന്നതിന്റെ കളകളാരവം മുഴങ്ങി കേൾക്കാം. മനോഹരമായ കുന്നിൻ ചെരിവുകളും തണുത്ത കാറ്റും എവിടേക്ക് നോക്കിയാലും പച്ചപ്പ്‌ നിറഞ്ഞ തേയില തോട്ടങ്ങളും ഇതൊക്കെയാണ് ഇവിടുത്തെ അന്തരീക്ഷം. കുന്നിൻ ചെരിവിലേക്ക് നോക്കുകയാണെങ്കിൽ പഞ്ഞികെട്ട് പോലെ കോടയിറങ്ങി മലമുകളിൽ നിറഞ്ഞ് നിൽക്കുന്നത് കാണുമ്പോൾ ആകാശം മലമുകളിൽ വന്ന് തൊട്ട് നിൽക്കുകയാണെന്ന് തോന്നും. താഴേക്ക് കണ്ണെത്താ ദൂരം തേയില തോട്ടങ്ങൾ നിരന്ന് കിടക്കുന്നു. തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും ഞാനുമല്ലാതെ മറ്റൊരാളെയും ഈ പരിസരത്ത് എവിടെയും കാണുവാനില്ല. വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള ചെമ്പ്ര കൊടുമുടി സമുദ്ര നിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

ചാറ്റൽ മഴ തുടങ്ങിയിരിക്കുന്നു ബാഗിൽ നിന്നും കുട നിവർത്തി ക്യാമറയും ഞാനും അതിനകത്ത് സുരക്ഷിതരായി കൂടി. പറഞ്ഞറിയിക്കുവാൻ കഴിയാത്ത അനുഭവിച്ചറിയുവാൻ മാത്രം കഴിയുന്ന ഒരു പ്രത്യേക അന്തരീക്ഷമാണ് ഈ കൊടുമുടിക്ക് മുകളിൽ കയറിയെത്തുന്ന ഏതൊരാളെയും കാത്തിരിക്കുന്നത്. തേയില തോട്ടങ്ങളുടെ നടുവിൽ ചെറിയ കുറ്റി മരങ്ങളിൽ കുരുമുളക് വള്ളികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

മലനിരകളിൽ നിന്നും വളുത്ത തട്ടമിട്ട മേഘപാളികൾ താഴേക്ക് ഇറങ്ങി വന്നിട്ട് കൺമുന്നിലാകെ പുകമറ സൃഷ്ടിച്ച് തഴുകി കടന്ന് പോകുമ്പോൾ രോമാഞ്ചത്താൽ ശരീരമാകെ കുളിര് കോരും.
എന്റെ സാറേ....
ആ സമയം പിന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല.
മഞ്ഞുകണങ്ങളെയും വഹിച്ച് തണുത്ത കാറ്റ് വീശുമ്പോൾ ശ്വാസം മുട്ടി മരിച്ചാലും വേണ്ടില്ല എന്നാലും ഏതാനും നിമിഷത്തേക്ക് ശ്വാസം ഉള്ളിലേക്ക് വലിച്ച് പിടിച്ച് അങ്ങനെതന്നെ ഒരു നിൽപ്പാണ്.
കോടമഞ്ഞിനെ തൊടാനാഗ്രഹിച്ച് മലയുടെ താഴ്വാരത്തിൽ എന്നെകൊണ്ട് കയറി ചെല്ലുവാൻ കഴിയുന്ന ദൂരത്തോളം നടന്ന് ചെന്നിട്ട് വായുവിൽ കൈകൾ വീശിപിടിച്ച് കൊണ്ട് ഉള്ളം കയ്യിൽ കോടമഞ്ഞിനെ പിടിച്ചടക്കുവാനും വിഫലമായൊരു ശ്രമം നടത്തി.

