Translate

29 December, 2015

വേഴാമ്പൽ കേഴും വേനൽ കുടീരം...

കേരളത്തിന്റെ ദേശീയ പക്ഷിയെന്ന ഒരു വലിയ ഉത്തര വാദിത്തമാണ് അവൾ പോലുമറിയാതെ ആരെല്ലാമോ ചേർന്ന് പാവം പക്ഷിയുടെ തലയിൽ കെട്ടിവെച്ചത്. ദാഹിച്ച് വലഞ്ഞിട്ടും കാടിളക്കി കരഞ്ഞ് കൊണ്ട് മഴയെ പ്രതീക്ഷിച്ച് പാറി നടക്കുന്ന അവൾ ഒരു വേഴാമ്പലാണ്.

അവളുടെ ദാഹം മഴവെള്ളത്തിന് വേണ്ടിയായിരുന്നുവെങ്കിൽ എന്റെ ദാഹം അവളെ ഒന്ന് നേരിൽ കാണുവാൻ വേണ്ടിയായിരുന്നു. അവളുടെ ശബ്ദം മാത്രം കേട്ട് പരിചയമുള്ള എന്റെ കാതുകൾ ഗാംഭീര്യമുള്ള ആ ശബ്ദത്തിന്റെ ഉടമയെ തിരയുകയായിരുന്നു. കണ്ണുകൾക്ക് പിടികൊടുക്കാതെ എന്റെ കാതുകളെ മാത്രം അവൾ കൊതിപ്പിച്ചത് കൊണ്ടാവും അവളെയൊന്ന് കണ്ടെത്തണമെന്ന വാശിയുമായി കാതുകൾക്ക് കൂട്ടായി എന്റെ കണ്ണുകളും അവളെ തിരയുവാനായി ഒന്നിച്ചിറങ്ങി. പരിസരത്ത് എവിടെയെങ്കിലും അവൾ ഉണ്ടെങ്കിൽ പെട്ടെന്ന് തിരിച്ചറിയാനാവുന്ന വിധം കാടുകളെ മുഴുവൻ അലയൊലി കൊള്ളിക്കുവാൻ മാത്രം ഗാംഭീര്യമുള്ള ശബ്ദമായിരുന്നു അവളുടേത്. മലമുഴക്കി വേഴാമ്പൽ എന്ന് അവളെ വിളിക്കുന്നതും ശബ്ദത്തിന്റെ തീവ്രത കൊണ്ടാവും.
ഉയരങ്ങൾ കീഴടക്കി പറന്ന് നടക്കുവാനാണ് എന്നും വേഴാമ്പലിനിഷ്ടം. കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായിട്ടാണ് നമ്മൾ മലമുഴക്കി വേഴാമ്പലിനെ കണക്കാക്കുന്നത്. അങ്ങനെയൊരു സ്ഥാനം വഹിക്കുന്ന എന്തെങ്കിലും ഉത്തരവാദിത്ത ബോധം വേഴാമ്പലിൽ കാണുവാൻ കഴിഞ്ഞിട്ടില്ല. അങ്ങനെയൊരു ഉത്തരവാദിത്തം തന്നെ ആരും പറഞ്ഞ് ഏൽപ്പിച്ചിട്ടില്ലാത്ത സ്ഥിതിക്ക് വേഴാമ്പലിന് അതിന്റെ ആവശ്യവുമില്ല . വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്കെല്ലാം സെക്ക്യൂരിറ്റി പ്രോട്ടോക്കോൾ ഉണ്ടെങ്കിലും ഔദ്യോഗിക പക്ഷിയായ വേഴാമ്പലുകൾ ഇന്ന് പലയിടത്തും വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ഔദ്യോഗിക പക്ഷിയെന്ന ഭാരിച്ച ഉത്തരവാദിത്തം പാവം വേഴാമ്പലിന്റെ തലയിൽ ഏൽപ്പിച്ചിട്ട് പലരും ആ പക്ഷിയെ കൈയൊഴിഞ്ഞ മട്ടാണ്.
ഒരു ദിവസം രാവിലെയാണ് അവളെ ആദ്യമായി ഞാൻ കാണുന്നത്. പുതച്ച് മൂടി കിടന്നുറങ്ങുകയായിരുന്ന കാടിളക്കിയുള്ള അവളുടെ പൊട്ടിച്ചിരിയുടെ ശബ്ദം കേട്ടാണ് അന്നേ ദിവസം ഞാൻ എഴുന്നേറ്റത്. ശബ്ദം കേട്ടതിന്റെ പുറകേ കാമറയുമായി ഇതിന് മുമ്പും നടന്ന് ചെന്നപ്പോഴൊന്നും ആളെ കണികാണാൻ പോലും കിട്ടിയിട്ടില്ല. വീടിനടുത്തുള്ള ഏറ്റവും ഉയരം കൂടിയ മരം ഏതാണെന്ന് നോക്കി മനസ്സിലാക്കി അതിന്റെ തലപ്പത്താണ് വന്നിരിക്കുക. ശബ്ദത്തിന്റെ ഉടമയെ തേടി ഇത്തവണയും കാമറയുമായി ഇറങ്ങി. രാവിലെ മുറ്റമടിക്കുകയായിരുന്ന അനിയത്തി എന്നെ കണ്ടതും വേഴാമ്പലിന്റെ ഫോട്ടോ എടുക്കാൻ പോവുകയാണല്ലേ എന്നൊരു കമന്റും പാസാക്കി.ആ ശബ്ദം വേഴാമ്പലിന്റെതാണെന്ന് അവൾക്കും നന്നായി അറിയാം. അതിന് കാരണം വേറൊന്നുമല്ല മുമ്പൊരിക്കൽ ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് വേഴാമ്പലിനെ തിരഞ്ഞ് നടന്നിട്ടുണ്ട്.
കിലുക്കത്തിൽ ഇന്നസെന്റിന് ലോട്ടറി അടിച്ചത് പോലെയായിരുന്നു എന്റെ അവസ്ഥ. ശബ്ദം ഞാനിതെത്ര കേട്ടതാ ...... ഹും ഹും... പക്ഷെ ഇത്തവണ അടിച്ചു ശരിക്കും അടിച്ചു. വീടിന് പുറക് വശത്തുള്ള വലിയൊരു മരത്തിന്റെ ചില്ലയിൽ ഇരിക്കുകയായിരുന്ന വേഴാമ്പലിനെ തിരഞ്ഞ് നടന്ന് കണ്ടെത്തി. എന്നെ തേടി എത്തിയ അവർ രണ്ട് പേരും മലമുഴക്കി വേഴാമ്പലല്ല കോഴി വേഴാമ്പലാണെന്ന് മനസ്സിലായി. അത് കൊണ്ട് തന്നെ തലയിൽ കിരീടത്തിന്റെ കുറവുണ്ടായിരുന്നു.
വേഴാമ്പലുകൾ തന്നെ പല വർഗങ്ങയുണ്ടെങ്കിലും തലയിൽ കിരീടവും രാജകീയ ഭാവവും അങ്ങനെ കൂട്ടത്തിൽ സുന്ദരന്മാർ മലമുഴക്കി വേഴാമ്പലുകളാണ്. രൂപത്തിലും സ്വഭാവത്തിലും മറ്റു പക്ഷികളിൽ നിന്ന് വളരെ അധികം പ്രത്യേകകൾ വേഴാമ്പലിന് സ്വന്തമായിട്ടുണ്ട്. ദിവസങ്ങളോളം പരിസര നീരീക്ഷണങ്ങൾ നടത്തിയ ശേഷം മനുഷ്യ സാമീപ്യമില്ലാത്ത സ്ഥലങ്ങൾ കണ്ടെത്തി ഉയരമുള്ള മരങ്ങളിൽ പൊത്തുകളുണ്ടാക്കി കൂടുകൂട്ടുന്ന സ്വഭാവമാണ് വേഴാമ്പലിനുള്ളത്. ജീവിതകാലം മുഴുവൻ വേഴാമ്പലിന് ഒരൊറ്റ ഇണ മാത്രമേ ഉണ്ടാവാറുള്ളൂ. മുട്ടയിടുവാൻ പെണ്‍ വേഴാമ്പൽ കൂടിനകത്ത് കയറിയാൽ പിന്നെ പെണ്‍ വേഴാമ്പലിന് തന്റെ കൊക്കുകൾ മാത്രം പുറത്തേക്ക് നീടുവാൻ കഴിയുന്ന വിധത്തിൽ ചെറിയ ദ്വാരമിട്ട് പോത്തിന്റെ ഭാക്കി ഭാഗം ആണ്‍ വേഴാമ്പൽ സ്വന്തം കാഷ്ടം ഉപയോഗിച്ച് പുറമേ നിന്നും അടക്കുന്നു. പിന്നീട് ആൺപക്ഷി തീറ്റയുമായി വന്നു കഴിഞ്ഞാൽ തന്റെ കൊക്കുകൾ പുറത്തേക്ക് നീട്ടി ഭക്ഷണം സ്വീകരിക്കും.