മലമുകളിൽ നിന്നും ഒഴുകി വരുന്ന വെള്ള ചാട്ടവും തേയിലയുടെ ഭംഗിയും ഹരിത മലനിരകളും കാട്ടു പൂക്കളും ക്യാമറയിൽ പകർത്തി ഏതാനും മണിക്കൂർ പ്രകൃതിയുടെ മടിത്തട്ടിൽ ഞാൻ ഓടിയും ചാടിയും ചിത്രങ്ങളെടുത്തും നടന്നു. ഈ കൊടുമുടി സന്ദർശിക്കുവാൻ ഞാനല്ലാതെ മറ്റാരും ഇവിടേക്ക് തനിച്ച് ഇത്രയും ദൂരം മലകയറി വന്നിട്ടുണ്ടാവാൻ സാധ്യതയില്ല. എനിക്കെന്താ വട്ടാണോ....? ഇതെല്ലം എന്റെ വീക്ക്നസാണെന്ന് പറഞ്ഞാലും തെറ്റില്ല. ഓടുമേഞ്ഞ വീടുകളും ഒഴുകിയെത്തുന്ന അരുവികളും ഹരിത താഴ്വാരവും അതിനിടയിലൂടെ കടന്നു പോകുന്ന സഞ്ചാര പാതയും എല്ലാം ഒത്തു ചേർന്നപോൾ ക്യാമറക്ക് മനോഹരമായ ഫ്രെയിമുകൾ ലഭിച്ചിരിക്കുന്നു. ഈ മല മുകളിൽ എവിടെനിന്ന് ക്യാമറയെ വെറുതെ മിന്നിച്ചാലും നഷ്ടമല്ലാത്ത എന്തെങ്കിലുമൊക്കെ ഫ്രയിമിനകത്താവും.

മല മുകളിൽ നിന്നും ഒഴുകിയെത്തുന്ന കാട്ടരുവിയിലെ വെള്ളം പാറകളിൽ വീണ് പളുങ്ക് മണികൾ പോലെ ചിന്നി ചിതറി പോവുകയാണ്. തണുത്ത വെള്ളത്തിൽ ഇറങ്ങി കാൽ നനച്ചശേഷം മുകളിലേക്ക് കയറി. ഞാൻ അറിയാതെ രക്ത ദാഹിയായ ചോര കുടിയൻ അട്ട എന്റെ കാലിൽ പിടികൂടിയിരിക്കുന്നുണ്ട്. അട്ടയെ ആദ്യമേ കണ്ടെത്തിയതിനാൽ രക്തം നഷ്ടപെടുത്തേണ്ടി വന്നില്ല.

ഈ മലമുകളിൽ പൂക്കൾ നാട്ടുവളർത്തിയിട്ടോ വെള്ളം കോരി നനച്ചിട്ടോ വളർന്നതല്ല എന്നിട്ടും മഞ്ഞിൽ വിരിഞ്ഞ കാട്ടുപൂക്കൾ മറ്റേതൊരു പൂക്കളെക്കാളും പ്രസന്നതയോടെ ഇതൾ വിരിച്ച് നിൽക്കുകയാണ്. ചാറ്റൽ മഴ മാറിയതിന് പിന്നാലെ നല്ല തണുത്ത കാറ്റും വീശുന്നുണ്ട്. അതോടൊപ്പം തേയിലതോട്ടം ആകെ കോടയാൽ പൊതിഞ്ഞിരിക്കുന്നു. മല കയറിയ ദാഹവും വിശപ്പും എല്ലാം ഇപ്പോൾ ഇല്ലാതായിരിക്കുന്നു.

ഹിമഗിരി നിരയിൽ ഞാൻ തനിച്ചാണ് എന്നൊരു കാര്യം ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാ അർത്ഥത്തിലും ഈ വേളയിൽ ഞാൻ സന്തോഷവാനാണ്. നാലോ അഞ്ചോ കൂട്ടുകാരും കൂടെ ഒന്നിച്ചുണ്ടായിരുന്നെങ്കിൽ മലമുകളിൽ അടിച്ച് പൊളിക്കാമായിരുന്നു എന്ന് ഇപ്പോൾ തോന്നി തുടങ്ങിയിരിക്കുന്നു. മഞ്ഞ് മൂടി കിടക്കുന്ന എനിക്ക് മുന്നിലെ ഈ വലിയ മലകൾക്കും മുകളിലാണ്
ഹൃദയ തടാകമുള്ളത്. ആരും കാണാതെ പോയി വന്നാലോ എന്നൊരു ചിന്ത മുളപൊട്ടിയെങ്കിലും എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ സ്വയം ആശ്വസിച്ചു. പ്രകൃതിയുടെ മടിത്തട്ടിൽ ഏതാനും സമയം വിശ്രമിച്ചു ക്ഷീണം മാറ്റി. തണുത്ത വായുവും ശ്വസിച്ചപ്പോൾ മനസും തണുത്തിരിക്കുന്നു.