തന്റെ കൂടിന്റെ പരിസരത്ത് എത്തിക്കഴിഞ്ഞാൽ വേഴാമ്പൽ നിശബ്ദനാണ്. കൂട്ടിനകത്ത് അടയിരിക്കുന്ന പെണ്‍ പക്ഷിക്ക് തീറ്റയുമായി പറന്ന് വന്നാലും ആൺ വേഴാമ്പൽ നേരെ തന്റെ കൂട്ടിലേക്ക് പറന്ന് ചെല്ലാറില്ല, ആദ്യം ദൂരെ ഏതെങ്കിലും മരത്തിലിരുന്ന് തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ചുറ്റിനും സൂക്ഷ്മമായി നിരീക്ഷണം നടത്തിയ ശേഷമേ ഓരോ തവണയും ആൺപക്ഷി കൂടിനടുത്തേക്ക് പറന്ന് ചെല്ലാറുള്ളൂ. തന്റെ കൂട് ആരും കണ്ടെത്താതിരിക്കുവാനാണ് വേഴാമ്പലിന്റെ ഇത്തരത്തിലുള്ള ബുദ്ധി പ്രയോഗം. വെറുതെയല്ല ബുദ്ധിയുള്ള പക്ഷിയായത് കൊണ്ടാണ് വേഴാമ്പലിനെ തന്നെ കേരളത്തിന്റെ ഔദ്യോഗിക പക്ഷിയെന്ന പദവി ഏൽപിച്ച് കൊടുത്തത്.
പശ്ചിമഘട്ട വനങ്ങളിൽ കാണപ്പെടുന്ന കോഴി വേഴാമ്പലുകലാണ് എന്റെ അതിഥിയെങ്കിലും മലമുഴക്കി വേഴാമ്പലിനെ പ്രതീക്ഷിച്ച് നടന്നിട്ട് കോഴിവേഴാമ്പലിനെയെങ്കിലും കാണുവാനാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് സന്തോഷിച്ചു. കേരളത്തിൽ പ്രധാനമായും കണ്ടുവരുന്നത് മലമുഴക്കി വേഴാമ്പൽ, പാണ്ടൻ വേഴാമ്പൽ, നാട്ടു വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിങ്ങനെയുള്ള നാലിനം വേഴാമ്പ ലുകളാണ്.
കോഴി വേഴാമ്പൽ ( മലബാർ ഗ്രെ ഹോണ്‍ ബിൽ ) എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇതും വേഴാമ്പലിന്റെ പരമ്പരയിലെ അംഗമാണ്. ശരീരത്തിൽ തൂവലുകൾ ചാര നിറവും കൊക്കുകൾ മഞ്ഞ കലർന്ന നിറവുമാണ്. ചിറകുകളുടെ അറ്റവും വാലിന്റെ താഴെയും വരകൾ പോലെ വെളുത്ത നിറം കാണാം.
മനുഷ്യൻ ഉറക്കനെ ചിരിക്കുന്നത് പോലെയും കോഴികൾ കരയുന്നത് പോലെയുമുള്ള ശബ്ദ കോലാഹലങ്ങളുണ്ടാക്കുന്നതിനാൽ പരിസരത്ത് എവിടെയെങ്കിലും കോഴി വേഴാമ്പൽ ഉണ്ടെങ്കിൽ കരച്ചിൽ കേട്ട് മനസ്സിലാക്കുവാൻ കഴിയും.