പൂക്കളും അരുവിയും കിളികളും തേയില തോട്ടങ്ങളും മാമലകളും മലമുകളിൽ നിന്നും താഴേക്ക് തെന്നി നീങ്ങിയെത്തുന്ന വെളുത്ത കോടയും ചാറ്റൽ മഴയും ഇതെല്ലാം കണ്ടുകൊണ്ട് ഇങ്ങ് താഴെ കാട്ടരുവിയുടെ ചാരത്ത് അരുണ വർണ്ണം ചാർത്തി ഒരു പിടി പൂക്കളുമായി ഡാലിയ ചെടിയും പൂവിട്ട് നിൽക്കുകയാണ്. പ്രകൃതി ഒരുക്കിയ മലമുകളിലെ ഈ കാഴ്ച്ചകൾ കാണുമ്പോൾ എല്ലാം മുൻകൂട്ടി ആരുടെയോ ഭാവനയിൽ മെനെഞ്ഞെടുത്ത് സൃഷ്ടിച്ചത് പോലെയാണ് അനുഭവപ്പെടുക.

സമുദ്ര നിരപ്പിൽ നിന്നും മുകളിലേക്ക് ഉയരും കൂടുംതോറും ചില പ്രദേശങ്ങൾക്ക് ദൈവം സൗന്ദര്യം വാരികോരി നൽകുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടെ നാം എത്തിപ്പെടാൻ വൈകും തോറും നമ്മുടെ ജീവിതത്തിൽ നഷ്ടങ്ങൾ കൂടി കൂടി വരികയാണ് ചെയ്യുക.

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഓടി നടന്ന് വീർപ്പ് മുട്ടുമ്പോൾ എന്നെങ്കിലും ഒരിക്കൽ ജോലിയിൽ നിന്നും തിരക്കിൽ നിന്നും വിട്ടുനിന്ന് ഒരു ദിവസമെങ്കിലും കുന്നും മലയും കയറി നമ്മളെ മാടിവിളിക്കുന്ന പ്രകൃതിയുടെ മടിത്തട്ടിൽ നാം അൽപ്പം സമയം ചിലവഴിക്കുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസവും ആത്മവിശ്വാസവും തോന്നും. വർണ്ണ പകിട്ടാർന്ന ഈ ഭൂമിയിൽ പ്രകൃതി ഒരുക്കിയിട്ടുള്ള എത്രകണ്ടാലും മതിവരാത്ത കൗതുക കാഴ്ച്ചകൾ ഒരിക്കലെങ്കിലും മനസ്സ് തുറന്ന് ആസ്വതിച്ചവർക്ക് വീണ്ടും ആ കാഴ്ച്ചകൾ കാണുന്നതിനായി ഇനിയും ഒരുപാട് കാലം എല്ലാ വെല്ലുവിളികളും തരണം ചെയ്ത് ആർജ്ജവത്തോടെ ഈ ഭൂമിയിൽ ജീവിക്കുവാനുമുള്ള ആഗ്രഹം മനസ്സിൽ ഉടലെടുക്കും.

തേയില ചെടികളിൽ നിറയെ പുതുനാമ്പ് മുളച്ചതിനാൽ തോട്ടം നല്ല ഇളം പച്ചനിറത്തിലാണ് കാണുവാൻ കഴിയുന്നത്. ചാറ്റൽ മഴ പെയ്തൊഴിഞ്ഞതിനാൽ ഇലകളിൽ നിറയെ മഴവെള്ളം വീണു കിടക്കുകയാണ് എങ്കിലും ഞാൻ തേയില ചെടിയുടെ ശക്തിയുള്ള ശിഖിരങ്ങൾ തട്ടി മാറ്റി മുകളിലേക്ക് കയറി നടക്കുകയാണ്. താഴ്വാരത്തെ പച്ചില കാടിൻ നടുവിൽ ഒരു വീട് കാണുവാൻ കഴിയുന്നുണ്ട്. ആരാണാവോ ഇവിടെ താമസിക്കുവാൻ ഭാഗ്യം ലഭിച്ചവർ. ഒരു രാവും പകലുമെങ്കിലും മുഴുവനായി മലയടിവാരത്തെ ഈ വീട്ടിൽ താമസിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി.

ഇരു വശത്തും തേയില തോട്ടങ്ങളുടെ നടുവിൽ വരച്ചിട്ടത് പോലെ നീണ്ടു പോകുന്ന വഴികൾ ദൂരെ നിന്നും കാണുമ്പോൾ മനോഹര ദൃശ്യമായി തോന്നും. ഉയരം കൂടിയ പ്രദേശമായതിനാൽ ഇവിടെ മലമുകളിൽ വളരുന്ന മരങ്ങളും ചെടികളുമെല്ലാം കുള്ളന്മാരായിട്ടാണ് കാണുന്നത്. ഇന്നത്തെ എന്റെ സാഹചര്യവശാൽ മലമുകളിലേക്ക് കയറി ഹൃദയസരസ്സ് കാണുവാൻ എനിക്ക് കഴിയാതെ വന്നിരിക്കുന്നു. അതിനാൽ നിർഭാഗ്യവാൻ എന്ന് ഞാൻ നൂറുവട്ടം സ്വയം മനസ്സിൽ പറയാൻ ആഗ്രഹിക്കുന്നു.

മലമുകളിൽ പലയിടത്തും വലിയ കരിമ്പാറ കൂട്ടങ്ങൾ കാണുവാൻ കഴിയും. പാറകളിൽ ഇളം പച്ച പുല്ലുകൾ പറ്റിപിടിച്ച് വളർന്നിരിക്കുന്ന കാഴ്ച്ചകൾ ആകർഷണീയമാണ്. ഇവിടെ അടുത്ത് ഒരു വാച്ച് ടവർ ഉണ്ടെന്ന് വരുമ്പോൾ താഴെ ഫോറസ്റ്റ് ഓഫീസിൽ നിന്നും പറഞ്ഞിരുന്നതിനാൽ അടുത്തതതായി അവിടേക്ക് ലക്ഷ്യമാക്കി നടക്കുകയാണ്.
സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു, എന്നിട്ടും ഇവിടെ മലമുകളിൽ സമൃദ്ധമായ കോടമഞ്ഞ് കാരണം പലപ്പോഴും നേരം വെളുക്കാത്ത പ്രതീതിയായിട്ടാണ് അനുഭവപ്പെടുന്നത്. പ്രകൃതി ഭംഗി തേടി ഇവിടെ എത്തുന്നവരെ വരവേൽക്കാൻ മലമുകളിലും വസന്തമൊരുക്കി വഴിനീളെ ഇതൾ പൊഴിക്കാതെ നിൽക്കുന്ന കാട്ടുപൂക്കളുണ്ട്.

കണ്ടില്ലേ എത്രമാത്രം ഉന്മേഷത്തോടെയാണ് ഈ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. ഈർപ്പമുള്ള കാറ്റും ഇടക്കിടെയുള്ള മഴയും ഈ പൂക്കളെ കൂടുതൽ സുന്ദരന്മാരും സുന്ദരിമാരുമാക്കി മാറ്റിയതാവാൻ വഴിയുണ്ട്. ഇവിടെയുമുണ്ട് പക്ഷികളും വർണ്ണ ചിറകേറി പാറിയെത്തുന്ന ചിത്രശലഭങ്ങളും അവർക്ക് വേണ്ടിയാവും പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. കാവൽക്കാരനെ പോലെ തലയിൽ തൊപ്പിയും ധരിച്ച് വഴിയിൽ എന്നെയും കാത്ത് ബുൾ ബുൾ പക്ഷി ഇരിക്കുന്നുണ്ട്.