വേഴാമ്പലിനെയും തേടി മരച്ചുവട്ടിൽ ഞാൻ എത്തിയെങ്കിലും വേഴാമ്പലിനെ ഞാൻ കാണുന്നതിന് മുമ്പ് തന്നെ വേഴാമ്പൽ എന്റെ സാമിപ്യം മനസ്സിലാക്കിയിരുന്നു. മരത്തിന്റെ മുകളിലിരുന്ന് തലയും അട്ടിക്കളിച്ച് കൊണ്ട് ഉണ്ടക്കണ്ണുകളുമായി എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. തല ചെരിച്ചും കഴുത്ത് നീട്ടിയും വേഴാമ്പൽ എന്നെ നോക്കുമ്പോെഴെല്ലാം ഞാൻ മരത്തിന്റെ മറവിലേക്ക് ഒളിഞ്ഞിരുന്നു. വേഴാമ്പലിന്റെ നോട്ടവും കഴുത്ത് കൊണ്ടുള്ള ചാഞ്ചാട്ടവും എന്നെ ഒരു ഒളിച്ചുകളിക്ക് പ്രേരിപ്പിച്ചു എന്ന് തന്നെ പറയാം. അങ്ങനെ അൽപ നേരം കണ്ണാരം പൊത്തിയും ഒളിച്ച് കളിയുമൊക്കെയായി നിന്നു.
ദൂരെ എവിടെയോ ആരുടെയും കണ്ണിൽ പെടാതെ തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി അടയിരിക്കുന്ന പ്രിയതമക്കായി ഭക്ഷണം തേടി ഇറങ്ങിയതാവണം ഈ വേഴാമ്പലും. ഭക്ഷണം ശേഖരിക്കുന്ന കാര്യത്തിലും വേഴാമ്പലുകൾ വ്യത്യസ്ഥത പുലർത്തുന്നുണ്ട്. ഏറ്റവും നല്ല പഴ വർഗങ്ങൾ മാത്രം തിരഞ്ഞെടുത്ത് കൊക്കിനകത്താക്കി കൊണ്ടുപോയിട്ടാണ് തന്റെ പ്രിയതമക്കായി നൽകുക.
പഴങ്ങൾ കൊത്തിയെടുത്ത് വായുവിലെറിഞ്ഞ്‌ കൊക്കിനകത്താക്കി പിടിക്കുന്ന വേഴാമ്പലിന്റെ മാന്ത്രിക വിദ്യ എനിക്ക് മുന്നിലും ഭംഗിയായി അവതരിപ്പിച്ച് കാണിക്കുന്നതിനിടയിൽ അർജ്ജുനൻ അമ്പുമായി പക്ഷിയുടെ കഴുത്തിനെ ലക്ഷ്യമാക്കി നിന്നത് പോലെ ഞാൻ താഴെ ക്യാമറയുമായി വേഴാമ്പലിന് നേർക്ക് സൂം ചെയ്ത് നിന്നു. ഉയരങ്ങൾ തടസം സൃഷ്ടിച്ചുവെങ്കിലും പ്രതീക്ഷിക്കാതെ ആഗ്രഹിച്ചത് കിട്ടിയപ്പോൾ ക്യാമറയുടെ മെമ്മറിയും എന്റെ മനസ്സും നിറഞ്ഞു.

No comments:

Post a Comment