ആരെല്ലാം ഇതുവഴി വന്നാലും ഇല്ലെങ്കിലും ഈ ചെടികൾ ഇവിടെ മോട്ടിടുകയും പൂവിടുകയും ചെയ്യുമായിരുന്നു. പ്രകൃതി അതിന്റേതായ വർണ ഭംഗിക്കും ആകർഷണീയതക്കും വേണ്ടിയാണ് പൂക്കളെയും ശലഭങ്ങളെയും പക്ഷികളെയും സൃഷ്ടിച്ച് ഈ ഭൂമി ഇത്ര മനോഹരമാക്കിയിരിക്കുന്നത്.
യാത്രകളിൽ ചുറ്റുമുള്ളതെല്ലാം കണ്ടും ആസ്വതിച്ചും മുന്നോട്ട് പോകുവാൻ നമുക്ക് കഴിയുമെങ്കിൽ പക്ഷികൾ നമ്മുടെ കൂട്ടുകാരാവം പൂക്കൾ നമുക്ക് സുഗന്ധം നൽകും. ശലഭങ്ങളുടെ പിന്നാലെ ക്യാമറയുമായി നടക്കുമ്പോൾ അവ നമ്മെ കൊച്ചു കുട്ടികളെ പോലെ നിഷ്കളങ്കരാക്കി മാറ്റി ഏതാനും നിമിഷത്തേക്ക് നമ്മളെ പുതിയൊരു ലോകത്തേക്ക് കൂട്ടി കൊണ്ടുപോകും. അങ്ങനെയാവുമ്പോൾ മലമുകളിലോ കാടുകളിലോ എവിടെയായാലും തനിച്ചുള്ള യാത്രപോലും ആനന്ദപൂർണമായി മാറും.

വാച്ച് ടവറിനടുത്തേക്ക് നടക്കുമ്പോൾ ഇവിടെയൊട്ടാകെ ഉയരം കുറഞ്ഞ മരങ്ങളാൽ നിറഞ്ഞ കാടുകളാണ്. വനസംരക്ഷണ വിഭാഗ മരങ്ങളിൽ ധാരാളം ഓർക്കിഡ് ചെടികൾ നട്ടു പിടിപിച്ചിട്ടുണ്ട്. ഇപ്പോൾ ഓർക്കിഡ് പൂവിടുന്ന സമയമല്ലാത്തതിനാൽ കായയും ഇലയും മാത്രമേ ചെടിയിൽ കാണുവാൻ കഴിയുകയുള്ളൂ.

ഏതാണ്ട് ഇരുപത് മിനിറ്റോളം നടന്നു കഴിഞ്ഞപ്പോൾ വാച്ച് ടവറിന് ചുവട്ടിൽ. ടവറിന്റെ താഴെ കാവൽക്കാരൻ നിൽക്കുന്നുണ്ട്. ഞാൻ പടികളിലൂടെ ടവറിന്റെ മുകളറ്റം ലക്ഷ്യമാക്കി നടന്നു. ഇവിടെ നിന്നും താഴേക്ക് നോക്കുമ്പോൾ കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന തേയില തോട്ടങ്ങളും തോട്ടങ്ങളെ ഭാഗിച്ചത് പോലെ തോന്നിപിക്കുന്ന പാതയോരങ്ങളും കാണാം.

ഇനി കാണുവാനുള്ളത് ഹൃദയ തടാകമാണ്. ഗൈഡ് ഇല്ലാത്തതിനാൽ അതേതായാലും നടക്കുകയില്ല അതുകൊണ്ട് തിരിച്ച് പോരുവാൻ തുടങ്ങുകയാണ്. എന്റെ ക്യാമറയിലെ ചിത്രങ്ങൾ ഞാൻ പറയാൻ മനസ്സിൽ ഉദ്ധേശിക്കുന്നതിനേക്കാൾ ആയിരം മടങ്ങ്‌ വിളിച്ചുപറയാൻ തയ്യാറായി നിൽക്കുകയാണ്. മലമുകളിലെ തണുപ്പ് സഹിക്കാനാവാതെ ക്യാമറയുടെ ഫ്രെയിമിനകത്ത് ചുരുണ്ട് കൂടികയറിയ ഈ ചിത്രങ്ങൾക്ക് തന്നെയായിരിക്കും എന്റെ വാക്കുകളേക്കാൾ വ്യക്തതയോടെ കാര്യങ്ങൾ മനസ്സിലാക്കി തരാൻ കഴിയുക. പൂക്കളും കാട്ടാറുകളും പക്ഷികളും തണുത്ത കാറ്റും കോടമഞ്ഞ്‌ തൊട്ടുരുമ്മി നിൽക്കുന്ന അനുഭവവും തേയില തോട്ടത്തിന്റെ ഹരിതാഭാവും ഹരിത ഗിരിനിരകളും എല്ലാം യാത്രാവസാനം വരെ എനിക്ക് ചുറ്റിനുമുണ്ടായിരുന്നതിനാൽ എല്ലാ അർത്ഥത്തിലും ഞാൻ തൃപ്തനായികഴിഞ്ഞിരിക്കുന്നു.

തീർച്ചയായും കൂട്ടുകാരുമൊത്ത് അടുത്ത തവണ ഒരു ഗംഭീര യാത്ര ഇവിടേക്ക് വരണം. വഴിയും പ്രവേശന സമയവും വ്യക്തമായതിനാൽ അടുത്ത തവണ രാഹുകാലം നോക്കി ഇറങ്ങണം. എന്നിട്ട് വേണം ഹൃദയ സരസ്സിൽ നീരാടുവാൻ.


ഇനി എത്ര ദൂരം താഴേക്ക്
നടക്കുവാനിരിക്കുന്നു എങ്കിലും ജീപ്പ് കാരനെ വിളിക്കുവാൻ മനസ്സ് വന്നില്ല നടക്കുവാൻ തീരുമാനിച്ചു. കിലോമീറ്ററുകളോളം നടക്കുവാനുണ്ട്. തേയില തോട്ടവും വഴിയോരങ്ങളിൽ പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന വിസ്മയങ്ങളും കണ്ടുകൊണ്ട് ഏതാണ്ട് നാല് കിലോമീറ്ററോളം താഴേക്ക് നടന്നപ്പോൾ മുകളിൽ നിന്നും ഒരു ജീപ്പ് വരുന്നുണ്ട്.

ഈ നിമിഷം വരെ എനിക്ക് മുന്നിൽ ഹരിതാഭമായ കാഴ്ച്ചകൾ മാത്രമായിരുന്നു പക്ഷെ തിരികെ നടക്കുന്നതിനിടയിൽ എന്റെ യാത്ര അവസാനിച്ചത് ഇവിടെയാണ്‌. ഇവിടെ ഇതാ ഒരു വൻമരം ഇലകളില്ലാതെ പൂക്കളില്ലാതെ വാർദ്ധക്യത്തിന്റെ എല്ലാ ലക്ഷണവുമായി കൈകൾ നീട്ടി സഹായഹസ്തത്തിനായി നിൽക്കുകയാണ്. ഇന്നത്തെ യാത്രയിലെ എന്റെ ക്യാമറയുടെ അവസാന ചിത്രം ഈ മരത്തിൽ ഒതുക്കി തീർക്കുകയാണ്.
മുകളിൽ നിന്നും ജീപ്പ് അടുത്തെത്തി കൈകൾ നീട്ടുകയല്ലാതെ മറ്റൊരു വഴിയും കാണുന്നില്ല. താഴെ വരെ നടക്കുവാൻ തന്നെയായിരുന്നു ഇഷ്ടം എങ്കിലും ജീപ്പിൽ കയറി ദൂരം ഒരുപാട് പിന്നിട്ട് കഴിഞ്ഞപ്പോൾ മറ്റൊരു കാര്യം മനസ്സിലായി. താഴെ മേപ്പാടി ടൗണിലേക്കുള്ള ദൂരം ഞാൻ പ്രതീക്ഷിച്ചതിലും എത്രയോ അധികമുണ്ടായിരുന്നു.

No comments:

Post a Comment